സൂര്യനെ പ്രണയിച്ചവൾ- 24

രോഗം നിയന്ത്രണാതീതമായി വളര്‍ന്ന ഘട്ടത്തില്‍ നതാലിയയുടെ ഉപദേശ പ്രകാരം രവി ചന്ദ്രനും ജോയലും ചേര്‍ന്ന് അവളെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈക്യാട്രിക് ഹോസ്പ്പിറ്റലുകളിലൊന്നായ പാരീസിലെ ഷാങ്ങ്‌ മിഷേല്‍ ഷാമറ്റ് സൈക്കോതെറാപ്യൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗത്തിന്‍റെ പ്രത്യേകതകളും ഗൌരവാവസ്ഥയും കാരണം മൂന്നു വര്‍ഷങ്ങള്‍ അവള്‍ക്ക് അവിടെ ചെലവിടേണ്ടി വന്നു. ഈ മാസമാണ് ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്നത്.

“ജോയല്‍ ഒരു മിനിറ്റ്!”

രാകേഷ് അവന്‍റെ തോളില്‍ പിടിച്ചു.

പിന്നെ രാകേഷ് റിയയെ കണ്ണുകാണിച്ചു.

“വെള്ളമടി പ്ലാന്‍ ചെയ്യാന്‍ വല്ലതും ആണേല്‍ ഞാന്‍ മാന്തിപ്പൊട്ടിക്കും പറഞ്ഞേക്കാം,”

ജോയലിനെ വിളിച്ചുകൊണ്ട് ഓഫീസിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങിയ രാകേഷിനെ നോക്കി അവള്‍ പറഞ്ഞു. അവരവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.

“അന്ന് ഞാന്‍ നിങ്ങള്‍ രണ്ടാളും പോത്തനും നിന്നിടത്തേക്ക് വരുന്നതിനു അഞ്ചു മിനിറ്റ് മുമ്പാണ് അതുണ്ടായത്…”

ഓഫീസിന് വെളിയില്‍, ഗ്രീഷ തടാകത്തിന്റെ നീല ഭംഗിയിലെക്ക് നോക്കി രാകേഷ് പറഞ്ഞു.

“നിങ്ങളുടെ ടീമിലെ ഒരാളെ ഞാനന്ന് ഷൂട്ട്‌ ചെയ്തു. ആങ്ങ്‌, സന്തോഷ്‌,
അയാളെ…അപ്പോള്‍ എന്‍റെ കൂടെ കുറച്ച് സോള്‍ജിയേഴ്സ് ഉണ്ടായിരുന്നു…സന്തോഷിനെ ഷൂട്ട്‌ ചെയ്ത് ഒന്ന് വട്ടം കറങ്ങി തിരിയുമ്പോള്‍ എന്‍റെ ഇടതും വലതും നിന്നിരിരുന്ന രണ്ട് ജവാന്മാര്‍ വീണു…”

തടാകത്തിന്റെ ഭംഗിയില്‍ നിന്നും നോട്ടം പിന്‍വലിച്ചുകൊണ്ട് രാകേഷ് ജോയലിനെ നോക്കി.

“നോക്കുമ്പോള്‍ റിയ…”

അവന്‍ തുടര്‍ന്നു.

“ഒരു പക്കാ ഫൂലന്‍ ദേവി മൂഡില്‍…മുഖത്തൊക്കെ ബ്ലഡ്…മുടിയൊക്കെ വാരിവലിച്ച്.. പിള്ളേര് കണ്ടാ ആ സെക്കന്‍ഡില്‍ തീരും ലൈഫ് ..അങ്ങനത്തെ ഒരു ഫിഗര്‍…”

ആ രംഗം അപ്പോള്‍ മുമ്പില്‍ കണ്ടിട്ടെന്നത് പോലെ രാകേഷ് ഒന്ന് നിര്‍ത്തി.

“പെട്ടെന്ന് അവള്‍ എന്നെ ഷൂട്ട്‌ ചെയ്തു…എന്‍റെ ഗണ്‍ നിലത്ത് വീണു. അടുത്ത ഗണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അലറി…ഡോണ്ട് മൂവ്… എന്നിട്ട് ഗണ്‍ എന്‍റെ നെഞ്ചിനു നേരെ ചൂണ്ടി…അവിടെ തീര്‍ന്നു എന്ന് ഞാന്‍ ഉറപ്പിച്ചതാ…ഷുവര്‍ അല്ലെ അത്…? എന്‍റെ കൈകളില്‍ ഒന്നുമില്ല..അവള്‍ എന്‍റെ മുമ്പില്‍ ഏതാണ്ട് ഒരു പത്ത് മീറ്റര്‍ മാത്രം ദൂരെ…”

ജോയലിന്റെ മുഖത്ത് ആകാംക്ഷ വളര്‍ന്നു.

“പക്ഷെ അവളെന്നെ നോക്കി….”

രാകേഷ് തുടര്‍ന്നു.

“ലൈഫില്‍ ഞാന്‍ മറക്കില്ല ആ നോട്ടം…അവളുടെ കയ്യില്‍ തോക്ക്. വിരല്‍ ട്രിഗറില്‍. ഒന്ന് അനക്കിയാല്‍ എന്‍റെ നെഞ്ചിന്‍കൂട് തേനീച്ചക്കൂട് പോലെയാകും….അവളെന്‍റെ മുഖത്തേക്ക് നോക്കി നിന്നു..”

“എന്നിട്ട്?”

“എന്നിട്ട്…”

രാകേഷ് ചിരിച്ചു.

“റണ്‍ എവേ…അവള്‍ എന്നെ നോക്കി അലറി…എന്‍റെ തോക്കീന്നു തീ വരുന്നേനു മുമ്പ് എങ്ങോട്ടെങ്കിലും ഓടെടാ! ജോയലിനെ നിങ്ങള്‍ കൊന്നാല്‍ ആ പാവം ഗായത്രി അനാഥയാകും…അവള്‍ക്ക് നീ വേണം…ഇതായിരുന്നു ഡയലോഗ്…ഞാന്‍ അവളുടെ മുമ്പില്‍ ഹീറോ ആകാന്‍ നിന്നില്ല… വലിയ ഒരു കാരുണ്യമാണ് അവള്‍ അന്ന് ചെയ്തത്…അന്നേരം ഐ ഡോണ്ട് മൈന്‍ഡ് , ഷൂട്ട്‌ മീ എന്നൊക്കെപ്പറഞ്ഞ് ഹീറോയിസം കാണിക്കുന്നത് അബദ്ധമാ….ഞാന്‍ ഓടി ..ഓടി വരുമ്പം നിങ്ങള് പോത്തനെ പൂട്ടി നിക്കുവാ….”

രാകേഷ് പറഞ്ഞു.

“ബാക്കി നടന്നത് നിങ്ങക്ക് അറിയാമല്ലോ…”
രാകേഷ് തുടര്‍ന്നു.

“ഷബ്നം മരിച്ചതും അവളുടെ ബോഡി ഞാന്‍ മൊള്‍ഡോവന്‍ എംബസ്സിയില്‍ എത്തിച്ചതും ഒക്കെ…”

രാകേഷ് ഒന്ന് നിശ്വസിച്ചു.

“പിന്നെയും ദിവസങ്ങള്‍ കടന്നുപോയി….”

രാകേഷ് തുടര്‍ന്നു.

“നിങ്ങളുടെ ടീമിലെ നാലഞ്ചു പേരന്നു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ നാല് ജവാന്മാരും രക്തസാക്ഷികളായി… ഞാന്‍ പിന്നെ പുതിയ ഇടങ്ങളിലേക്ക് പോയി… പക്ഷെ ഒരു മുഖം എന്നെ എപ്പോഴും ഹോണ്ട് ചെയ്തു….റിയയുടെ….”

രാകേഷ് ജോയലിനെ നോക്കി.

“ലാസ്റ്റ് കണ്ടപ്പോഴുള്ള അവളുടെ നോട്ടം…”

അവന്‍ തുടര്‍ന്നു.

“ഉറങ്ങുമ്പോഴും ഉണരുമ്പോഴും എന്ത് ചെയ്താലും…ഒരു മാതിരി ഭ്രാന്ത് വരുന്നത് പോലെ….എങ്ങനെ എങ്കിലും അവളെ കാണണം എന്ന് മനസ്സ് എപ്പോഴും പറഞ്ഞു….”

രാകേഷിന്റെ വാക്കുകള്‍ ജോയലില്‍ അദ്ഭുതമായി വളര്‍ന്നു.

“ഒരു കൊല്ലം കഴിഞ്ഞ് മൊള്‍ഡോവ ടൂറിസത്തിന്‍റെ ഒരു ആഡ് ഞാന്‍ കണ്ട് ഇന്ത്യ ടു ഡേ മാഗസിനില്‍…”

ജോയല്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“അപ്പോള്‍ ഒരു മാളിന്റെ പിമ്പില്‍ രവി നില്‍ക്കുന്ന ഒരു ഫോട്ടോ…പെട്ടെന്ന് അയാളെ ഒന്ന് കാണണം, ബന്ധപ്പെടണം എന്ന് എനിക്ക് തോന്നി. പോസ്റ്റ്‌ ഓപ്പറേഷന്‍ വിക്റ്റിംസുമായോ അവരുടെ കോണ്‍ഫെഡറേറ്റ്സുമായോ ഒരു കണക്ഷനും പാടില്ല എന്നത് ഞങ്ങളുടെ കോഡ് ഓഫ് കോണ്‍ഡക്റ്റില്‍ ഉള്ളതാണ്…ബട്ട്….”

രാകേഷ് വീണ്ടും ഗ്രീഷയിലേക്ക് നോക്കി.

“റിയേടെ മുഖം മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് കൊണ്ട് അവളെക്കുറിച്ച് അറിയാനുള്ള ഏകമാര്‍ഗ്ഗം രവിയുമായി ബന്ധപ്പെടുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കി…”

രാകേഷ് തുടര്‍ന്നു.

“കിഷിനാവുവിലെ ഐ ടി ഫേംസിനെപ്പറ്റിയൊക്കെ മനസ്സിലാക്കി…ഇവിടെ റിച്ചാര്‍ഡ് ഫോന്‍സെക് എന്ന പേരിലാണ് രവിയെന്നു ഞാന്‍ മനസ്സിലാക്കി…”

രാകേഷ് പുഞ്ചിരിച്ചു.

“രവിയെ വിളിച്ചു….”

രാകേഷ് തുടര്‍ന്നു.

“ആദ്യമൊന്നും രവി സമ്മതിച്ചില്ല…അത് സ്വാഭാവികമാണല്ലോ..പിന്നെ തുടരെ കോളുകള്‍ മെയിലുകള്‍ ..റിയയെ കാണണം എന്നാണു എന്‍റെ ഉദ്ദേശം എന്ന് പറഞ്ഞപ്പോള്‍, എന്‍റെ ഉദ്ദേശം മനസ്സിലാക്കിയപ്പോള്‍ രവിയാണ് പാരീസിലെ അഡ്രസ്സ് തന്നത്…”

ജോയലിന്റെ കണ്ണുകളില്‍ വിസ്മയം നിഴലിച്ചു.

“അഡ്രസ്സ് കിട്ടിയ അന്ന് തന്നെ ഞാന്‍ പ്ലെയിന്‍ കയറി…”

രാകേഷ് തുടര്‍ന്നു.

“റിയയെ ഹോസ്പ്പിറ്റലില്‍ പോയി കണ്ടു…”

പിമ്പില്‍ നിന്നും അവര്‍ രവി ചന്ദ്രന്‍റെ ശബ്ദം കേട്ടു.

അവരിരുവരും തിരഞ്ഞു നോക്കി.

“അന്ന് മുതല്‍ മുടങ്ങാതെ, മാസത്തില്‍ ഒരു പത്ത് ദിവസമെങ്കിലും ഇവന്‍, രാകേഷ്…നമ്മുടെ മുന്‍സ്പെഷ്യല്‍ ടീം ഡയറക്ടര്‍ സൈക്കോ തെറാപ്യൂട്ടില്‍ എത്തുമായിരുന്നു…ഒരാള്‍ക്ക്‌ പോലും സാധിക്കാത്ത രീതിയില്‍ റിയയെ ശുശ്രൂഷിച്ച്, സ്നേഹിച്ച്, പ്രണയിച്ച്….”

രവിയുടെ വാക്കുകള്‍ കേട്ട് ജോയലിന്റെ കണ്ണുകള്‍ തുളുമ്പി.

“ഇന്ന് റിയ പൂര്‍ണ്ണ ആരോഗ്യവതിയാണ്…”

രാകേഷിന്റെ തോളില്‍ അമര്‍ത്തിക്കൊണ്ട് രവി തുടര്‍ന്നു.

“ഇവന്‍ കാരണം…അല്ലെങ്കിലും പ്രണയത്തേക്കാള്‍ വീര്യമുള്ള മറ്റെന്ത് മരുന്നുണ്ട് ലോകത്ത്?”

ജോയല്‍ കൃതജ്ഞതയോടെ രാകേഷിനെ നോക്കി.

“നന്ദി..ഒരുപാട് …എങ്ങനെയാണ് …ഞാന്‍….”

രാകേഷിനെ ആശ്ലേഷിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു.

വികാരാധിക്യം കാരണം അവന് വാക്കുകള്‍ മുറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *