രാഘവായനം – 2

തുണ്ട് കഥകള്‍  – രാഘവായനം – 2

(കഥ ഇതുവരെ – രാഘവിന്റെ മുത്തശ്ശി മരിക്കുന്നതിനു മുൻപ് നൽകിയ താളിയോലയിൽ നിന്നും രാവണന്റെ പുനർജനനത്തിനുള്ള ചന്ദ്രഹാസം നശിപ്പിക്കാനുള്ള അറിവ് രാഘവിന് ലഭിക്കുന്നു… രാഘവ് അതിനായി ഒരുങ്ങുന്നു… തുടർന്ന് വായിക്കുക…)

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുത്തശ്ശിയുടെ വിയോഗത്തിനു ശേഷം രാഘവ് ഒന്നു തളർന്നു പോയി… എങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ട് മുത്തശ്ശിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി അവൻ തയ്യാറെടുത്തു… അതിനു വേണ്ടി അവൻ ആദ്യം ചെയ്തത് നിലവറയിൽ നിന്ന് കിട്ടിയ താളിയോലയെപറ്റി ആഴത്തിൽ പഠിക്കുക എന്നതായിരുന്നു…
അവനപ്പോൾ 17 വയസേ ആയിരുന്നുള്ളൂ… പക്ഷേ അവന്റെ ചിന്തകൾക്ക് പക്വത കൈവരിച്ചിരുന്നു… കാലടി ശങ്കരാചാര്യ ഇൻസ്റ്റിറ്റൂട്ടിലെ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഋഗ്വോദങ്ങൾ… അതിൽ നിന്നും തനിക്ക് ലഭിച്ചിരിക്കുന്ന താളിയോലയുടെ കൂടുതൽ രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കാൻ കഴിയും എന്ന് അവൻ വിശ്വസിച്ചു… അതിനു വേണ്ടിയാണ് പ്ലസ് -ടു ജയിച്ചതിനു ശേഷം കാലടി ശ്രീശങ്കര കോളേജ് തന്നെ അവൻ തിരഞ്ഞെടുത്തത്…
ശ്രീ ശങ്കര കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ അവന് ആദ്യം കിട്ടിയ കൂട്ടുകാരൻ ഗോകുൽ ആയിരുന്നു… അവനിലൂടെ ഭാവിയിൽ ശ്രീലങ്കയിലേക്ക്‌ പോകുവാനുള്ള പാസ്പോർട്ട് കിട്ടുന്നതിനു വേണ്ടിയുള്ള പണികൾ അവൻ തുടങ്ങി… സമയത്തിന് ലങ്കയിൽ എത്തിയില്ല എങ്കിൽ താനീ ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലമില്ലാതെ വരും…
ഫസ്റ്റ് ഇയറിന്റെ തുടക്കത്തിൽ തന്നെ അവിടെ പഠിക്കുന്ന ഹിസ്റ്ററി സ്റ്റുഡന്റ്സിനു മാത്രം സന്ദർശിക്കുവാൻ കഴിയുന്ന ആദി ശങ്കരന്റെ സംസ്‌കൃത ഗ്രന്ഥശാലയിൽ കയറിപ്പറ്റി തന്റെ അന്വേഷണത്തിന് സഹായിക്കുന്ന താളിയോലകൾ ഒരു അസെൻമെൻറിന് എന്ന വ്യാജേന അവൻ കരസ്ഥമാക്കി…

ബ്രിട്ടീഷുകാർ ഭാരതത്തിൽ നിന്നു കടത്തി ഇപ്പോൾ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ അനേകം പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ഋഗ്വേദങ്ങളുടെ അവസാനത്തെ താളിയോലകൾ… രാഘവ് അതറിഞ്ഞത് ഇന്റർനെറ്റിന്റെ സഹായത്തോടെയാണ്… ഇന്റർനെറ്റ് ലോകത്തെ രഹസ്യങ്ങൾ ചികയുവാൻ അവന് എന്നും വലിയ താൽപര്യമായിരുന്നു…
ശ്രീ ശങ്കരാ കോളേജിൽ ചേർന്ന് ആദ്യത്തെ മാസം പിന്നിട്ടപ്പോൾ അവിടെയുള്ള മ്യൂസിയത്തിലെ ഓലകളിൽ സൂക്ഷിച്ചിരുന്ന അറിവുകൾ എല്ലാം അവൻ തന്റെ ഡയറിയിലേക്ക് പകർത്തി…
