രണ്ട് സുന്ദരികൾ – 2 3

” രാജനെ നമുക്ക് ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാം പക്ഷെ ഇവിടുത്തെ ബില്ല് സെറ്റിൽ ചെയ്യണം. ” സോമൻ പറഞ്ഞു.

” എത്രയാ ബില്ല്..? ” വിജില ആശങ്കയോടെ ചോദിച്ചു.

” എഴുപതിനായിരം.. ” സോമൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

” ഇവിടെ ഒരു ദിവസം കിടന്നതിനാണോ എഴുപതിനായിരം…. ” വിജില ആകെ വല്ലാതായി.

” എന്റെ കൈയ്യിലുള്ളത് കൂട്ടിയാലും എഴുപതിനായിരം തികയില്ല. ” സോമൻ തന്റെ നിസ്സഹായ അവസ്ഥ അറിയിച്ചു.

എന്ത് ചെയ്യണമെന്ന് അറിയാതെ വിജില ആലോചനയിലായി. കുറച്ചു നേരം ചിന്തിച്ച് അവളൊരു തീരുമാനത്തിലെത്തി. ” ഐശ്വര്യയുടെ പേരിൽ സഹകരണ ബാങ്കിൽ അമ്പതിനായിരത്തിന്റെ ഒരു എഫ്ഡിയുണ്ട്. നമുക്ക് അത് എടുക്കാം… ”

” അങ്ങനെയാണേൽ ബാക്കി തുക ഞാൻ എങ്ങനെയേലും സങ്കടിപ്പിക്കാം.. ” സോമൻ പറഞ്ഞു.

ഇവരുടെ സംസാരവും, അങ്കലാപ്പും കണ്ട് കേശവൻ അവരുടെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി. സോമൻ ബില്ലിന്റെ കാര്യം വിവരിച്ചു.

” തല്ക്കാലം ഇവിടുത്തെ ബില്ലിന്റെ കാര്യത്തെ കുറിച്ചോർത്ത് നിങ്ങള് വിഷമിക്കണ്ട അത് ഞാൻ സെറ്റിൽ ചെയ്തോളാം. നിങ്ങളത് പിന്നീട് തന്നാൽ മതി. ” കേശവൻ പറഞ്ഞത് കേട്ട് അവരുടെ മുഖത്താകെ ആശ്വാസം തെളിഞ്ഞു. ഐശ്വര്യയുടെയും കണ്ണുകൾ നിറഞ്ഞു. നന്ദി സൂചകമായി അവൾ കേശവൻ മാമനെ നോക്കി.

രാജനെ ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്ത് ദിവസത്തോളം അവിടെ കിടത്തേണ്ടി വന്നെങ്കിലും രാജന്റെ സ്ഥിതിയിൽ മെച്ചമുണ്ട്. വൈകാതെ രാജനെ ഡിസ്ചാർജ് ചെയ്തു. എനി പണ്ടത്തെ പോലെ ഭാരിച്ച ജോലിയൊന്നും ചെയ്യേണ്ടെന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിരുന്നു. പക്ഷെ ജോലിക്ക് പോകാതിരിക്കാൻ രാജനെ കൊണ്ട് പറ്റില്ല. തന്റെ മകളുടെ പഠിത്തത്തിനും, അല്ലറ ചില്ലറ കടങ്ങൾ വീട്ടാനും ജോലി അത്യാവശ്യമാണ്.

രാജന്റെയും,കുടുംബത്തിന്റെയും ദയനീയ അവസ്ഥ ശ്രദ്ധയിൽ പെട്ട നാട്ടിലെ സാമൂഹ്യ പ്രവർത്തകർ അടുത്തുള്ള സഹകരണ ബാങ്കിലെ സെക്യൂരിറ്റിയായി രാജനെ നിയമിച്ചു. അവിടുത്തെ തൂപ്പ് കാരിയുടെ ജോലി ഭാര്യ വിജിലക്കും നൽകി. വല്യ ശമ്പളമൊന്നും ഇല്ലെങ്കിലും രാജനും, കുടുംബത്തിനും അത് വലിയൊരാശ്വാസമാണ്.

” ഈ വർഷം നമുക്ക് വളരെ മോശമാണെന്ന് തോന്നുന്നു. വിഷുവും പോയി, അച്ഛന് വയ്യാതെയുമായി.. തുടക്കം തന്നെ വളരെ മോശം അവസ്ഥയാണ് എനി മുന്നോട്ട് പോകുംതോറും എന്താവുമോ എന്തോ..” ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.

” നീ ഇങ്ങനെ ടെൻഷനാകാതെടി എല്ലാം ശെരിയാകും ” നമിത അവളെ സമാധാനിപ്പിച്ചു.

” അന്ന് ഹോസ്പിറ്റലിൽ വച്ച് കേശവൻ മാമൻ ഞങ്ങളെ സഹായിച്ചില്ലായിരുന്നേൽ വലിയ പ്രശ്നത്തിലേയേനെ.. ദൈവമാ അദ്ദേഹത്തെ പോലൊരു അയൽക്കാരനെ ഞങ്ങൾക്ക് തന്നത് 🥺 ”

” നീ പറഞ്ഞത് ശെരിയാ മാമന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിന്റെ അച്ഛന്റെ ചികിത്സക്കുള്ള കാശും, ഞങ്ങളുടെ ഉടുപ്പ് വാങ്ങിയ കാശും ചേർത്ത് വലിയൊരു തുക തന്നെ നമ്മൾ മാമന് കൊടുക്കാനുണ്ട്. ”

” നമ്മടെ അവസ്ഥ അറിയുന്നത് കൊണ്ടാ കാശിന്റെ കാര്യത്തെ കുറിച്ചൊന്നും മാമൻ ഇതുവരെ ചോദിക്കാത്തത്. പക്ഷെ എങ്ങനെയെങ്കിലും നമ്മള് വാങ്ങിയ ഉടുപ്പിന്റെ കാശെങ്കിലും തിരിച്ചു കൊടുക്കണം. അതിന് പാർട്ട്‌ ടൈം ജോബ് എന്തെങ്കിലും കിട്ടുവോന്നു നോക്കണം.” ഐശ്വര്യ പറഞ്ഞു.

” നമ്മടെ ക്ലാസ്സ്‌ തുടങ്ങാൻ എനി ദിവസങ്ങളില്ല അപ്പോഴാ അവൾടെ പാർട്ട്‌ ടൈം ജോബ്. ” നമിത അവളെ കുറ്റപ്പെടുത്തി.

” പിന്നെ കാശ് തിരിച്ചു കൊടുക്കാൻ എന്താ വഴി ? ”

” നമുക്ക് നോക്കാം, എന്തെങ്കിലും വഴി തെളിയാതിരിക്കില്ല. ” നമിത ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.

രാവിലെ വീടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുകയാണ് കേശവൻ. അപ്പഴാണ് പുത്തൻ ഉടുപ്പും ധരിച്, തോളിൽ ബാഗുമായി ഐശ്വര്യയും, നമിതയും റോഡിലേക്ക് പോകുന്നത് കണ്ടത്.

” എവിടെക്കാ രണ്ടാളും..? ” കേശവൻ ഉറക്കെ വിളിച്ചു ചോദിച്ചു. മാമന്റെ വിളി കേട്ട് ഇരുവരും അടുത്തേക്ക് ചെന്നു ” ഇന്ന് ഞങ്ങടെ കോളേജിലെ ഫസ്റ്റ് ഡേയാ.. ” നമിത മറുപടി നൽകി.