രണ്ട് സുന്ദരികൾ – 1 Like

 

അങ്ങനെ കാത്തിരുന്ന ഗെറ്റുഗദർ വന്നെത്തി. പഴയ ക്ലാസ് മുറിയിലെ ഓർമ്മകൾ അയവിറക്കാൻ കൂട്ടുകാരെല്ലാം ഒത്തുകൂടി. വിലകൂടിയതും ഭംഗിയുള്ളതുമായ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ആൺകുട്ടികളും, പെൺകുട്ടികളും ധരിച്ച് എത്തിയത്. കൂട്ടത്തിൽ കൂടുതൽ സുന്ദരികളായി കാണപ്പെട്ടത് മറ്റാരുമല്ല ഐശ്വര്യയും,നമിതയുമാണ്. അവിടെ വന്നിട്ടുള്ള ആൺപിള്ളേരുടെ ഒക്കെയും നോട്ടം ചെന്നെത്തിയത് ഇവരിലാണ്. ഇത് കണ്ട് കുശുമ്പ് തോന്നിയ പെൺകുട്ടികളൊക്കെ അസൂയയോടെ മുഖം തിരിച്ചു. ഒരുഗതിയും പരാഗതിയുമില്ലത്ത ഐശ്വര്യയും,നമിതയും ഇത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചെത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. കൂട്ടത്തിൽ പണച്ചാക്കായ ശ്രീലക്ഷ്മിക്കാണ് കൂടുതൽ കുശുമ്പ്. തന്റെ മനസ്സിലിരിപ്പ് പുറത്തുകാണിക്കാതെ ശ്രീലക്ഷ്മി അവരുടെ അടുത്തേക്ക് ചെന്നു.

 

” രണ്ടാൾടെയും ഡ്രസ്സ് കൊള്ളാം കേട്ടോ… ഇത് എവിടുന്നാ വാങ്ങിയത് എന്താ ഇതിന്റെ വില..? ”

ശ്രീലക്ഷ്മി ചോദിച്ചു.

 

” അത്ര വലിയ വിലയൊന്നും ഇല്ല ശ്രീലക്ഷ്മി.. വെറും 1000 രൂപയ്ക്ക് താഴെയാ ഇതിന്റെ വില… ”

ഐശ്വര്യ നിഷ്കളങ്കതയോടെ പറഞ്ഞു.

 

” ശ്രീലക്ഷ്മിയുടെ ഡ്രസ്സും കൊള്ളാം. ഇതിന് എന്ത് വിലയായി..? ”

നമിത ചോദിച്ചു.

 

” 3000 only ”

ശ്രീലക്ഷ്മി വളരെ ഗമയിൽ പറഞ്ഞു.

 

” കണ്ടാൽ പറയില്ല.. ”

നമിത പറഞ്ഞു.

 

” നിങ്ങടെ 1000 രൂപക്ക് വാങ്ങിയ ഡ്രസ്സ് പോലുള്ള മോശം തുണിയല്ല ഇത്… നല്ല ഒന്നാന്തരം ബ്രാൻഡ് ഐറ്റമാ.. ”

ശ്രീലക്ഷ്മി തന്റെ വസ്ത്രം കാണിച്ച് ഗമയിൽ പറഞ്ഞു.

 

ശ്രീലക്ഷ്മിയുടെ സംസാരം കേട്ട് ഐശ്വര്യക്കും,നമിതക്കും ദേഷ്യം വന്നു. പക്ഷേ അവരത് പുറത്തുകാണിച്ചില്ല.

 

” എന്നാ ശെരി ശ്രീലക്ഷ്മി നമുക്ക് പിന്നെ കാണാം.. “

ഇരുവരും ശ്രീലക്ഷ്മിയുടെ അടുത്ത് നിന്നും പറഞ്ഞ് ഒഴിഞ്ഞു.

 

ഈ സമയം കൂട്ടത്തിലെ ചുള്ളൻ പയ്യൻ ഇവരുടെ അടുത്തേക്ക് ചെന്നു.

 

” ഹായ് എന്നെ ഓർമ്മയുണ്ടോ..? ”

അവൻ ചിരിച്ചുകൊണ്ട് തമാശയിൽ ചോദിച്ചു.

 

” നിന്നെ അങ്ങനെ മറക്കുമോടാ ഞങ്ങള്.. ”

നമിത പറഞ്ഞു.

 

” പ്ലസ് ടൂ റിസൾട്ട് വന്ന് കേരളത്തിന് പുറത്തുപോയി പഠിക്കാനാണോ നിങ്ങടെ പ്ലാൻ ? ”

 

” ഇല്ല ഞങൾ ഇവിടെ തന്നെ ഏതേലും കോളേജിൽ ചേരാനാ വിചാരിക്കുന്നത്..”

 

” പുറത്ത് പോയി പഠിക്കുന്നതാ നല്ലത്. ഞാൻ ബാംഗ്ലൂർക്ക് പോകാനാ പ്ലാൻ.. ”

 

” നല്ല കാര്യം. ”

നമിത പറഞ്ഞു.

 

” ഞങ്ങളെ ദൂരെയൊന്നും വിട്ട് പഠിപ്പിക്കത്തില്ലെടാ… അതുകൊണ്ടാ ഇവിടെ തന്നാ നോക്കുന്നത് ”

ഐശ്വര്യ പറഞ്ഞു.

 

” വീട്ടുകാർക്ക് അങ്ങനെയാണ് താത്പര്യമെങ്കിൽ അതുപോലെ ചെയ്യുന്നതാ നല്ലത്. പിന്നെ ഒരു കാര്യം നിങ്ങളുടെ രണ്ട് പേരുടെയും ഡ്രസ്സ്‌ സെലെക്ഷൻ കൊള്ളാം കേട്ടോ. ഇവിടെ വന്നവരിൽ വച്ച് ഏറ്റവും അടിപൊളി നിങ്ങളാ…”

അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അവന്റെ നാക്കിൽ നിന്നും അങ്ങനെ കേട്ടപ്പോൾ സ്വർഗ്ഗം കീഴടക്കിയ പ്രതീതിയാണ് ഇരുവർക്കുമുണ്ടായത്.

 

Event കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഐശ്വര്യയും, നമിതയും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്.

 

” എന്റെ ലൈഫിൽ ഇത്ര സന്തോഷമുള്ള ദിവസം വേറെ ഉണ്ടായിട്ടില്ല. അഹങ്കാരി ശ്രീലക്ഷ്മിയുടെ കുശുമ്പും, ചുള്ളൻ ചെക്കന്മാരുടെ വാ പൊളിച്ചുള്ള നോട്ടവും, ഒന്ന് കാണേണ്ടതായിരുന്നു മോളെ…” നമിത സന്തോഷമടക്കാനാവാതെ പറഞ്ഞു.

 

” ശെരിയാ… എല്ലാറ്റിനും കേശവൻ മാമനോടാ നന്ദി പറയേണ്ടത്. നമ്മള് ചോദിച്ചതിലും കൂടുതൽ കാശ് തന്നത് കൊണ്ടല്ലേ ഇത്ര നല്ല ഉടുപ്പ് വാങ്ങാൻ കഴിഞ്ഞത്. ” ഐശ്വര്യ കടപ്പാട് മറക്കാതെ പറഞ്ഞു.

 

” അതെ.. ഈ ഉടുപ്പ് കറയാക്കാതെ സൂക്ഷിച് ഉപയോഗിക്കണം. എനി അടുത്ത കാലത്തൊന്നും ഇതുപോലെ നല്ലൊരു ഉടുപ്പ് നമ്മക്ക് സ്വപ്നം കാണാൻ കൂടെ കഴിയില്ല. ” നമിത ഓർമപ്പെടുത്തി. ഐശ്വര്യയും അതിനോട് യോജിച്ചു.