ആ താളിയോലകൾ വച്ച് അവൻ മുത്തശ്ശിയിൽ നിന്നും ലഭിച്ച ഓലയിലെ വിവരങ്ങൾ വിശദമായി കുറിച്ചെടുത്തു… അതിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു… അതിൽ പറയും പ്രകാരം രാവണന്റെ മരണശേഷം ഇപ്പോൾ 3499 വർഷങ്ങൾ പിന്നിട്ടു… ഇനി വരുന്ന വർഷം രാവണ നിഗ്രഹം നടന്ന നാളിന്റെ അന്ന്… ചന്ദ്രഹാസത്തിന്റെ സഹായത്തോടെ രാവണ ഉയിർപ്പിനായി ഒരു പ്രത്യേക പൂജ ചെയ്യുന്ന പക്ഷം രാവണൻ ഉയിർത്തെഴുന്നേൽക്കും… അതിനു മുൻപ് താനത് തടയണം… ഇപ്പോൾ തനിക്ക് ആറു മാസത്തെ സമയം ഉണ്ട്… അതിനുള്ളിൽ മുത്തശ്ശി പറഞ്ഞതു പോലെ കഴിയാവുന്നിടത്തോളം രാമ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ സന്ദർശിക്കണം… രാഘവിന്റെ മനസ്സ് കലുഷിതമായി…
രാവണന്റെ മരണത്തോടെ ചന്ദ്രഹാസം തിരിച്ച് ശിവ സന്നിദ്ധിയിൽ എത്തിയതായാണ് കേട്ടുകേൾവി… താളിയോലയിൽ പറയും പ്രകാരം അപ്രകാരം തന്നെയാണ് സംഭവിച്ചിരിക്കുന്നത്… പക്ഷേ രാവണൻ തന്റെ ക്ഷുദ്ര ശക്തികളാൽ ചന്ദ്രഹാസത്തിന്റെ ശക്തി അതേ രൂപത്തിലും ഭാവത്തിലുമുള്ള വേറെയൊരു ആയുധം നിർമ്മിച്ച് ചന്ദ്രഹാസത്തിൻ മേലുള്ള ശക്തി ആ ആയുധത്തിലേക്ക് ആവാഹിച്ചു… കൂടുവിട്ട് കൂടുമാറ്റം ചെയ്യുന്ന വിദ്യ… അതുപയോഗിച്ച് കൈമാറ്റം ചെയ്തിരുന്നു… കൃത്യമായി പറഞ്ഞാൽ രാവണന്റെ മരണം അയാൾ നേരത്തെ അറിഞ്ഞിരുന്നു… വീണ്ടും പുനർജനിക്കാനുള്ള വിദ്യയാണ് ഈ പരകായ പ്രവേശ വിദ്യയിലൂടെ രാവണൻ ലക്ഷ്യം വച്ചിരുന്നത് എന്ന് മനസ്സിലാക്കാം…
രാഘവ് വിസ്മയിച്ചു പോയി… ഇതെല്ലാം ആരാണ് ഈ താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്?… അല്ലെങ്കിൽ ഈ അറിവെല്ലാം ആർക്ക്? ആരു വഴി ലഭിച്ചു?… വീണ്ടും വിശദമായി താളിയോല പരിശോധിച്ചപ്പോൾ ഒരു സിംഹത്തിന്റെ ചിത്രം അവിടെ ഇവിടെയായി കൊടുത്തിരിക്കുന്നത് കണ്ടു…
ആ സിംഹത്തിന്റെ അടയാളം ലങ്കയെ ആണ് കുറിക്കുന്നത്…
ലങ്കയിലെ രാവണന്റെ കൊട്ടാരത്തിന്റെ കവാടം ഒരു സിംഹത്തിന്റെ വായ തുറന്നിരിക്കുന്ന രൂപത്തിൽ ആണെന്നു കേട്ടിട്ടുണ്ട്… ഓ മൈ ഗോഡ്… ഇപ്പോഴത്തെ ശ്രീലങ്കയുടെ പതാകയിൽ ഉള്ളത് ഒരു സിംഹത്തിന്റെ ചിത്രമാണല്ലോ… രാഘവ് ഉടനേ ലാപ് ടോപ്പിൽ ഗൂഗിൾ സെർച്ചിൽ ശ്രീലങ്കയുടെ പതാകയെടുത്ത് നോക്കി… ഓലയിലെ സിംഹത്തിന്റെ ചിഹ്നവും ഇപ്പോഴത്തെ പതാകയിലെ ചിത്രവും തമ്മിൽ താരതമ്യം നടത്തി… രണ്ടും ഒരച്ചിൽ വാർത്തത് പോലെ… ഒരു നിമിഷം ഐതിഹ്യം എത്? ചരിത്രം ഏത്? എന്ന് തിരിച്ചറിയാനാവാതെ രാഘവ് നിശ്ചലനായി ഇരുന്നു… രാവണന്റെ സാമ്രാജ്യത്തിന്റെ ചിഹ്നമാണ് ശ്രീലങ്കക്കാർ ഇപ്പോഴും പിന്തുടരുന്നത്… ഒടുവിൽ അവനത് തിരിച്ചറിഞ്ഞു… ഐതിഹ്യം എന്നാൽ കെട്ടുകഥയല്ല… വർത്തമാന കാലത്തിന്റെ ചരിത്രമാണ് പിന്നീട് ഐതിഹ്യം എന്ന് അറിയപ്പെടുന്നത്…
കൂടാതെ ഈ അറിവ് പകർന്നു തന്ന ആളുടെ വിവരവും അതിൽ നിന്ന് അവൻ കണ്ടുപിടിച്ചു… കയ്യിലിരിക്കുന്ന ഭൂതക്കണ്ണാടിയുടെ സഹായത്തോടെ രാഘവ് ആ പേര് വായിച്ചു… “വിഭീഷണ…” ഒന്നുരണ്ടു വട്ടം തന്റെ നാവിൽ അവൻ ആ പേര് ഉരുവിട്ടു… അതെ… രാവണന്റെ സഹോദരന്റെ പേരാണത്… സീതയെ രാമന് തിരികെ കൊടുക്കുവാൻ രാവണനോട് അപേക്ഷിച്ച രാവണന്റെ ബന്ധുവായ ശത്രു… രാവണ നിഗ്രഹത്തിന് ശേഷം രാമൻ ലങ്കയുടെ അധിപനായി വാഴിച്ചത് വിഭീഷണനെ ആയിരുന്നു…
അപ്പോൾ പിന്നീട് ലങ്കാധിപനായ വിഭീഷണൻ താൻ മനസ്സിലാക്കിയ ചന്ദ്രഹാസത്തിന്റെ ആ രഹസ്യം ആർക്കോ നൽകി… അത് കറങ്ങിത്തിരിഞ്ഞ് തന്റെ കയ്യിലെത്തി… അതെങ്ങിനെ ശ്രീലങ്കയിൽ നിന്ന് കടൽ കടന്ന് ഇവിടെയെത്തി?… വിഭീഷണ രാജാവിന് അത് അന്നേ നശിപ്പിച്ചു കൂടായിരുന്നോ?… ഒരു പക്ഷേ അദ്ദേഹത്തിന് അന്ന് അതിന് കഴിയാത്തതിനാൽ ആയിരിക്കുമോ ഇങ്ങിനെയൊരു താളിയോലയിൽ വിവരം കൈമാറിയത്?… ആ കർമ്മം വേറെയാരാൽ കഴിയും എന്നാണ് അദ്ദേഹം കരുതിയിരുന്നത്?… ചിന്തകൾ കാടു കയറിയപ്പോൾ രാഘവിന്റെ തല പെരുത്തു… എല്ലാം ബാഗിലാക്കിയിട്ട് അവൻ കിടന്നു…
തലയ്ക്കുള്ളിൽ നവഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതു പോലെ തോന്നി അവന്… അതിൽ കറങ്ങിക്കൊണ്ടിരുന്ന ഗ്രഹങ്ങൾ ഓരോന്നായി മറയുന്നതും, അവസാനം ഒരു ഗ്രഹം മാത്രം അവശേഷിക്കുന്നതും അതിനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹവും അവൻ കണ്ടു…
അത് തന്റെ അടുത്തേക്ക് നീങ്ങി വരുന്നതായി അവനു തോന്നി… അടുത്ത് വരുന്തോറും അതിന്റെ വട്ടം ഒരു ഭാഗത്ത് നിന്ന് കുറഞ്ഞ് കുറഞ്ഞ് തന്റെയടുത്തെത്തിയപ്പോൾ ഒരു ചിരിക്കുന്ന സ്മൈലി പോലെ തോന്നി അവന്… ചന്ദ്രഹാസം… അതിൽ പിടിക്കാനായി കൈ നീട്ടിയതും ഒരു ഭയങ്കര ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു…
” സീതേ… ” ഉറക്കെ ഉച്ചയെടുത്തു കൊണ്ട് രാഘവ് ഞെട്ടിയുണർന്നു…
അവന്റെ മുഖം വെട്ടി വിയർത്തിരുന്നു… അവൻ അടുത്തിരുന്ന കൂജയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് തന്റെ അണപ്പ് മാറ്റി… വാച്ചിൽ സമയം നോക്കിയപ്പോൾ സമയം 12.30… ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ താൻ എന്തോ വിളിച്ചു പറഞ്ഞതായി അവന് തോന്നി… പക്ഷേ എത്ര ശ്രമിച്ചിട്ടും അതെന്താണെന്ന് അവന് ഓർത്തെടുക്കാൻ പറ്റിയില്ല…
രാഘവ് മൊബൈലെടുത്ത് ജാനകിയുടെ നമ്പർ ഡയൽ ചെയ്തു…
” ഹായ് രാഘവ്… ഇതെന്താ ഈ സമയത്ത്?… ” മറുതലയ്ക്കൽ ഉറക്കച്ചടവോടെയുള്ള ജാനകിയുടെ ശബ്ദം രാഘവ് കേട്ടു…
” ഏയ് ചുമ്മാ നിന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി എനിക്ക്… ” രാഘവിന്റെ പ്രേമമൂർന്ന സ്വരം കേട്ടപ്പോൾ ജാനകിയുടെ ഉറക്കം എവിടെയോ പോയി…
” പിന്നെ പിന്നെ ചുമ്മാ എന്നെ സുഖിപ്പിക്കാൻ ഒന്നും പറയണ്ടാട്ടോ…” അവനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അവൾ പറഞ്ഞു…
” നോ നോ… ഐ റിയലി ലവ് യൂ മൈ ഡിയർ ജാനു… ” രാഘവിന്റെ ഹൃദയത്തിൽ നിന്നുതിർന്ന ആ വാക്കുകൾ അവളുടെ മനസ്സിൽ മകരമഞ്ഞ് പെയ്യിച്ചു…
” ഐ ടൂ ഡിയർ… പിന്നേ എനിക്കൊന്ന്… ” ജാനകി അവനെയൊന്ന് കാണണമെന്ന് പറയാൻ തുടങ്ങവേ കോൾ കട്ടായി… അവൾ ഫോൺ കിടക്കയിലിട്ട് നിരാശയോടെ പുതപ്പ് തലവഴി മൂടി…
ജാനകിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നിയവന്… അവൾ പറയാൻ തുടങ്ങിയ കാര്യം ഏന്താണെന്ന് അവന് അറിയാമായിരുന്നു… തന്റെ ലക്ഷ്യം നിറവേറ്റാതെ ഇനി അവളെ കാണരുതെന്ന് അവൻ തീരുമാനിച്ചതാണ്… പതിയെ പതിയെ ഉറക്കം അവനെ തേടിയെത്തി…
മുത്തശ്ശി പറഞ്ഞതു പോലെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് അവൻ ഒരു ലിസ്റ്റുണ്ടാക്കി… കൂടുതൽ വിവരങ്ങൾ അറിയാൻ അവൻ ചെയ്തത് അവന്റെ സന്തത സഹചാരിയായ ഗൂഗിളിനെ ആശ്രയിക്കുക എന്നതായിരുന്നു… അതിൽ സെർച്ച് ചെയ്തപ്പോൾ അവന് കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി…
ഒരു രാത്രിയുടെ ഏഴാം യാമത്തിൽ താൻ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് അവൻ തയ്യാറാക്കി…
1) ജനക്പൂർ – സീതയുടെ ജന്മ സ്ഥലം – നേരത്തേ ബീഹാറിൽ അയിരുന്ന ഈ സ്ഥലം ഇപ്പോൾ നേപ്പാളിലെ കാഠ്മണ്ഡുവിലാണ്
2) അയോദ്ധ്യ – രാമന്റെ ജന്മസ്ഥലം – ഉത്തർപ്രദേശിലെ ആ സ്ഥലനാമത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല
3) ദണ്ഡകാരണ്യം – രാമ സീതാ ലക്ഷ്മണൻമാർ കാനനവാസം നടത്തിയ സ്ഥലം – ആന്ധ്യാപ്രദേശ്, ഒറീസ, ചണ്ഢീഗണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾ കൂടിച്ചേരുന്ന ആ കാനന പ്രദേശത്താണ് ഇപ്പോൾ മാവോയിസ്റ്റുകൾ പ്രാധാനമായും ഉള്ളത്…
4) രാമക്കൽമേട് – ഇടുക്കി ജില്ല
5) ശബരീപീഠം – ശബരിമല – പത്തനംതിട്ടജില്ല
6) ജടായുപ്പാറ – ചടയമംഗലം- കൊല്ലം ജില്ല
7) രാമേശ്വരം – തമിഴ് നാട്
ഏറ്റവും അവസാനം
8) ശ്രീലങ്ക- രാവണന്റെ പഴയ ലങ്കാ സാമ്രാജ്യം – തന്റെ ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *