വിനയപൂർവം – 1 Like

“അങ്ങനെ പറയല്ലേ സർ ഞാൻ കാലു പിടിക്കാം .. നാലഞ്ചു ഏജൻസികൾ സപ്ലൈ എടുക്കാൻ റെഡിയായി നിൽക്കുകയാണ് ഇനി താമസിച്ചാൽ അവർ വേറെ വഴിക്ക് പോകും , മാത്രവുമല്ല ഇപ്പോൾ തന്നെ മൂന്നാല് ബാങ്ക് ഇഎംഐ അടച്ചിട്ടില്ല… നിങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ഈ നാട്ടിൽ എങ്ങനെയാണ് സാർ വ്യവസായങ്ങൾ വളരുന്നത് ? ”

അയാൾ കൂടുതൽ വികാരാധീനനായി മാറുന്നത് ഞാൻ കണ്ടു. അയാളുടെ താണു കേണുള്ള അപേക്ഷയിൽ എൻ്റെ മനസ്സ് അലിഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ ജോസഫ് സാറിനെ ഫോൺ വിളിച്ച് സൈറ്റ് ഇൻസ്പെക്ഷനുള്ള പെർമിഷൻ മേടിച്ചു .. കൊറോണ കാരണം ബെഡ് റെസ്റ്റ് ആയതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും സാറിന് മനസ്സിലായിരുന്നില്ല.
വൈകിട്ട് ഒരു മൂന്നു മണിയോടെ സൈറ്റ് ഇൻസ്പെക്ഷന് വേണ്ടി എത്തുമെന്ന്
അയാളെ അറിയിച്ചു. അങ്ങനെയാണെങ്കിൽ ഒരു പതിനഞ്ച് മിനിറ്റ് കൊണ്ട് ഇൻസ്പെക്ഷൻ തീർത്തിട്ട് അതു വഴി വീട്ടിലേക്ക് പോവുകയും ചെയ്യാം, വെറുതെ ലീവും പാഴാവുകയില്ല. ലൈൻമാൻ ചന്ദ്രനെ വിളിച്ച് ഇൻസ്പെക്ഷനു പോകാൻ കൂടെ വരണം എന്ന് പറഞ്ഞു. ബോർഡിൻ്റെ ജീപ്പ് കട്ടപ്പുറത്ത് ആയതിനാൽ എൻ്റെ സ്വന്തം കാറിൽ ഞാനും ചന്ദ്രനും കൂടി ഇൻസ്പേക്ഷന് വേണ്ടി ഓഫീസിൽ നിന്നും ഇറങ്ങി.

“ആ … അത്യാവശ്യമായി ഒരു സൈറ്റിൽ ഇൻസ്‌പേക്ഷന് പോകുന്നു , ഞാൻ അതു വഴി നേരുത്തെ അങ്ങ് വരാം .. രാവിലെ പാതിയിൽ വച്ച് നിർത്തിയ ജോലി എന്തായാലും ഇന്ന് തീർക്കണം ”

ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ
ആര്യയെ വിളിച്ച് തയ്യാറായി ഇരുന്നോളാൻ അറിയിച്ചു. കാറിൽ കൂടെ ഇരിക്കുന്ന ലൈൻമാൻ ചന്ദ്രന് ഒന്നും മനസ്സിലാകാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചല്ലോ എന്ന് ഞാൻ മനസ്സിൽ കരുതി.

“ഏട്ടാ.. സൂപ്പർ മാർക്കറ്റിൽ നിന്ന് കുറച്ച് സാധനങ്ങൾ മേടിക്കാൻ ഉണ്ട് ലിസ്റ്റ് ഞാൻ വാട്സ്ആപ്പ് ചെയ്യാം”
ആര്യ പറഞ്ഞു.

“നീ ലിസ്റ്റ് വാട്സ്ആപ്പ് ചെയ്യ് ..”
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

“ആരാ സാറേ വീട്ടിൽ നിന്നും ടീച്ചർ ആണോ ?”
എൻ്റെ ഫോൺ സംസാരം ശ്രദ്ധിച്ചിരുന്ന ചന്ദ്രൻ ചോദിച്ചു.

മറുപടിയായി ഒരു മൂളൽ മാത്രം ചന്ദ്രന് നൽകിയിട്ട് ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അല്ലേലും എൻ്റെ താഴെയുള്ള ജീവനക്കാരോട് അധികം സംസാരത്തിനോ സൗഹൃദത്തിനോ ഞാൻ പോകാറില്ല.

“സാറിൻ്റെ ഭാര്യയുടെ സ്കൂളിൽ ആണ് എൻ്റെ വകയിൽ ഒരു അളിയൻ ജോലി ചെയ്യുന്നത് .. പ്യൂൺ ആയിട്ട് .. രവി എന്നാ പേര് …”
അതും പറഞ്ഞ് ചന്ദ്രൻ ദയനീയമായി എന്നെ ഒന്നു നോക്കി.

“ഏത് .. അരി മറിച്ചുവിറ്റ കേസിലെ …”

എൻ്റെ ചോദ്യം മുഴുവനാകും മുൻപേ ചന്ദ്രൻ ഇടയ്ക്കു കയറി പറഞ്ഞു ,

“അവൻ തന്നെ സാറേ .. ഒരു കുഞ്ഞു കുട്ടി പരാധീനക്കാരനാണ് രവി, എന്നും പ്രാരാബ്ദവും നിലവിളിയും ഒക്കെയാണ്. ഗതികേടു കൊണ്ട് ചെയ്തു പോയതാണ് സാറു ഭാര്യയോട് പറയണം അവൻ്റെ ജോലി കളയരുതെന്ന് .. ടീച്ചർ പിൻ മാറിയാൽ സുധാകരൻ സാറും പിൻ മാറിക്കോളും ”

“വെരി സോറി ചന്ദ്രൻ .. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം.. മാത്രവുമല്ല ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല”

മുഖത്തടിച്ചതു പോലെയുള്ള എൻ്റെ സംസാരം ചന്ദ്രന് തീരെ രസിച്ചില്ല .. ആ ഇരുണ്ട മുഖം ഒന്ന് കൂടി കറുത്തു.

അല്പ നേരത്തെ യാത്രയ്ക്ക് ഒടുവിൽ,

മഹേഷ് പറഞ്ഞ ലൊക്കേഷന് ഏകദേശം അടുത്ത് എത്താറായപ്പോൾ ഞാൻ ചന്ദ്രനോട് പറഞ്ഞു ,
“ചന്ദ്രൻ ഏതേലും കടയിൽ കയറി ആ മഹേഷിൻ്റെ ഫാക്ടറി എവിടെയാണെന്ന്”

“ഹ .. അത് അന്വേഷിക്കേണ്ട കാര്യമില്ല സാറേ .. കാഞ്ഞിരപ്പുഴ ജംഗ്ഷനിൽ നിന്നും നേരെ വലത്തോട്ട് പോയാൽ ഇടതു ഭാഗത്ത് ആദ്യം കാണുന്ന ബിൽഡിംഗ് ആണ് ”

“അപ്പോൾ താൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ ?”

“ടെമ്പററി കണക്ഷൻ കൊടുക്കുവാൻ ഞാനാണ് വന്നത് ”
ചന്ദ്രൻ മറുപടി പറഞ്ഞു.

ഫാക്ടറിക്ക് അടുത്ത് എത്താറായപ്പോഴേക്കും വെളുത്ത അംബാസഡർ കാറിൽ ചാരി നിന്ന് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മഹേഷിനെ ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടതും ഭയഭക്തി ബഹുമാനത്തോടെ അയാൾ ഓടി വന്നിട്ട് ഫാക്ടറിയിലേക്ക് സ്വീകരിച്ചു കൊണ്ടു പോയി.

പക്ഷേ ഇൻസ്പെക്ഷന് ചെന്ന എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു അവിടെ കണ്ട കാഴ്ചകൾ. യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയുള്ള വയറിംഗും ഗുണ നിലവാരമില്ലാത്ത സ്വിച്ചുകളും കണ്ടിട്ട് സാങ്ക്ഷൻ നൽകുവാൻ എനിക്ക് സാധിക്കില്ല എന്ന കാര്യം മഹേഷിനോട് പറഞ്ഞു. മാത്രവുമല്ല അധികം ദൂരത്തിൽ അല്ലാതെ മറ്റു രണ്ടു ഫാക്ടറികൾ കൂടി പ്രവർത്തിക്കുന്നതുകൊണ്ട് ഉപഭോക്താവിൻ്റെ ചെലവിൽ ഒരു ട്രാൻസ്ഫോർമർ പുതുതായി വെക്കേണ്ടി വരും എന്ന കാര്യവും അറിയിച്ചു.

താണ് കേണപേക്ഷിച്ചു കാര്യം നേടിയെടുക്കുക എന്ന പഴയ അടവ് തന്നെ മഹേഷ് വീണ്ടും പുറത്തെടുത്തു ,

“മഹേഷ് .. നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഞാൻ നിസ്സഹായനാണ്. നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ എൻ്റെ പണി ആയിരിക്കും ആദ്യം തെറിക്കുന്നത് .. ഫയർ അലാറം പോലും നിങ്ങൾ നേരെ ചൊവ്വെ സെറ്റ് ചെയ്തിട്ടില്ല ”

അത്രയും പറഞ്ഞിട്ട് തിരികെ കാറിൻ്റെ അടുത്തേക്ക് നടന്ന എൻ്റെ പിറകെ ഓടിയെത്തി ലൈൻമാൻ ചന്ദ്രൻ പറഞ്ഞു,

“സാറേ .. പുള്ളി പറയുന്നത് നിങ്ങള് പറയുന്ന എന്ത് മോഡിഫിക്കേഷൻസും നടത്താൻ അയാൾ തയ്യാറാണെന്നാണ് .. ഇവിടെ തൊട്ട് അടുത്ത് തന്നെയാണ് പുള്ളിയുടെ വീട് , നമുക്ക് അവിടെ പോയി ഇരുന്നു സംസാരിക്കാം. എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ നടത്തേണ്ടത് എന്ന് സാറ് ഒന്ന് പറഞ്ഞു കൊടുത്താൽ മാത്രം മതി ”

ചന്ദ്രൻ്റെ റെക്കമെൻ്റേഷനും മഹേഷിൻ്റെ അപേക്ഷാ ഭാവവും കൂടെ ആയപ്പോൾ അയാളുടെ വീട്ടിലേക്ക് ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു. റോഡിൽ നിന്നും ഏകദേശം അര കിലോമീറ്ററോളം ഉള്ളിലേക്ക് പോയിട്ട് വിശാലമായ പാടത്തിൻ്റെ ഏറ്റവും പിന്നിലായി അധികം വലുപ്പമില്ലാത്ത ഒരു ഇരുനില വീട് ആയിരുന്നു മഹേഷിൻ്റേത്.

കാര്യങ്ങൾ എല്ലാം വിശദമായി അയാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി , ഈ കാണുന്ന വെള്ളയും വെള്ളയും ധരിച്ചുള്ള നടപ്പ് മാത്രമേയുള്ളൂ .. അയാളുടെ കയ്യിൽ അധികം കാശ് ഒന്നും ഇല്ല. അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പിന്നിട്ട വഴികളും കഷ്ടപ്പാടുകളും എല്ലാം എന്നോട് പറഞ്ഞു. സത്യത്തിൽ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം ഉടൻ തുടങ്ങിയില്ല എങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും എന്ന
അവസ്ഥയിൽ ആയിരുന്നു അയാൾ.

“സാറ് പറഞ്ഞ രീതിയിലുള്ള മോഡിഫിക്കേഷൻസ് കമ്പനിയിൽ നടത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു മുപ്പത് ലക്ഷം രൂപയെങ്കിലും വേണ്ടി വരും.. ദയവു ചെയ്ത് സാറ് സാങ്ഷൻ തരണം, കമ്പനി പ്രവർത്തനം തുടങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ സാർ പറയുന്ന രീതിയിൽ എല്ലാ മാറ്റങ്ങളും ഞാനവിടെ വരുത്താം ”

Leave a Reply

Your email address will not be published. Required fields are marked *