രാഘവായനം – 2

പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് റെഡിയായപ്പോൾ അവൻ അതുമായി തന്റെ വീടിന്റെ ഗോവണിയിൽ വന്ന് ആകാശത്തേക്ക് നോക്കി… തെളിഞ്ഞ ആകാശത്തിൽ കാണുന്ന അർദ്ധ ചന്ദ്രൻ തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി… ചന്ദ്രഹാസം… രാവണൻ ഉഗ്രതപസ്സ് അനുഷ്ഠിച്ച് ശിവന്റെ പക്കൽ നിന്നും വരദാനമായി മേടിച്ച ആ വാളിന് അർദ്ധ ചന്ദ്രാകൃതി ആയിരിക്കുമെന്ന് അവൻ നിനച്ചു… ഐതീഹ്യവും ചരിത്രവും ശാസ്ത്രവും കൂടിച്ചേർന്ന് തന്നെ എവിടേക്കാണ് കൂട്ടികൊണ്ട് പോകുന്നത് എന്ന് ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു…
അടുത്ത ദിവസം തന്നെ താൻ ചില സ്ഥലങ്ങളിൽ ടൂർ പോകുന്നുണ്ടെന്ന കാര്യം അവൻ അച്ഛനെ ധരിപ്പിച്ചു… രാഘവിന്റെ ഈ ടൂർ പ്രോഗ്രാമിൽ കണ്ട സ്ഥലങ്ങളിൽ എന്തോ സംശയം തോന്നിയതു കൊണ്ടോ മറ്റോ കേരളത്തിൽ എവിടെ വേണമെങ്കിലും പോകുവാനുള്ള അനുവാദം മാത്രം രാഘവിന്റെ അച്ഛൻ കൊടുത്തു… കുറച്ച് സ്ഥലങ്ങളിലെങ്കിലും പോകുവാൻ അനുവാദം കിട്ടിയ രാഘവ് സന്തോഷിച്ചു…
പ്രധാനമായും അവൻ ലക്ഷ്യം വച്ചത് ചന്ദ്രഹാസം കടന്നു പോയ വഴികൾ ആയിരുന്നു… താളിയോലയിൽ പറയുന്ന പ്രകാരം അവിടങ്ങളിലെ മണ്ണ് ശേഖരിക്കുക എന്നത് മാത്രമായിരുന്നു അവന്റെ ഉദ്ദേശം… ഈ പറയുന്ന സമയത്തിനുള്ളിൽ തനിക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് അവൻ നോക്കി… രാമക്കൽമേട്, ശബരിമല, ജടായുപ്പാറ… പിന്നെ രാമേശ്വരം… അവിടെ പോകാൻ അച്ഛൻ സമ്മതിക്കില്ല… എന്നാലും പോയേ പറ്റൂ… അവസാനം ലങ്കയിലും… പഞ്ചഭൂതങ്ങൾ പോലെ അഞ്ച് സ്ഥലങ്ങൾ…
അടുത്ത ശനിയാഴ്ച വീട്ടിൽ വന്നപ്പോൾ അച്ഛനോട് അനുവാദം വാങ്ങി ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിലേക്ക് രാഘവ് യാത്ര തിരിച്ചു…
വീട്ടിൽ ഗോകുലിന്റെ ഒപ്പമാണ് പോകുന്നത് എന്നാണ് പറഞ്ഞതെങ്കിലും ഒറ്റക്കാണ് രാഘവ് യാത്ര തിരിച്ചത്… താൻ കൂടി വരാം എന്ന് ഗോകുൽ പറഞ്ഞപ്പോൾ രാഘവ് അത് നിരസിക്കുകയാണ് ചെയ്തത്… രാഘവിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഗോകുൽ പിന്നെ ഒന്നും പറഞ്ഞില്ല… അവന് ശുഭയാത്ര ആശംസിച്ചു…
ആ സെക്കൻറ് സാറ്റർഡേ അലുവയിലെ ഹോസ്റ്റലിൽ നിന്നാണ് അവൻ യാത്ര തിരിച്ചത്… ഇടുക്കിയിലേക്ക് പോകുന്ന കട്ടപ്പന – കുമളി ബസ് EBT യിൽ കേറി അവൻ കട്ടപ്പനയെത്തി… അവിടെ നിന്ന് അര മണിക്കൂർ യാത്ര ചെയ്ത് രാമക്കൽമേട് ടൂറിസ്റ്റ് പ്ലേസിലെത്തി… അപ്പോഴേക്കും സമയം മൂന്ന് മണി കഴിഞ്ഞു… അവിടന്ന് ഭക്ഷണം കഴിച്ച് രാമക്കൽ മലയിലേക്ക് കേറാനുള്ള തിടുക്കത്തോടെ ആ മലമ്പാതയിലേക്ക് അവൻ നടന്നു… വലതു വശത്ത് കാണുന്ന കുറവൻ- കുറത്തി മലയിലേക്ക് കേറുവാൻ പാസ് എടുക്കണം… പക്ഷേ തന്റെ ലക്ഷ്യം ഇടത്തേ മലയാണ്… അങ്ങോട്ട് പോകുവാൻ പാസ് ആവശ്യമില്ല… അടുത്ത് കണ്ട കടയിൽ നിന്ന് കൊറിക്കാൻ കുറച്ച് കടല മേടിച്ചു അവൻ…
“മോനെവിടുന്നാ?… ” കടയുടെ തിണ്ണയിൽ ഇരുന്ന് ബീഡി വലിക്കുകയായിരുന്ന ഒരു വൃദ്ധൻ ചോദിച്ചു…
” ഞാൻ എറണാകുളത്ത് നിന്ന് വരാ… ഈ സ്ഥലമൊക്കെയൊന്ന് കാണാനായിട്ട്… ” രാഘവ് പകുതിക്ക് വച്ച് നിർത്തി…
” അതേയതേ… ഇതിപ്പൊ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ലേ… ഇപ്പോൾ ഇവിടെ ആൾക്കാർ വരുന്നത് കാറ്റിന്റെ ശക്തി അറിയാനാ… എഷ്യയിലെ ഏറ്റവും കൂടുതൽ കാറ്റുള്ള സ്ഥലമല്ലേ… പക്ഷേ പണ്ട് അങ്ങിനെ ആയിരുന്നില്ല മോനേ…” വൃദ്ധൻ ചെറുതായി ചിരിച്ച് നിർത്തി… അയാൾ പറഞ്ഞ കാര്യങ്ങളൊക്കെ രാഘവിന് അറിയാവുന്നതായിരുന്നു…
” എനിക്കറിയാം അപ്പൂപ്പാ…” രാഘവ് അതു പറഞ്ഞിട്ട് വൃദ്ധനെ കടന്ന് പോകാൻ തുടങ്ങി…
” മോൻ അറിയാത്തത് ചിലതുണ്ട് ഇവിടെ… വാ… ” കടയുടെ വശത്ത് ഇട്ടിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് തന്നെ പിന്തുടരാനുള്ള സൂചന നൽകിക്കൊണ്ട് വൃദ്ധൻ മുൻപേ നടന്നു… തന്നോടെന്തിനാ ഈ വയസ്സൻ ഇതൊക്കെ പറയുന്നത് എന്ന് ആലോചിച്ചെങ്കിലും രാഘവ് അയാളുടെ പുറകെ വച്ചുപിടിച്ചു…
” ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് വരാൻ കാരണമെന്താണെന്ന് മോനറിയോ?… ” ഇല്ലിക്കാടുകളുടെ കവാടം കടന്ന് ഉള്ളിലേക്ക് നടന്നു കൊണ്ട് വൃദ്ധൻ രാഘവിനോട് ആരാഞ്ഞു…
” ശ്രീരാമ രാജാവുമായി ഇവിടെ എന്തോ ബന്ധമുണ്ട്… ” തനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഈ വയസവനോടു വിളമ്പിയിട്ട് കാര്യമില്ല… അയാളുടെ കയ്യിൽ നിന്നും തനിക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോ എന്ന് നോക്കാം…
” ആ… അതു തന്നെ… രാവണൻ തട്ടിക്കൊണ്ടു പോയ സീതാദേവിയെ അന്വോഷിച്ച് രാമരാജാവ് ഇതുവഴി വന്നിരുന്നു…” ഇല്ലിക്കൂട്ടങ്ങളുടെ വഴിയിൽ നിന്ന് അവർ വളഞ്ഞ് മുകളിലേക്കുള്ള ചെറിയ ഇടവഴിയിലേക്ക് കയറി…
” ഉം കുറച്ചൊക്കെ ഞാൻ കേട്ടിട്ടുണ്ട്… ” രാഘവ് ചുറ്റുപാടും കണ്ണോടിച്ച് തന്റെ ഷോൾഡർ ബാഗ് ഒന്ന് ടൈറ്റ് ചെയ്തു കൊണ്ട് പറഞ്ഞു… അവിടെ ഒരു പാറയുടെ മുകളിലായി പത്തോളം കുരങ്ങൻമാർ ഇരിക്കുന്നത് അവൻ കണ്ടു… ഷോൾഡറിൽ നിന്നും ബാഗ് എടുത്ത് അതിലുണ്ടായിരുന്ന കുറച്ച് ഏത്തപ്പഴങ്ങൾ അവൻ ആ കുരങ്ങൻമാർക്ക് എറിഞ്ഞു കൊടുത്തു… കുരങ്ങൻമാർ പഴം വീണിടത്തേക്ക് ഓടി പാഞ്ഞെത്തി…

” മോനേ… അവറ്റകൾ ചിലപ്പോൾ ഉപദ്രവിച്ചേക്കും… ഇങ്ങ് പോര്… ” ഇല്ലിക്കാടിന്റെ ഉള്ളിൽ നിന്നും തുറസ്സായ പുൽമേട്ടിലേക്ക് കേറിക്കൊണ്ട് വൃദ്ധൻ പറഞ്ഞു… പക്ഷേ കുരങ്ങന്മാർ ആ പഴം കഴിച്ച് തീരുന്നത് വരെ രാഘവ് അവിടെ അത് നോക്കി നിന്നു… അവറ്റകൾ പഴം കഴിച്ചതിന് ശേഷം എല്ലാവരും കൂടി രാഘവന്റെ നേർക്ക് ഒരു നിമിഷം ഉറ്റുനോക്കിയിട്ട് കാടിനുള്ളിലേക്ക് ഓടി മറഞ്ഞു… അവറ്റകളുടെ അവസാന നോട്ടം രാഘവിന്റെ മനസ്സിലുടക്കി…
വൃദ്ധന്റെ പിറകേ പുൽമേട്ടിലേക്ക് കേറിയപ്പോൾ കാറ്റിന്റെ ശക്തി കൂടിയിരിക്കുന്നത് രാഘവ് മനസ്സിലാക്കി… അടുത്ത മലകളുടെ മുകളിൽ കാണുന്ന വലിയ കാറ്റാടികളിലേക്ക് അതിശയത്തോടെ രാഘവ് നോക്കി… അകലെ നിന്ന് കാണുന്നതു പോലെയല്ല അതിന്റെ പൊക്കം… ഒരു തെങ്ങിനേക്കാൾ ഉണ്ട്… അതിന്റെ മൂന്ന് ഭീമൻ പങ്കകൾ കറക്കുവാനുള്ള ശക്തി അവിടത്തെ കാറ്റിനുണ്ട്… വായു ദേവനാൽ അനുഗ്രഹിക്കപ്പെട്ട സ്ഥലം…
ഇരുന്നൂർ മീറ്റർ അകലെ മുകളിലായി കാണുന്ന പാറക്കൂട്ടത്തിന് താഴെയെത്തിയപ്പോൾ വൃദ്ധൻ അവിടെ കുത്തിയിരുന്നു… കാറ്റിന്റെ ശക്തി അപാരമായിരുന്നു അവിടെ… ചെടികളെല്ലാം പറന്ന് പോകുമെന്ന് തോന്നുന്നത പോലെ കാറ്റിൽ ആടിഉലയുന്നു…
” ഇനി മോൻ പോയാൽ മതി… പിന്നെ ആ കാണുന്ന പാറയുടെ ഏറ്റവും മുകളിലാണ് ശ്രീരാമന്റെ കാൽപ്പാദം പതിഞ്ഞു എന്നു പറയുന്നത്… പാറക്കെട്ടിന് ഏറ്റവും മുകളിലാണ് കയറാൻ ശ്രമിക്കണ്ട കെട്ടോ… കാറ്റിൽ പറന്ന് പോയാൽ തമിഴ് നാട്ടിലാണ് ചെന്ന് വീഴുക… അവിടെ നിന്ന് കുഞ്ഞിന്റെ പൊടി പോലും ബാക്കി കിട്ടില്ല…” കാറ്റിന്റെ ശക്തി അയാളെ താഴെ ഇരിക്കാൻ പ്രേരിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *