സൂര്യനെ പ്രണയിച്ചവൾ- 15 Like

വേറൊരുത്തിയുടെ കമന്റ്.
തുടര്‍ന്നു കൂട്ടച്ചിരിയും.

ഗായത്രി താഴേക്ക് നോക്കി.
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ തന്നെ തേടി മുകളിലേക്ക് വരുന്നത് അവള്‍ കണ്ടു.
അയാള്‍ അവളെ നോക്കി മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
സാവിത്രിയും പദ്മനാഭന്‍ തമ്പിയും രാകേഷിന്റെ അമ്മ ഊര്‍മ്മിളയുമൊക്കെ അത് ശ്രദ്ധിച്ചു.
പെണ്‍കുട്ടികളും സ്ത്രീകളും കണ്ണുകള്‍കൊണ്ട് രാകേഷിനെ പൊതിയുന്നത് ഗായത്രി ശ്രദ്ധിച്ചു.
പെട്ടെന്ന് പുറത്ത് ഒരു പട്ടാള വാഹനം വന്ന് നില്‍ക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ചാടിയിറങ്ങി രാകേഷിനെ സമീപിക്കുന്നതും ഗായത്രി കണ്ടു.
അയാള്‍ രാകേഷിനെ ആദ്യം സല്യൂട്ട് ചെയ്തു.

“എന്താ, ഷറഫ്?”

രാകേഷ് അഭിവാദ്യം സ്വീകരിച്ചതിനു ശേഷം ചോദിച്ചു.

“സാര്‍!”

ഉദ്വിഗ്നത നിറഞ്ഞ ശബ്ദത്തില്‍ ഷറഫ് പറഞ്ഞു.

“ഇവിടെന്ന് പത്ത് കിലോമീറ്റര്‍ അകലെ, പാറമട നടത്തുന്ന ഒരു ഐസക് മുതലാളിയുടെ വീട് ജോയലും കൂട്ടരും വളഞ്ഞിരിക്കുന്നു എന്ന് വിവരമുണ്ട്!”

“പത്തുകിലോമീറ്ററോ?”

രാകേഷ് അദ്ഭുതപ്പെട്ടു.

“അത്രയും അടുത്തോ? മൈ ഗോഡ്! യെസ്! വിമല്‍, റെജി…കമോണ്‍!”

ആവേശം കൊണ്ട് ത്രസിച്ച സ്വരത്തില്‍ രാകേഷ് കൂട്ടുകാരെ നോക്കി.

“മോനെ!!”

ഊര്‍മ്മിള അവനെ വിലക്കി.

“എന്തായീ പറയുന്നേ? നിന്‍റെ നിശ്ചയം ആണിന്ന്..ഇവിടെ..ഇപ്പോള്‍…!”

“അതെ മോനെ!”

രാകേഷിന്റെ അച്ഛനും അങ്ങനെ ചോദിക്കുന്നത് ഗായത്രി കേട്ടു.

“പപ്പാ…”

രാകേഷ് അച്ഛന്റെ തോളില്‍ കൈവെച്ചു.

“ഒരു പട്ടാള ഓഫീസറുടെ പ്രയോറിറ്റിയില്‍ ആദ്യം വരുന്നത് എന്താണ്? കുടുംബം? വീട്? രാജ്യം? കടമ?”

അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റിയില്ല.

“പപ്പായേയും മമ്മിയേയും ഉത്തരം മുട്ടിച്ച് ജയിക്കാന്‍ പറഞ്ഞതല്ല…”

പുഞ്ചിരിയോടെ രാകേഷ് തുടര്‍ന്നു.
“ഞാന്‍ അങ്ങനെ ചെയ്യുകയുമില്ല…എന്‍റെ ഡ്യൂട്ടി, എന്‍റെ രാജ്യത്തോടുള്ള എന്‍റെ ഡ്യൂട്ടി, അതില്‍ ഞാന്‍ വീഴ്ച്ച വരുത്തിയാല്‍ എന്നെ വെറുക്കേണ്ടവരാണ് നിങ്ങള്‍…അതുകൊണ്ട്….”

അവന്‍ വിമലിനെയും റെജിയേയും നോക്കി.

“…അതുകൊണ്ട് ഞാന്‍ പോകുന്നു, ഇവര്‍ക്കൊപ്പം….അനുഗ്രഹിച്ച് അയക്കണം…”

രാകേഷ് ശിരസ്സ് കുനിച്ചു.
ഊര്‍മ്മിള കണ്ണുകള്‍ തുടച്ചു.
അച്ഛനുമമ്മയും ഒരേ സമയം അവന്‍റെ തിരസ്സില്‍ കൈത്തലമമര്‍ത്തി.
രാകേഷ് പിന്നെ മുകളിലേക്ക്, ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
അവള്‍ തിരിച്ചും.

“നിശ്ചയം ഇന്ന് നടത്താന്‍ പറ്റില്ല അങ്കിള്‍!”

പദ്മനാഭന്‍ തമ്പിയേയും സാവിത്രിയേയും നോക്കി ജോയല്‍ പറഞ്ഞു.
അവര്‍ അപ്രതീക്ഷിതമായ ആ തീരുമാനമുള്‍ക്കൊള്ളാനാവാതെ രാകേഷിനെ നോക്കി.
പിന്നെ വിഷമത്തോടെ ഗായത്രിയേയും.

“നോട്ടെ മൊമെന്റ് റ്റു ലൂസ്…”

രാകേഷ് കൂട്ടുകാരെ നോക്കി ഗര്‍ജ്ജിച്ചു.
പുറത്ത് നിര്‍ത്തിയിട്ടിരുന്ന പട്ടാളവാഹനത്തിനു നേരെ അവര്‍ കുതിച്ചു.

ആ രംഗമത്രയും കണ്ടുകൊണ്ടിരുന്ന ഗായത്രി അകത്തേക്ക് കയറി.
ചുവരില്‍ തൂക്കിയിരുന്ന ശ്രീകൃഷ്ണന്‍റെ ചിത്രത്തിന് മുമ്പില്‍ അവള്‍ മുട്ടുകള്‍ മടക്കി.

“ഭഗവാനെ….!”

അവള്‍ മന്ത്രിച്ചു.

“അങ്ങ് ..അങ്ങെന്റെ പ്രാര്‍ത്ഥന കേട്ടു…എന്‍റെ …എനിക്ക് ….”

അവളുടെ അധരങ്ങള്‍ വിതുമ്പി വിറച്ചു.
പിന്നെ സാരിത്തുമ്പില്‍ മറച്ചു പിടിച്ചിരുന്ന ക്ളോസ്ട്രിഡീയം ബോട്ടുലീനം എന്ന മാരക വിഷം അടങ്ങിയ ചെറിയ മെറ്റല്‍ കണ്‍റ്റൈനര്‍ സമീപത്തിരുന്ന തന്‍റെ പേഴ്സിന്റെ ഉള്ളിലെ അറയില്‍ സുരക്ഷിതമായി ഒളിപ്പിച്ചു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *