മൗനരാഗം 2അടിപൊളി  

റേച്ചൽ ആൻ്റി ടൗണിലെ പ്രശസ്തമായ കോളജിൽ ഫിസിക്സ് ലെക്ചറർ ആണ്. ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റിൽ ഡെപ്യൂടി കമ്മീഷനർ ആണ് ജ്യോത്സ്നയുടെ പപ്പ ജോർജ് അങ്കിൾ. സംഭാഷണത്തിനിടയിൽ റേച്ചൽ ആൻ്റി താൻ വീട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് ഫിസിക്സിനും മാത്‌സിനും ട്യൂഷൻ എടുക്കാറുണ്ടെന്നു പറഞ്ഞത് എനിക്കു പാരയായി. മാത്‌സിൽ പണ്ടേ പിന്നാക്കം ആയിരുന്ന എന്നെ റേച്ചൽ ആൻ്റിയുടെ അടുക്കൽ ട്യൂഷന് ചേർക്കാൻ മമ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ തീരുമാനം കേട്ടപ്പോഴത്തെ എൻ്റെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെയുള്ള മുഖഭാവം കണ്ട് ജ്യോത്സ്ന അടക്കിച്ചിരിച്ചു.

ട്യൂഷൻ സമയം വൈകുന്നേരം അഞ്ചര മുതൽ ആറര വരെയായിരുന്നു. തിങ്കൾ മുതൽ ശനി വരെ. പല ദിവസങ്ങളിലും കോളജിൽനിന്ന് റേച്ചൽ ആൻ്റി വീട്ടിലെത്തുമ്പോൾ അഞ്ചേമുക്കാൽ ഒക്കെ ആകും എന്നതുകൊണ്ട് സ്റ്റ്യുഡൻ്റ്സിന് പത്തുപതിനഞ്ചു മിനിറ്റ് ഫ്രീ ടൈം കിട്ടുമായിരുന്നു. ആ സമയങ്ങളിൽ ഞാൻ ജ്യോത്സ്നയുമായി സംസാരിക്കും. ഒരു ദിവസം തൻ്റെ റൂം ജ്യോത്സ്ന എനിക്ക് കാണിച്ചു തന്നു. അതിൻ്റെ ചുവരുകളിൽ അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന മനോഹരമായ പെയ്ൻ്റിങ്ങുകൾ അവൾ വരച്ചതാണെന്നറിഞ്ഞ് ഞാൻ അദ്ഭുതപ്പെട്ടപ്പോൾ തൻ്റെ ഗിറ്റാർ എടുത്തുകൊണ്ടു വന്ന് അതിൽ “തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം” എന്ന ഗാനം മനോഹരമായി പ്ലേ ചെയ്തു കേൾപ്പിച്ച് എന്നെ വീണ്ടും വിസ്മയിപ്പിച്ച അവളെ ഞാൻ കൈയടിച്ച് അഭിനന്ദിച്ചു.

“എന്നാലും ഇങ്ങനത്തെ കഴിവുകളൊക്കെ ഉള്ള ഒരാളാണ് എൻ്റെയീ വായാടി കൂട്ടുകാരിയെന്ന് നേരത്തേ അറിഞ്ഞില്ലല്ലോ.” ഞാൻ കുണ്ഠിതപ്പെട്ടു.

“ഞാനൊരു പ്രതിഭാസമാണെന്ന് ഞാനങ്ങനെ എല്ലാവരോടും പറഞ്ഞുകൊണ്ട് നടക്കാറില്ല.” ഒരു കുസൃതിച്ചിരിയോടെ അവളുടെ മറുപടി.

“വിനയത്തിൻ്റെ ആൾരൂപമേ, ഞാനൊന്നു തൊഴുതോട്ടെ?”

“ഞാനിപ്പോൾ പ്ലേ ചെയ്ത ട്യൂണിനൊരു പ്രത്യേകതയുണ്ട്. അറിയാമോ?”

“ഇല്ല. എന്തേ?”

“ദേശീയഗാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻഡ്യക്കാർ തിരിച്ചറിയുന്ന ട്യൂൺ ആയിരിക്കും ഇത്. ഇളയരാജ ഈ ട്യൂൺ നാല് ഭാഷകളിൽ ഉപയോഗിച്ചിട്ടുണ്ട്.” (ഇളയരാജ എന്ന പേരിനെ സൂചിപ്പിക്കാൻ യഥാക്രമം “ഇളയത്”, “രാജാവ്” എന്നീ ASL മുദ്രകൾ അവൾ ഉപയോഗിച്ചതു കണ്ട് എനിക്ക് ചിരി പൊട്ടി.)

“അതെയോ? ഏതൊക്കെ?” ഞാൻ ചോദിച്ചു.

അവൾ ടാബ്‌ലറ്റിൽ യൂട്യൂബ് തുറന്ന് ആ ഈണത്തിൻ്റെ നാലു ഭാഷകളിലെയും പതിപ്പുകൾ ഓരോന്നായി തിരഞ്ഞു കണ്ടുപിടിച്ച് എന്നെ കേൾപ്പിച്ചു. മലയാളം: “തുമ്പീ വാ തുമ്പക്കുടത്തിൻ”, തമിഴ്: “സംഗത്തിൽ പാടാത കവിതൈ”, തെലുഗു: “ആകാശം ഏനാട്ടിദോ” (അതായിരുന്നു ഈ നാലെണ്ണത്തിൽ എനിക്ക് ഇഷ്ടപ്പെടാഞ്ഞ ഒന്നേ ഒന്ന്), ഹിന്ദി: “ഗുംസും ഗും ഗുംസും ഹോ ക്യോം തും.”

അപ്പോൾ പുറത്ത് റേച്ചൽ ആൻ്റിയുടെ സ്കൂട്ടർ വരുന്ന ശബ്ദം കേൾവിപ്പെട്ടതിനാൽ ഞങ്ങളുടെ സംഭാഷണം അവിടെ അവസാനിച്ചു. അന്ന് വീട്ടിലെക്ക് പോകും വഴി ഞാൻ അവളുടെ കലാപരമായ കഴിവുകളെപ്പറ്റി ചിന്തിച്ചു. ഒരു പക്ഷേ മനസ്സിലുള്ളത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്തതിൻ്റെ കുറവ് തീർക്കാൻ വേണ്ടിയാകും ബോധപൂർവമോ അല്ലാതെയോ അവൾ ആത്മപ്രകാശനത്തിന് കലയെ കൂട്ടു പിടിച്ചത് എന്നതായിരുന്നു ഒടുവിൽ ഞാൻ എത്തിച്ചേർന്ന നിഗമനം.

പിന്നെപ്പിന്നെ ജ്യോത്സ്നയുമായി സംസാരിക്കാൻ വേണ്ടി മാത്രം ഞാൻ ചില ദിവസങ്ങളിൽ ട്യൂഷന് നേരത്തേ പോകാൻ തുടങ്ങി. അഞ്ചു മണിയോടു കൂടി അവളുടെ വീട്ടിലെത്തി അരമുക്കാൽ മണിക്കൂർ സമയം ജ്യോത്സ്നയുടെ റൂമിൽ പോയിരുന്ന് അവളുമായി സംസാരിക്കുകയും അവളുടെ ഗിറ്റാർ വായന കേൾക്കുകയും ചെയ്യുന്നത് എൻ്റെ പതിവായിത്തീർന്നു. ഈ സമയത്തൊന്നും അവളോട് സൗഹൃദത്തിൽക്കവിഞ്ഞ വികാരമൊന്നും എനിക്ക് തോന്നിയിരുന്നില്ല; ഞങ്ങൾ രണ്ടാളുടെയും പ്രായം അതിനു പ്രേരിപ്പിക്കുന്നതായിരുന്നെങ്കിൽ കൂടെയും. അവളുടെ ഹൃദയംഗമമായ പെരുമാറ്റവും നിഷ്കളങ്കതയും ഒക്കെക്കൂടെ എന്നിൽ ഒരു തരം കരുതൽ മനോഭാവമായിരുന്നു ഉളവാക്കിയത്. സൈൻ ലാങ്ഗ്വേജ് ഉപയോഗിച്ച് ആശയവിനിമയം നടത്തുമ്പോൾ മുഖഭാവങ്ങളും ശരീരചേഷ്ടകളും ഒക്കെ ഉപയോഗിക്കേണ്ടി വരുമല്ലോ. ജ്യോത്സ്നയുടെ ആ ഭാവപ്രകടനങ്ങൾ അവ കാണുന്ന ആർക്കും അവളോട് സ്വാഭാവികമായി ഒരു ഇഷ്ടം തോന്നുമാറ് ഓമനത്തം കലർന്നവയായിരുന്നു. ഒരു പക്ഷേ എനിക്ക് ഇല്ലാതെ പോയ ഒരു സഹോദരിയെ ആയിരുന്നു അവളിൽ ഞാൻ കണ്ടത് എന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *