സൂര്യനെ പ്രണയിച്ചവൾ- 11

Related Posts


മണാലി.
സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി.
ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും.

അനന്തതയുടെ രാജഗോപുരങ്ങള്‍ പോലെ മഞ്ഞുമൂടിയ മലാന പര്‍വ്വതങ്ങള്‍ക്ക് കീഴെ കുട്ടികളുടെ സംഘം മഞ്ഞുവാരി എറിഞ്ഞും സല്ലപിച്ചും തിമര്‍ക്കുമ്പോള്‍ ദീര്‍ഘൂപിയായ ഒരു സാല്‍മരത്തിന്റെ ചുവട്ടില്‍ മുഖാമുഖം നോക്കിയിരിക്കുകയായിരുന്നു ജോയലും ഗായത്രിയും.

മാര്‍ഹി തടാകത്തിലേക്ക് മഞ്ഞിന്‍പാളികളെ തുളച്ച് കടന്നുവരുന്ന ഇളം വെയില്‍ ചെറു തിരകളെ ഇളക്കുന്നത് കണ്ട് അവള്‍ അവനോട് പറഞ്ഞു.

“ഇവിടെ നിന്നു പോകണോ ജോയല്‍?”

“പിന്നെ പോകാതെ? ഇവിടെ സ്ഥിരം താമസിക്കാനാ മാഡത്തിന്‍റെ പ്ലാന്‍?”

“എന്തിന്? എന്തിനാ ഇവിടുന്ന് പോകുന്നെ?”

“അത് ശരി!”

അവന്‍ അവളുടെ തലയില്‍ പതിയെ ഒരടി കൊടുത്തു.

“ക്ലാസ് അറ്റണ്ട് ചെയ്യേണ്ടേ? പഠിക്കണ്ടേ? എക്സാം എഴുതേണ്ടേ? നല്ല ടോപ്പ് ഉദ്യോഗം കിട്ടേണ്ടെ? എന്നാലല്ലേ എനിക്ക് നിന്നെ ധൈര്യത്തോടെ കെട്ടാന്‍ പറ്റൂ!”

“ഛീ!”

അവള്‍ അവന്‍റെ തോളില്‍ അടിച്ചു.

“മണാലിയാ ഇത്! ഇത്രേം റൊമാന്റിക് ആയ ഒരു സെറ്റിങ്ങില്‍ ഇരുന്നോണ്ട് ഇതുപോലെ അണ്‍റൊമാന്‍റ്റിക് ആയ കാര്യങ്ങള്‍ ആണോ പറയുന്നേ?”

“അണ്‍റൊമാന്‍റ്റിക്? എന്ത് അണ്‍റൊമാന്‍റ്റിക്?”

“പഠനം, ക്ലാസ്, എക്സാം …”

അവള്‍ പറഞ്ഞു.

ജോയല്‍ അവളെ കണ്ണുരുട്ടി കാണിച്ചു.

“റൊമാന്റിക് എന്നുവെച്ചാല്‍ ..മണാലി …ഞാന്‍ ..എന്‍റെ ജോ ..നമ്മുടെ ലവ്…ജോ എന്നെ പിടിക്കുന്നത് ..എനിക്ക് ഉമ്മ തരുന്നത് …”

അവള്‍ അവന്‍റെ തോളിലേക്ക് മുഖം ചായിച്ചു.

“ഞാനങ്ങും തിരിച്ച് പോകുന്നില്ല!”

അവന്‍റെ കൈ പിടിച്ച് അവന്‍റെ തോളില്‍ മുഖം ചേര്‍ത്ത് അവള്‍ പറഞ്ഞു.

“തിരിച്ചു പോകുന്നില്ലന്നോ? പോകണ്ട് പിന്നെ? എന്താ അങ്ങനെ പറയാന്‍?”

“അവിടെ മൊത്തം മതിലുകള്‍ അല്ലെ ജോയല്‍?”

അവള്‍ ചോദിച്ചു.

“മതിലുകളോ?”
ജോയലിന് മനസ്സിലായില്ല.

“കോളേജ് ഒക്കെ ആകുമ്പോള്‍ മതില്‍ ഒക്കെ വേണ്ടേ? അതിനിപ്പം എന്നാ കുഴപ്പം?”

“ഒഹ്! ഇങ്ങനെ ഒരു മണ്ടൂസ്!”

അവന്‍ വീണ്ടും അവളുടെ തോളില്‍ അടിച്ചു.

“ആ മതില്‍ അല്ല ജോ! ശരിക്കുള്ള മതില്‍. മതത്തിന്റെ, പണത്തിന്റെ, പദവിയുടെ, വലിപ്പ ചെറുപ്പത്തിന്‍റെ …..ഇവിടെ അതൊന്നും ഇല്ല …. നീലാകാശം…മഞ്ഞുമൂടിയ മലകള്‍ …. തടാകത്തിന്റെ ഗ്ലാസ് സര്‍ഫെസ് ഞാന്‍ ..എന്‍റെ അടുത്ത് ജോ …. സൊ ഐ വാണാ ബി ഹിയര്‍…”

“വൌ!!”

ജോയല്‍ അവളുടെ തലമുടിയില്‍ തഴുകി.

“സൂപ്പര്‍ കവിതയാണല്ലോ!”

“ജോ അടുത്തുള്ളപ്പോള്‍ കവിത ഒരു ശീലമാണ് എന്‍റെ ഭാഷയ്ക്ക്…”

അവളുടെ തരള മിഴികള്‍ അവന്‍റെ കണ്ണുകളില്‍ തഴുകി നോക്കി.

“…..ഞാന്‍ പുഞ്ചിരിക്കുന്നത് ഈ ചുണ്ടുകള്‍ കൊണ്ട്….”

അവള്‍ അവന്‍റെ അധരത്തില്‍ തൊട്ടു.

“….ഒഴുകുന്നത് ഈ ഹൃദയത്തിരകള്‍ക്ക് മേലെ….”

അവള്‍ അവന്‍റെ നെഞ്ചില്‍ സ്പര്‍ശിച്ചു.

“…പറക്കാന്‍ ഞാന്‍ ചിറകുകള്‍ വിരിയ്ക്കുന്നത് ഈ ശ്വാസത്തിന്റെ കാറ്റില്‍….”

അവള്‍ അവന്‍റെ മൂക്കില്‍ തൊട്ടു.

“..മരിക്കുന്നത് ഇങ്ങനെ എന്‍റെ അടുത്ത് ഇല്ലാതെ വരുമ്പോള്‍….”

അവന്‍റെ ഹൃദയം ഒന്ന് പിടഞ്ഞു.
അവന്‍ അവളുടെ ചുണ്ടത്ത് വിരല്‍ തൊട്ട് അവളുടെ സംസാരം തടഞ്ഞു.

“ഗായത്രി…”

“പേടിച്ചോ?”

“ഇല്ല, പക്ഷെ…”

“എപ്പഴും എന്‍റെ കൂടെ ഉണ്ടായാല്‍ മതി, ജോ…”

“അത് ഉണ്ട്..പക്ഷെ നീ ഇങ്ങനെയൊന്നും..”

ആകാശത്ത് നീല നിറമുള്ള സൈബീരിയന്‍ ഫ്ലെമിങ്ഗോപ്പക്ഷികള്‍ ഒഴുകിപ്പറക്കാന്‍ തുടങ്ങി.
വിടര്‍ന്നു പന്തലിച്ച സാല്‍മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കപ്പുറത്ത് നിന്ന് അവ കൂട്ടമായി മലാന പര്‍വ്വത നിരകള്‍ക്കപ്പുറത്തേക്ക് പറന്നുയരുകയാണ്…

“ഓര്‍ണിത്തോളജി അറിയാമോ?”
ജോ പക്ഷികളെ താല്‍പ്പര്യത്തോടെ നോക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.

“അങ്ങനെയൊന്നുമില്ല, അല്‍പ്പം,”

“ജോയുടെ നോട്ടത്തില്‍ അല്‍പ്പം …എന്തോ പന്തികേട് പോലെ തോന്നുന്നു..”

“മമ്മാടെ മമ്മി ഒരു ക്ലയര്‍വോയന്റ്റ് ആണ് … ഞങ്ങള് അമ്മാമ്മ എന്നാ വിളിക്കാറ് …. ടാരോ കാര്‍ഡ്സ് ഒക്കെ നോക്കി ഭാവിയൊക്കെ പറയുന്ന ആള്‍ … എന്നുവെച്ചാല്‍ പ്രോഫഷണല്‍ ആയിട്ടൊന്നുമല്ല .. ഒരു ഹോബി പോലെ …. ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് … പ്രേമിക്കുന്ന പെണ്ണും ചെറുക്കനും ആദ്യമായി ഒരുമിച്ച് ഒരിടത്ത് ഇരിക്കുമ്പം ഫ്ലെമിങ്ഗോ പക്ഷികള്‍ വന്നാല്‍ അത് അത്ര നല്ലതല്ല എന്ന്..”

“ആ പക്ഷീടെ പേര് ഫ്ലെമിങ്ഗോന്നാ?”

അവള്‍ ചോദിച്ചു.

“അതെ…”

“പേടിപ്പിക്കല്ലേ ജോ!”

“ശ്യെ! നീയിത്ര സില്ലിയാകല്ലേ!”

ഗായത്രി എഴുന്നേറ്റു.

“വാ…”

അവള്‍ അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“തണുത്ത കാറ്റ്…ഹാവൂ..ജോ കമോണ്‍ ..നമുക്ക് ഈ മഞ്ഞിലൂടെ നടക്കാം!”

അപ്പോള്‍ മലാന പാര്‍വ്വതങ്ങള്‍ക്കപ്പുറത്ത് നിന്നും വെള്ളിനിറമുള്ള വലിയ ചിറകുകള്‍ വീശി മറ്റൊരു കൂട്ടം പക്ഷികളെ കാണായി.

“വൌ!!”

ജോയുടെ മുഖം ആഹ്ലാദത്താല്‍ വീര്‍പ്പ് മുട്ടി.

“എന്താ?”

അവന്‍റെ മുഖത്ത് നിറഞ്ഞു തുളുമ്പുന്ന സന്തോഷം കണ്ട് അവള്‍ തിരക്കി.

“വാര്‍ബിള്‍!”

അവന്‍ ഒച്ചയിട്ടു.

“അ പക്ഷീടെ പേരാ?”

“ആ ഗായത്രി…അത് ..അതിനെ കാണുന്നത് ഓസ്‌പീഷ്യസാണ്…”

“എന്നുവെച്ചാല്‍?”

“അമ്മാമ പറഞ്ഞത് വാര്‍ബിള്‍ പക്ഷികളെ കണ്ടാല്‍ കാണുന്നവര്‍ കല്യാണം കഴിക്കാത്ത ആണ് പെണ്ണും ആണേല്‍ അവരെത്ര അകന്നാലും പിന്നേം ഒരുമിക്കൂന്നാ!”

ഗായത്രി അവനെ രൂക്ഷമായി നോക്കി.

“അത് ശരി!”

അവള്‍ ഒച്ചയിട്ടു.

“ആ ഫ്ലെമിങ്ഗോ പക്ഷീടെ കാര്യത്തില്‍ ഞാന്‍ പേടിച്ചപ്പോള്‍ എന്നെ സില്ലി എന്ന് വിളിച്ച ആളാ! എന്നിട്ടാണ്!”

അവന്‍ ഉറക്കെ ചിരിച്ചു.
“അത് സാഡായ കാര്യത്തിന്…ഇത് ഹാപ്പിയായ കാര്യത്തിന്…!”

മഞ്ഞിന്‍റെ തൂവലുകള്‍ ഇടയ്ക്കിടെ അടര്‍ന്ന് വീണുകൊണ്ടിരിക്കുമ്പോള്‍ അവര്‍ മലഞ്ചെരിവിലൂടെ, സാല്‍മരങ്ങള്‍ക്കിടയിലൂടെ നടന്നു.
പെട്ടെന്നവള്‍ തിരിഞ്ഞു നിന്നു.
അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“എന്താ?”

അവന്‍റെ തോളുകളില്‍ ഇരുകൈകളും ചേര്‍ത്ത് അവള്‍ ചേര്‍ന്നു നിന്നപ്പോള്‍ ജോയല്‍ ചോദിച്ചു.

“എനിക്ക് ജോയുടെ കണ്ണുകള്‍ ഇങ്ങനെ അടുത്ത് ചേര്‍ന്ന് നിന്ന് കാണണം എന്ന് തോന്നി…”

അവന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ ഇളംചൂടുള ലാവ പടര്‍ന്നു നിറഞ്ഞു.

“എന്‍റെ ആകാശത്തെ വര്‍ണ്ണക്കടലാക്കുന്ന മഴവില്ലാണ് ഈ കണ്ണുകള്‍…”

അവളുടെ ശ്വാസം അവന്‍റെ മുഖത്ത് തൊട്ടു.

“ചൂടില്‍ പൊള്ളുന്ന എന്‍റെ ചുണ്ടത്ത് മഞ്ഞുകൊണ്ടുള്ള മുത്തം തരാനാണ് ഈ കണ്ണുകള്‍…”

Leave a Reply

Your email address will not be published. Required fields are marked *