രാഘവായനം – 2

” ഞാൻ മൂസ… കൊടുങ്ങല്ലൂർ നിന്നും വരുന്നു… ” അയാൾ തന്റെ നീണ്ട താടിയിൽ തടവിക്കൊണ്ട് പറഞ്ഞു… അയാൾ മുസ്ലീം ആണെന്ന് അറിഞ്ഞപ്പോൾ രാഘവന്റെ മുഖം വിടർന്നു…
” സ്വാമീ… ഇങ്ങിനെ മിഴിച്ച് നോക്കേണ്ട കാര്യമില്ല… ശബരിമലയിൽ വാവരുസ്വാമിയുടെ നടയുണ്ട്… എന്നാലും ഞാൻ പ്രധാനമായും പോകുന്നത് അയ്യപ്പനെ കാണാനാണ്… ശബരിമലയിൽ ആദ്യായിട്ടാണല്ലേ… ” ഒരു കുസൃതിച്ചിരിയോടെ അയാൾ സ്വാമി അയ്യപ്പനും മുസ്ലീമായ വാവരുസ്വാമിയും തമ്മിലുള്ള യുദ്ധവും അതിന്റെ പര്യവസാനത്തിൽ രണ്ടു പേരും തമ്മിൽ പിരിയാനാവാത്ത സുഹൃത്തുക്കളായതും എല്ലാം രാഘവിന് വിവരിച്ചു കൊടുത്തു… ഇതൊക്കെ വളളി പുളളി വിടാതെ കേട്ടെങ്കിലും രാഘവ് തന്റെ വരവിന്റെ ഉദ്ദേശം മൂസയോട് വ്യക്തമാക്കിയില്ല…
അങ്ങിനെ മൂസ കഥ പറയുന്ന കൂട്ടത്തിൽ സീതയെ അന്വോഷിച്ചു വന്ന ശ്രീരാമൻ ഈ മലയിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന ശബരിയുടെ ആശ്രമത്തിൽ വന്ന കഥയും പറഞ്ഞു… ശബരി ഇവിടെ തപസ്സ് ചെയ്തിരുന്നതു കൊണ്ടാണ് ഇത് ശബരിമല എന്ന് അറിയപ്പെടുന്നത്…
അതിന്റെ കൂടെ ശ്രീരാമൻ ശബരിയുടെ ആതിഥ്യം സ്വീകരിച്ച് ഫലങ്ങൾ ഭക്ഷിച്ചതും എല്ലാം കടന്നു വന്നു… അത് കേട്ട മാത്രയിൽ രാഘവ് താഴെ നിന്നും കുറച്ച് പൊടി മണൽ വാരി തന്റെ ചില്ലു കുപ്പിയിലിട്ട് അതടച്ചു… അതു കണ്ടപ്പോൾ മൂസ ചിരിച്ചു കൊണ്ട് എണീറ്റു…
” അപ്പൊ നിങ്ങൾ സ്വാമിയെ കാണാതെ പോവുകയാണല്ലേ… ശരി… ഞാൻ പോകുന്നു…” പെട്ടെന്നെഴുന്നേറ്റ് മലയേറുന്ന മൂസയെ നോക്കി ഒരു നിമിഷം രാഘവ് അന്തംവിട്ടു നിന്നു… തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇയാളെങ്ങിനെ അറിഞ്ഞു… രണ്ടാമതൊന്ന് ആലോചിക്കാതെ രാഘവ് അയാളുടെ പുറകെ വച്ചുപിടിച്ചു…
” എയ് സ്വാമീ… നിങ്ങൾക്കെങ്ങിനെ എന്റെ മനസിലെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു?… ” മൂസയുടെ ഒപ്പം നടന്നെത്തിക്കൊണ്ട് രാഘവ് ആകാംക്ഷയോടെ ചോദിച്ചു…
” ഒന്നില്ലെങ്കിലും ഞാനൊരു വാവരു സ്വാമിയല്ലേ എന്റെ പൊന്നു സ്വാമീ…” ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് മൂസ രാഘവിനേയും കൂട്ടി സന്നിധാനത്തേക്ക് യാത്രയായി… അവർ തമ്മിൽ ചിരകാല സുഹൃത്തുക്കളെ പോലെ ചരിത്രങ്ങളെ ചികഞ്ഞു കൊണ്ട് അയ്യപ്പസന്നിന്ധിയിലേക്ക് യാത്ര തുടർന്നു…
പിറ്റേ ദിവസം അയ്യപ്പദർശനം കഴിഞ്ഞ് മലയിറങ്ങുമ്പോൾ ശബരിമലയുടെ ഐതീഹ്യങ്ങളും വാസ്തവങ്ങളും മനപാഠമാക്കിയിരുന്നു രാഘവ്… തന്റെ ലിസ്റ്റിൽ നിന്ന് ‘ ശബരീപീഠം ’ വെട്ടിക്കളയുമ്പോൾ മനസിനകത്ത് ഒരു അനിർവചനീയ സുഖം തോന്നി രാഘവിന്…
ശബരിമലയിലെ വിശേഷങ്ങൾ വീട്ടിൽ പങ്കുവക്കുന്നതിനിടയിൽ രാഘവ് തന്റെ അടുത്ത ആവശ്യം അറിയിച്ചു…
” അച്ഛാ നാളെ ഞാൻ നമ്മുടെ പഴയ വീട് വരെ ഒന്ന് പോയാലോ എന്ന് ആലോചിക്കാ… ” രാഘവിന്റെ ആവശ്യം കേട്ടപ്പോൾ രഘുവിന് ചിരിയാണ് വന്നത്… ഇവനിങ്ങനെ ഒന്നും ആവശ്യപ്പെടാത്തതാണല്ലോ… ആ എന്തേലും ആവട്ടെ… കുട്ടികൾ തറവാടും പരിസരവുമൊക്കെ കണ്ടിരിക്കുന്നത് നല്ലതാണ്…
” ആ… നിന്റെ ആഗ്രഹമല്ലേ… പോയിട്ടു വാ…” അച്ഛന്റെ സമ്മതത്തിന് അമ്മയും തലയാട്ടി…
അടുത്ത ദിവസം ഉറക്കമുണർന്ന രാഘവ് മുത്തശ്ശിയുടെ കുഴിമാടത്തിനരികിൽ കുറച്ച് സമയം നിന്നു… അപ്പോൾ ഒരു തണുത്ത കാറ്റ് അവനെ തട്ടിത്തലോടി പോയി… മുത്തശ്ശി കാറ്റിന്റെ രൂപത്തിൽ വന്ന് തന്നെ അനുഗ്രഹിക്കുന്നതായി അവന് തോന്നി… അവിടം ഒന്ന് വന്ദിച്ചിട്ട് രാഘവ് യാത്ര തിരിച്ചു…
കൊല്ലത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കേറി ചടയമംഗലം സ്റ്റോപ്പിൽ ഇറങ്ങി നടന്ന രാഘവ് ജടായുപ്പാറ 5 കി.മീ എന്ന ബോർഡ് കണ്ട് ആ ഭാഗത്തേക്ക് നടന്നു… തന്റെ പഴയ തറവാട് സന്ദർശിക്കാർ സമയം ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴത്തെ ലക്ഷ്യം അതല്ലല്ലോ…
ഒരു കിലോമീറ്റർ റോഡിലൂടെ പടിഞ്ഞാറു ഭാഗത്തേക്ക് നടന്നു കഴിഞ്ഞപ്പോൾ JADAYU NATIONAL PARK – 4 KM എന്ന ബോർഡ് കാണാനായി… ഇനി കാടിന്റെ ഭാഗത്ത് കൂടിയുള്ള യാത്രയാണ്… ഒരു നടപ്പാത കാണുന്നുണ്ട്… രാഘവ് ആ വഴിയേ വച്ചു പിടിച്ചു…
ഗൂഗിളിൽ നിന്ന് അവിടേക്കുള്ള യാത്ര കുറച്ച് ദുർഘടം ആണെന്ന് മനസ്സിലാക്കിയതിനാൽ അതിനുതകുന്ന തരത്തിലുള്ള ഹാർഡ് ബ്ലുജാക്കറ്റും ബ്രൗൺ കളർ ടൈറ്റ് ജീൻസും ജംഗിൾ ബൂട്ടും… രാമക്കൽമേട്, ശബരീപീഠം എന്നിവടങ്ങളിലെ രാമപദനം ഏറ്റ മണ്ണ് ശേഖരിച്ച ചില്ലു കുപ്പി ഉൾക്കൊള്ളുന്ന ഷോൾഡർ ബാഗും വഹിച്ചായിരുന്നു രാഘവിന്റെ യാത്ര… കാടിന്റെ ഓരം പറ്റിയാണ് യാത്രയെങ്കിലും മൃഗങ്ങളുടെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല…
ഇൻറർനെറ്റിൽ ജടായു നാഷണൽ പാർക്ക് എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ ഇപ്പോൾ ഈ സ്ഥലത്തിന്റെ എല്ലാ വിവരങ്ങളും അറിയാൻ കഴിയും… ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലമാണ് ഇത്… ഗുരു എന്ന സിനിമയുടെ സംവിധായകൻ രാജീവ് അഞ്ചലാണ് ഇക്കാര്യങ്ങളുട പിന്നിൽ… എല്ലാം നന്നായി വരട്ടെ… ജടായുപ്പാറയിലേക്ക് കേറിത്തുടങ്ങിയപ്പോൾ മുകളിൽ ആ ശിൽപ്പത്തിന്റെ ചെറിയ ഭാഗം കാണാനായി…
രാവണൻ സീതയെ തട്ടിയെടുക്കുന്ന സമയം അതേ നേരത്ത് അവിടെ ഉണ്ടായിരുന്നത് ജടായു മാത്രമാണ്… പുഷ്പകവിമാനത്തിൽ വന്ന രാവണനെ കൊത്തി മുറിവേൽപ്പിച്ച പക്ഷിയാണ് പാവം ജടായു… രാവണൻ തന്റെ ചന്ദ്രഹാസത്താൽ ജടായുവിന്റെ ചിറകരിഞ്ഞു… ചിറകറ്റ് വീണ ജടായു വന്നു വീണ സ്ഥലമാണ് പിന്നെ ജടായുപ്പാറ എന്ന സ്ഥലനാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്…
ഇപ്പോൾ ഇവിടെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ജടായുവിന്റെ കൂറ്റൻ പ്രതിമയും ജടായു ചിറകറ്റ് വീണു കിടക്കുന്ന രൂപത്തിൽ ഉള്ളതാണ്… പാറയുടെ വശങ്ങളിൽ ചവിട്ടി മുകളിലെത്തിയപ്പോഴാണ് എന്ത് വലുതാണ് അതിന്റെ ആ പ്രതിമയുടെ വലിപ്പം എന്നവന് മനസ്സിലായത്… ആ പാറയിലേക്ക് രാഘവിന്റെ കാൽ പതിഞ്ഞ നിമിഷം ഇടതുഭാഗത്തെ കാട്ടിൽ നിന്നും കുറച്ച് കൊറ്റികൾ പറന്നകന്നു… വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത്… തന്റെ മൊബൈൽ എടുത്ത് അവൻ ഒരു ഫോട്ടോ എടുത്തു…
ഒഴിവു ദിവസം ആയതുകൊണ്ടാകാം ആരേയും ആ പ്രദേശത്ത് അവൻ കണ്ടില്ല… ആ പ്രതിമയെ ഒന്ന് വണങ്ങിയ ശേഷം അതിനു ചുറ്റും രാഘവ് വലംവച്ചു… കുറച്ച് ഫോട്ടോകൾ എടുത്തു… അപ്പോഴാണ് രണ്ട് കാൽപ്പാടുകൾ പാറയിൽ അമർന്നതു പോലെയുള്ള രണ്ട് കുഴികൾ കണ്ടത്… അപ്പോൾ ഇതാണ് രാമപാദം പതിഞ്ഞ ഇടം… രാഘവ് അതിന്റെ ഓരത്ത് ഇരുന്ന് ബാഗിൽ നിന്ന് ചില്ലുകുപ്പിയെടുത്തു… അതേസമയം ഒരു ശ്രീകൃഷ്ണ പരുന്ത് പറന്നു വന്ന് അവന്റെ മുന്നിലായി ഇരുന്നു… രാഘവിനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം ഉറക്കെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മുകളിലേക്ക് പൊങ്ങിപ്പറന്നു… ആ പക്ഷി പറന്നുയർന്ന മാത്രയിൽ രാഘവിന്റെ മനസ്സിൽ ഒരു മിന്നലുണ്ടായി… ജടായു എന്നത് ഏത് വർഗ്ഗത്തിൽപെട്ട പക്ഷി ആയിരുന്നു… പരുന്തോ അതോ കഴുകനോ?…
ഉത്തരം കിട്ടാനാവാതെ രാഘവ് അരികിലുള്ള ഒരു പാറക്കല്ല് എടുത്ത് ഉരച്ച് ആ കുഴികളിൽ നിന്നും കുറച്ച് പാറപ്പൊടി ശേഖരിച്ചു… അതിനു ശേഷം അവിടം ഒന്ന് വണങ്ങിയിട്ട് തന്റെ കാലുകൾ ആ കുഴികളിലേക്ക് ഇറക്കിവച്ചു… ഏഴടിയുള്ള തന്റെ കാൽപ്പാദത്തിനേക്കാൾ രണ്ടടി കൂടുതലുണ്ട് ആ പാദത്തിന്റെ നീളം…
” സംശയിക്കേണ്ട അത് നിങ്ങൾ തേടിവന്ന ആളുടേത് തന്നെയാണ്… ” ഗംഭീര്യമുള്ള ഒരു ശബ്ദം കേട്ട് രാഘവ് തിരിഞ്ഞു നോക്കിയപ്പോൾ നരച്ച താടിയും മുടിയും വളർത്തി കാഷായ വസ്ത്രധാരിയായ ഒരു സന്യാസി നിൽക്കുന്നതു കണ്ടു… മുത്തശ്ശി പറഞ്ഞു തന്ന സന്യാസിയുടെ കാര്യം രാഘവ് പെട്ടന്ന് ചികഞ്ഞെടുത്തു…
” ഇതാ ഞാൻ നിന്റെ മുത്തശ്ശിക്ക് കൈമാറിയ താളിയോലയുടെ ബാക്കി… ഇതെങ്ങിനെ എന്റെ കയ്യിൽ എത്തി എന്നതിനെപ്പറ്റി നീ അന്വോഷിക്കേണ്ട… നിന്റെ നിയോഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുക… ഇത് നിന്നെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കും… സ്വീകരിക്കൂ…” രാഘവിന് ഒന്നിനെക്കുറിച്ചും ചോദിക്കാൻ അവസരം നൽകാതെ സന്യാസി ആ ഓലക്കെട്ട് രാഘവിനെ ഏൽപ്പിച്ചു…
” വന്ദനം… ” രാഘവ് താളിയോല കൈപ്പറ്റിയപ്പോൾ സന്യാസി കണ്ണുകളടച്ച് വന്ദനം പറഞ്ഞു… രാഘവ് താളിയോല സ്വീകരിച്ച ശേഷം കണ്ണുകളടച്ച് പ്രതിവന്ദനം ചെയ്തു… ശേഷം കണ്ണുകൾ തുറന്ന രാഘവിന്റെ മുൻപിൽ സന്യാസി ഉണ്ടായിരുന്നില്ല… എല്ലാമൊരു മായക്കാഴ്ച പോലെ… സസ്യ മയങ്ങിത്തുടങ്ങി… താളിയോല ഭദ്രമായി ബാഗിൽ വച്ചിട്ട് രാഘവ് വേഗം മലയിറങ്ങാൻ തുടങ്ങി… തിരികെ ബസിൽ ഹോസ്റ്റലിലേക്ക് പോരുമ്പോൾ അവന്റെ ലിസ്റ്റിലെ മൂന്നാമത്തെ സ്ഥലവും വെട്ടിമാറ്റപ്പെട്ടിരുന്നു… അടുത്ത സ്ഥലത്തിന്റെ പേരിലേക്ക് അവനൊന്ന് നോക്കി… രാമേശ്വരം… രഹസ്യങ്ങളുടെ നാട്…
( തുടരും… )

Leave a Reply

Your email address will not be published. Required fields are marked *