“എന്താ വിഷയം?”
“നമ്മള്‍ പോയ സ്ഥലത്തെ സ്റ്റേഷനില്‍ നിന്നും എന്റെ ഒരു വേരിഫിക്കേഷന്‍ അവിടുത്തെ എസ് ഐ ചോദിച്ചിരിക്കുന്നു..മുസ്തഫാക്ക പറഞ്ഞ ആ പ്രശ്നക്കാരന്‍ എസ് ഐ തന്നെ..പൌലോസ്…ഞാന്‍ അന്നത്തെ ദിവസം അവിടെ ചെന്നിരുന്നു എന്ന് അയാള്‍ മൊബൈല്‍ വെരിഫിക്കേഷന്‍ നടത്തി മനസിലാക്കി..മുസ്തഫാക്കയെ വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തു..
ഇക്ക ഞാന്‍ ചെന്നു എന്നും ഞങ്ങള്‍ തമ്മിലുള്ള ബന്ധവും അയാളോട് പറഞ്ഞു..ഞാന്‍ ഉള്‍പ്പെടുന്ന ഗാംഗ് ആണ് അന്ന് ആ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നയാള്‍ സംശയിക്കുന്നു..എന്റെ വ്യക്തിപരമായ വിവരങ്ങള്‍ കമ്മീഷണര്‍ അയച്ചു എന്നാണ് അയാള്‍ വിളിച്ചു പറഞ്ഞത്…” മാലിക്ക് പറഞ്ഞു.
അര്‍ജ്ജുനും സ്റ്റാന്‍ലിയും പരസ്പരം നോക്കി.
“എന്ത് റിപ്പോര്‍ട്ട് ആണ് കമ്മീഷണര്‍ അയച്ചത് എന്നറിയുമോ?” അര്‍ജ്ജുന്‍ ചോദിച്ചു.
“അത് അയാള്‍ക്കല്ലേ അറിയൂ..” മാലിക്ക് അസ്വസ്ഥതയോടെ പറഞ്ഞു.
“നമ്മെപ്പറ്റി കമ്മീഷണര്‍ എന്ത് മെസേജ് അയയ്ക്കും എന്ന് പ്രത്യേകം ആലോചിക്കണോ..ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉണ്ട് എന്നുതന്നെ ആയിരിക്കും അയാള്‍ നല്‍കിയിരിക്കുന്ന വിവരം..പക്ഷെ അതുവച്ച് അവന്‍ എന്ത് ചെയ്യുമെന്ന് നമുക്കൊന്ന് കാണണമല്ലോ..നായിന്റെ മോന്‍ കൂടുതല്‍ കളിച്ചാല്‍ കൊന്നു തള്ളണം..” സ്റ്റാന്‍ലി പല്ലുകള്‍ ഞെരിച്ചു.
“നമുക്ക് നോക്കാം അവനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന്..ഞാന്‍ ഇക്കയെ ഒന്ന് വിളിച്ചു വിവരം പറയാം..അവനു റിപ്പോര്‍ട്ട് കിട്ടിയാല്‍ മിക്കവാറും അവന്‍ ഇക്കയെ വിളിപ്പിക്കാനിടയുണ്ട്..” മാലിക്ക് മൊബൈല്‍ എടുത്ത് മുസ്തഫയുടെ നമ്പര്‍ അമര്‍ത്തിക്കൊണ്ടു പറഞ്ഞു.
“അപ്പോള്‍ അറബ്യെന്‍ ഡെവിള്‍സ് തന്നെയാണ് നിന്റെ വീട്ടില്‍ കയറി പ്രശ്നം ഉണ്ടാക്കിയത് അല്ലെ? ആ മിടുക്കി കുട്ടിയുടെ മനസാന്നിധ്യം കാരണം അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല എങ്കിലും അവര്‍ അത് വിട്ടുകളയും എന്ന് ഒരിക്കലും കരുതരുത്..അവര്‍ വീണ്ടും അവിടെ ചെല്ലും.. വാസൂ ആ കൊച്ചിന്റെ കാര്യം അപകടത്തിലാണ്…”
പുന്നൂസ് പറഞ്ഞു. നാട്ടില്‍ നിന്നും തിരിച്ചെത്തിയ വാസുവിനോടും ഡോണയോടും സംസാരിക്കുകയായിരുന്നു പുന്നൂസും ഭാര്യ റോസ്ലിനും.
“എന്റെ വീട്ടില്‍ക്കയറി എന്റെ അമ്മയുടെ ദേഹത്ത് തൊട്ട അവന്മാരെ ഞാന്‍ വെറുതെ വിടില്ല സാറെ..അവന്മാരെ ഉടന്‍ തന്നെ ഞാനൊന്നു കാണുന്നുണ്ട്”
പകയോടെ വാസു പറഞ്ഞു.
“വാസൂ..നീ കരുതുന്നത്ര ഈസിയല്ല അത്..നിനക്ക് അവരെക്കുറിച്ച് ശരിക്ക് അറിഞ്ഞുകൂടാ..നീ വെറും ശാരീരിക അഭ്യാസി മാത്രമാണ്. അവന്മാര്‍ അഭ്യാസികളും ഒപ്പം ഭരണതലത്തില്‍ വരെ സ്വാധീനം ഉള്ളവരുമാണ്. നിയമം അവരുടെ വഴിക്ക് ചെല്ലും..അടിച്ചു വീഴ്ത്താം എന്ന മോഹം മാത്രം മനസ്സില്‍ വച്ച് നീ വികാരം കൊള്ളരുത്..ചിലപ്പോള്‍ നീ ഉദ്ദേശിക്കുന്ന ഫലം കിട്ടി എന്ന് വരില്ല..അവരെ രണ്ടുതരത്തിലും പൂട്ടണം. ഒന്ന് നിയമപരമായി അവര്‍ കുറ്റക്കാര്‍ ആണെന്ന് സ്ഥാപിക്കാന്‍ നമുക്ക് കഴിയണം; രണ്ട് ശാരീരികമായി ഉള്ള ശിക്ഷ.. പ്രധാനം നിയമം തന്നെയാണ്. മുംതാസിന്റെ മരണത്തിനു പിന്നില്‍ ഇവരാണ് എന്ന് തെളിയിക്കാന്‍ ചില ലിങ്കുകള്‍ കൂടി കിട്ടിയാല്‍, ഞാനത് പരസ്യപ്പെടുത്തും. പോലീസ് ഈ കേസ് വേറെ ഒരു വിധത്തില്‍ തീര്‍പ്പാക്കിയതിനാല്‍ അവര്‍ ഇനി സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടി യാതൊരു പുതിയ തെളിവും സ്വീകരിക്കില്ല. അവരെക്കൊണ്ട് അതിനു നിര്‍ബന്ധിക്കുന്ന വഴിയാണ് ഞാന്‍ വെട്ടാന്‍ പോകുന്നത്..” ഡോണ പറഞ്ഞു.
“അതൊക്കെ ശരിയായിരിക്കാം..പക്ഷെ ഞാന്‍ അവന്മാരെ ഒന്ന് കാണും..എന്റെ വീട്ടില്‍ കയറിയവര്‍ ആരായാലും അവന്റെയൊക്കെ വീട്ടില്‍ ഞാനും കയറിയിരിക്കും..ഈ ലോകത്ത് എനിക്ക് ഏറ്റവും വലുത് എന്നെ എടുത്തു വളര്‍ത്തിയ എന്റെ അമ്മയാണ്..ആ അമ്മയെ കൈവച്ച അവന്മാരെ വാസു കണ്ടില്ലെങ്കില്‍ പിന്നെ ഞാന്‍ ഞാനാകില്ല…”
വാസുവിന്റെ ഉറച്ച വാക്കുകള്‍ കേട്ട് പുന്നൂസ് ഡോണയെ നോക്കി.
