മൃഗം – 1 1

അങ്ങനെയിരിക്കെ കുട്ടികള്‍ ഉണ്ടാകാനായി നേര്‍ച്ച നേര്‍ന്ന് സ്ഥിരം അമ്പലത്തിലെ സന്ദര്‍ശക ആയിരുന്ന രുക്മിണിയോട് പൂജാരി വാസുവിന്റെ കാര്യം പറഞ്ഞു. അവള്‍ക്ക് കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടമായി. പക്ഷെ ശങ്കരന്‍ അവളെ എതിര്‍ത്തു. മക്കളില്ലാത്ത തങ്ങള്‍ക്ക് ദേവന്‍ നല്‍കിയ ദാനം ആണ് അവനെന്നു പറഞ്ഞാണ് അവസാനം രുക്മിണി ശങ്കരനെക്കൊണ്ട് സമ്മതിപ്പിച്ചത്. പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസ് നടത്തുന്ന ശങ്കരന് പണം ഇഷ്ടം പോലെ ഉണ്ട്. തന്റെ സ്വത്ത് തന്റേതല്ലാത്ത ഒരുത്തന്‍ കൊണ്ടുപോകുമല്ലോ എന്നുള്ള ചിന്ത വാസു വീട്ടില്‍ എത്തിയ നാള്‍ മുതല്‍ അവനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രുക്മിണിയെപ്പോലെ അവനെ മകനായി കാണാന്‍ അവനു സാധിച്ചിരുന്നില്ല. ശങ്കരന് തന്നെ ഇഷ്ടമല്ല എന്ന് വാസു വന്ന നാള്‍ മുതല്‍ മനസിലാക്കിയതാണ്. അവനെ മാടന്‍ എന്നാണ് ശങ്കരന്‍ വിളിച്ചിരുന്നത്. പക്ഷെ രുക്മിണി അവനെ സ്വന്തം മകനെക്കാള്‍ സ്നേഹിച്ചതിനാല്‍, അവന്‍ അവിടെ ജീവിച്ചു പോന്നു. ശങ്കരന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം പക്ഷെ അവനെ ഒരു മുരടന്‍ ആക്കി മാറ്റുന്നുണ്ടായിരുന്നു.

അങ്ങനെയിരിക്കെ, വാസു വന്ന് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രുക്മിണി ഗര്‍ഭം ധരിച്ചു. അവന്‍ വീട്ടില്‍ വന്നതിന്റെ ഐശ്വരമാണ് അതെന്നു പറഞ്ഞു രുക്മിണി വളരെ സന്തോഷിച്ചു. പക്ഷെ ശങ്കരന്‍ അവനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. രുക്മിണിക്ക് അവനോടുള്ള ഇഷ്ടം കാരണം ശങ്കരന്‍ തന്റെ ആഗ്രഹം തല്ക്കാലം മനസ്സില്‍ തന്നെ സൂക്ഷിച്ചു. അങ്ങനെ അവര്‍ക്ക് സുന്ദരിയായ ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ദിവ്യ എന്ന് പേരും ഇട്ടു. ശങ്കരന്‍ വാസുവിനെ തന്റെ മകളെ തൊടുന്നതില്‍ നിന്നും ശക്തമായി വിലക്കി.

“എടാ എമ്പോക്കി ചെക്കാ..മോളുടെ അടുത്തു നീ ചെന്നു പോകരുത്..ദൂരെ മാറി നിന്നോണം..കേട്ടല്ലോ?” ഒരിക്കല്‍ അവളെ താലോലിച്ച വാസുവിന്റെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് ശങ്കരന്‍ പറഞ്ഞു. വാസു കരഞ്ഞുകൊണ്ട് തലയാട്ടി.

“എന്താ ചേട്ടാ ഇത്..അവനും നമ്മുടെ മോനല്ലേ..ഇങ്ങനെയാണോ അതിനോട് സംസാരിക്കുന്നത്” ഇത് കണ്ടു വന്ന രുക്മിണി വാസുവിനെ തന്നോട് ചേര്‍ത്ത് അവന്റെ ചെവിയില്‍ തലോടിക്കൊണ്ട് ശങ്കരനെ ശാസിച്ചു.

“നിനക്കാ അവന്‍ മോന്‍..എങ്ങാണ്ട് കിടന്ന വയ്യാവലി..ത്ഫൂ..” നീട്ടി ഒന്ന് തുപ്പിയിട്ട് അയാള്‍ ഇറങ്ങിപ്പോയി.

“മോന്‍ കരയാതെ..അച്ഛന്‍ ചുമ്മാ പറയുന്നതാ..മോന്‍ വാ..അമ്മ ചോറ് തരാം” ഏങ്ങലടിച്ചു കരഞ്ഞ വാസുവിനെ ചേര്‍ത്തു പിടിച്ച് രുക്മിണി പറഞ്ഞു.

“ഇല്ല..ഞാന്‍ ആരും ഇല്ലാത്തവനാ..എന്നെ അച്ഛന് ഇഷ്ടമല്ല..ഞാന്‍ ഊര് തെണ്ടിയാണ് എന്ന് അച്ഛന്‍ എപ്പോഴും പറയും..” അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

രുക്മിണി നിലത്ത് കുന്തിച്ചിരുന്ന് അവന്റെ മുഖത്ത് ചുംബിച്ചു. അവളുടെ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകി.

“എന്റെ പൊന്നുമോന്‍ ഊരുതെണ്ടി അല്ല..മോന് ഈ അമ്മയില്ലേ..പിന്നെന്തിനാ കരയുന്നത്..” അവള്‍ അവന്റെ കവിളില്‍ തലോടിക്കൊണ്ട് അവനെ ആശ്വസിപ്പിച്ചു.

“അമ്മ കരേണ്ട..” അവന്‍ അവളുടെ കവിളുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. രുക്മിണി പുഞ്ചിരിച്ചു.

അങ്ങനെ രുക്മിണിയുടെ കറ കളഞ്ഞ സ്നേഹവും ശങ്കരന്റെയും ദിവ്യയുടെയും വെറുപ്പും സ്വീകരിച്ച് വാസു വളര്‍ന്നു. ശങ്കരന്‍ അവനെ മനസില്ലാമനസോടെയാണ് പഠിപ്പിക്കാന്‍ വിട്ടത്. പക്ഷെ എന്നും അതിന്റെ ചിലവിനെ കുറിച്ച് പറഞ്ഞു ശങ്കരന്‍ അവനെ അധിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അഞ്ചാം ക്ലാസില്‍ തന്നെ അവന്‍ പഠനം അവസാനിപ്പിച്ചു. വീട്ടിലെ എല്ലാ പണികളും ശങ്കരന്‍ അവനെക്കൊണ്ട് ചെയ്യിപ്പിക്കും. രുക്മിണിയുടെ വാക്കുകള്‍ക്ക് ശങ്കരന്‍ വില നല്‍കാതായി. വാസുവിനോട് അവള്‍ക്കുള്ള സ്നേഹം ദിവ്യയെയും പ്രകോപിപ്പിച്ചു. അമ്മയെ അവള്‍ വകവയ്ക്കാതായി. ശങ്കരന്‍ മകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ്‌ വളര്‍ത്തിയത്. പെണ്ണ് വഴിപിഴച്ചു പോകുന്നത് അയാള്‍ പക്ഷെ അറിഞ്ഞില്ല. സുന്ദരിയായ അവള്‍ക്ക് ധാരാളം ബോയ്‌ഫ്രണ്ട്സ് ഉണ്ടായി. അവളുടെ പോക്കിനെ എതിര്‍ത്ത രുക്മിണിയോട് നിങ്ങള്‍ മകന്റെ കാര്യം നോക്കി ജീവിച്ചാല്‍ മതി എന്ന പരുഷമായ മറുപടിയാണ്‌ അവള്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *