സൂര്യനെ പ്രണയിച്ചവൾ- 2

പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

“ഓക്കേ..എന്നെ മനസ്സിലായോ?”

“പദ്മനാഭൻ അങ്കിൾ! പത്രത്തിലും ടീവീയിലും ഒക്കെ കണ്ടിട്ടുണ്ട് ഒരുപാട് പ്രാവശ്യം. പപ്പാ പറഞ്ഞിട്ടുണ്ട്,”
രാകേഷ് പരമാവധി സൗഹൃദഭാവം മുഖത്തു കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഇത് സാവിത്രിയാൻറ്റി?”

രാകേഷ് സമീപം നിന്ന സ്ത്രീയെ നോക്കി.

അവർ പുഞ്ചിരിയോടെ തലകുലുക്കി.

പദ്മനാഭൻ തമ്പി പിന്നെ വിസിറ്റേഴ്സ് റൂമിൻറെ വെളിയിലേക്ക് നോക്കി.

“മോളെ, ഗായത്രീ…”

അയാൾ പുറത്ത് നിന്ന് നോട്ടം മാറ്റാതെ വിളിച്ചു.

വിളിക്കുള്ള ഉത്തരമെന്നോണം പുറത്ത് നിന്ന് ഒരു യുവതി അകത്തേക്ക് കയറി വന്നു. അവൾ അകത്തേക്ക് വന്നെങ്കിലും തന്റെ അച്ഛൻറെയും അമ്മയുടെയും സമീപം നിന്നുവെങ്കിലും രാകേഷിനെയോ കൂട്ടുകാരെയോ നോക്കിയില്ല.

“മോളെ, ഇത് രാകേഷ്…ക്യാപ്റ്റൻ രാകേഷ് മഹേശ്വർ…”

അയാൾ മകളോട് പറഞ്ഞു.

അവൾ സാവധാനം മുഖം തിരിച്ച് രാകേഷ് നിന്ന ഭാഗത്തേക്ക് നോക്കി.

റെജിയും വിമലും നോക്കുമ്പോൾ രാകേഷ് ഇതികർത്തവ്യതാമൂഢനായി ഗായത്രിയുടെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്.

“ക്യാപ്റ്റൻ!”

റെജി വിളിച്ചു.

രാകേഷ് അത് അറിഞ്ഞില്ല.

അയാൾ ഗായത്രിയിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.

അപ്പോഴാണ് വിമലും റെജിയും അവളെ ശ്രദ്ധിക്കുന്നത്.

കർത്താവേ!

റെജി സ്വയം പറഞ്ഞു.

ഒരു പെണ്ണിന് ഇത്ര സൗന്ദര്യമുണ്ടെങ്കിൽ തങ്ങളുടെ ക്യാപ്റ്റൻ മാത്രമല്ല ബ്രഹ്‌മാവുപോലും നോക്കി നിന്നുപോകും.

പെട്ടെന്നാണ് റെജിയ്ക്കും വിമലിനും ഒരു കാര്യം മനസ്സിലായത്!

ഈ പെൺകുട്ടി!

ഇവളെപ്പറ്റിയാണോ ക്യാപ്റ്റൻ രാകേഷ് അൽപ്പം മുമ്പ് പറഞ്ഞത്?

“ക്യാപ്റ്റൻ!”

റെജി വീണ്ടും വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *