മൃഗം – 12

“സാറെ.എന്റെ കാര്യം ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട..ഞാനത് ചെയ്തിരിക്കും. പക്ഷെ ഡോണയ്ക്ക് അവരെ കുരുക്കാന്‍ വേണ്ട എന്ത് തെളിവ് ഉണ്ടാക്കാനും ഞാന്‍ റെഡി ആണ്. അതിന്റെ പ്ലാന്‍ തയാറാക്കി നാളെമുതല്‍ തന്നെ ജോലി തുടങ്ങാം..അതിനിടയില്‍ ഞാന്‍ എന്റെ രീതിയില്‍ ചെയ്യുന്നത് നിങ്ങള്‍ ഗൌനിക്കണ്ട..അതെനിക്ക് വിട്ടേക്ക്…” വാസു പറഞ്ഞു.

അവന്‍ തീരുമാനിച്ചത് നടപ്പിലാക്കും എന്ന് അവര്‍ മൂവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് കൂടുതല്‍ അവര്‍ അവനെ നിര്‍ബന്ധിക്കാന്‍ തുനിഞ്ഞില്ല.

“നീ പറഞ്ഞത് ശരിയാണ് വാസൂ.. ഇനി നമ്മള്‍ ഇത് വൈകിക്കുന്നില്ല. ഞാന്‍ ഇന്ന് രാത്രി തന്നെ നമ്മുടെ അടുത്ത പരിപാടികള്‍ വ്യക്തമായി പ്ലാന്‍ ചെയ്യാന്‍ പോകുകയാണ്. ചിലരെ കാണണം. ആരും അറേബ്യന്‍ ഡെവിള്‍സിനെതിരെ തെളിവ് നല്‍കില്ല…അത് അവരില്‍ നിന്നും വാങ്ങി എടുക്കേണ്ടി വരും..അതിനാണ് എനിക്ക് പ്രധാനമായും നിന്റെ സഹായം വേണ്ടിയത്..” ഡോണ പറഞ്ഞു.

“അത് അവര്‍ നല്‍കണമെങ്കില്‍ അറേബ്യന്‍ ഡെവിള്‍സ് എന്ന പേരിനോട് അവര്‍ക്കുള്ള പേടി ഇല്ലാതാകണം..അതില്ലാതാകണം എങ്കില്‍ ചിലത് ചെയ്യേണ്ടി വരും..എങ്കില്‍ മാത്രമേ അവര്‍ക്കെതിരെ പലരും വായ തുറക്കൂ..” വാസു ആലോചനയോടെ പറഞ്ഞു.

“അതെ..അവര്‍ക്കെതിരെ സംസാരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. രഹസ്യമായി നമ്മളോട് ചില വിവരങ്ങള്‍ നല്‍കിയാലും ഒരാള്‍ പോലും കോടതിയിലോ പോലീസിലോ അത് പറയില്ല..” ഡോണ നിരാശയോടെയാണ് അത് പറഞ്ഞത്.

“മോളെ നീ സൂക്ഷിക്കണം..അവര്‍ക്കെതിരെ നിന്റെ റിപ്പോര്‍ട്ട് വന്നാല്‍ നമ്മളെ കൊന്നുകളയാന്‍ പോലും അവര്‍ മടിക്കില്ല..” റോസ്ലിന്‍ ഭീതിയോടെ മകളെ നോക്കി പറഞ്ഞു.
“റിപ്പോര്‍ട്ട് പുറത്ത് വിടുന്ന സമയം മുതല്‍ നമ്മള്‍ കടുത്ത ജാഗ്രതയില്‍ ആയിരിക്കണം മമ്മി..അതല്ലാതെ വേറെ വഴിയില്ല. പക്ഷെ നമ്മള്‍ വിടുന്ന റിപ്പോര്‍ട്ട് ഫൂള്‍ പ്രൂഫ്‌ ആയിരിക്കും..അതില്‍ നടപടി എടുക്കാതിരിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ ആകില്ല..ഉറപ്പാണ്”

“ശരി..ഞാന്‍ പോകട്ടെ സര്‍..നാളെ കാണാം..ഒന്ന് വിശ്രമിക്കണം” വാസു പോകാനായി എഴുന്നേറ്റു.

