സൂര്യനെ പ്രണയിച്ചവൾ- 12

പോത്തന്‍ പുഞ്ചിരിക്കാണോ വേണ്ടയോ എന്ന് ചിന്തിച്ചു.

“പോത്താ ഒരു നാഷണല്‍ സെക്യൂരി ഇന്‍റ്ററസ്റ്റിംഗ് കേസ് വന്നിട്ടുണ്ട്…”

പോത്തന്‍ ജോസഫിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു.

“നിന്നെ ഞാന്‍ ഇങ്ങോട്ട് ഡെപ്യൂട്ടേഷനിലേക്കിട്ടത് വെറുതെയായില്ലന്ന് നീ എപ്പോഴും തെളിയിക്കുന്നുണ്ടല്ലോ…അതുകൊണ്ട്…”

ഒന്ന് നിര്‍ത്തി അയാള്‍ പോത്തനെ നോക്കി.
വെറുതെ മൈര് വര്‍ത്തമാനം പറഞ്ഞ് സുഖിപ്പിക്കാതെ കാര്യം പറയെടാ പട്ടീ…
പോത്തന്‍ ഉള്ളില്‍ പറഞ്ഞു.

“എന്താ ആ കേസ് സാര്‍?”

പോത്തന്‍ ചോദിച്ചു.
“കേസ് വളരെ സെന്‍സിറ്റീവ് ആണ്..കൈയ്യീന്ന് പോകാന്‍ ചാന്‍സുള്ള ഒന്നാണ്…വളരെ സൂക്ഷിച്ച് കെയര്‍ എടുത്ത്….”

“സാര്‍ കേസ് എന്താണ് എന്ന് പറയൂ…”

താന്‍ ഇരിക്കുന്നത് രാജ്യം ഭരിക്കുന്ന മന്ത്രിയുടെ മുമ്പിലാണ് എന്നും താനത്ര ഉയര്‍ന്ന പദവിയിലുള്ള ഓഫീസര്‍ അല്ലന്നുമുള്ള കാര്യം പരിഗണിക്കാതെ പോത്തന്‍ ജോസഫ് പറഞ്ഞു.

“ഒരു ഇന്‍റ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്….”

അയാള്‍ പറഞ്ഞു തുടങ്ങി.
പോത്തന്‍ ഗൌരവത്തോടെ മന്ത്രിയെ നോക്കി.

“ചില ആക്റ്റിവിസ്റ്റുകള്‍, പ്രോഫസ്സര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ ..ഇവരൊക്കെ മാവോയിസ്റ്റുകള്‍ പോലെയുള്ള നിരോധിത സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന്….”

“അതിപ്പം പുതിയ ന്യൂസ് ഒന്നുമല്ലല്ലോ…”

മുഖത്ത് നിന്നും താല്‍പ്പര്യം മായിച്ചുകളഞ്ഞുകൊണ്ട് പോത്തന്‍ പറഞ്ഞു.

“വ്യക്തമായ തെളിവുണ്ട് പോത്താ…”

തന്‍റെ ഉന്നത പദവിയെ അവമതിക്കുന്ന രീതിയിലുള്ള മുഖഭാവത്തോടെയിരിക്കുന്ന പോത്തനെ കടുത്ത അനിഷ്ടത്തോടെ നോക്കിക്കൊണ്ട് മന്ത്രി പദ്മനാഭന്‍ തമ്പി പറഞ്ഞു.

“എന്ത് തെളിവ്? ആര്‍ക്കെതിരെ തെളിവ്?”

പോത്തന്‍ പെട്ടെന്ന് ചോദിച്ചു.

“ബെന്നറ്റ്‌ ഫ്രാങ്ക്…”

“ഏത്? എക്സ്പ്രസ്സിലെ ബെന്നറ്റ്‌ സാറോ?”

“ദ സെയിം!”

“ബെന്നറ്റ്‌ സാറിനു മാവോയിസ്റ്റ് ബന്ധമോ? ഒന്ന് പോ സാറേ!”

പോത്തന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പദ്മനാഭന്‍ തമ്പി സംശയിച്ചു.
ഇനി താന്‍ മന്ത്രിയല്ല എന്നാണോ ഇവന്‍ കരുതുന്നത്?

“സാറിനറിയാവുന്ന തെളിവ് എന്തൊക്കെയാ? പറഞ്ഞെ? ബെന്നറ്റ്‌ സാറിനെ എപ്പം പോക്കിയെന്നു ചോദിച്ചാല്‍ മതി…”

പദ്മനാഭന്‍ തമ്പി ഒരു നിമിഷം സംശയിച്ചു.
“പോത്താ തെളിവ് അയാളുടെ മെയിലില്‍ ഉണ്ട് ….”

പദ്മനാഭന്‍ തമ്പി പറഞ്ഞു.

“അയാളുടെ മെയില്‍ ചെക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വേണ്ട തെളിവ് ലഭിക്കും…”

പോത്തന്‍ ജോസഫ് ഉച്ചത്തില്‍ ചിരിച്ചു.
പദ്മനാഭന്‍ തമ്പി അന്തം വിട്ട് പോത്തനെ നോക്കി.

“സാറേ…”

ചിരിക്കിടയില്‍ പോത്തന്‍ പറഞ്ഞു.

“സാറിനു ബെന്നറ്റ്‌ സാറ് എന്നാ ഏനക്കേടാ വരുത്തിയെ? അയാടെ മെയിലില്‍ മലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഒക്കെ പ്ലാന്‍റ് ചെയ്യാന്‍? അയാളെ അങ്ങനെ കുടുക്കാന്‍ സാര്‍ പ്ലാന്‍ ചെയ്യണമെങ്കില്‍ തക്ക കാരണം വേണല്ലോ…”

പദ്മനാഭന്‍ തമ്പി ഭയത്തോടെ പോത്തനേ നോക്കി.

“സാറ് എന്നെ ഇങ്ങനെ നോക്കുവോന്നും വേണ്ട!”

അയാള്‍ മന്ത്രിയോട് പറഞ്ഞു.

“പറഞ്ഞ പണി ഞാന്‍ വെടിപ്പായി ചെയ്യാം…ചുമ്മാതെയല്ലല്ലോ… ചെയ്യുന്ന പണീടെ കനത്തിനു പറ്റിയ തുട്ട് വാങ്ങിയിട്ടല്ലേ…പക്ഷെ…”

പോത്തന്‍ മുമ്പോട്ട്‌ ഒന്നാഞ്ഞിരുന്നു.

“പക്ഷെ എനിക്ക് കാരണമറിയണം…ദ റിയല്‍, കണ്‍വിന്‍സിംഗ് റീസണ്‍…”

പദ്മനാഭന്‍ തമ്പിയുടെ മുഖം ക്ഷോഭം കൊണ്ട് ജ്വലിച്ചു.

“നെനക്ക് കാരണം അറിയണം അല്ലെ?”

അയാള്‍ ശബ്ദമുയര്‍ത്തി.

“പറയാം…കാരണം ഞാന്‍ പറയാം!”

അയാള്‍ എഴുന്നേറ്റു.

അയാളിത്രവേഗം ഭ്രാന്തമായ ചേഷ്ടകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് എന്തിനെന്നു പോത്തന് മനസ്സിലായില്ല.

“നെനക്ക് മകളുണ്ടോ?”

“ഒണ്ട്…”

“അറിയാം എനിക്ക് നെനക്ക് മകള്‍ ഉണ്ടെന്ന്! ..ഇപ്പം പത്ത് വയസ്സല്ലേ പ്രായമുള്ളൂ…? ആറേഴു കൊല്ലം കഴിഞ്ഞ് കഞ്ഞീം വെള്ളോം കുടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരുത്തന്‍ വന്ന് നിന്‍റെ മോളെ കണ്ണും കയ്യും കാണിച്ച് കൊളുത്തിയാ നീ എന്നാ ചെയ്യും?”

“കൊന്ന് കെട്ടിത്തൂക്കും!”

പോത്തന്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞു.

“ആണല്ലോ! കൊന്ന്കെട്ടിത്തൂക്കൂല്ലോ! അല്ലെ? അതേ ഞാനും ചെയ്യുന്നുള്ളൂ…”

“എന്നുവെച്ചാല്‍ ഗായത്രിമോള്‍ക്ക്…?”
അയാള്‍ മുഖത്ത് സംഭ്രമം വരുത്തി ചോദിച്ചു.

“അതെ…”

പദ്മനാഭന്‍ തമ്പി വികാരാവേശത്തോടെ തുടര്‍ന്നു.

“എന്‍റെ കണ്ണിലെ കൃഷ്ണമണിയാ എന്‍റെ മോള്‍! പൊന്നുപോലെയാ അവളെ ഞാന്‍ വളര്‍ത്തുന്നേ! ആവളെ ബെന്നറ്റിന്റെ ചെറുക്കന്‍, വശീകരിച്ച് കൊച്ചിന്റെ മനസ്സ് മാറ്റിയാ ഞാന്‍ എന്നാ ചെയ്യണം? നീ പറഞ്ഞത് പോലെ കൊന്ന് കെട്ടിത്തൂക്കുകയല്ലേ വേണ്ടത്?”

പോത്തന്‍ പിന്നെയും ചിരിച്ചു.

“നീയീ പിന്നേം പിന്നേം ഇങ്ങനെ തൊലിക്കുന്നത് എന്തിനാ?”

“സാറേ കൊച്ചിനെ പ്രേമിച്ചത് ബെന്നറ്റ് സാറിന്റെ ചെറുക്കനല്ലേ? അതിന് അയാളെ കുടുക്കുന്നത് എന്തിനാ?”

അയാളുടെ ചോദ്യം കേട്ട് പദ്മനാഭന്‍ തമ്പി ഒന്ന് സംശയിച്ചു.

“സാറിന്‍റെ കലിപ്പ് അപ്പനോടാ…”

പോത്തന്‍ പറഞ്ഞു.

“സാറിന് പ്രോബ്ലം ഉള്ളത് അപ്പനോടാ…പക്ഷെ കന്നംതിരിവ് കാണിച്ചത് അയാടെ മകനും..അതിനര്‍ത്ഥം സാറ് എന്നോട് റിയല്‍ റീസണ്‍ ഇതവരെ പറഞ്ഞിട്ടില്ല….”

പദ്മനാഭന്‍ തമ്പി അയാളെ അസഹ്യതയോടെ നോക്കി.

“ശരി..അത് എന്നതായാലും പറയണ്ട…ഞാന്‍ എന്നതാ ചെയ്യണ്ടേ? അയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ്? തട്ടണോ?”

വളരെ ശാന്തനായി, നിര്‍മ്മമതയോടെയാണ് പോത്തന്‍ അത് ചോദിച്ചത്.

പദ്മനാഭന്‍ തമ്പി തലകുലുക്കി.

“ശരി…”

പോത്തന്‍ പറഞ്ഞു.
അയാള്‍ പിന്നെ ഗൌരവമായി എന്തോ ആലോചിക്കാന്‍ തുടങ്ങി.

“രാജ്യത്തെ വി വി ഐ പി ജേണലിസ്റ്റ് ആണ് ബെന്നറ്റ്‌ സാര്‍ ..അതുകൊണ്ട്…”

“നീ കണക്ക് കൂട്ടി കൂടുതല്‍ കഷ്ട്ടപ്പെടണ്ട…എമൌണ്ട് പറഞ്ഞാല്‍ മതി!”
“ട്വെന്റി ക്രോര്‍!”

“സമ്മതിച്ചു…”

പദ്മനാഭന്‍ തമ്പി പറഞ്ഞു.

“ട്വെന്റി എനിക്ക്…”

പോത്തന്‍ തുടര്‍ന്നു.

“എന്‍റെ കൂടെയുള്ള പോലീസ്കാര്‍ക്ക് ഓരോന്ന് വീതവും…”

“എത്ര പോലീസ്കാരുണ്ടാവും?”

“ഒരഞ്ചു പേരെങ്കിലുമുണ്ടാവും….”

“സമ്മതിച്ചു…”
പദ്മനാഭന്‍ തമ്പി പെട്ടെന്ന് പറഞ്ഞു.

“എപ്പം വേണം?”

“ഇപ്പം! ഈ നിമിഷം! ശരിക്കും പറഞ്ഞാല്‍ ആള്‍റെഡി ലേറ്റ് ആയി…”

പോത്തന്‍ നെറ്റി ചുളിച്ച് പദ്മനാഭന്‍ തമ്പിയെ നോക്കി.

“സാറ് പറഞ്ഞ എമൌണ്ട്‌ എന്‍റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യ്‌!”

പോത്തന്‍ പറഞ്ഞു.

“പോലീസ്കാര്‍ക്ക് കൊടുക്കാനുള്ളതും കൂടി…”

അയാള്‍ എഴുന്നേറ്റു.

“താമസിക്കരുത്…”

കാറിന്‍റെ ഡോര്‍ തുറന്നുകൊണ്ട് പോത്തന്‍ പറഞ്ഞു.

“നാളത്തെ കുളിരുള്ള പ്രഭാതത്തില്‍ നമുക്ക് ബെന്നറ്റ്‌ സാറ് കൊല്ലപ്പെട്ട വാര്‍ത്ത വായിക്കേണ്ടേ? അതുകൊണ്ട് എല്ലാം ഒന്ന് പെട്ടെന്നായിക്കോട്ടെ!”

Leave a Reply

Your email address will not be published. Required fields are marked *