എങ്കിലും ഞാൻ സൂക്ഷിച്ചും കണ്ടുമാണ് ആ വീട്ടിൽ ചെല്ലുമ്പോൾ പെരുമാറിയിരുന്നത്. ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കൈയ്യാങ്കളിക്കും മുതിരില്ലായിരുന്നു.
ഒരു ദിവസം ജെസ്റ്റ് മിസായിരുന്നു!!
അവരുടെ തിണ്ണയിലെ തൂണിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് ഞങ്ങൾ മുഖം തൂണിന്റെ സൈഡ് ചേർത്ത് ചുണ്ടുകൾ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയൽവക്കത്തെ വീട്ടിലെ ഒരു പീക്കിരി പയ്യൻ കയറി വന്നു.
അവന് എന്റേയേ മുഖം ശരിയായി കാണുകയുള്ളൂ..
രണ്ടു പേരുടേയും തലകൾ തമ്മിൽ അസാധാരണമായി അടുത്തിരിക്കുകയാണ് എന്ന് മാത്രമേ അവന് ഒറ്റ നോട്ടത്തിൽ തോന്നൂ.
എങ്കിലും അറിവില്ലാത്ത പ്രായത്തിൽ പോലും കുരിപ്പ് വേണമെങ്കിൽ “അവർ ഉമ്മവയ്ക്കുന്നത് കണ്ടു” എന്ന് വിളിച്ചു കൂകികൊണ്ട് നടക്കാം.
അർച്ചന അവനെ കണ്ടുമില്ല.
അടുത്ത സെക്കൻഡിൽ ഞാൻ അർച്ചനയുടെ കഴുത്തിൽ കയറി പിടിച്ച് അലറി..
“എടീ നിന്നെ ഇന്നു ഞാൻ ശരിയാക്കും” ചെറുക്കൻ കാണുന്നത് ഈ രംഗമാണ്.
ദേഷ്യം കാരണം ഞാൻ മുഖമടുപ്പിച്ച് അവളെ ഭീഷണിപ്പെടുത്തുന്നു.!
അടുത്ത സെക്കൻഡിൽ അർച്ചനയ്ക്കും അത് മനസിലായി.. അവൾ ..
“വിടെടാ കഴുത്തേന്ന്, നിന്നെ ഇന്നു ഞാൻ….”
അങ്ങിനെ അത് ഒരു ഉന്തും തള്ളിലും എത്തിച്ച് ഞങ്ങൾ രക്ഷപെട്ടു.
ഇതൊന്നും അല്ലെങ്കിലും ഞങ്ങൾ ഇതുപോലുള്ള അടിപിടികൾ കൂടാറുള്ളത് അയൽവക്കത്തുള്ളവർക്കൊക്കെ അറിയാം.
ഇതോടെ എനിക്ക് നല്ല ഭയം ആയി.
എപ്പോൾ വേണമെങ്കിലും ഈ കള്ളത്തരങ്ങൾ എല്ലാം പൊളിയാം.!
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ പുറകുവശത്തെ മുറിയിൽ അർച്ചന കിടക്കുന്നു. എന്തോ വലിയ വായനയാണ്. കണ്ണിൽ കണ്ണിൽ ഞങ്ങൾ നോക്കി.
കൈകൊണ്ട് “എല്ലാവരും എന്തിയേ?” എന്ന് ചോദിച്ചു. “അപ്പുറത്ത് ആളുണ്ട്” എന്ന് അർച്ചന കണ്ണുകൊണ്ട് കാണിച്ചു.
ആ വീട്ടിൽ ചെന്നാൽ ഉടനെ ചൂടെടുത്താൽ ഞാൻ ടീ ഷർട്ടാണെങ്കിലും, ഷർട്ടാണെങ്കിലും ഊരി അവിടെവിടെങ്കിലും ഇടും.
അത് ശരീര പ്രദർശനമൊന്നുമായിരുന്നില്ല, ഈ ആറ്റിൽ ചാടി നടക്കുന്ന എന്നെപ്പോലുള്ള ദിഗംബരൻമാർക്ക് സ്വഭാവീകമായും വസ്ത്രം അലർജിയായിരിക്കുമല്ലോ.
ഞാനെന്റെ ടീഷർട്ട് ഊരി അടുത്തുള്ള മേശയിൽ ഇട്ടിട്ട് അടുക്കള വശത്തേയ്ക്ക് പോയി.
അവിടെ ആര്യചേച്ചിയുണ്ടായിരുന്നു.
ഞങ്ങൾ തമാശും ചിരിയും ആയി അവിടെ കുറച്ചു സമയം ചിലവഴിച്ചു. ചേച്ചി ഓടി നടന്ന് അടുക്കളപ്പണി ചെയ്യുന്നതിനാൽ ഞാൻ മറ്റെന്തോ പരിപാടി ആലോചിച്ച് വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ പ്ലാനിട്ടു.
വന്ന വഴിയേ തന്നെ അകത്തേയ്ക്ക് കയറി ഞാൻ പോകുമ്പോൾ ആര്യചേച്ചി എന്തോ തമാശും പറഞ്ഞു.
ഞാൻ എന്റെ ടീ ഷർട്ട് എടുക്കാൻ ചെന്നു നോക്കുമ്പോൾ അർച്ചന അത് അവളുടെ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുകയാണ്.
ഞാനതിന്റെ ഒരു സൈഡിൽ പിടിച്ചപ്പോൾ അവൾ മറു സൈഡിൽ പിടിച്ച് തിരിച്ചു വലിച്ചു.
ഞാൻ പയ്യെ കുനിഞ്ഞു. അവൾ വായിക്കുന്ന പുസ്തകം കട്ടിലിലിട്ടിട്ട് മറുകൈകൊണ്ട് എന്നെ വാരി പുണർന്നു, ഞങ്ങൾ ചുംബിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് കെട്ടിമറിഞ്ഞതും അകത്തെ മുറിയിൽ ജനലിങ്കൽ നിന്നും ഒരു അലർച്ച.
“എടീ”
ഞെട്ടി മാറിയ ഞങ്ങൾ കാണുന്നത് ആ ജനലിങ്കൽ നിന്നും കൊടുങ്കാറ്റ് പോലെ വരുന്ന ആര്യ ചേച്ചിയെ ആണ്.
വലിച്ചേൽപ്പിച്ച് ഒരൊറ്റ അടിയാണ് അർച്ചനയ്ക്കിട്ട്.
“ചേച്ചീ വേണ്ട”
“നീ മിണ്ടരുത്”
“ചേച്ചി..”
“നീ ഒന്നും പറയേണ്ട ശ്യാമേ”
അർച്ചനയ്ക്ക് ഒരടി കൂടി. അതിനൊപ്പം അർച്ചനയെ കൈകൊണ്ട് പിടിച്ച് ഉലയ്ക്കുന്നുമുണ്ട്. അവൾ കരയുന്നു. നിമിഷാർധം കൊണ്ട് കാമം രോധനമായി മാറിയ രംഗം!!.
അസ്തപ്രജ്ഞനാകുക എന്നോ മറ്റോ ഒരു വാക്കില്ലേ? അതേ അവസ്ഥ!
എന്ത് ചെയ്യണം എന്നറിയില്ല.
ആര്യ ചേച്ചിയുടെ ഈ ഒരു മുഖം ആദ്യമായി കാണുകയായിരുന്നു ഞാൻ.
(തുടരും)
