അവൾ എന്റെ പുളച്ചിൽ കണ്ടു ചിരിയോടെ പറഞ്ഞു.
“ഞാനൊന്നങ്ങു പൊട്ടിച്ചു തരും…പന്നി ..ഇവിടെ വേദനിച്ചു നിക്കുമ്പോഴാ “
ഞാൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്കു കയറി ഇരുന്നു . വയറ്റിൽ കൈകൊണ്ട് ഉഴിഞ്ഞു.
“ആണോ ? ശരിക്കും ?”
അവൾ വിഷമത്തോടെ , സ്വല്പം അലിവോടെ തിരക്കി.
പിന്നെ എന്റെ അരികിലേക്ക് നീങ്ങി നിന്നു.
“മ്മ്…”
ഞാൻ മൂളി…
“സോറി …”
അവൾ എന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഓ…”
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“വെറുതെ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ …”
അവൾ നിരാശയോടെ പറഞ്ഞു .
“അതിനു …ഇങ്ങനെ ആണോടി ചെയ്യുന്നേ..”
ഞാൻ അവളുടെ അടുത്ത് കയർത്തു.
“പിന്നെ എന്താ തല കുത്തി നിക്കണോ ?”
അവൾ ചൂടായി..
“നീ എന്തേലും ചെയ്യ് “
ഞാനും വിട്ടില്ല. അവൾ മുഖം വീർപ്പിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു . അമ്മുമ്മയും വല്ല്യമ്മായിയും അവിടെ ഇല്ലെന്നു എനിക്ക് തോന്നി . ഉണ്ടായിരുന്നാൽ ഞങ്ങളുടെ സംസാരം കേട്ട് ഈ സമയത്തിനുള്ളിൽ ഉമ്മറത്തേക്ക് എത്തേണ്ടതാണ് .
ഞാനും വീണയും സ്വല്പ നേരം ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു . പിന്നെ മഞ്ഞു ഉരുക്കാൻ വേണ്ടി ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..
“അവരെവിടെ?”
ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി.
“ആര് ?’
അവൾ ഗൗരവത്തിൽ ചോദിച്ചു.
“ഇവിടുള്ളോരൊക്കെ എവിടെ പോയെന്നു ?’
“അപ്പുറത്തെ വീട്ടിൽ പോയി ..”
അവൾ പതിയെ പറഞ്ഞു.
“മ്മ്….”
ഞാൻ മൂളി.
അങ്ങനെ ഞങ്ങൾ അവിടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയും മോഹനവല്ലി അമ്മായിയും തിരികെ എത്തി .
“ആഹ്..കണ്ണൻ വന്നോ…”
എന്നെ കണ്ടതും അമ്മുമ്മ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . ഞാൻ അമ്മുമ്മേടെ കൈ പിടിച്ചു സ്റ്റെപ്പുകൾ കയറ്റി . പിന്നാലെ അമ്മായിയും കയറി..
“കണ്ണൻ ചായ കുടിച്ചോടാ…?”
മോഹനവല്ലി അമ്മായി തിരക്കി…
“ആഹ്..മോഹനൻ മാമേടെ അവിടന്ന് കുടിച്ചു “
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..എന്നാലും ഇവിടന്നും ഒരു ഗ്ലാസ് ചായ ഒകെ കുടിക്കാം “
മോഹനവല്ലി അമ്മായി ചിരിയോടെ പറഞ്ഞു.
“അഹ്..പിന്നെന്താ ..ആവാലോ “
ഞാനും പറഞ്ഞു.
പിന്നെ അമ്മുമ്മയുടെ കുറച്ചു നേരം സംസാരിച്ചു ഇരുന്നു . ആ സമയം അമ്മായി വന്നു വീണയോട് പോയി കുളിക്കാൻ പറഞ്ഞു . സന്ധ്യ നേരം ആയി വിളക്ക് വെക്കാൻ ഉണ്ടെന്നും പറഞ്ഞു അമ്മായി അവളെ പറഞ്ഞു വിട്ടു.
പത്തു പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും വീണ കുളിച്ചു വന്നു .ഒരു ഇളം നീല ചുരിദാറും വെളുത്ത പാന്റും ആണ് വേഷം . കുളിച്ചു ഈറനോടെയുള്ള വരവായതുകൊണ്ട് ചുരിദാറിന്റെ അങ്ങിങ്ങായി നനവുണ്ട് . തലയിൽ ഒരു തോർത്ത് കൊണ്ട് തുവർത്തികൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു..അമ്മുമ്മയും എന്റെ ഒപ്പം ഉണ്ട്.
എന്റെ അടുത്തേക്ക് വന്ന അവൾ പെട്ടെന്ന് മുടി ഒന്ന് തല വെട്ടിച്ചു വിടർത്തി..ഒന്ന് വട്ടം കറങ്ങിയ മുടിയിഴകളിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ള തുള്ളികൾ തെറിച്ചു..നല്ല വാസന സോപ്പിന്റെ ഗന്ധം അവളിൽ നിന്നും എന്നിലേക്ക് പരന്നൊഴുകി .
വെള്ളം മുഖത്തടിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ അത് കൈകൊണ്ട് തുടച്ചു അവളെ ദേഷ്യത്തോടെ നോക്കി..അവളെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ഹാ എന്താടി പെണ്ണെ ഇത്…”
അമ്മുമ്മേടെ ദേഹത്തേക്കും സ്വല്പം വെള്ളം തെറിച്ചപ്പോൾ അവരൊന്നും ചൂടായി. അവളെ വല്ലാത്തൊരു നോട്ടം നോക്കി.
“ഹാ…ചൂടാവല്ലേ അച്ചമ്മേ ..എന്റെ മുത്തല്ലേ ..”
അവൾ അമ്മുമ്മേടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.പിന്നെ അവരുടെ കവിളിൽ പതിയെ ഉമ്മ വെച്ചു.
അതോടെ അമ്മുമ്മ അലിഞ്ഞു. അല്ലെങ്കിലും സോപ്പിടാൻ മിടുക്കി ആണ് വീണ ! അതും പറഞ്ഞു തിരിഞ്ഞു നടന്നു അവൾ അകത്തേക്ക് പോയി. സ്വല്പം കഴിഞ്ഞപ്പോൾ മുടി ഒകെ നല്ല വൃത്തിയായി ചീകി ക്ലിപ് ഇട്ടു പുറകിൽ നിർത്തിക്കൊണ്ട് നിലവിളക്കും കത്തിച്ചു കൊണ്ട് , ഇരു കൈകൊണ്ടും അത് ചേർത്ത് പിടിച്ചു വീണ ഉമ്മറത്തേക്ക് എഴുന്നള്ളി …
ദീപം…ദീപം….
പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !
