സൂര്യനെ പ്രണയിച്ചവൾ- 24

“സാവിത്രി…!!”

“വേണ്ട!”

സാവിത്രി കൈയ്യുയര്‍ത്തി വിലക്കി.

“തനി രാഷ്ട്രീയക്കാരനാണ് നിങ്ങള്‍! അതുകൊണ്ട് ന്യായീകരണ ശാസ്ത്രത്തില്‍ നല്ല എക്സ്പെര്‍ട്ട് ആണെന്നെനിക്കറിയാം.”

സാവിത്രി അയാളെ രൂക്ഷമായി നോക്കി.

“ധന്‍ബാദ് കോള്‍ ഫീല്‍ഡില്‍ നിങ്ങള്‍ നടത്തിയ കള്ളത്തരത്തിന് ശിക്ഷ വിധിക്കാനിരുന്ന ജസ്റ്റീസ് ലോയയുടെ മരണം മുതല്‍ ജോയലിന്റെ പപ്പയുടെ മരണം വരെ പതിനാറോളം കൊലപാതകങ്ങളുടെ ചോരക്കറ നിങ്ങളുടെ കൈയ്യില്‍ ഉണ്ട്. അതൊക്കെ കുടുംബത്തിനു വേണ്ടിയാണ്, മകള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ ന്യായീകരിക്കാനാണ് എങ്കില്‍ എന്നോട് പറയേണ്ട!”

അയാള്‍ അവരെ ഭീഷണമായി നോക്കി.

“ടു ജി സ്പെക്ട്രം, ധന്‍ബാദ് കോള്‍ഫീല്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, മിലിട്ടറി കോഫിന്‍ ഡീല്‍, സത്യം കമ്പ്യൂട്ടേഴ്സ് അടക്കം പതിനാറു വന്‍ കമ്പനികളില്‍ നടന്ന ഫഡ്ജിംഗ് ഇറെഗുലാരിറ്റീസ്, സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡെലിബ്രേറ്റായി ബുള്‍ സ്പോട്ടിങ്ങ്…. ഇതിലൊക്കെ പ്രധാനിയായി നിന്നോ പാര്‍ട്ട്ണറായോ കള്ളക്കളികള്‍ കളിച്ചത് കുടുംബത്തിനു വേണ്ടിയാണ്, മോള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാനാണെങ്കില്‍ എനിക്കത് കേള്‍ക്കേണ്ട!”

“സാവിത്രി!”

“ഇതുപോലെ ഈശ്വരന് നിരക്കാതെ സമ്പാദിച്ച സഹസ്രകോടികള്‍ ഉണ്ട് നിക്ഷേപമായി മൌറീഷ്യസ്സിലും സെയിന്‍റ് കിറ്റ്‌സിലും സൂറിച്ചിലും ബഹാമസ്സിലും പനാമയിലുമൊക്കെ.. അതും…..”

അവര്‍ കിതച്ചുകൊണ്ട് നിര്‍ത്തി അയാളെ നോക്കി.

“അതും…”

പിന്നെ തുടര്‍ന്നു.

“…..കുടുംബത്തിനു വേണ്ടിയാണ്…മോള്‍ക്ക് വേണ്ടിയാണ് എന്നൊന്നും എന്നോട് പറഞ്ഞു ന്യായീകരിക്കരുത്!”

അവരുടെ മിഴികള്‍ നിറഞ്ഞു.

“രാകേഷ് ഇതൊക്കെ പറയുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ രേഖകള്‍ നിരത്തി തെളിയിച്ചപ്പോള്‍ ആ നിമിഷം പ്രാര്‍ഥിച്ചതാണ് ഇല്ലാതായെങ്കില്‍ എന്ന്! ആരു സഹിക്കും? ഏത് ഭാര്യ സഹിക്കും സ്വന്തം ഭര്‍ത്താവ്‌ മനുഷ്യനല്ല പിശാച് പോലും ലജ്ജിച്ച് തലകുനിക്കുന്നത്ര വൃത്തികേടുകള്‍ ചെയ്ത ആളാണ്‌ എന്നറിയുമ്പോള്‍?”

സാവിത്രി കണുനീര്‍ തുടച്ചു.
“ആ നിമിഷം തീരുമാനിച്ചതാണ് ശേഷിച്ച ജീവിതം ഇനി നിത്യാനന്ദമയി അമ്മയുടെ ആശ്രമത്തിലാകാം എന്ന്…മോള്‍ ജോയലിനോടൊപ്പം പോയാല്‍! ഇല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി ഇവിടെ വിട്ട് തറവാട്ടില്‍ പോയി താമസിക്കാം എന്ന്! നിങ്ങളോടൊപ്പം ഇനിയില്ല എനിക്ക് ജീവിതം!”

അത് കേട്ട് അയാളുടെ മുഖത്ത് ഭീദി പരന്നു.

“ജോയലിന്റെ കൂടെയോ? എന്ത് ഭ്രാന്താ നീയീ പറയുന്നേ സാവിത്രി?”

“അതേ ജോയലിന്റെ കൂടെ!”

പിമ്പില്‍ നിന്നും ഗായത്രിയുടെ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.

“എന്‍റെ പൊന്നുമോളെ!”

സാവിത്രി അവളുടെ നേരെ ഓടിച്ചെന്നു. അവള്‍ക്ക് പിമ്പില്‍ ജോയല്‍ നില്‍ക്കുന്നത് അവര്‍ കണ്ടു. അവര്‍ അവളെ ആശ്ലേഷിച്ചു. ജോയലിന്റെ നേരെ നന്ദി സൂചകമായി കൈകള്‍ കൂപ്പി.

ജോയല്‍ പക്ഷെ അവരുടെ കൈകള്‍ പിടിച്ചു താഴ്ത്തി.

“അരുത് അമ്മെ!”

അവന്‍ പറഞ്ഞു.

“അടുക്കരുത്!”

പദ്മനാഭന്‍ തമ്പിയുടെ ഭീഷണമായ സ്വരം കേട്ട് മൂവരും തിരിഞ്ഞു നോക്കി. കയ്യില്‍ തോക്കുമായി, അത് ജോയലിന് നേരെ ചൂണ്ടി പദ്മനാഭന്‍ തമ്പി. ഗായത്രി അത്കണ്ട് പുഞ്ചിരിച്ചു.

“ആരുടെ നേരെയാണ് തോക്ക് ചൂണ്ടി നില്‍ക്കുന്നത്?”

അവള്‍ ചോദിച്ചു.

“കാശിത്തുമ്പയെടുത്ത് കൊടുംകാടിന്‍റെ നേരെ കാണിച്ചാല്‍ അത് പേടിക്കുമോ, മിസ്റ്റര്‍ പദ്മനാഭന്‍ തമ്പി?”

ഗായത്രി തന്നെ പേര് ചൊല്ലി വിളിച്ചത് കേട്ട് അയാള്‍ തീവ്രവിസ്മയം പൂണ്ടു.

“സ്വന്തം പപ്പയെ നോവിച്ചു കൊന്നത് അച്ഛനല്ല ആരായാലും ശിക്ഷ അര്‍ഹിക്കുന്നു എന്ന് ഞാന്‍ ജോയോടു പറഞ്ഞിരുന്നു…”

ഗായത്രി, വിയര്‍പ്പില്‍ മുങ്ങിയ മുഖത്തോടെ നില്‍ക്കുന്ന അച്ഛനെ നോക്കിപ്പറഞ്ഞു. “പക്ഷെ ജോ പറഞ്ഞത്…”

അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം പിന്‍വലിക്കാതെ ഗായത്രി പറഞ്ഞു.

“താന്‍ കൊന്നയാളുടെ മകന്‍റെയൊപ്പമാണ് തന്‍റെ ഒരേയൊരു മകള്‍ താമസിക്കുന്നത് എന്ന അറിവിനപ്പുറം വലിയ ഒരു ശിക്ഷ മറ്റെന്താണ് എന്നാണ്!”

ഗായത്രിയുടെ വാക്കുകള്‍ക്ക് മുമ്പില്‍ അയാള്‍ വീണ്ടും പകച്ചു.

“നീ ആരുടെ കൂടെ ജീവിക്കുന്നെന്നാ പറഞ്ഞെ?”

തോക്ക് മുമ്പില്‍ നില്‍ക്കുന്നവരുടെ നേരെ ചൂണ്ടിക്കൊണ്ട് പദ്മനാഭന്‍ ചോദിച്ചു. ഒരു കൈകൊണ്ട് അയാള്‍ വിയര്‍പ്പ് തുടച്ചു.

അവര്‍ മുമ്പോട്ട്‌ വന്നുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പിമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു.

“ശിക്ഷ, ഏറ്റവും ഭീകരമായ ശിക്ഷ അര്‍ഹിക്കുന്ന തെറ്റാണ് ചെയ്തത്!”

ഗായത്രി തുടര്‍ന്നു. ജോയലും അവള്‍ക്കൊപ്പം അയാളുടെ നേരെ ചുവടുകള്‍ വെച്ചു.

“ഗവര്‍ണ്ണറാണ്….”

അയാള്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞുകൊണ്ട് പിമ്പോട്ടു നീങ്ങി.
“ഗവര്‍ണ്ണറാണ് ഞാന്‍…അത് മറക്കണ്ട…”

അയാളുടെ മുഖത്ത് ഭയവും വിയര്‍പ്പും നിറഞ്ഞു.

“പിമ്പോട്ടു നീങ്ങരുത്!”

ജോയല്‍ ഉറക്കെപ്പറഞ്ഞു.

“വീഴും! താഴെ വീഴും നിങ്ങള്‍!!”

അയാളെ പിടിക്കാനെന്നവണ്ണം ജോയല്‍ മുമ്പോട്ട്‌ കുതിച്ചു.

“എന്നെ വീഴ്ത്താന്‍ നീയായിട്ടില്ല ജോയലെ!!”

തോക്ക് ചൂണ്ടി പിമ്പോട്ടു ചുവടുകള്‍ വെച്ചുകൊണ്ട് തമ്പി പറഞ്ഞു.

“വീഴുന്നതെപ്പോഴും നീയായിരി …..”

പറഞ്ഞു തീര്‍ന്നതും പദ്മനാഭന്‍ തമ്പി താഴേക്ക് പതിച്ചു. അയാളെപ്പിടിക്കാന്‍ ജോയല്‍ ഓടിയടുത്തു. അവന് പിന്നാലെ സാവിത്രിയും ഗായത്രിയും.

അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ അയാള്‍ താഴേക്ക് വീ വീണുപോയ്ക്കൊണ്ടിരുന്നു. കാറ്റില്‍ അയാള്‍ ധരിച്ചിരുന്ന കസവ് മുണ്ട് ഉയര്‍ന്നു പൊങ്ങി. അയാളില്‍ നിന്നുമുയര്‍ന്ന നിലവിളി കാറ്റില്‍ അമര്‍ന്നു ഞരങ്ങിപ്പോയി. താഴേക്ക് താഴേക്ക്, ചാരി വെച്ചിരുന്ന മാര്‍ബിള്‍ പാളികളുടെ മേലെ അയാള്‍ ശക്തിയായി വീണുടഞ്ഞു. ഓരോ മാര്‍ബിള്‍ പാളിയും അയാളുടെ ദേഹത്തെ വിശപ്പോടെ സ്വീകരിച്ചു. കണ്ണുകള്‍ തുറിച്ച്, നാക്ക് വെളിയിലേക്ക് വന്ന്‍, പദ്മനാഭന്‍ തമ്പിയുടെ ശരീരം മുകളില്‍ നിന്ന് തന്നെ നോക്കുന്നവരുടെ മുമ്പില്‍ വിറച്ച് വലിച്ച് നിശ്ചലമായി.

******************************************************

കോര്‍ണര്‍ ഓഫീസിലേ ജനലിലൂടെ നോക്കിയപ്പോള്‍ എയര്‍ മൊള്‍ഡോവയുടെ ഒരു ജെറ്റ് ആകാശത്ത് ശ്വേത രേഖവീഴ്ത്തി കുതിക്കുന്നത് ജോയല്‍ കണ്ടു. ക്ലോക്കിലേക്ക് നോക്കി. അഞ്ചു മണി! കോഫി മെഷീനില്‍ നിന്ന് ഒരു കപ്പ് ചൂട് കാപ്പിയെടുത്ത് തിരിയുമ്പോള്‍ വാതില്‍ക്കല്‍ ഗോവിന്ദന്‍ കുട്ടി നില്‍ക്കുന്നു.

“എന്താടാ ഒരു പരുങ്ങല്‍?”

കാപ്പിയുടെ രുചിയില്‍ ഒരു നിമിഷം മനസ്സ് കൊടുത്ത് ചിരിച്ചു കൊണ്ട് എന്നാല്‍ ഗൌരവത്തില്‍ ജോയല്‍ ചോദിച്ചു.

“അല്ല…ഞാന്‍…”

Leave a Reply

Your email address will not be published. Required fields are marked *