വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .
അമ്മുമ്മ വിളക്ക് തൊട്ടു തൊഴുതു കൊണ്ട് അകത്തേക്ക് പോയി. ഞാനും വീണയും മാത്രം ഉമ്മറത്ത് അവശേഷിച്ചു . അമ്മുമ്മ പോകും വഴി ഉമ്മറത്തെ വെളിച്ചം തെളിച്ചിരുന്നു .
ഞാൻ അവളെ നോക്കി. കൈ രണ്ടും കൂട്ടി പിണച്ചുകൊണ്ട് കാലുകൾ നിലത്തേക്ക് തൂക്കി ഇട്ടു അവൾ ഇരുന്നു .
“ഇത് എന്നുമുള്ള കല പരിപാടി ആണോ ?”
ഞാൻ ചോദിച്ചു.
“ഏയ്…ഞാനുള്ളപ്പോ ഞാൻ ചെയ്യും..അല്ലെങ്കി അമ്മ ..”
അവൾ ചിരിയോടെ പറഞ്ഞു.
“എന്തായാലും കൊള്ളാം..ഇപ്പോഴത്തെ പിള്ളേരൊക്കെ ഇതിനോടൊന്നും താല്പര്യമില്ലാത്തവരാ “
ഞാൻ സൽപം ഗൗരവത്തിൽ പറഞ്ഞു.
“മ്മ്..പറയുന്ന ആള് പഴഞ്ചൻ കാരണവർ അല്ലെ…ഒന്ന് പോ കണ്ണേട്ടാ “
അവളെന്നെ കളിയാക്കി .
“ഹ ഹ..”
അവളുടെ സംസാരം കേട്ട് ഞാനും ചിരിച്ചു.
“അച്ഛൻ ചൂടാവും ഇല്ലെങ്കി ..അതാ ഞാൻ..അല്ലാണ്ട് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല “
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“മ്മ് ..എന്തായാലും കൊള്ളാം..”
ഞാൻ പറഞ്ഞു.
അപ്പോഴേക്കും കൃഷ്ണൻ മമ എത്തി . കൈനിറ്റിക് ഹോണ്ടയുടെ പഴകിയ കട കട ശബ്ദത്തോടെ കൃഷ്ണൻ മമ വന്നു കയറി. സ്വല്പം ഗൗരവത്തിൽ ഇറങ്ങി വന്ന കൃഷ്ണൻ മാമയെ കണ്ടു ഞാനും അവളും എഴുനേറ്റു…ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരി വരുത്തിക്കൊണ്ട് ..
കയ്യിൽ ഉണ്ടായിരുന്ന പൊതി കൃഷ്ണൻ മാമ അവളെ ഏൽപ്പിച്ചു.
“ഇന്നാടി ..കൊണ്ട് കൊടുക്ക് “
അവൾ ഒന്നും മിണ്ടാതെ അതും വാങ്ങി അകത്തേക്ക് നടന്നു.
പിന്നെ കൃഷ്ണൻ മാമയുമായി കുറച്ചു നേരം സംസാരം. പുള്ളിക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളവുമായി അപ്പോഴേക്കും മോഹനവല്ലി അമ്മായി എത്തി..അത് കുടിച്ചു കഴിഞ്ഞാൽ ഒരു കട്ടൻ ..പിന്നെ തൈലം തേച്ചു ഒരു മുക്കാൽ മണിക്കൂർ ഇരുത്തം..അത് കഴിഞ്ഞാൽ കുളി ! ഇതാണ് കൃഷ്ണൻ മമ്മയുടെ ചിട്ടകൾ !
“നീ ഇന്നിവിടെ ആണോ കണ്ണാ ?”
കൃഷ്ണൻ മമ തിരക്കി.
എന്ത് പറയും..വിനീതയോടു ഞാൻ വരാമെന്നു വാക്ക് പറഞ്ഞിട്ടുണ്ട്.
“പിന്നൊരു ദിവസം ആകാം വല്യമ്മാമ ..ഞാൻ തറവാട്ടിലേക്ക് പൊക്കോളാം “
“മ്മ്…”
പുള്ളി ഒന്നമർത്തി മൂളി.
“ആഹ്…അതാ നല്ലത് ..അവീടെ വിനീതയും ആ ചെറ്യേ കുട്ടിയും ഒറ്റക്കല്ലേ..ഞാനുള്ളപ്പോ അവൾക്കൊരു ധൈര്യം ആണ്.. “
അമ്മുമ്മ അത് കേട്ടെന്നോണം ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
ഹോ…വഴിയൊരുക്കാൻ അമ്മുമ്മയുടെ നാവിന്റെ രൂപത്തിൽ ആണ് പടച്ചോൻ ! അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി .
“ആഹ്..അതും ശരിയാ..മ്മ്..എന്തായാലും ഊണ് കഴിഞ്ഞിട് പോയ മതിയെടാ “
കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു.
“മ്മ്…ഞാൻ കിടക്കുന്നെന് മുൻപ് എത്തിക്കോളാം എന്ന് കുഞ്ഞാന്റിയോട് പറഞ്ഞിട്ടുണ്ട് “
ഞാൻ പതിയെ തട്ടി വിട്ടു . കൃഷ്ണൻ മാമ ഒന്നമർത്തി മൂളി.
അത് കേട്ട് വീണ എന്റെ അടുത്തേക്ക് വന്നു. എന്താ കാര്യം എന്ന ഭാവത്തിൽ. ഞങ്ങളുടെ സംസാരം അവൾ കേട്ട് നിൽപ്പുണ്ടായിരുന്നു .
“അപ്പൊ ഇന്ന് തറവാട്ടിൽ ആണോ കിടത്തം..?”
അവൾ എന്നോടായി പതിയെ തിരക്കി.
“ആഹ്…കുഞ്ഞാന്റി പാവം അല്ലെടി..അവര് ഒറ്റക്കല്ലേ “
ഞാൻ പറഞ്ഞു.
“മ്മ്..അല്ലെങ്കിലും കണ്ണേട്ടൻ ഇവിടെ അങ്ങനെ നിക്കാറില്ലലോ ..അഞ്ജു ആണെങ്കിലും അങ്ങനെ തന്നെ..അവള് ബിന്ദു ചെറിയമ്മേടെ വീട്ടിലെ നിക്കു”
വീണ പരിഭവം പറഞ്ഞു.
“ഹ..എടി ഒരു നേരം ഉറങ്ങാനുള്ള കാര്യമല്ലേ ..അതിപ്പോ എവിടെ നിന്നാലും കണക്കല്ലേ “
ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു.
“ആഹ് …എന്നാലും..”
അവൾ വിടാൻ ഭാവമില്ല..
അങ്ങനെ അന്നത്തെ രാത്രി അത്താഴം കൃഷ്‌ണൻ മാമേടെ വീട്ടിൽ നിന്നും കഴിച്ചു . ഇടയ്ക്കു എന്നെ കാണാത്തതുകൊണ്ട് വിനീത ഇങ്ങോട്ടു വിളിച്ചു നോക്കുവേം ചെയ്തിരുന്നു . ഞാൻ ഊണ് കഴിച്ചിട്ടേ വരതുള്ളു എന്ന് അവളെ ധരിപ്പിച്ചു ഞാൻ ഫോൺ വെച്ചു .
ഊണ് കഴിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി ,സമയം ഒൻപതു മാണി ഒക്കെ കഴിഞ്ഞതേ ഉള്ളു. എല്ലാവരോടും പറഞ്ഞു ഞാൻ ഇറങ്ങി…
