സൂര്യനെ പ്രണയിച്ചവൾ- 12

“ഈ സെന്‍ട്രല്‍ മിനിസ്റ്റര്‍ പദത്തിന് ഒരു വിലയുമില്ലേ, മിസ്റ്റര്‍ ശര്‍മ്മ? എന്നെ സഹായിക്കുന്നവരെ സംരക്ഷിക്കാന്‍ എനിക്ക് കെല്‍പ്പില്ല എന്നാണോ നിങ്ങള്‍ സംശയിക്കുന്നത്?”

അയാളുടെ ചോദ്യവും ശ്യാം മോഹന്‍ ശര്‍മ്മയില്‍ ഒരു ചലനവും സൃഷ്ട്ടിച്ചില്ല.

“പ്രതിഫലം ഞാന്‍ പറഞ്ഞില്ല,”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ മൌനത്തിന് മേല്‍ പദ്മനാഭന്‍ തമ്പിയുടെ ശബ്ദം ഉയര്‍ന്നു.

“മൌറീഷ്യസിലെയോ സെന്റ്‌ കിറ്റ്‌സിലെയോ ഒരു ബാങ്കില്‍ നിങ്ങള്‍ ഒരു അക്കൌണ്ട് എടുക്കുക. ഒരു സെവന്‍ ഡിജിറ്റ് സംഖ്യ അതില്‍ ഡെപ്പോസിറ്റ് ആകും. രൂപയുടെ രൂപത്തിലല്ല. ഡോളറിന്റെ രൂപത്തില്‍….”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ കണ്ണുകള്‍ മിഴിച്ചു.

“കുറെ ഈ മെയില്‍ സോഫ്റ്റ്‌വെയറുകള്‍ ബെന്നെറ്റ് ഫ്രാങ്കിന്‍റെ മെയില്‍ ഐ ഡിയില്‍ പ്ലാന്‍റ് ചെയ്യുന്നതിനോ?”

അയാള്‍ അവിശ്വസനീയതയോടെ ചോദിച്ചു.
പദ്മനാഭന്‍ തമ്പി തലകുലുക്കി.

“സമയമില്ല…”

അയാള്‍ ഓര്‍മ്മിപ്പിച്ചു.

“ഇന്ന് തന്നെ വേണം. ഇന്ന് എന്ന് വെച്ചാല്‍ ഇപ്പോള്‍?”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി വിശ്വാസം വരാതെ അയാളെ നോക്കി.

“ലാപ്പ് തുറക്കുക, സെയിന്‍റ് കിറ്റ്‌സിലെ നെവിസ് ബാങ്കില്‍ ഇപ്പോള്‍ തന്നെ ഒരു അക്കൌണ്ടിനു അപ്ലൈ ചെയ്യുക. അപ്ളിക്കേഷന്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ പറഞ്ഞ എമൌണ്ട് ഡെപ്പോസിറ്റഡ് ആകും. അതിന്‍റെ കണ്‍ഫര്‍മേഷന്‍ കിട്ടിക്കഴിഞ്ഞു മതി ഞാന്‍ പറഞ്ഞ പണി ചെയ്യാന്‍!”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ കൈകള്‍ വേഗത്തില്‍ ചലിച്ചു.
ലാപ്പ് തുറന്നുകൊണ്ട്, മുഖത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് അയാള്‍ അതി ദ്രുതം മോണിട്ടറിലേക്ക് നോക്കി.
ടൈപ്പ് ചെയ്തു.
പിന്നെ പദ്മനാഭന്‍ തമ്പിയെ നോക്കി.

“ഫിഗര്‍ ദ ട്രാന്‍സാക്റ്റിംഗ് എമൌണ്ട് വിത്ത് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യപ്പെടുന്നു…”

നെഞ്ചിടിപ്പോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി പറഞ്ഞു.

അയാളുടെ ശ്വാസവേഗമേറി.
പദ്മനാഭന്‍ തമ്പി പുഞ്ചിരിച്ചു.
അയാള്‍ തന്‍റെ ലാപ്പ് ടോപ്പ് തുറന്നു.

“ബാങ്ക് പെഴ്സണല്‍ ഐ ഡി?”

അയാള്‍ ശ്യാം മോഹന്‍ ശര്‍മ്മയോടു ചോദിച്ചു.
വിറയ്ക്കുന്ന ശബ്ദത്തില്‍ ശ്യാം മോഹന്‍ ശര്‍മ്മ തന്‍റെ പുതിയ അക്കൌണ്ട് റിക്വസ്റ്റിന്‍റെ ഐ ഡി അയാളോട് പറഞ്ഞു.

“ഫൈവ് ഡിജിറ്റ് സീക്രട്ട് പിന്‍ നമ്പര്‍?”

ശ്യാം മോഹന്‍ അതും പറഞ്ഞു.

“മീഡിയം പാസ് വേഡ്?”

പദ്മനാഭന്‍ തമ്പിയില്‍ നിന്നും വാക്കുകള്‍ ശരവേഗത്തില്‍ വന്നു.

വിയര്‍പ്പ് തുടച്ചുകൊണ്ട് ശ്യാം മോഹന്‍ ശര്‍മ്മ തന്‍റെ മീഡിയം പാസ് വേഡ് അയാള്‍ക്ക് പറഞ്ഞു കൊടുത്തു.

“സ്ട്രോങ്ങ്‌ പാസ് വേഡ്?”

“സാര്‍….”

ശ്യാം മോഹന്‍ ശര്‍മ്മ ഭയത്തോടെ അയാളെ നോക്കി.

“സ്ട്രോങ്ങ്‌ പാസ് വേഡ്?”

അയാള്‍ ആവര്‍ത്തിച്ചു.

“ടെന്‍ സ്മാള്‍ ജി, ഫോര്‍ ബോള്‍ഡ് എക്സ്, ത്രീ ഫോര്‍ ഫൈവ്, ഫോര്‍ ഹാഷ്, ഫോര്‍ അറ്റ്‌ ദ റേറ്റ് , റ്റു അണ്ടര്‍ സ്കോര്‍….”

അയാളുടെ വിറയാര്‍ന്ന ശബ്ദത്തിനനുസരിച്ച് പദ്മനാഭന്‍ തമ്പി ടൈപ്പ് ചെയ്തു.
എന്നിട്ട് മോണിട്ടര്‍ ശ്യാം മോഹന്‍ ശര്‍മ്മയുടെ നേരെ തിരിച്ചു.
മോണിട്ടറില്‍, ചുവപ്പിന്‍റെ പശ്ചാത്തലത്തില്‍ പച്ച നിറത്തില്‍ തെറിക്കുന്ന അസ്ത്ര ചിഹ്നങ്ങള്‍!
അതിന്‍റെ മുകളില്‍ നീല അക്ഷരങ്ങള്‍:-

“…….ട്രാന്‍സ്ഫറിംഗ് ഫൈവ് മില്ല്യന്‍ ഡോളേഴ്സ് ഫ്രം 6114************ BXON റ്റു 9256***********ZARK……”

ശ്യാം മോഹന്‍ ശര്‍മ്മയുടെ മുഖത്ത് ഇപ്പോഴും അവിശ്വസനീയതയും സംഭ്രമവുമാണ്.

“ആരുടെയൊക്കെ ഐ ഡികളുമായി ബന്ധിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആണ് സാര്‍ ഞാന്‍ ബെന്നറ്റ്‌ ഫ്രാങ്കിന്‍റെ മെയിലില്‍ പ്ലാന്‍റ് ചെയ്യേണ്ടത്?”

അയാള്‍ ചോദിച്ചു.

“ചന്ദ്ര ശേഖര്‍ റാവു അലിയാസ് ആസാദ്,”

ശര്‍മ്മയുടെ കണ്ണുകള്‍ മിഴിഞ്ഞു.

“മാവോയിസ്റ്റ് ടെററിസ്റ്റ് ആസാദിന്‍റെ?”

പദ്മനാഭന്‍ തമ്പി പുഞ്ചിരിയോടെ തലകുലുക്കി.

“പിന്നെ ലിംഗ് ഷുണ്യാന്‍…അയാളുടെയും…”

“മൈ ഗോഡ്!”

ശ്യാം മോഹന്‍ ശര്‍മ്മ ഞെട്ടിപ്പോയി.

“ആ ചൈനീസ് ആയുധഇടപാട് കാരനോ? അയ്യോ അയാളെ ഇന്‍റ്റര്‍പ്പൊളൊക്കെ ലിസ്റ്റില്‍ പെടുതിയിരിക്കുന്നതല്ലേ?”

പദ്മനാഭന്‍ തമ്പി അയാളെ അല്‍പ്പ നേരം നിശബ്ദനായി നോക്കി.
പിന്നെ ചിരിച്ചു.

“എന്താ സാര്‍?”

ശ്യം മോഹന്‍ വര്‍മ്മ ചോദിച്ചു.

“ഞാന്‍ നിന്‍റെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത് എന്തിനായിരുന്നു?”

“ബെന്നറ്റ് ഫ്രാങ്കിന്‍റെ മെയിലിലേക്ക് ഡാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പ്ലാന്‍റ് ചെയ്യാന്‍.”

“അല്ലാതെ എന്നോട് മറ്റേത്തിലെ ചോദ്യം ചോദിക്കാനല്ലല്ലോ? ആണോ?”

ശ്യം മോഹന്‍ വര്‍മ്മയുടെ മുഖം താഴ്ന്നു.
അയാളുടെ വിരലുകള്‍ ലാപ്പ് ടോപ്പില്‍ അതിദ്രുതം ചലിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞുപോയി.
ശ്യാം മോഹന്‍ ശര്‍മ്മയുടെ നെറ്റിയിലൂടെ വിയര്‍പ്പ് ചാലുകള്‍ ഒഴുകിയിറങ്ങി.
പത്ത് മിനിറ്റിനു ശേഷം അയാള്‍ പദ്മനാഭന്‍ തമ്പിയെ നോക്കി.
അയാള്‍ പെരുവിരല്‍ ഉയര്‍ത്തി വിജയമുദ്ര കാണിച്ചു.
പദ്മനാഭന്‍ തമ്പിയുടെ ചുണ്ടില്‍ മന്ദഹാസം വിടര്‍ന്നു.

“ഇനി ശര്‍മ്മയ്ക്ക് പോകാം!”
അയാള്‍ എഴുന്നേറ്റു.
ശ്യാം മോഹന്‍ ശര്‍മ്മയുടെ കാര്‍ ഗേറ്റ് കടന്നു നീങ്ങിയപ്പോള്‍ പദ്മനാഭന്‍ തമ്പി ഫോണെടുത്തു.

“ഇങ്ങ്ഹാ, സഹദേവാ…പോത്തനോട്‌ എന്നെ വന്ന് കാണാന്‍ പറയണം. പത്ത് മിനിട്ടിനുള്ളില്‍…ഫോണ്‍ വിളിച്ച് പറയരുത്…നേരിട്ട് ചെന്നു പറയണം,”

പിന്നെ അയാള്‍ അല്‍പ്പം ആലോചനയിലാണ്ട് പുറത്തേക്ക് നോക്കി.
പത്ത് മിനിറ്റാകുന്നതിനു മുമ്പ് പുറത്ത് ഐവറിക്കളറില്‍ ഒരു പോര്‍ഷെ ഗേറ്റ് കടന്നു വന്ന് കോമ്പൌണ്ടില്‍ പാര്‍ക്ക് ചെയ്തു.
അതില്‍ നിന്നും ദീര്‍ഘകായനായ ഒരാള്‍ ഇറങ്ങി.
ചടുലമായ ചലനങ്ങളോടെ തന്നെ കാത്തിരിക്കുന്ന പദ്മനാഭന്‍ തമ്പിയുടെ നേരെ അയാള്‍ നീങ്ങി.

“എന്താ സാര്‍?”

അയാളുടെ മുമ്പില്‍ വിനയത്തോടെ നിന്നുകൊണ്ട് ആഗതന്‍ ചോദിച്ചു.

“ഇരിക്ക് പോത്താ,”

മുമ്പിലെ കസേരയെ ചൂണ്ടി പദ്മനാഭന്‍ തമ്പി പറഞ്ഞു.

“നിനക്കും എനിക്കം പ്രയോജനമുള്ള ഒരു കാര്യമുണ്ട്…”

പോത്തന്‍ ജോസഫ് അയാളുടെ മുമ്പില്‍ ഭവ്യതയോടെയിരുന്നു.

“സാറല്‍പ്പം ടെന്‍ഷനില്‍ ആണല്ലോ…”

അയാളുടെ മുഖത്തേക്ക് നോക്കി പോത്തന്‍ ജോസഫ് ചോദിച്ചു.

“ഏയ്‌…”

അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് പദ്മനാഭന്‍ തമ്പി പറഞ്ഞു.

“ടെന്‍ഷന്‍ ഒന്നുമില്ല ..നിന്നെപ്പോലെ ഒരു സൂപ്പര്‍ കോപ്പ് ഒക്കെ എന്‍റെ കൂടെയുള്ളപ്പോള്‍…”

Leave a Reply

Your email address will not be published. Required fields are marked *