രാഘവായനം – 2

” എനിക്ക് മുകളിൽ പോയേ പറ്റൂ… ” അയാളുടെ ചുമലിൽ ഒന്ന് പിടിച്ചു കുലുക്കിയിട്ട് രാഘവ് മുകളിലേക്ക് നടന്നു… തന്റെ ബനിയനിൽ ശക്തമായ കാറ്റടിച്ച് നെഞ്ചിൽ ഭാരം അനുഭവപ്പെടുന്ന പോലെ… നീളമുള്ള മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നു… രാഘവ് താഴെ വലതു മുട്ടുകാലിൽ ഇരുന്നിട്ട് തന്റെ ബാഗ് തുറന്ന് കണ്ണ് മുഴുവൻ കവർ ചെയ്യുന്ന ഒരു ബ്രൗൺ റെയ്ബാൻ വെഫെയർ സൺഗ്ലാസ് വച്ചു… അതോടൊപ്പം തന്റെ കറുത്ത ജാക്കറ്റ് എടുത്ത് ബനിയന് പുറമേ അണിഞ്ഞു… വൃദ്ധനെ ഒന്നു കൂടി തിരിഞ്ഞു നോക്കിയ ശേഷം മുന്നിലേക്ക് അടി വച്ച് നടന്നു…
തന്റെ വലതു ഭാഗത്തേക്ക് നോക്കിയപ്പോൾ വൃദ്ധൻ പറഞ്ഞതിലെ കാര്യം അവന് പിടികിട്ടി… ഇക്കാണുന്ന മലയുടെ അപ്പുറം വലിയ കൊക്കയാണ്… മലയിൽ നിന്ന് വീണാലും പറന്ന് പോയാലും ചെന്ന് വീഴുക തമിഴ് നാട്ടിലെ ഏതോ ഗ്രാമത്തിൽ റ്റ്ആയിരിക്കം… അവിടെ ചെറിയ വലിപ്പത്തിൽ കാറ്റാടികളും കൊച്ചു കൊച്ചു വയലുകളും കാണാം…
ഇനി നൂറ് മീറ്റർ കൂടി… കാതിൽ കാറ്റിന്റെ ഹുങ്കാരം… പാറക്കെട്ടുകളുടെ ഇടയിലേക്ക് നടന്ന രാഘവ് കാറ്റൊന്ന് വീശിയടിച്ചപ്പോൾ വേച്ചുപോയി… ഒന്ന് അടിതെറ്റിയ അവൻ കൊക്കയുടെ ഭാഗത്തേക്ക് തെന്നിവീണു…
” മോനേ… വേണ്ട താഴേക്ക് വാ… ” പാറക്കെട്ടിന് താഴെയിരുന്ന വൃദ്ധന്റെ ഉറക്കെയുള്ള വിളികൾ ഭാഗികമായി രാഘവിന്റെ കാതിൽ പതിച്ചു… അവനത് കാര്യമാക്കാതെ എഴുന്നേറ്റു… വലതു ഭാഗത്തായി കാണുന്ന കൊക്കയിലേക്ക് ഒന്നു നോക്കിയിട്ട് നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് തന്നെ അടിവച്ചു…
പാറകളുടെ ഇടയിലായുള്ള വിള്ളലുകളിൽ അള്ളിപ്പിടിച്ച് ഒരു വിധത്തിൽ അവൻ മുകളിലെത്തി… അവിടെയായി ഒരു ഇരുമ്പിന്റെ ദണ്ഡ് ഉറപ്പിച്ചിരുന്നു… മുകളിലെത്തിയതും ചുഴിഞ്ഞു വന്ന ഒരു കാറ്റ് രാഘവിനെ തള്ളിയിട്ടു… ആ ഇരുമ്പുദണ്ഡിൽ തന്റെ രണ്ടു കയ്യാലും ചുറ്റിപിടിച്ചില്ലായിരുന്നു എങ്കിൽ അവന്റെ കാര്യം ഒരു തീരുമാനം ആയേനെ…
അവനാ ഇരുമ്പുദണ്ഡിൽ ശക്തിയോടെ പിടിച്ചു നിന്നു… കാറ്റിന്റെ അപാര വീശിയടിയിൽ അവന്റെ ജാക്കറ്റിന്റെ സിബ്ബ് മുകളിൽ നിന്ന് താഴേക്ക് തനിയെ ഇറങ്ങി വന്നു… ഇനിയും അവിടെ നിൽക്കുന്നത് അപകടം ആണെന്ന് അവന് മനസിലായി… ഇവിടെയാണ് രാമലക്ഷ്മണൻമാർ സീതയെ അന്വേഷിച്ച് എത്തിയത്… ഇവിടന്ന് എങ്ങിനെയാ മണ്ണ് ശേഖരിക്കുന്നേ… ഇവിടെ നിൽക്കാൻ തന്നെ പറ്റുന്നില്ല… രാഘവ് പതിയെ പിടിച്ചു പിടിച്ച് താഴേക്കിറങ്ങി… അവൻ താഴെ കാത്ത് നിന്ന വൃദ്ധന്റെ അരികിലെത്തി…
” എനിക്ക് ഏറ്റവും മുകളിൽ നിന്ന് കുറച്ച് പാറപ്പൊടി എടുക്കണം… എപ്പോഴാ ഈ കാറ്റൊന്ന് ശമിക്കുക?… ” രാഘവ് നിരാശയോടെ ചോദിച്ചു… അവന്റെ ചോദ്യം കേട്ട് വൃദ്ധന്റെ കണ്ണുകൾ തിളങ്ങി…
” കാറ്റ് അടങ്ങും മോനേ… കാത്തിരിക്കുക… ” അത് പറഞ്ഞയുടൻ വൃദ്ധൻ തിരികെ നടന്നു…
” ഏയ്… അതുവരെ ഞാനെവിടെ ഇരിക്കും… ” രാഘവിന്റെ ആ ചോദ്യത്തിന് ഉത്തരമുണ്ടായില്ല… വൃദ്ധൻ കണ്ണിൽ നിന്ന് പോയ് മറഞ്ഞപ്പോൾ രാഘവ് അടുത്ത് കണ്ട ഒരു പാറയുടെ മുകളിൽ ഇരുന്നു… അപ്പോൾ കാറ്റിന്റെ ശക്തി കുറയുന്നത് വരെ കാക്കുക തന്നെ…
അവൻ തന്റെ ബാഗിൽ നിന്ന് ലാപ് ടോപ്പെടുത്ത് തന്റെ രാമായണത്തെ കുറിച്ചുള്ള റിസർച്ചുകൾ വായിക്കാൻ തുടങ്ങി… സമയം 7 മണി… കാറ്റിനിപ്പോൾ ശമനമുണ്ട്… എന്നാൽ ആകെ ഇരുട്ട് പരന്നിരിക്കുന്നു അവിടെയെല്ലാം… മൊബൈലിന്റെ വെട്ടത്തിൽ ഒരു ചെറിയ പാറക്കല്ലടുത്ത് വീണ്ടും അവൻ മുകളിലെത്തി… തണുത്ത ഇളം കാറ്റ് അവനെ തട്ടിത്തലോടിപ്പോയി… കമ്പിയുടെ ചുവട്ടിൽ ഇരുന്ന് തന്റെ കയ്യിലെ പാറക്കഷ്ണം കൊണ്ട് താഴെ ഉരക്കാൻ തുടങ്ങി…
കുറച്ച് നേരത്തെ ശ്രമഫലമായി ലഭിച്ച കുറച്ച് പാറപ്പൊടി വടിച്ചെടുത്ത് തന്റെ ബാഗിലെ ചെറിയ ഉരുണ്ട ഗ്ലാസ് കുപ്പിയിലേക്ക് ഇട്ടു… അത് ഭദ്രമായി അടച്ച ശേഷം ഉടൻ പാറയിൽ നിന്ന് താഴേക്കിറങ്ങി… എന്നിട്ട് മൊബൈൽ വെളിച്ചത്തിൽ വേഗം താഴേക്ക് നടക്കാൻ ആരംഭിച്ചു…
നടത്തത്തിനിടയിൽ പല തവണ കുഴികളിൽ വീണു രാഘവ്… ഒരു കണക്കിന് മലയുടെ താഴെയെത്തിയ രാഘവ് തനിക്ക് വഴി കാണിച്ചു തന്ന വൃദ്ധനെ എമ്പാടും തിരക്കിയെങ്കിലും കണ്ടെത്താനായില്ല… അയാളെ കാണാനാവാത്ത വിഷമത്തോടെ രാഘവ് തിരിച്ച് ഹോസ്റ്റലിലേക്ക് യാത്ര തിരിച്ചു…
പോകുന്ന വഴി തന്റെ ലിസ്റ്റിൽ നിന്ന് രാമക്കൽമേട് എന്ന പേര് അവൻ വെട്ടിക്കളഞ്ഞു…
അടുത്ത ആഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ രാഘവിന്റെ കഴുത്തിൽ ചെറിയ രുദ്രാക്ഷങ്ങൾ കോർത്ത ഒരു മാല അവന്റെ അച്ഛൻ രഘു കണ്ടു… അവന്റെ താടി വളർന്നിരിക്കുന്നു… ഒരു ബ്ലാക് വിനെക്ക് ബനിയനും അതേ നിറത്തിലുള്ള ഒരു പാന്റും…
” എന്താ മോനേ… നിന്റെ ഗെറ്റപ്പ് ഒക്കെ ആകെ മാറിയല്ലോ.. ” തന്റെ മകന്റെ വേഷപ്പകർച്ച അടിമുടി നോക്കി കൊണ്ട് രഘു പറഞ്ഞു…
” ഞാൻ ശബരിമല ദർശനത്തിന് പോകേണ് അച്ഛാ… ” ഒരു പുഞ്ചിരിയോടെ രാഘവ് പറഞ്ഞു…
” അതേതായാലും നന്നായി മോനേ… അയ്യപ്പസാമിയുടെ അനുഗ്രഹം എന്റെ മോന് എപ്പോഴും ഉണ്ടാകും…” അവന്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു…
” അപ്പൊ കെട്ടു നിറയ്ക്കുന്നത് എന്നാ?… ” അച്ഛന്റെ ചോദ്യത്തിനു മുന്നിൽ അവനൊന്നു പതറി… രാഘവിന്റെ ഉദ്ദേശം ശബരീപീഠം സന്ദർശിക്കുക എന്നതാണ്… അതിനൊരു മാർഗ്ഗം മാത്രമാണ് ഈ വേഷം…
” അത് പിന്നെ അച്ഛാ… ഞാൻ കെടുനിറച്ചും വ്രതം എടുത്തൊന്നുമല്ല പോകുന്നത്… അവിടം വരെ പോകാൻ ഒരാഗ്രഹം… അത്രേയുള്ളൂ… ” അവൻ ഒതുക്കത്തിൽ പറഞ്ഞു…
” ഉം… നീ ഉദ്ദേശിക്കുന്നത് ഒരു ടൂറാണല്ലേ… എന്താന്ന് വച്ചാൽ ആയിക്കോളൂ… സ്വാമിയേ ശരണമയ്യപ്പാ…” അതു പറഞ്ഞ് രഘു അകത്തേക്ക് കേറിപ്പോയി… അമ്മയുടെ പരിഭവം കേൾക്കാൻ നിൽക്കാതെ രാഘവ് തന്റെ മുറിയിലേക്കും പോയി…
അടുത്ത ദിവസം പുലർച്ച തന്നെ തന്റെ ലിസ്റ്റിലെ രണ്ടാമത്തെ സ്ഥലത്തേക്ക് രാഘവ് യാത്ര ആരംഭിച്ചു… എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പമ്പയിലേക്ക് നേരിട്ടുള്ള ബസിലായിരുന്നു യാത്ര… കറുപ്പ് നിറത്തിലുള്ള ഷർട്ടും ബനിയനും അതേ നിറത്തിലുള്ള ഒരു തോർത്തും… രാമക്കൽമേട്ടിലെ പാറപ്പൊടി ഉൾക്കൊള്ളുന്ന ചില്ലു കുപ്പി അടങ്ങുന്ന ഷോൾഡർ ബാഗുമായി രാഘവ് പമ്പയിൽ ബസിറങ്ങി…

മണ്ഡല കാലമായതിനാൽ പമ്പ അയ്യപ്പ ഭക്തൻമാരാൽ നിറഞ്ഞിരുന്നു… പണ്ടത്തെ പോലെയല്ല… പമ്പയിലെ വെള്ളത്തിന് നല്ല തെളിമയുണ്ട്… അതിലൊന്ന് മുങ്ങിക്കളിച്ച് ഒരു മസാല ദോശയും അകത്താക്കിക്കൊണ്ട് രാഘവ് ശബരിമല കേറാൻ തുടങ്ങി…
നല്ല മനോഹരമായ കാനനപാത… താൻ നടന്നു പോകുന്നത് പ്ലാസ്റ്റിക് നിരോധിത പദ്ധതിയായ ‘പുണ്യം പൂങ്കാവനം ‘ നടപ്പാക്കിയ സ്ഥലത്ത് കൂടി മാത്രമല്ലെന്ന് അവന് മനസ്സിലായി… ഇതൊരു ടൈഗർ റിസർവ് വനം കൂടിയാണ്…
കഴിഞ്ഞ മാസം ഒരു കടുവയേയും രണ്ട് കടുവക്കുട്ടികളേയും ഇവിടത്തെ CCTV യിൽ പതിഞ്ഞ വാർത്ത വായിച്ചത് ഓർത്തപ്പോൾ രാഘവിന്റെ മനസ്സൊന്ന് കിടുങ്ങി… ഇതിൽക്കൂടി കുട്ടികളെ കൂട്ടി നടന്നു പോകുന്ന അയ്യപ്പൻമാരെ അവൻ മനസാ വന്ദിച്ചു… അങ്ങിനെ ഓരോന്നാലോചിച്ച് അയ്യപ്പൻമാരുടെ ഒപ്പം അര മണിക്കൂർ മല കേറിയപ്പോൾ ശബരീപീഠം എന്നെഴുതിയ ബോർഡും ഒരു ചെറിയ കോവിലും കണ്ടു… അതാ തന്റെ ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു… അവിടെ ഒരു അയ്യപ്പൻ കാഷായ വസ്ത്രത്തിൽ ഇരിക്കുന്നതു കണ്ടു… ശബരീപീഠത്തിനരികിൽ ഇരിക്കുന്ന അയാളുടെ അടുത്ത് നിന്ന് കുറച്ച് മാറ്റി ഇരുന്ന് രാഘവ് കിതപ്പടക്കി… മല കയറ്റമൊന്നും തനിക്ക് വലിയ വശമില്ലല്ലോ…
” സ്വാമീ എവിടന്നാ?… എന്താ പേര്?… ” കിതപ്പടക്കുന്ന രാഘവിനെ നോക്കി അയാൾ തിരക്കി… ശബരിമലയിൽ വരുന്ന എല്ലാവരേയും സംബോധന ചെയ്യുന്നത് സ്വാമി എന്നാണ്… ശബരിമലയിൽ കോവിലിനു മുകളിൽ വച്ചിരിക്കുന്ന ബോർഡിൽ തത്ത്വമസി എന്നു എഴുതിയിട്ടുണ്ട്… നിങ്ങൾ അന്വോഷിച്ചു വന്ന അയ്യപ്പൻ നിങ്ങൾ തന്നെയാണ്… അതാണ് ‘തത്ത്വമസി’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്…
” ഞാൻ രാഘവ്… എറണാകുളത്ത് നിന്നാ വരുന്നേ… നിങ്ങളോ?… ” ഒരു പുഞ്ചിരിയോടെ രാഘവും ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *