മൃഗം – 12 1

“കിട്ടി..അന്നൊരു എസ് ഐ ഞങ്ങളെ പിടിച്ചു..അയാളൊരു അടിയടിച്ചു..നക്ഷത്രം എണ്ണിപ്പോയി.. പയ്യനായത് കാരണം എന്നെ മാത്രം കൊണ്ടുപോയില്ല..മേലാല്‍ ആ ഭാഗത്ത് കണ്ടുപോകരുത് എന്നൊരു താക്കീത് മാത്രം തന്നു…”

“അപ്പൊ നിനക്കും പേടിയുള്ള ഒരു വര്‍ഗ്ഗമുണ്ട് അല്ലെ…നല്ലത്”

“പേടിക്കണ്ടവരെ പേടിച്ചല്ലേ പറ്റൂ മാഡം….”

“ഉം..അതെയതെ..തടിക്ക് നല്ലതാണ്..മോന്‍ വണ്ടി വിട്..”

വണ്ടി കൊച്ചി ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു.

————

“എന്താ ദിവ്യയ്ക്ക് എന്ത് പറ്റി? ഇന്ന് നാമം ചൊല്ലാന്‍ അവള്‍ വന്നില്ലല്ലോ?” ശങ്കരന്‍ അടുക്കളയിലെത്തി രുക്മിണിയോട് ചോദിച്ചു.

“അവള്‍ക്ക് നല്ല സുഖമില്ല ചേട്ടാ..”

“ഞാനൊന്നു നോക്കട്ടെ”

ശങ്കരന്‍ ദിവ്യയുടെ മുറിയില്‍ എത്തി. അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ശങ്കരന്‍ അവളുടെ അരികില്‍ ഇരുന്നു അവളുടെ ശിരസില്‍ തലോടി. ദിവ്യ മെല്ലെ തിരിഞ്ഞുകിടന്നു. അച്ഛനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അവളുടെ മുഖത്ത് ഘനീഭവിച്ചുകിടന്നിരുന്ന ദുഃഖം ശങ്കരന്‍ ശ്രദ്ധിച്ചു.

“എന്താ മോളെ? സുഖമില്ലേ? മോളിന്നു നാമം ചൊല്ലുന്നില്ലേ?” അയാള്‍ ചോദിച്ചു.

“എനിക്ക് സുഖമില്ലച്ഛാ..വയ്യെനിക്ക്..” അവള്‍ അയാളെ നോക്കാതെയാണ്‌ പറഞ്ഞത്.

“എന്ത് പറ്റി..ഡോക്ടറെ കാണണോ..മോള്‍ക്ക് സ്കൂട്ടറില്‍ ഇരിക്കാമോ? നമുക്ക് പോയിട്ട് വരാം”

“വേണ്ടച്ഛാ..”

“എന്നാല്‍ മോള്‍ എഴുന്നേറ്റ് മുഖം കഴുക്..വാ..നമുക്ക് ടിവി കാണാം”
“വേണ്ടച്ഛാ.. എനിക്ക് കിടക്കണം..കുറെ കിടന്നാല്‍ എല്ലാം ശരിയാകും..”

“ശരി..എന്നാല്‍ മോള് കിടന്നോ..” അയാള്‍ അവളുടെ മുഖത്ത് തലോടിയ ശേഷം എഴുന്നേറ്റ് പോയി. ഏങ്ങലടിച്ചുകൊണ്ട് ദിവ്യ വീണ്ടും കിടന്നു.

അവളുടെ മനസിലേക്ക് ആ ബുള്ളറ്റ് കൂടെക്കൂടെ കയറി വരുകയായിരുന്നു. അതിന്റെ പിന്നില്‍ ഇരിക്കുന്ന അതിസുന്ദരിയായ പെണ്ണ്. വാസുവേട്ടന്റെ കൂടെ കൊച്ചിയില്‍ നിന്നും ഇവിടെവരെ അവള്‍ ആ ബൈക്കില്‍ മുട്ടിയുരുമ്മി ഇരുന്നാണ് വന്നത്. ഇത്ര നാളും വാസുവേട്ടന് വേണ്ടി വ്രതവും പ്രാര്‍ത്ഥനയും എല്ലാം നടത്തിയതിന് ഭഗവാന്‍ തനിക്ക് തന്ന പ്രതിഫലം! ഇല്ല..ഇനി ആര്‍ക്ക് വേണ്ടിയും ഒരു വ്രതവുമില്ല..പ്രാര്‍ഥനയും ഇല്ല. ഈ ലോകത്ത് എല്ലാവരും സ്വാര്‍ത്ഥ ചിന്ത ഉള്ളവരാണ്. വാസുവേട്ടന്‍ അങ്ങനെയല്ല എന്ന് വിഡ്ഢിയായ താന്‍ ധരിച്ചിരുന്നു. പക്ഷെ നഗരവും പണവും കണ്ടതോടെ അയാളും മാറി. തന്നെക്കാള്‍ സുന്ദരിയും വിദ്യാഭ്യാസം ഉള്ളവളുമായ പെണ്ണിനെ കണ്ടപ്പോള്‍ അയാള്‍ തന്നെ മറന്നു. അല്‍പമെങ്കിലും സ്നേഹം തന്നോട് ഉണ്ടായിരുന്നെങ്കില്‍ പോകുന്നതിനു മുന്‍പ് ഒന്ന്‍ കാണാന്‍ എങ്കിലും വരില്ലായിരുന്നോ. എത്ര നാളായി താന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണ്! ഇന്നലെ രാത്രിയിലെ സംഭവം കാരണം വയ്യാതിരുന്നിട്ടും താന്‍ കുളിച്ചൊരുങ്ങി എത്ര പ്രതീക്ഷയോടെ വാസുവേട്ടനെ കാത്തിരുന്നതാണ്. പക്ഷെ..പക്ഷെ..അവള്‍ നിശബ്ദമായി തേങ്ങി.

മുറിയിലേക്ക് വന്ന രുക്മിണി മുഖം തലയണയില്‍ അമര്‍ത്തി കിടന്നു തേങ്ങുന്ന മകളെ കണ്ടു ദുഖത്തോടെ അടുത്തിരുന്നു.

“മോളെ…എഴുന്നേല്‍ക്ക്..എന്താ നീ സന്ധ്യാനാമം ചൊല്ലാഞ്ഞത്?”

രുക്മിണി അവളുടെ പുറം തടവിക്കൊണ്ട് ചോദിച്ചു. ദിവ്യ എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്ന് അമ്മയെ നോക്കി. ഇന്ന് തനിക്ക് മനസ് തുറക്കാന്‍ ഈ അമ്മ മാത്രമേ ഉള്ളൂ. അച്ഛനോടും പലതും പറയാന്‍ പറ്റില്ല. പക്ഷെ അമ്മയ്ക്ക് തന്റെ മനസ് അതേപടിതന്നെ അറിയാം.

“എന്തിന്..ആര്‍ക്കുവേണ്ടി ഞാന്‍ നാമം ചൊല്ലണം..ഇല്ലമ്മേ..ഇനി ഞാന്‍ ഒന്നിനുമില്ല..ഒന്നിനും..” ദിവ്യ അമ്മയെ നോക്കാതെയാണ്‌ അത് പറഞ്ഞത്.

“മോളെ നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്..വാസു ആ പെണ്ണിന്റെ കാവലാള്‍ മാത്രമാണ്. നമ്മളെ ഇവിടെയെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ ആ പെണ്ണിനേയും നോട്ടമിട്ടിട്ടുണ്ട്..അതിനാണ് അവളുടെ അച്ഛന്‍ അവള്‍ക്കൊരു കാവലായി അവനെ വച്ചിരിക്കുന്നത്..നീ വിചാരിക്കുന്നതുപോലെ യാതൊരു ബന്ധവും അവര്‍ തമ്മിലില്ല…” രുക്മിണി മകളുടെ മനസ് തണുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *