വിനയപൂർവം – 1 1

“ഇരിക്കൂ .. എന്താണ് താങ്കളുടെ ആവശ്യം ?”
ചെയ്തിരുന്ന ജോലി മാറ്റി വെച്ച് അയാളോട് ഞാൻ വിനയത്തോടെ ചോദിച്ചു.

“എൻ്റെ ആവശ്യം പറയാൻ ഇനി ഈ ഓഫീസിൽ താങ്കൾ മാത്രമേ ബാക്കിയുള്ളൂ ”
വളരെ അക്ഷമനായി അയാൾ പറഞ്ഞു.

“സുഹൃത്തേ സമയം വളരെ വിലപ്പെട്ടതാണ് എനിക്കും താങ്കൾക്കും അതുകൊണ്ട് വേഗം കാര്യത്തിലേക്ക് കടക്കാം ”
അല്പം ഗൗരവത്തോടെ തന്നെ ഞാൻ അയാളോട് പറഞ്ഞു.

“സാർ….ഞാൻ ഒരു ഇൻഡസ്ട്രിയലിസ്റ്റാണ്.. ഒരു സ്റ്റീൽ മാനുഫാക്ചറിങ് കമ്പനി തുടങ്ങുന്നതിന് ഇവിടെ നിന്നും പെർമിഷൻ മേടിച്ചിരുന്നു , ഒന്ന് വന്ന് സൈറ്റ് ഇൻസ്പേക്ഷൻ നടത്തി സാങ്ഷൻ തന്നിരുന്നു എങ്കിൽ എനിക്ക് ബാക്കി കാര്യങ്ങള് നടത്താമായിരുന്നു ”

“നിങ്ങളുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു .. പക്ഷേ ഈ കൊറോണ സമയത്ത് ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യുന്നതിന് കുറച്ച് ലിമിറ്റേഷൻസ് ഉണ്ട്. മാത്രവുമല്ല ഇൻസ്പെക്ഷൻ നടത്തേണ്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസഫ് സാർ കൊറോണ പോസിറ്റിവ് ആയത് കൊണ്ട് അവധിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു ”
ഞാൻ നിസ്സഹായതയോടെ അയാൾക്ക് മുൻപിൽ കൈ മലർത്തി.

“അങ്ങനെ പറയല്ലേ സർ ഞാൻ കാലു പിടിക്കാം .. നാലഞ്ചു ഏജൻസികൾ സപ്ലൈ എടുക്കാൻ റെഡിയായി നിൽക്കുകയാണ് ഇനി താമസിച്ചാൽ അവർ വേറെ വഴിക്ക് പോകും , മാത്രവുമല്ല ഇപ്പോൾ തന്നെ മൂന്നാല് ബാങ്ക് ഇഎംഐ അടച്ചിട്ടില്ല… നിങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ഈ നാട്ടിൽ എങ്ങനെയാണ് സാർ വ്യവസായങ്ങൾ വളരുന്നത് ? ”

അയാൾ കൂടുതൽ വികാരാധീനനായി മാറുന്നത് ഞാൻ കണ്ടു. അയാളുടെ താണു കേണുള്ള അപേക്ഷയിൽ എൻ്റെ മനസ്സ് അലിഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ ജോസഫ് സാറിനെ ഫോൺ വിളിച്ച് സൈറ്റ് ഇൻസ്പെക്ഷനുള്ള പെർമിഷൻ മേടിച്ചു .. കൊറോണ കാരണം ബെഡ് റെസ്റ്റ് ആയതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും സാറിന് മനസ്സിലായിരുന്നില്ല.
വൈകിട്ട് ഒരു മൂന്നു മണിയോടെ സൈറ്റ് ഇൻസ്പെക്ഷന് വേണ്ടി എത്തുമെന്ന്
അയാളെ അറിയിച്ചു. അങ്ങനെയാണെങ്കിൽ ഒരു പതിനഞ്ച് മിനിറ്റ് കൊണ്ട് ഇൻസ്പെക്ഷൻ തീർത്തിട്ട് അതു വഴി വീട്ടിലേക്ക് പോവുകയും ചെയ്യാം, വെറുതെ ലീവും പാഴാവുകയില്ല. ലൈൻമാൻ ചന്ദ്രനെ വിളിച്ച് ഇൻസ്പെക്ഷനു പോകാൻ കൂടെ വരണം എന്ന് പറഞ്ഞു. ബോർഡിൻ്റെ ജീപ്പ് കട്ടപ്പുറത്ത് ആയതിനാൽ എൻ്റെ സ്വന്തം കാറിൽ ഞാനും ചന്ദ്രനും കൂടി ഇൻസ്പേക്ഷന് വേണ്ടി ഓഫീസിൽ നിന്നും ഇറങ്ങി.

“ആ … അത്യാവശ്യമായി ഒരു സൈറ്റിൽ ഇൻസ്‌പേക്ഷന് പോകുന്നു , ഞാൻ അതു വഴി നേരുത്തെ അങ്ങ് വരാം .. രാവിലെ പാതിയിൽ വച്ച് നിർത്തിയ ജോലി എന്തായാലും ഇന്ന് തീർക്കണം ”

ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ
ആര്യയെ വിളിച്ച് തയ്യാറായി ഇരുന്നോളാൻ അറിയിച്ചു. കാറിൽ കൂടെ ഇരിക്കുന്ന ലൈൻമാൻ ചന്ദ്രന് ഒന്നും മനസ്സിലാകാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചല്ലോ എന്ന് ഞാൻ മനസ്സിൽ കരുതി.

“ഏട്ടാ.. സൂപ്പർ മാർക്കറ്റിൽ നിന്ന് കുറച്ച് സാധനങ്ങൾ മേടിക്കാൻ ഉണ്ട് ലിസ്റ്റ് ഞാൻ വാട്സ്ആപ്പ് ചെയ്യാം”
ആര്യ പറഞ്ഞു.

“നീ ലിസ്റ്റ് വാട്സ്ആപ്പ് ചെയ്യ് ..”
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

“ആരാ സാറേ വീട്ടിൽ നിന്നും ടീച്ചർ ആണോ ?”
എൻ്റെ ഫോൺ സംസാരം ശ്രദ്ധിച്ചിരുന്ന ചന്ദ്രൻ ചോദിച്ചു.

മറുപടിയായി ഒരു മൂളൽ മാത്രം ചന്ദ്രന് നൽകിയിട്ട് ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അല്ലേലും എൻ്റെ താഴെയുള്ള ജീവനക്കാരോട് അധികം സംസാരത്തിനോ സൗഹൃദത്തിനോ ഞാൻ പോകാറില്ല.

“സാറിൻ്റെ ഭാര്യയുടെ സ്കൂളിൽ ആണ് എൻ്റെ വകയിൽ ഒരു അളിയൻ ജോലി ചെയ്യുന്നത് .. പ്യൂൺ ആയിട്ട് .. രവി എന്നാ പേര് …”
അതും പറഞ്ഞ് ചന്ദ്രൻ ദയനീയമായി എന്നെ ഒന്നു നോക്കി.

“ഏത് .. അരി മറിച്ചുവിറ്റ കേസിലെ …”

എൻ്റെ ചോദ്യം മുഴുവനാകും മുൻപേ ചന്ദ്രൻ ഇടയ്ക്കു കയറി പറഞ്ഞു ,

“അവൻ തന്നെ സാറേ .. ഒരു കുഞ്ഞു കുട്ടി പരാധീനക്കാരനാണ് രവി, എന്നും പ്രാരാബ്ദവും നിലവിളിയും ഒക്കെയാണ്. ഗതികേടു കൊണ്ട് ചെയ്തു പോയതാണ് സാറു ഭാര്യയോട് പറയണം അവൻ്റെ ജോലി കളയരുതെന്ന് .. ടീച്ചർ പിൻ മാറിയാൽ സുധാകരൻ സാറും പിൻ മാറിക്കോളും ”

Leave a Reply

Your email address will not be published. Required fields are marked *