രാഘവായനം – 1

ഒരിക്കൽ ശീമക്കൊന്നയുടെ കമ്പു വച്ച് വില്ലും ഈർക്കിൽ വച്ച് അമ്പും ഉണ്ടാക്കി യുദ്ധം ചെയ്തു കളിച്ചപ്പോൾ താൻ വിട്ട ഒരമ്പ് അനിയന്റെ കാലിൽ കുത്തിക്കൊണ്ടു… ചെറുതായി ചോര പൊടിഞ്ഞു… ഇതു കണ്ടുകൊണ്ടു വന്ന അച്ഛന്റെ കയ്യിൽ നിന്ന് തനിക്ക് അന്ന് പൊതിരെ തല്ല് കിട്ടി…
“ നീയെന്തിനാണെടാ അമ്പും വില്ലും കൊണ്ട് കളിച്ചത്?… കുട്ടികൾക്ക് കളിക്കാൻ വേറെ എന്തൊക്കെയുണ്ട്… ” അരിശം മൂത്ത് അച്ഛൻ തന്നോട് ചൂടായി…
“ ഞങ്ങൾ രാമായണം കളിച്ചതാ… ” കരഞ്ഞു കൊണ്ട് താൻ അതു പറഞ്ഞപ്പോൾ അച്ഛന്റെ ദേഷ്യം പിന്നെ മുത്തശ്ശിയോടായി…
“ ഈ അമ്മയാണ് കുട്ടികൾക്ക് വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത്… ” മുത്തശ്ശിയെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് അച്ഛൻ അകത്തേക്ക് പോയി… വിഷമത്തോടെ കിടക്കാൻ പോയ മുത്തശ്ശിയുടെ അടുത്തേക്ക് താൻ ചെന്നു… കട്ടിലിൽ കിടക്കുന്ന മുത്തശ്ശിയുടെ അരികിൽ പുറത്ത് തട്ടി താൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
“ സാരമില്ല മുത്തശ്ശ്യേ… അച്ഛൻ ചുമ്മാ പറഞ്ഞതാന്നേ… ” അതു കേട്ട് മുത്തശ്ശി തന്നെ നോക്കി പുഞ്ചിരിച്ചു…
“ മോനേ രാഘവാ… രാമായണം… അത് നിന്റച്ഛൻ പറയുന്നതു പോലെ ചുമ്മാതൊരു കഥയല്ലെടാ… ” വിഷമത്തോടെയാണെങ്കിലും മുത്തശ്ശിയുടെ ശബ്ദം ഉറച്ചതായിരുന്നു…
“ കഥയല്ലന്നോ?… പിന്നെ?… ” സാമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും താൻ സംശയത്തോടെ ചോദിച്ചു…
“ അത് നടന്ന സംഭവമാണ്… ” കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു…
“ നടന്ന സംഭവമോ… മുത്തശ്ശി എന്താ പറയുന്നേ… അപ്പൊ ഇത് കഥയല്ലേ… “ ഞാൻ മുത്തശ്ശി പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ ഇരുന്നു…
“എന്റെ ചെറുപ്പകാലത്ത് ഞാൻ കേട്ടറിഞ്ഞതാണ് ഇതൊക്കെ… ആ ചിത്രകഥയിൽ പറയുന്ന രാമന്റെ രാജ്യമായ അയോദ്ധ്യ… അതിപ്പോഴും അവിടെയുണ്ട്… അവർ വനവാസകാലത്ത് താമസിച്ചിരുന്ന ദണ്ഡകാരണ്യം… രാമേശ്വരത്തുള്ള രാമസേതു… അങ്ങിനെ എത്രയോ എത്രയോ തെളിവുകൾ…” മുത്തശ്ശി തന്റെ പ്രായത്തെ മറന്ന് വർദ്ധിച്ച ആവേശത്തോടെ പറഞ്ഞു…
“ അതിനിപ്പോ എന്താ മുത്തശ്ശീ… “ മുത്തശ്ശി പറയുന്നതൊക്കെ ഒന്ന് മനസ്സിലിട്ട് ചിന്തിച്ച് ഞാൻ പറഞ്ഞു…
“ അതിനിപ്പോൾ കാര്യമുണ്ട് കുട്ടാ… നീ വേറാരോടും പറയില്ലെങ്കിൽ മുത്തശ്ശി നിന്നോടൊരു രഹസ്യം പറയാം… “ കണ്ണുകൾ ചിമ്മിച്ചു കൊണ്ട് മുത്തശ്ശി അതു പറഞ്ഞപ്പോൾ അടക്കാനാവാത്ത ആകാംക്ഷയോടെ താൻ മുത്തശ്ശിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് ചോദിച്ചു…
“ ഞാനാരോടും പറയില്ല മുത്തശ്ശീ… പറഞ്ഞോ… “ തന്റെ മുഖത്തെ ആകാംക്ഷ കണ്ട് മുത്തശ്ശി ഒരു ദീർഘ നിശ്വാസമെടുത്തു…
“ പണ്ട് നമ്മൾ താമസിച്ചിരുന്നത് കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്… അതു മോനറിയില്ലേ… “ ഒരു രഹസ്യം പറയുന്ന പോലെ അവർ തന്നോടായി ചോദിച്ചു…
“ അത് മുത്തശ്ശി പറഞ്ഞിട്ടുണ്ടല്ലോ… ജടായുപ്പാറ സ്ഥിതി ചെയ്യുന്ന സ്ഥലം അല്ലേ… “ തനിക്കറിയാവുന്നതാണ്… മുത്തശ്ശി തന്നെ എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ സ്ഥലത്തെ പറ്റി…
“ അതേ… അവിടെ ആയിരുന്നപ്പോൾ ഞാൻ ഇടയ്ക്കൊക്കെ ആ പാറയുടെ മുകളിൽ പോകുമായിരുന്നു… അവിടെ രാമന്റെ കാലടി പതിഞ്ഞ പാടുകൾ ഉണ്ട്… അതു കാണാൻ… “ മുത്തശ്ശി നിർത്തി നിർത്തി പറഞ്ഞു…
“ ഇതും മുത്തശ്ശി എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്… ഇതാണോ രഹസ്യം… “ അതൊക്കെ തനിക്കറിയാമെന്ന മട്ടിൽ താൻ അതിനെ നിസാരവൽക്കരിച്ചു പറഞ്ഞു…
“ ഇടയ്ക്ക് കേറി പറയാതെ മുഴുവൻ കേൾക്കെടാ മോനേ… “ മുത്തശ്ശിക്ക് ചെറുതായി ദേഷ്യം വന്നു…
“ ശരി… ഇനി ഞാൻ ഇടയ്ക്ക് കേറില്ല… പറ…“ ഒരു ചമ്മിയ മുഖത്തോടെ താൻ മുത്തശ്ശി പറയുന്നത് കേൾക്കാനായി ചെവി കൂർപ്പിച്ചിരുന്നു…
“ അങ്ങിനെ ഒരു ദിവസം ആ ജടായുപാറയുടെ മുകളിൽ പോയപ്പോൾ അവിടെ ഒരു സന്യാസി ഇരിക്കുന്നത് കണ്ടു… അദ്ദഹത്തിനെ കണ്ടപ്പോൾ അടുത്ത് ചെന്ന് വണങ്ങിയപ്പോൾ അദ്ദേഹം ഹിമാലയസാനുക്കളിൽ നിന്ന് വന്നതാണെന്നറിഞ്ഞു… ആ സ്ഥലത്തിന്റെ പ്രത്യേകതകളും… രാമന്റേയും ജടായുവിന്റേയും രാവണന്റേയും കാര്യങ്ങളൊക്കെ വിശദമായി തന്നെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു… അതു കൂടാതെ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യവും… “ മുത്തശ്ശി ഒന്ന് നിർത്തി…
“ അതെന്താണെന്ന് ഒന്ന് പറ മുത്തശ്ശി… “ ആകാംക്ഷ തെല്ലും അടക്കാനാവാതെ എനിക്ക് ചോദിക്കേണ്ടി വന്നു…
“ രാമൻ രാവണനെ നിഗ്രഹിച്ചുവെങ്കിലും രാവണന്റെ പക അടങ്ങിയിട്ടില്ല… ലോകവസാനം കൽക്കി അവതരിക്കുമ്പോൾ അതേ സമയം രാവണൻ പുനർജനിക്കും… അതിനായി ശിവഭഗവാനിൽ നിന്ന് വരമായി നേടിയ രാവണന്റെ ചന്ദ്രഹാസം ലങ്കയിലെ രാവണഗുഹയിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്… രാവണന്റെ പിൻതലമുറക്കാർ അതിനായി കാത്തിരിക്കുകയാണ്… 3500 വർഷങ്ങൾക്കു ശേഷമാണ് അതു സംഭവിക്കുക… “ മുത്തശ്ശിയുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടങ്ങൾ താൻ കണ്ടു…
“ അതൊക്കെ ചുമ്മാ പറയുന്നതല്ലേ മുത്തശ്ശീ… “ താൻ മുത്തശ്ശിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
“ അല്ല മോനേ… അന്ന് ആ സന്യാസി വന്നത് എന്നെ തേടി എത്തിയതായിരുന്നു… കൽക്കിയിലൂടെ രാമന്റെ അവതാരം പുനർജനിക്കുന്നതിനെ പറ്റി എഴുതിയിരിക്കുന്ന ഒരു താളിയോലെ എന്നെ ഏൽപ്പിച്ചിട്ട് അദ്ദേഹം കാട്ടിലേക്ക് പോയിമറഞ്ഞു… “ അതു പറഞ്ഞ് കഴിയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകളിൽ നീർ പൊടിഞ്ഞത് താൻ കണ്ടു…
“ മുത്തശ്ശി എന്താ പറഞ്ഞു വരുന്നത്… “ തന്റെയുള്ളിൽ ഉള്ളിൽ ഒരു ഭീതി തോന്നുന്നതു പോലെ രാഘവിന്…
“ ആ താളിയോല നമ്മുടെ നിലവറയിലുണ്ട്… അതു നീ വായിക്കണം മോനേ… രാഘവാ… നിന്റെ നിയോഗമാണ് പുനർജനിക്കാനുള്ള ആ രാവണനെ തടയുകാ എന്നത്… ചന്ദ്രഹാസം നശിപ്പിക്കുക എന്നത്… “ തന്റെ മുഖത്തേക്ക് ആരാധനയോടെയുള്ള മുത്തശ്ശിയുടെ പറച്ചിൽ കേട്ട് രാഘവിന്റെ കണ്ണുകൾ വിടർന്നു…
“ മുത്തശ്ശി പറയുന്നതെല്ലാം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… “ എന്നിൽ ഉളവായ അമ്പരപ്പ് കുറച്ചൊന്നുമായിരുന്നില്ല…
“ രാമന്റെ കാൽപ്പാടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം കഴിയുന്നതും നീ പോകണം… ലങ്കയിൽ പോയി ചന്ദ്രഹാസം നശിപ്പിക്കണം… ഈശ്വരാ… “ ഇത്രയും പറഞ്ഞ് മുത്തശ്ശി കണ്ണുകൾ അടച്ചു… മുത്തശ്ശിയുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ താഴേക്കിറ്റു വീണു…
“ മുത്തശ്ശീ… മുത്തശ്ശീ… “ രാഘവ് മുത്തശ്ശിയെ കുലുക്കി വിളിച്ചു… മുത്തശ്ശി വിളി കേട്ടില്ല… തന്റെ നിയോഗം കഴിഞ്ഞതും ആ പുണ്യദേഹത്തിൽ നിന്ന് ആത്മാവ് വിട്ടകന്നു…
കത്തുന്ന ചിതയ്ക്കരികിൽ നിന്ന് എല്ലാവരും പോയി… കത്തിത്തീരാറായ മുത്തശ്ശിയുടെ ചിത കത്തുന്നത് നോക്കിനിന്ന രാഘവിന്റെ കാതുകളിൽ അവരുടെ വാക്കുകൾ വന്ന് അലയടിച്ചു കൊണ്ടിരുന്നു… നീ ലങ്കയിൽ പോകണം… ചന്ദ്രഹാസം നശിപ്പിക്കണം… അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണുകൊണ്ടിരുന്നു…
രാമായണം… രാവണൻ… ലങ്ക… ചന്ദ്രഹാസം… ഇതൊക്കെ ഐതീഹ്യമല്ലേ… മുത്തശ്ശി പറഞ്ഞതൊക്കെ ശരിയാകുന്നതെങ്ങിനെ?… 3500 വർഷങ്ങൾക്ക് ശേഷം ഒരാൾ പുനർജ്ജനിക്കുമെന്നോ?… അതിന് ഇത്തിരിപ്പോന്ന താൻ എന്തുചെയ്യാൻ?… അങ്ങിനെയൊരു വാൾ ഉണ്ടെങ്കിൽ തന്നെ ഇത്രയും നാൾ കേടുകൂടാതെ ഇരിക്കുന്നതെങ്ങിനെ?… ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉൂരിത്തിരിഞ്ഞു…
എന്തായാലും മുത്തശ്ശി പറഞ്ഞതു പോലെ നിലവറയിൽ പോയി നോക്കുക തന്നെ… സത്യമറിയണമല്ലോ… അവൻ കത്തിത്തീർന്ന ചിതയ്ക്കരികിൽ നിന്നും ഉറച്ച കാലടികളോടെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു… നിലവറയിലേക്ക്… മുത്തശ്ശിയുടെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യം തേടി…
അന്ന് വൈകിട്ട് തന്നെ അമ്മയുടെ കയ്യിൽ നിന്ന് നിലവറയുടെ താക്കോൽ മേടിച്ച് പഴയ ബുക്കുകളിൽ ചിലത് എടുക്കാനെന്ന പേരിൽ രാഘവ് നിലവറയ്ക്കുള്ളിൽ കയറി… വീടിനകത്തളത്തിലെ ചായ്പ്പിൽ നെല്ലിടിക്കുന്ന ഉരൽ വച്ചിരുന്ന സ്ഥലമയിരുന്നു നിലവറയിലേക്കുള്ള വഴിയുടെ മുഖം… ഉരൽ തള്ളിനീക്കിയപ്പോൾ ചതുരത്തിലുള്ള ഒരു വാതിൽ കണ്ടു… സൂക്ഷിച്ച് നോക്കിയാൽ മാത്രമേ അതൊരു വാതിൽ ആണെന്ന് മനസ്സിലാകൂ… പഴയ വീടാണിത്… ഹൂം…
അവൻ താക്കോൽ കൊണ്ട് നിലവറ തുറന്ന് അകത്തു കയറി… മുത്തശ്ശി പറഞ്ഞ താളിയോല കണ്ടുപിടിക്കാൻ വല്യ ബുദ്ധിമുട്ട് അവന് അനുഭവപ്പെട്ടില്ല… മുത്തശ്ശിയുടെ ഒരു ട്രങ്ക് പെട്ടിയിൽ പട്ടുകൊണ്ട് പൊതിഞ്ഞ ഒരു ഓല… അതിന്റെ പട്ടഴിച്ച് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സംസ്കൃത ലിപികൾ അവൻ വായിച്ചു… ഇത് പഴയ സംസ്കൃതമാണ്… അതിൽ എഴുതിയിരിക്കുന്നതിന്റെ പൊരുൾ വായിച്ചെടുക്കാൻ അവൻ കുറച്ചു പ്രയാസപ്പെട്ടു…
വായിച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി പറയുന്നതു തന്നെയാണ് അതിലുള്ളതെന്ന് മനസ്സിലായി… അവൻ അതിൽ പറഞ്ഞിരിക്കുന്നത് തന്റെ കയ്യിലുള്ള പേപ്പറിലേക്ക് പകർത്തിയെഴുതി…
“ ലങ്കാരാജ്യത്തെ രാവണഗുഹയിൽ രാവണന്റെ തലമുറക്കാരാൽ കല്ലിൽ തീർത്ത ഒരു പേടകം… അതിൽ ചന്ദ്രഹാസം കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു… രാവണന്റെ പുനർജന്മത്തിലേക്ക് തുറക്കുന്ന താക്കോൽ അതാണ്… അതു കണ്ടെത്തുക… നശിപ്പിക്കുക… അല്ലെങ്കിൽ ഭൂമിക്ക് ആപത്ത്… ” അവസാന വാചകം വായിക്കുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു…
അടുത്ത ദിവസം മുത്തശ്ശിയുടെ കുഴിമാടത്തിന് അരികിൽ നിന്ന് രാഘവ് സത്യം ചെയ്തു… ചെയ്യും… മുത്തശ്ശി തന്നോട് പറഞ്ഞത് എന്താണോ അതു താൻ ചെയ്യും… എന്റെ യാത്ര… രാഘവന്റെ അയനം… രാഘവായനം ഇവിടെ തുടങ്ങുന്നു…

Leave a Reply

Your email address will not be published. Required fields are marked *