രണ്ട് സുന്ദരികൾ – 1 Like

 

” ഡ്രസ്സ് നല്ല ഭംഗിയുണ്ടല്ലേ.. ”

ഐശ്വര്യ പറഞ്ഞു.

 

” അതെ… ഗെറ്റുഗദറിന് ന്നമ്മളൊരു കലക്ക് കലക്കും.. ”

നമിത ഉത്സാഹത്തോടെ പറഞ്ഞു.

 

” വീട്ടിൽ ചെന്ന് അമ്മ ഇത് ആര് വാങ്ങിത്തന്ന ഡ്രസ്സാണെന്ന് ചോദിച്ചാൽ എന്തുപറയും..? ”

ഐശ്വര്യ ചോദിച്ചു.

 

” ഫ്രണ്ട്സ് അവരുടെ ഡ്രസ്സ് തന്നതാണെന്ന് പറയണം…”

നമിത നിസ്സാരമായി പറഞ്ഞു.

 

” അങ്ങനെ പറഞ്ഞാൽ വീട്ടുകാര് വിശ്വസിക്കോ..? ”

 

” വിശ്വസിപ്പിക്കണം… ”

 

” എന്തോ എനിക്ക് നല്ല പേടിയുണ്ട്… ”

 

” ഹോ… ഇങ്ങനെ ഒരു പേടിക്കാരി… വയസ്സ് ഇത്രയായിട്ടും മര്യാദക്ക് ഒരു കള്ളം പറയാൻ പോലും നിനക്കറിയില്ലേ.. 😄 ”

നമിത അവളെ കളിയാക്കി.

 

” നിനക്ക് എല്ലാം വെറും നിസാരം… വീട്ടിൽ ചെന്നാൽ അറിയാം എനി എന്താവുന്ന്… ”

ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.

 

സമയം വൈകുന്നേരം നാലുമണി.

ഐശ്വര്യയുടെ അമ്മ വിജിലയും, നമിതയുടെ അമ്മ പാർവതിയും വീട്ടുമുറ്റത്ത് നിന്ന് കുശലം പറയുകയാണ്. ഈ സമയത്താണ് ഡ്രസ്സ് വാങ്ങാൻ ടൗണിലേക്ക് പോയ നമിതയും ഐശ്വര്യയും തിരികെയെത്തിയത്.

ഇരുവരുടേയും മുഖത്ത് ചെറിയ കള്ള ലക്ഷണം ഉണ്ടായിരുന്നു.

 

” എവിടെയാണ് ഇത്രയും നേരം രണ്ടാളും..? ”

പാർവ്വതി ചോദിച്ചു.

 

” ഞാൻ രാവിലെ പറഞ്ഞതല്ലേ ഫ്രണ്ട്സിന്റെ വീട്ടിൽ പോണതാണ് വരുമ്പോൾ ലേറ്റ് ആകും എന്ന്..”

മനസ്സിലെ പരിഭ്രമം ഉള്ളിലൊതുക്കി നമിത മറുപടി നൽകി.

 

അപ്പോഴാണ് അവരുടെ കൈയ്യിലുള്ള കവറ് വിജിലയുടെ ശ്രദ്ധയിൽപെട്ടത്.

 

” ഇതെന്താ നിങ്ങളുടെ കൈയ്യിൽ ഒരു കവറ്..? ”

വിജില ചോദിച്ചു.

 

നമിതയും, ഐശ്വര്യയും പരസ്പരം നോക്കി. കള്ളം പറഞ്ഞാൽ പിടിക്കപ്പെടുമൊ എന്നുള്ള ഭയം ഇരുവരുടെയും മനസ്സിൽ അലയടിച്ചു.

 

” എന്താ രണ്ടുപേരും ഒന്നും മിണ്ടാത്തെ..? ചോദിച്ചത് കേട്ടില്ലേ..? ”

വിജില വീണ്ടും ആവർത്തിച്ചു.

 

” അമ്മേ ഇത് ഞങ്ങൾക്ക് ഗെറ്റ് ടുഗദറിന് ഇടാനുള്ള ഡ്രസ്സ് ആണ്.. ”

ചെറിയ പരിഭ്രമത്തോടെ ഐശ്വര്യ പറഞ്ഞു.

 

” പുതിയ ഡ്രസ്സ് വാങ്ങാൻ നിങ്ങൾക്ക് എവിടുന്ന് കാശ്..? ”

 

മറുപടി പറയാനാകാതെ ഐശ്വര്യ നിന്നു വിയർത്തു.

 

” ആന്റി ഇത് പുതിയ ഡ്രസ്സ് അല്ല.. ഞങ്ങടെ കൂട്ടുകാരികളുടെ പഴയ ഡ്രസ്സാ… അവരിത് അധികം ഉപയോഗിക്കാത്തത് കൊണ്ട് ഞങ്ങൾക്ക് തന്നതാ… ”

നമിത ഇടയ്ക്ക് കയറി പറഞ്ഞു.

 

നമിത പറഞ്ഞ കാര്യം വിശ്വാസം വരാതെ വിജിലയും, പാർവതിയും പരസ്പരം നോക്കി.

 

” നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ..? ഞങ്ങൾ പറഞ്ഞത് സത്യമാ… സംശയം ഉണ്ടെങ്കിൽ ഞങ്ങടെ ഫ്രണ്ട്സിനെ വിളിച്ചു ചോദിച്ചോ.. ”

കള്ളം പൊളിയാതിരിക്കാൻ നമിത കോൺഫിഡൻസോടെ പറഞ്ഞു.

 

” ശരി ശരി ഞങ്ങള് വിശ്വസിച്ചു.. സമയം സന്ധ്യ അവാറായി പോയി കുളിച്ച് വിളക്ക് കൊളുത്താൻ നോക്ക്… ”

വിശ്വാസം വന്ന മട്ടിൽ പാർവ്വതി പറഞ്ഞു.

 

അത് കേൾക്കേണ്ട താമസം ഇരുവരും വീട്ടിലേക്ക് കയറി. ഒരു ഭൂമികുലുക്കം അവസാനിച്ച പ്രതീതിയാണ് ഇരുവരുടെ മനസ്സിലപ്പോൾ ഉണ്ടായത്.

 

പിറ്റേന്ന് രാവിലെ.

 

” എടീ സത്യം പറഞ്ഞാൽ ഇന്നലെ ഞാൻ പേടിച്ചുപോയി… എനിക്കാണെങ്കിൽ അമ്മയോട് കള്ളം പറയുമ്പോൾ കയ്യും കാലും വിറക്കുവായിരുന്നു… ”

ഐശ്വര്യ പറഞ്ഞു.

 

” നിന്റെ സംസാരം കാരണം കള്ളി വെളിച്ചത്താകുമെന്ന് കരുതിയതാ. കൃത്യസമയത്ത് ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ എല്ലാം തകർന്നേനെ.. ”

നമിത പറഞ്ഞു.

 

” എനിക്ക് നിന്റെ അത്ര കള്ളം പറഞ്ഞ് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ മോളെ “

ഐശ്വര്യ കളിയാക്കിക്കൊണ്ട് പറഞ്ഞു.

 

” കളിയാക്കികോ… ഇന്നലെ ഞാൻ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു… ”

നമിത ഐശ്വര്യയെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.

 

” ഇനിമുതൽ കിട്ടുന്ന ഒരു പൈസ പോലും വെറുതെ ചിലവാക്കരുത്.. ”

ഐശ്വര്യ പറഞ്ഞു.

 

” ഈശ്വരാ ഇപ്രാവശ്യം എല്ലാ ബന്ധുക്കളും നല്ല തുക കൈനീട്ടമായി തരേണമേ 🙏”

നമിത മനസ്സുരുകി പ്രാർത്ഥിച്ചു.