രണ്ട് സുന്ദരികൾ – 2

ഐശ്വര്യയും, നമിതയും വീട്ടുമുറ്റത്ത് ഇരുന്ന് മഞ്ചാടി കുരുവച്ച് കളിക്കുകയാണ്.

” എനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വിഷുവായി ബന്ധുക്കളൊക്കെ നല്ലൊരു തുക കൈനീട്ടമായി തന്നാൽ മതിയാരുന്നു. ” നമിത പറഞ്ഞു.

” കേശവൻ മാമന്റെ പൈസ കൊടുത്തു തീർക്കണ വരെ മനസ്സിന് ഒരു സ്വസ്ഥതയുമില്ല.. ” ഐശ്വര്യ പറഞ്ഞു.

പെട്ടന്നാണ് ഐശ്വര്യയുടെ അമ്മ വിജില ഉറക്കെ നിലവിളിക്കുന്നത് കേട്ടത്. ഉടനെ കളി അവസാനിപ്പിച്ചു ഐശ്വര്യയും, നമിതയും ഐശ്വര്യയുടെ വീട്ടിലേക്ക് ചെന്നു. അകത്ത് നമിതയുടെ അമ്മ പാർവതി വിജിലയെ ചേർത്ത് പിടിച്ചു സമാധാനിപ്പിക്കുകയാണ്. എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഐശ്വര്യയും, നമിതയും പേടിയോടെ നിന്നു. അപ്പോഴാണ് നമിതയുടെ അച്ഛൻ സോമൻ വീട്ടുമുറ്റത്ത് വന്നു നിൽക്കുന്നത് കണ്ടത്. ഉടനെ ഇരുവരും സോമന്റെ അടുത്തേയ്ക്ക് ചെന്നു.

” എന്താ അച്ഛാ പ്രശ്നം..? എന്തിനാ വിജില ആന്റി കരയുന്നെ..? ” നമിത തന്റെ അച്ഛനോട് ചോദിച്ചു.

” മോളെ.. ഐശ്വര്യയുടെ അച്ഛനൊരു ദേഹാസ്വാസ്ഥ്യം. ടൗണിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ടാണ് ഉള്ളത്…” സോമൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അത് കേട്ട് ഐശ്വര്യയുടെ കണ്ണ് നിറഞ്ഞു.

” മക്കളെ നിങ്ങള് രണ്ട് പേരും വേഗം ഡ്രസ്സ്‌ മാറ് നമ്മുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം.. ” സോമൻ പറഞ്ഞു.

ഹോസ്പിറ്റലിൽ ICU ക്ക് പുറത്ത് വിഷമത്തോടെ ഇരിക്കുയാണ് എല്ലാവരും. ഈ സമയത്താണ് കേശവൻ മാമൻ അവിടേക്ക് വന്നത്.

” ഇന്ന് ICU ന്ന് മാറ്റുമെന്നല്ലേ താൻ വിളിച്ചപ്പോ പറഞ്ഞത്. അതാ ഞാൻ ഇപ്പൊ വന്നത്.. ” കേശവൻ പറഞ്ഞു.

” അങ്ങനെയാണ് ഡോക്ടർ ആദ്യം പറഞ്ഞത്. പക്ഷെ ഇപ്പൊ വന്നിട്ട് പറഞ്ഞു അല്പം ക്രിറ്റിക്കലാണ് അതുകൊണ്ട് ICU ന്ന് മാറ്റാൻ പറ്റില്ലെന്ന്.. ” സോമൻ വിശദീകരിച്ചു.

” സോഡിയം ലെവൽ കുറയുന്നത് വല്യ പ്രശ്നമാണ്… എന്റെ ഒരു സുഹൃത്തിനു ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വല്യ കുഴപ്പമൊന്നും കൂടാതെ റിക്കവർ ആയി..”

” പക്ഷെ രാജന്റെ കേസ്‌ കുറച്ച് മോശമാണെന്നാ ഡോക്ടർ മാരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. അരുതാത്തതൊന്നും സംഭവിക്കാതിരുന്നാൽ മതിയാരുന്നു. “

” അല്ല എനിക്ക് മനസ്സിലാവാത്തത് നാട്ടില് ഇത്രയും ഹോസ്പിറ്റൽ ഉണ്ടായിട്ടും നിങ്ങൾ എന്തിനാ രാജനെ ഇവിടെ തന്നെ കൊണ്ടുവന്നത്. ഇവിടുത്തെ ബില്ല് സാധാരണക്കാർക്കൊന്നും താങ്ങാൻ പറ്റുന്നതല്ല. ”

” അറിയാം കേശാവേട്ടാ.. ടൗണിലേക്ക് ലോഡും കൊണ്ട് പോകുന്ന വഴിക്കാ രാജന് വയ്യാതായത്. അപ്പൊ കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല, അടുത്ത് കണ്ട ഹോസ്പിറ്റലിലേക്ക് വണ്ടി കയറ്റി. ഇളവ് നോക്കി ഒരാൾടെ ജീവന് റിസ്ക് എടുക്കാൻ പറ്റില്ലല്ലോ.. ”

” ഞാൻ നിങ്ങളെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. ഇവിടുത്തെ കഴുത്തറപ്പൻ ഫീസായത് കൊണ്ട് പറഞ്ഞതാ.. സാധാരണക്കാരെ കൈയ്യിൽ കിട്ടിയാൽ ഇവറ്റകള് പരമാവധി പിഴിയും. സില്ലി കാര്യങ്ങൾ ഊതി പെരുപ്പിച്ച് രോഗിയുടെ ഫാമിലിയെ ഭയപ്പെടുത്തി, പരമാവധി ഇവിടെ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കും. എന്നിട്ട് ഡിസ്ചാർജ് ആവുമ്പോ വലിയൊരു തുക ബില്ലായി ചേർത്ത് തരും. അതുകൊണ്ട് പറയുവാ പറ്റുവാച്ചാ നാളെ തന്നെ രാജനെ വേറൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ നോക്ക്. ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. ”

” ഞാൻ ഡോക്ടറോഡ് സംസാരിക്കാം കേശവേട്ടാ.. ” സോമൻ പറഞ്ഞു.

ICU വിന്റെ അടുത്തുള്ള കസേരകളിൽ വിഷമിച്ചിരിക്കുകയാണ് വിജിലയും, ഐശ്വര്യയും. അതിന്റെ അടുത്തായി പാർവതിയും, നമിതയും ഇരിക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് വിഷമം പ്രകടമാണ്. കേശവൻ അവരുടെ അടുത്തേക്ക് ചെന്ന് രാജന്റെ ഭാര്യയെ സമാധാനിപ്പിച്ചു. എല്ലാവരുടെയും മുഖത്തെ തളർച്ച അയാളുടെ ശ്രദ്ധയിൽ പെട്ടു.

” നിങ്ങൾ ഒന്നും കഴിച്ചില്ലേ..? ” കേശവൻ ചോദിച്ചു.

” ഉച്ച മുതൽ ഇവരാരും ഒരു വക കഴിച്ചിട്ടില്ല.. ഞാൻ എത്ര പറഞ്ഞിട്ടും ഇവരൊന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല ” പാർവതി പറഞ്ഞു.

” ഇങ്ങനെ കഴിക്കാതിരുന്നാൽ ശെരിയാവില്ലല്ലോ… നിങ്ങൾ എല്ലാവരും എഴുന്നേൽക്ക് കാന്റീനിൽ ചെന്ന് എന്തെങ്കിലും കഴിക്കാം. ”

” എനിക്ക് വിശപ്പില്ല കേശവേട്ടാ.. ” വിജില പറഞ്ഞു.

” ഇച്ചിരിയെങ്കിലും കഴിക്കാൻ നോക്ക് വിജിലെ. നിന്റെ ഈ വിഷമം കണ്ടിട്ടാ പിള്ളേരും ഒന്നും കഴിക്കാതിരിക്കുന്നത്…”

” കേശവേട്ടൻ പറഞ്ഞത് കേട്ടില്ലേ. വാ എഴുനേൽക്ക് കുറച്ചെങ്കിലും കഴിക്കാം. അല്ലേൽ നിന്റെ ശരീരം ക്ഷീണിക്കും. ” പാർവതി വിജിലയോട് പറഞ്ഞു.

” എനിക്ക് വേണ്ടാഞ്ഞിട്ടാ.. ” വിജില വരാൻ കൂട്ടാക്കുന്നില്ല.

കേശവൻ ഐശ്വര്യയുടെയും, നമിതയുടെയും കൈകൾ പിടിച്ച് കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു ” മക്കള് വാ നമ്മക്ക് എന്തേലും കഴിച്ചിട്ട് വരാം.. ”

” വേണ്ട കേശവൻ മാമ.. ” ഐശ്വര്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” അതൊന്നും പറഞ്ഞാൽ ശെരിയാവില്ല. മക്കള് വാ.. ” കേശവൻ അവരെ നിർബന്ധിച്ചു നടത്തിപ്പിച്ചു ” ഞാൻ പിള്ളേരെയും കൂട്ടി എന്തേലും കഴിച്ചിട്ട് വരാം. വരുമ്പോ നിങ്ങൾക്ക് രണ്ടുപേർക്കും ലൈറ്റ് ആയിട്ട് എന്തേലും വാങ്ങാം.. ” അതും പറഞ്ഞ ശേഷം കേശവൻ പിള്ളേരെയും കൊണ്ട് കാന്റീനിലേക്ക് ചെന്നു.

കാണാൻ വലിയ കാന്റീനൊക്കെയാണെങ്കിലും നല്ല ആൾത്തിരക്കൊന്നും അവിടെ ഇല്ല. തലപ്പാവ് വച്ച സപ്ലെയർ അവരുടെ അടുത്തേക്ക് വന്നു.

” കഴിക്കാൻ എന്താണ് വേണ്ടത് സാർ ? ” സപ്ലെയർ ചോദിച്ചു.

” ഐശ്വര്യ.. നമിത നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു വച്ചാൽ പറഞ്ഞോളു. ” കേശവൻ അവരോടായി പറഞ്ഞു. പക്ഷെ രണ്ട് പേരും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുകയാണ്. അയാൾ വീണ്ടും ആവർത്തിച്ചു. ഇരുവരുടെയും ഭാഗത്ത്‌ നിന്നും യാധൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഒടുവിൽ കേശവൻ തന്നെ മുൻകൈയ്യെടുത്തു രണ്ട് മസാല ദോശയും,രണ്ട് കാപ്പിയും, ഒരു വിത്ത്ഔട്ട്‌ ചായയും പറഞ്ഞു. ഓഡറെടുത്ത ശേഷം സപ്ലെയർ തിരികെ കിച്ചണിലേക്ക് പോയി. ഇപ്പോഴും തല കുമ്പിട്ടിരിക്കുകയാണ് ഐശ്വര്യ. അവളുടെ സങ്കടം കണ്ട് നമിതയുടെ മുഖവും ആകെ വാടിയിരിക്കുകയാണ്.

അല്പം കഴിഞ്ഞ് ഓർഡർ ചെയ്ത വിഭവങ്ങളുമായി സപ്ലെയർ തിരിച്ചെത്തി. മസാല ദോശയും, കാപ്പിയും ഐശ്വര്യയുടെയും, നമിതയുടെയും മുന്നിൽ നിരത്തി,വിത്ത്ഔട്ട്‌ ചായ കേശവനും കൊടുത്തു. ഭക്ഷണം മുന്നിലെത്തിയിട്ടും കഴിക്കാൻ ഇരുവരും വിമ്മിഷ്ടം കാണിച്ചു.

” മക്കളെ ഇച്ചിരിയെങ്കിലും കഴിക്ക്, മോൾടെ അച്ഛന് ഒന്നും സംഭവിക്കില്ല.. ” കേശവൻ അവരെ ആശ്വസിപ്പിച്ചു. മടിച്ചുകൊണ്ടാണെങ്കിലും ഐശ്വര്യ ദോശ പൊട്ടിച്ചു പതിയെ വായില് വച്ചു. അത് കണ്ട് നമിതയും കഴിക്കാൻ തുടങ്ങി.