“ശരി വാസൂ..ഗുഡ് നൈറ്റ്..” പുന്നൂസ് പറഞ്ഞു.

“ഗുഡ് നൈറ്റ് വാസു” ഡോണയും പറഞ്ഞു.

വാസു ബൈക്കില്‍ കയറി പോകുന്നത് നോക്കി നിന്ന ശേഷം അവര്‍ കതകടച്ചു.

————

രാവിലെ സ്റ്റേഷനില്‍ എത്തിയ പൌലോസിന്റെ മുന്‍പില്‍ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നിന്നുമുള്ള ഫാക്സ് ഉണ്ടായിരുന്നു. മുഹമ്മദ് മാലിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു അതില്‍. പൌലോസ് അതെടുത്ത് നിവര്‍ത്തി:

‘മുഹമ്മദ്‌ യൂസഫ്‌ മാലിക്ക്…പ്രായം 25. വീട് പനമ്പിള്ളി നഗര്‍. അച്ഛന്‍ യൂസഫ്‌ കള്ളക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്. ഇപ്പോഴും അതെ ലൈനില്‍ തന്നെയാണെന്നാണ് വിവരം. പക്ഷെ പുതിയ കേസുകള്‍ ഒന്നും നിലവിലില്ല. മുഹമ്മദ്‌ മാലിക്ക് അറേബ്യന്‍ ഡെവിള്‍സ് എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന സംഘടനയുടെ അംഗമാണ്. പക്ഷെ അങ്ങനെ ഒരു പേരല്ലാതെ ഒരു സ്ഥാപനമോ സംഘടനയോ നിലവിലില്ല. ഇതിലെ മറ്റു രണ്ട് അംഗങ്ങള്‍ ഒരു സ്റ്റാന്‍ലി, അര്‍ജ്ജുന്‍ എന്നവര്‍ ആണ്. നഗരത്തിലെ പല ക്രിമിനല്‍ കേസുകളിലും ഇവരുടെ പങ്കുണ്ട് എന്ന് പോലീസ് സംശയിക്കുന്നുണ്ട് എങ്കിലും ഇവര്‍ക്കെതിരെ യാതൊരു കോണ്ക്രീറ്റ് തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ ഈ മൂന്നുപേരും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ് എന്നകാര്യം ഉറപ്പാണ്.’

ഇതായിരുന്നു സന്ദേശത്തിലെ പ്രധാന ഉള്ളടക്കം. പൌലോസ് അത് വായിച്ച ശേഷം കസേരയില്‍ പിന്നോക്കം ചാരിയിരുന്നു ചിന്തയില്‍ മുഴുകി.

അറേബ്യന്‍ ഡെവിള്‍സ്. അതിലെ അംഗമാണ് മുഹമ്മദ്‌ മാലിക്ക്. ശങ്കരന്റെ വീട്ടില്‍ പ്രശ്നമുണ്ടായ ദിവസം അവന്‍ ഇവിടെ ഉണ്ടായിരുന്നു. മൂന്നുപേരാണ് തങ്ങളുടെ വീട്ടില്‍ കയറിയത് എന്ന് ശങ്കരന്‍ മൊഴി തന്നിരുന്നതും ഇവര്‍ മൂന്നു പേരാണ് എന്നതും പൌലോസ് പ്രത്യേകം ശ്രദ്ധിച്ചു.
അറേബ്യന്‍ ഡെവിള്‍സ് ശങ്കരനെ എന്തിന് ആക്രമിക്കണം എന്നതാണ് ഉത്തരം കിട്ടേണ്ട അടുത്ത ചോദ്യം. അതിനു മതിയായ ഒരു കാരണം ഉണ്ടെങ്കില്‍, അവന്മാരെ അറസ്റ്റ് ചെയ്യുക തന്നെ വേണം. അതിനു കൊച്ചി പോലീസിന്റെ സഹായം തനിക്ക് വേണ്ടിവരും. തന്റെ അധികാരപരിധിയില്‍ ആരു കുറ്റം ചെയ്താലും അവരെ പിടികൂടെണ്ടത് തന്റെ കടമയാണ്. ശങ്കരനെ ഒന്നുകൂടി കണ്ടു ചോദ്യം ചെയ്യാന്‍ പൌലോസ് തീരുമാനിച്ചു.

അയാള്‍ പുറത്തിറങ്ങി വണ്ടിയെടുത്ത് നേരെ ശങ്കരന്റെ വീട്ടിലെത്തി. ആക്രമണം ഉണ്ടായ ശേഷം ശങ്കരന്‍ കുറച്ചു ദിവസത്തേക്ക് ബിസിനസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പൌലോസിന്റെ വാഹനം വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ ചെറിയ ആശങ്കയോടെ അയാള്‍ ഇറങ്ങിച്ചെന്നു.

“എന്താ സര്‍..എന്തെങ്കിലും പ്രശ്നം?” ശങ്കരന്‍ അങ്കലാപ്പോടെ ചോദിച്ചു. പോലീസ് ജീപ്പ് കണ്ടപ്പോള്‍ രുക്മിണിയും ദിവ്യയും ഇറങ്ങി വന്നു.

“ഇരിക്ക്” സ്വയം ഒരു കസേര വലിച്ചിട്ട് ഇരുന്ന ശേഷം പൌലോസ് ശങ്കരനോട് പറഞ്ഞു.

“ഞാനിവിടെ നിന്നോളാമേ” അയാള്‍ ഭവ്യതയോടെ മാറി നിന്നു.

“ശങ്കരാ..ഒരു വിവരമറിയാന്‍ ആണ് ഞാന്‍ വന്നത്. അന്നിവിടെ കയറി ആക്രമണം നടത്തിയത് മൂന്നുപേരാണ് എന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ. നിങ്ങളുടെ മകള്‍ നല്‍കിയ ഫോട്ടോസും അത് ശരി വയ്ക്കുന്നുണ്ട്. അവര്‍ ആരാണ് എന്ന് നിങ്ങള്‍ക്ക് വല്ല ഊഹവും ഉണ്ടോ?”

“അപ്പോള്‍ അറിയില്ലായിരുന്നു സാറെ..പക്ഷെ ഇന്നലെ വാസു വന്നപ്പോള്‍ ചിലത് അറിഞ്ഞു..(രുക്മിണിയോട്) എടീ സാറിന് ചായ എടുക്ക്..”

“ഏയ്‌ ചായ വേണ്ട..ഞാനുടന്‍ പോകും..ഓക്കേ..എന്താണ് വാസു വന്നപ്പോള്‍ ലഭിച്ച വിവരം?’

“സാറെ..ഈ അടുത്തിടെ ടിവിയില്‍ ഒക്കെ ചര്‍ച്ചയായ ഒരു പ്രശ്നമില്ലേ..ഒരു പെണ്ണിനെ റോഡില്‍ വച്ച് വാസു തല്ലിയതിനെച്ചൊല്ലി? ആ പെണ്ണ് കൊച്ചിയിലെ ഏതോ ഒരു സംഘത്തിലെ ആളുടെ പെങ്ങള്‍ ആണെന്നും അയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് വാസുവിനോടുള്ള പക തീര്‍ക്കാന്‍ ഇവിടെ വന്നതാണ്‌ എന്നുമാണ് അവന്‍ പറഞ്ഞത്..പക്ഷെ സാറെ എന്റെ സംശയം ഇത് മുസ്തഫയുടെ ഇടപാടില്‍ നടന്ന സംഭവം ആണെന്നാണ്. അന്ന് ഞാന്‍ അവര്‍ക്കെതിരെ സാറിനു പരാതി തന്നതില്‍ അവനെന്നോട് ചൊരുക്കുണ്ട്…അവനു മാത്രമല്ല ആ രവീന്ദ്രനും എന്നോട് പകയുണ്ട്” ശങ്കരന്‍ പറഞ്ഞു.
“വാസു പറഞ്ഞത് ശരിയാണ്…അറേബ്യന്‍ ഡെവിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ ഒരു ക്രിമിനല്‍ സംഘത്തിലെ പ്രധാന അംഗങ്ങള്‍ ആണ് അന്നിവിടെ വന്നത് എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു…ഇപ്പോള്‍ അവരിവിടെ വരാനുള്ള കാരണവും സ്പഷ്ടമായി….”

Leave a Reply

Your email address will not be published. Required fields are marked *