ലാലപ്പന്‍ ചോദിച്ചു.
ജോയല്‍ അറിയില്ല എന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി.
“സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് ലീഡര്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍…”
ജോയലിന്റെ മുഖത്ത് ചുളിവുകള്‍ വീണു.
“അവനോ?”
ജോയല്‍ ചോദിച്ചു.
ലാലപ്പന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“നമുക്ക് പറ്റിയ എതിരാളിയാണ് അവന്‍…ദ ബെസ്റ്റ്…അപ്പോള്‍ കളിയിലെ നിയമങ്ങള്‍ തെറ്റും …ഫൌള്‍ പ്ലേ കൂടും…എ ഗെയിം വിത്തൌട്ട് അമ്പയേഴ്സ് ….എ ഗെയിം വിത്തൌട്ട് റൂള്‍സ് ….ഹഹഹഹ…!!”
*****************************************************************
ഗായത്രി കിടക്കയില്‍, ജനലിലൂടെ വിദൂരത്ത്, ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.
അപ്പോഴാണ് സാവിത്രി അങ്ങോട്ട് വന്നത്.
അവള്‍ അലിവോടെ മകളെ നോക്കി.
എങ്ങനെ ജീവിച്ച പെണ്ണാണ്!
കിലുക്കംപെട്ടിപോലെ, തുള്ളിച്ചാടി, എപ്പോഴും ചിരിയും തമാശയും വര്‍ത്തമാനവുമൊക്കെയായി…
അഞ്ചു വര്‍ഷം മുമ്പ് വരെ….
അന്ന് ജോയല്‍ ബെന്നറ്റ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് വാര്‍ത്തകേട്ട ദിവസം ബോധമറ്റ് വീണതാണ്.
ബോധത്തിലേക്ക് വന്നത് പക്ഷെ മറ്റൊരു ഗായത്രി.
എപ്പോഴും വിഷാദവും, മൂകതയും, ഓര്‍മ്മയും…
പിന്നീട് ഒരിക്കലും അവളെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.
ഉറക്കെ സംസാരിച്ചു കണ്ടിട്ടില്ല.
പിനീടാണ് അറിയുന്നത് ജോയല്‍ ബെന്നറ്റ് എന്ന സഹപാഠിയുമായി മകള്‍ പ്രണയത്തിലാണ് എന്ന്.
അയാള്‍ പക്ഷെ രാജ്യത്ത് കുപ്രസിദ്ധി നേടിയ ഭീകരസംഘടനയിലെ അംഗമാണ് എന്നറിയാതെ.
അച്ഛന്റെ പാത തിരഞ്ഞെടുത്ത മകന്‍!
അത് ഗായത്രിയെ തളര്‍ത്തി.
അവളിലെ സന്തോഷം എന്നെന്നേക്കുമായി അവസാനിപ്പിച്ച ദിവസം!
ഓരോന്നോര്‍ത്ത് സാവിത്രിയുടെ കണ്ണുകള്‍ നിറഞ്ഞു.
“മോളെ…”
അവര്‍ ഗായത്രിയുടെ കട്ടിലില്‍ ഇരുന്നു.
മകളുടെ തലമുടിയില്‍ തഴുകി.
ഗായത്രി അമ്മയോട് ചേര്‍ന്നിരുന്നു.
“മോളെ, ഇന്ന് മോള്‍ ഹാപ്പിയായിരിക്കണം…”
അവര്‍ മകളോട് പറഞ്ഞു.
“മോള്‍ക്ക് വിഷമം ഉണ്ട് എന്നറിയാം…മറക്കാനാവാത്ത വിഷമം..പക്ഷെ…”
സാവിത്രിയുടെ മിഴികള്‍ നിറഞ്ഞൊഴുകി.
“പക്ഷെ മോള്‍ടെ അച്ഛനും എനിക്കും മോളല്ലാതെ മറ്റാരാ ഉള്ളത്? മോള്‍ടെ ലൈഫില്‍ സന്തോഷം ഇല്ലന്നു വരുമ്പോള്‍ ഞങ്ങള്‍ക്ക് സ്വസ്ഥത ഉണ്ടാവ്വോ കുട്ടീ?”
ഗായത്രി അമ്മയുടെ ചുമലില്‍ മുഖമമര്‍ത്തി.
“..അതുകൊണ്ട് മോള്‍ ഈ വിവാഹത്തിനു സമ്മതിക്കണം… എതിര് പറയരുത്..നല്ലവനാണ് രാകേഷ് … ഒത്തിരി ഗുണങ്ങള്‍ ഉള്ള ചെറുപ്പക്കാരന്‍..മോള്‍ എന്ന് വെച്ചാല്‍ ജീവന്‍…”
അപ്പോള്‍ വാതില്‍ക്കല്‍ പദ്മനാഭന്‍ തമ്പിയുടെ രൂപം പ്രത്യക്ഷമായി.
സാവിത്രി എഴുന്നേറ്റു.
അയാള്‍ അവരുടെയടുത്തേക്ക് വന്നു.
“ഗായത്രി…”
അയാള്‍ വിളിച്ചു.
അവള്‍ അച്ഛനെ നോക്കി.
“ഞാന്‍ ഇതങ്ങ് ഉറപ്പിച്ചു. രാകേഷിന് നിന്നെ ഇഷ്ടമാണ്… രാകേഷിന്റെ അച്ഛനും അമ്മയും ഒക്കെ ഉണ്ടാവും… അല്‍പ്പം അകലെ ഒരു റിസോര്‍ട്ടില്‍ ആണ് ഫങ്ങ്ഷന്‍. ചടങ്ങില്‍ ഹാപ്പിയായി ബീഹെവ് ചെയ്യണം… കേള്‍ക്കുന്നുണ്ടോ?”
അയാള്‍ ശബ്ദമുയര്‍ത്തി.
അവള്‍ നിശബ്ദമായി തലകുലുക്കി.
അച്ഛനും അമ്മയും പോയിക്കഴിഞ്ഞ് അവള്‍ തന്‍റെ ബെഡ് റൂമിന്‍റെ കോണില്‍ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുകള്‍ മടക്കി.
കണ്ണുകളടച്ചു.
“ഭഗവാനെ…”
അവള്‍ മന്ത്രിച്ചു.
“ഞാന്‍ ഒരു പുരുഷനെയേ സ്നേഹിച്ചിട്ടുള്ളൂ…അവന്‍റെ സ്വന്തം പെണ്ണാകാനെ ഞാന്‍ കൊതിച്ചിട്ടുള്ളൂ… മനുഷ്യരെ കൊന്നൊടുക്കുന്ന ചെകുത്താന്‍ ആണ് എന്നറിയാതെയാണ് ഞാന്‍ അവനെ സ്നേഹിച്ചത്…പക്ഷെ …”
പ്രാര്‍ത്ഥന തുടരാനാകാതെ ഗായത്രി നിശബ്ദം കരഞ്ഞു.
“എനിക്ക് മറ്റാരെയും ഇഷ്ടമല്ല… ഞാന്‍ മനസ്സ് കൊടുത്ത പുരുഷന്‍ ദുര്‍മാര്‍ഗ്ഗിയായിരുന്നു എങ്കിലും മറ്റൊരു പുരുഷനെ സ്വീകരിക്കാന്‍ ഞാന്‍ ഇനിയും ശക്തയായിട്ടില്ല…. എന്നെ ഇതില്‍നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തേണമേ ..ഈ ചടങ് നടക്കാതിരിക്കാന്‍ സഹായിക്കണമേ…”
