സൂര്യനെ പ്രണയിച്ചവൾ- 11

“പക്ഷെ അത് പബ്ലിഷ്ഡ് ആയാല്‍ പദ്മനാഭന്‍ തമ്പി സര്‍ പിന്നെ ഉണ്ടാവില്ല. ജയിലില്‍ പോകേണ്ടി വരും!”

“അയാള്‍ ഡീലില്‍ നിന്നു പിന്മാറിയാല്‍ മതി. അയാള്‍ക്കെതിരെ കേസുണ്ടാവില്ല…”

“സാര്‍…”

വീണ്ടും ചുറ്റും നോക്കി പാര്‍ലമെന്‍റ്റ് അംഗം അനുനയ സ്വരത്തില്‍ പറഞ്ഞു.

“ഒരു ഓഫര്‍ ഉണ്ട്,”

“എത്രയാ?”

അദ്ദേഹം പുഞ്ചിരിയോടെ ചോദിച്ചു.

അദ്ധേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോള്‍ തോമസ്‌ പാലക്കാടന് ആത്മവിശ്വാസം വര്‍ധിച്ചു.

“ഹണ്‍ഡ്രഡ് സി,”

തോമസ്‌ പാലക്കാടന്‍ ആവേശത്തോടെ പറഞ്ഞു.
“നൂറു കോടി!”

അദ്ദേഹം ചിരിച്ചു.

പിന്നെ ഒന്ന് നിവര്‍ന്നിരുന്നു.

“അതിനര്‍ത്ഥം തെറ്റ് ചെയ്യുന്നു എന്ന് മന്ത്രിക്ക് ബോധ്യമുണ്ട് എന്നല്ലേ?”

“അതിപ്പം സാര്‍!”

അയാള്‍ തല ചൊറിഞ്ഞു.

“അതിപ്പം ഇതിപ്പം എന്നല്ല പറയേണ്ടത്. ഞാന്‍ ക്ലിയര്‍ ആയി ഒന്നുകൂടി ചോദിക്കാം. നിയമവിരുദ്ധമായി ചൈനീസ് ടെലക്കോം കമ്പനി ടയാങ്ങുമായി പന്ത്രണ്ട് ലക്ഷം കോടിയുടെ ഇടപാട് ഉണ്ടാകാന്‍ പോകുന്നു എന്നത് നേരുതന്നെയല്ലേ?”

“അതെ!”

“അതില്‍ കമ്മീഷന്‍ മാത്രം അന്‍പതിനായിരം കൊടിയല്ലേ പദ്മനാഭന്‍ തമ്പിയ്ക്ക് കിട്ടാന്‍ പോകുന്നത്?”

“അതെ!”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചു.

“എനിക്കിപ്പോള്‍ നാലപ്പത്തി ഏഴ് വയസ്സുണ്ട്!”

അദ്ദേഹം തുടര്‍ന്നു.

“അത്യാഗ്രഹം മൂത്ത് ഇനി ഒരു നാല്‍പ്പത് വര്‍ഷം കൂടി ജീവിച്ചേക്കാം. മദ്യപാനം , പുകവലി, ഒന്നും ശീലമില്ലാത്തത് കൊണ്ട് ശരീരം അധികം ഡാമേജ് ആയിട്ടില്ല എന്ന അഹങ്കാരത്തില്‍ ആണിത് പറയുന്നത്…”

ഒന്ന് നിര്‍ത്തി അദ്ദേഹം അയാളെ നോക്കി.
ബെന്നറ്റ്‌ ഫ്രാങ്ക് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായില്ല.

“ഇപ്പോള്‍ എത്രയൊക്കെ ആര്‍ഭാടം കാണിച്ച് ജീവിച്ചിട്ടും എനിക്ക് അന്‍പതിനായിരം രൂപയേക്കാള്‍ കൂടുതല്‍ ചിലവാകുന്നില്ല ഒരുമാസം”

അദ്ദേഹം തുടര്‍ന്നു.

“എന്നുവെച്ചാല്‍ ഒരു എന്‍റെ ചിലവ് എന്ന് പറയുന്നത് ഏകദേശം ആറുലക്ഷം രൂപ ആ കാല്‍ക്കുലേഷനില്‍ മുമ്പോട്ട്‌ പോയാല്‍ ഇനി എനിക്ക് ഏകദേശം രണ്ടരക്കോടി അല്ലെങ്കില്‍ കൂടിപ്പോയാല്‍ മൂന്ന്‍ കോടി രൂപ മതി അടുത്ത നാല്‍പ്പത് വര്‍ഷക്കാലം ജീവിക്കാന്‍….അപ്പോള്‍ എന്ത് ചെയ്യും ഞാന്‍ ഈ നൂറു കോടി കൊണ്ട്…?”

പരിഹസിക്കുകയാണ് അദ്ദേഹം തന്നെ എന്ന് അപ്പോഴാണ് തോമസ്‌ പാലക്കാടന് മനസ്സിലായത്.

“എനിക്ക് കിട്ടുന്ന ശമ്പളം ഏകദേശം രണ്ടു ലക്ഷമാണ് ഇപ്പോള്‍…”

അദ്ദേഹം തുടര്‍ന്നു.

“ഏകദേശം അത്രതന്നെയുണ്ട് എന്‍റെ ഭാര്യയ്ക്കും. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തിന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”

തോമസ്‌ പാലക്കാടന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

“ഇപ്പോള്‍ തന്നെ മുകേഷ് അംബാനിയേക്കാള്‍ അഹങ്കാരമുണ്ട് എനിക്ക്…”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചു.
“ഇനി നൂറു കോടി കൂടി കിട്ടിക്കഴിഞ്ഞാല്‍ ആ അഹങ്കാരമിത്തിരി കൂടും എന്നതല്ലാതെ മറ്റെന്തെങ്കിലും പ്രയോജനവുമുണ്ട് എന്നെനിക്ക് തോന്നുന്നില്ല…”

അദ്ദേഹം എഴുന്നേറ്റു.

“തോമസിന് മറ്റെന്തെങ്കിലും പറയാനുണ്ടോ?”

അയാളും എഴുന്നേറ്റു.

“എനിക്ക് ഒരു എഡിറ്റോറിയല്‍ മീറ്റിംഗ് ഉണ്ട്. മാനേജിംഗ് എഡിറ്റര്‍ ഒക്കെ പങ്കെടുക്കുന്നതാണ്,”

“സാര്‍, പത്മനാഭന്‍ തമ്പിയുടെ പൊസിഷന്‍ അറിയാമല്ലോ!”

തോമസ്‌ പാലക്കാടന്റെ സ്വരം മാറി.

“ടെലക്കോം മിനിസ്റ്റര്‍ അല്ലെ?”

അദ്ദേഹം ചോദിച്ചു.

“പോര്‍ട്ട്‌ഫോളിയോ ചേഞ്ച് ആയോ ഇതിനിടയില്‍?”

“ഇത്രയൊക്കെ പരിഹസിക്കുമ്പോള്‍ അദ്ധേഹത്തിന്റെ പൊസിഷന്‍ സാറിനെപ്പോലെയുള്ള ഒരാള്‍ക്ക് ചെയ്യുന്ന ദോഷമേന്താണ് എന്നുകൂടി ഒന്നോര്‍ക്കണം!”

“നാളെ മുതല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഓരോന്നായി ആ സ്റ്റോറി വന്നുതുടങ്ങുമ്പോള്‍ ഏത് പൊസിഷന്‍ വെച്ചാണ്‌ അയാള്‍ എനിക്ക് ദോഷമുണ്ടാക്കുന്നത് എന്ന് തനിക്കറിയാമോ?”

തോമസ്‌ പാലക്കടന്റെ മുഖം വിഷണ്ണമായി.
]തുടരും[

Leave a Reply

Your email address will not be published. Required fields are marked *