രണ്ട് സുന്ദരികൾ – 2 3

” കഴിക്കാൻ എന്താണ് വേണ്ടത് സാർ ? ” സപ്ലെയർ ചോദിച്ചു.

” ഐശ്വര്യ.. നമിത നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു വച്ചാൽ പറഞ്ഞോളു. ” കേശവൻ അവരോടായി പറഞ്ഞു. പക്ഷെ രണ്ട് പേരും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുകയാണ്. അയാൾ വീണ്ടും ആവർത്തിച്ചു. ഇരുവരുടെയും ഭാഗത്ത്‌ നിന്നും യാധൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഒടുവിൽ കേശവൻ തന്നെ മുൻകൈയ്യെടുത്തു രണ്ട് മസാല ദോശയും,രണ്ട് കാപ്പിയും, ഒരു വിത്ത്ഔട്ട്‌ ചായയും പറഞ്ഞു. ഓഡറെടുത്ത ശേഷം സപ്ലെയർ തിരികെ കിച്ചണിലേക്ക് പോയി. ഇപ്പോഴും തല കുമ്പിട്ടിരിക്കുകയാണ് ഐശ്വര്യ. അവളുടെ സങ്കടം കണ്ട് നമിതയുടെ മുഖവും ആകെ വാടിയിരിക്കുകയാണ്.

അല്പം കഴിഞ്ഞ് ഓർഡർ ചെയ്ത വിഭവങ്ങളുമായി സപ്ലെയർ തിരിച്ചെത്തി. മസാല ദോശയും, കാപ്പിയും ഐശ്വര്യയുടെയും, നമിതയുടെയും മുന്നിൽ നിരത്തി,വിത്ത്ഔട്ട്‌ ചായ കേശവനും കൊടുത്തു. ഭക്ഷണം മുന്നിലെത്തിയിട്ടും കഴിക്കാൻ ഇരുവരും വിമ്മിഷ്ടം കാണിച്ചു.

” മക്കളെ ഇച്ചിരിയെങ്കിലും കഴിക്ക്, മോൾടെ അച്ഛന് ഒന്നും സംഭവിക്കില്ല.. ” കേശവൻ അവരെ ആശ്വസിപ്പിച്ചു. മടിച്ചുകൊണ്ടാണെങ്കിലും ഐശ്വര്യ ദോശ പൊട്ടിച്ചു പതിയെ വായില് വച്ചു. അത് കണ്ട് നമിതയും കഴിക്കാൻ തുടങ്ങി.

ആഹാരത്തിന് ശേഷം വിജിലക്കും, പാർവതിക്കും വേണ്ടി ദോശയും, ചട്ണിയും പാർസൽ വാങ്ങി തിരികെ ചെന്നു.

” പിള്ളേര് എന്തേലും കഴിച്ചാരുന്നോ..? ” പാർവതി ചോദിച്ചു.

” അഹ് അവര് കഴിച്ചു. ഇത് നിങ്ങൾക്കുള്ളതാ.. ” ഭക്ഷണം പൊതിഞ്ഞ സഞ്ചി കേശവൻ പാർവതിക്ക് നേരെ നീട്ടി. അവൾ അത് വാങ്ങിച്ച നന്ദി സുചകമായി തലയനക്കി.

” വാ എഴുന്നേൽക്ക്.. കേശവൻ ചേട്ടൻ കഴിക്കാൻ കൊണ്ടുവന്നിട്ടുണ്ട്. ” കരഞ്ഞു തളർന്ന് പാതി മയക്കത്തിലിരിക്കുന്ന വിജിലയെ അവൾ എഴുന്നേൽപ്പിച്ചു. ഇരുവരും പതിയെ ICU ടെ അടുത്ത് ചേർന്ന ഡൈനിങ് റൂമിലേക്ക് ചെന്നു.

പോകാൻ നേരം കേശവൻ ഐശ്വര്യയുടെ മുടിയിൽ സ്നേഹത്തോടെ തലോടി ” മോള് വിഷമിക്കാതിരിക്ക്. എല്ലാം ശെരിയാവും. മാമൻ പോയിട്ട് നാളെവാരം.. ” അവൾക്ക് അല്പം ആശ്വാസം പകർന്ന് കേശവൻ അവിടം വിട്ടിറങ്ങി

ആശുപത്രിയിലെ വിവരമറിയാൻ കേശവന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ഭാര്യ രാധ.

” രാജന് എങ്ങനെയുണ്ട്..? ” രാധ ചോദിച്ചു.

” സ്ഥിതി അല്പം പ്രശ്നമാണ്, നാളെയറിയാം എന്താവുമെന്ന്. ” കേശവൻ മറുപടി നൽകി.

” അവിടെയിപ്പോ ആരാ ഉള്ളത്..? ”

” അവർക്ക് കൂട്ടിന് സോമനും, ഭാര്യയുമുണ്ട്. ”

” അപ്പൊ രാജന്റെ ബന്ധുക്കളൊന്നും വന്നില്ലേ..? ”

” ബന്ധുക്കൾടെ കാര്യമൊക്കെ പറയാതിരിക്കുന്നതാ ബേധം. സംഭവം അറിഞ്ഞ് അവര് ഹോസ്പിറ്റലിൽ എത്തിയിരുന്നു, ഒന്ന് മുഖം കാണിച്ച പാടെ വേഗം എല്ലാം സ്ഥലം വിട്ടു. എന്ത് പറയാനാ അല്പ നേരം അവിടെ നിന്നാൽ ബില്ല് അവരുടെ തലയിലാകുമെന്ന് പേടിച്ചു കാണും. സോമൻ പറഞ്ഞതാ.”

” അല്ലേലും കഷ്ടപ്പെടുന്നവർക്കാ ദൈവം കൂടുതൽ ദുഃഖം കൊടുക്കുക. രാജന് എന്തെങ്കിലും സംഭവിച്ചാൽ ആ കുടുംബത്തിന്റെ കാര്യം കഷ്ടത്തിലാകും. അരുതാത്തതൊന്നും സംഭവിക്കാതിരുന്നാൽ മതിയാരുന്നു. ” രാധ ദൈവത്തോട് പ്രാർത്ഥിച്ചു.

പിറ്റേന്ന് രാവിലെ തന്നെ കേശവൻ ഹോസ്പിറ്റലിലേക്ക് ചെന്നു.

” ഡോക്ടർ എന്ത് പറഞ്ഞു..? ” കേശവൻ ചോദിച്ചു.

” രാജന്റെ കണ്ടീഷൻ ബേധപ്പെട്ട് വരുന്നുണ്ട്.. ” സോമൻ പറഞ്ഞു.

” അങ്ങനെയാണെങ്കിൽ വൈകിക്കേണ്ട നമ്മുക്ക് എത്രയും പെട്ടന്ന് രാജനെ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം. ”

” ഞാൻ അതിനെക്കുറിച് ഡോക്ടറോട് സംസാരിച്ചു, വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനോട് അയാൾക്ക് നല്ല യോജിപ്പില്ല…”

” അവർക്ക് ലാഭം മാത്രം മതി. അതൊന്നും നമ്മള് നോക്കണ്ട… ” കേശവൻ പറഞ്ഞു.

” എങ്കി ഞാൻ എത്രയും പെട്ടന്ന് രാജനെ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഏർപ്പാട് നോക്കാം. ” അതും പറഞ്ഞ് സോമൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു.

അല്പം കഴിഞ്ഞ് കാര്യങ്ങളൊക്കെ സെറ്റിൽ ചെയ്ത് സോമൻ തിരിച്ചെത്തി.