സൂര്യനെ പ്രണയിച്ചവൾ- 24 1

“കിഷിനാവ്…”

രാകേഷ് സംശയിച്ചു.

“അത് ആഫ്രിക്കന്‍…അല്ലല്ലോ ആഫ്രിക്കന്‍ അല്ലല്ലോ…യെസ്! മൊള്‍ഡോവാ..മൊള്‍ഡോവായുടെ ക്യാപ്പിറ്റല്‍ അല്ലെ?”

രാകേഷ് തലകുലുക്കി. ഗായത്രി ജോയലിനെ അദ്ഭുതത്തോടെ നോക്കി.

“അഡ്രസ് വാട്ട്‌സാപ്പ് ചെയ്യുക…ഞാന്‍ നമ്പര്‍ പറഞ്ഞേക്കാം…ഷബ്നത്തിന്‍റെ ബോഡി അവിടെയെത്തിയിരിക്കും….”

ജോയല്‍ അവിശ്വസനീയതോടെ രാകേഷിനെ വീണ്ടും നോക്കി.

“സൂറിച്ച് സമ്മിറ്റിലേ പ്രിസണേഴ്സ് ഓഫ് വാര്‍ പ്രോട്ടോക്കോള്‍ ആന്‍റി ടെററിസ്റ്റ് കോംബാറ്റിലേ ഫാളന്‍ ആക്റ്റിവിസ്റ്റുകളുടെ കാര്യത്തിലും ബാധകമാക്കിയിട്ടുണ്ട്, ജോയല്‍. കേട്ടിട്ടില്ലേ?”

“അതറിയാം,”

സംശയത്തോടെ ജോയല്‍ പറഞ്ഞു.

“പക്ഷെ ഇന്ത്യയില്‍ അത്….”

“യെസ്!”

രാകേഷ് ചിരിച്ചു.

“എങ്ങനെ പോസ്സിബിളാണ് എന്ന് അല്ലെ? ഇന്ത്യ പോലെ ടെറിബിളി ലൊ ഡിഫൈയിങ്ങ് രാജ്യത്ത് പ്രോംറ്റ്‌ ആയി ഇതൊക്കെ എങ്ങനെ നടക്കും എന്നല്ലേ? അതെനിക്ക് വിട്ടേക്കൂ…കാരണം…”

രാകേഷിന്റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.

“ഞാന്‍ ആഗ്രഹിച്ച, ഞാന്‍ കൊതിച്ച, എനിക്ക് കിട്ടാതെ പോലെ എന്‍റെ ഗായത്രിയുടെ നാത്തൂനാണ് ഇത്…”

രാകേഷ് മന്ദഹസിക്കാന്‍ ശ്രമിച്ചു.

ഗായത്രി സഹതാപത്തോടെ രാകേഷിന്റെ കയ്യില്‍ പിടിച്ചു.

“രാകേഷ്…എന്നോട്!”

അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.

“ഏയ്‌! എന്തായിത് ഗായത്രി…”

അവളെ ആശ്ലേഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“പ്രശ്നം അതല്ല….”

സ്വരത്തില്‍ അമിതമായ വികാരവായ്പ്പ് വരുത്താതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് രാകേഷ് പറഞ്ഞു.
“നിന്നെപ്പോലെ ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഉടനെ മമ്മീടെ മുമ്പി പ്രസന്‍റ്റ് ചെയ്യണം… കാരണം എന്താണെന്ന് വെച്ചാ…എനിക്ക് മാത്രമല്ല നിന്നെ അസ്ഥിയില്‍ പിടിച്ചിരിക്കുന്നെ…മമ്മിയ്ക്ക് നീയെന്ന് വെച്ചാ….ഞാന്‍ പറഞ്ഞു നോക്കി ഒരുപാട്…ഗായത്രിപ്പുഴ സൂര്യഗിരീന്ന് ആണ് ഒഴുകുന്നതെന്നും ഒക്കെ ഫില്‍മി ഡയലോഗ് ഒക്കെ പറഞ്ഞു … ആ പാവത്തിനോട്…. അത്രയ്ക്കങ്ങ് കണ്‍വിന്‍സിങ്ങ് ആയില്ല ആ ഡ്രാമ…കാരണം എത്ര ഒളിപ്പിച്ചിട്ടും നിന്നോടുള്ള ആ കത്തുന്ന പ്രേമം അങ്ങ് കണ്ണീന്ന് കളയാന്‍ പറ്റിയില്ല അന്നേരം…”

എന്ത് പറയണമെന്നറിയാതെ ജോയല്‍ രാകേഷിനെ നോക്കി.

“ഡോണ്ട് വറി…”

അവളോടൊപ്പം ജോയലിനെയും ചേര്‍ത്ത് പിടിച്ച് രാകേഷ് പറഞ്ഞു.

“ഇപ്പം എന്‍റെ മൈന്‍ഡ് ക്ലീനാ…ഗായത്രി എന്‍റെ നല്ല കൂട്ടുകാരന്‍റെ വൈഫ് ആണ് എന്ന് ഞാനെന്‍റെ മനസ്സിനെ കണ്‍വിന്‍സിങ്ങ് ആക്കിയിട്ടുണ്ട്…. സൊ …നിങ്ങള്‍ ഒരു കാര്യം ചെയ്യ്‌…”

രാകേഷ് ചുറ്റും നോക്കി.

“ഇപ്പം ഈ സീനിലേക്ക് എന്‍റെ ബറ്റാലിയന്‍ എത്തും…”

അയാള്‍ ജാഗ്രതയോടെ പറഞ്ഞു.

“ഓപ്പറേഷന്‍ ടെര്‍മിനേറ്റ് ചെയ്യുന്ന കാര്യം ഞാന്‍ അനൌണ്‍സ് ചെയ്യാന്‍ പോകുവാ. പിന്നെ ഇന്നോ നാളെയോ പാക്കപ്പ് ചെയ്യും…അതുകൊണ്ട്…”

ട്രാന്‍സ്മിറ്റര്‍ എടുത്തുകൊണ്ട് രാകേഷ് വീണ്ടും ചുറ്റും നോക്കി.

“നിങ്ങള്‍ രണ്ടും ഇപ്പം തന്നെ ഇവിടം വിട്ടുപോ! ഷബ്നത്തിന്‍റെ ബോഡി സേഫ് ആയി മൊള്‍ഡോവാ എംബസ്സിയിലെത്തും…”

“രാകേഷ്…”

ജോയല്‍ അവന്‍റെ കൈപിടിച്ച് അമര്‍ത്തി.

“മറക്കില്ല ഞാനിത്….സ്വയം പരാജയമേറ്റ് വാങ്ങി …ഞങ്ങള്‍ക്ക് വേണ്ടി….”

“ശരിയാ…”

അവന്‍ ചിരിച്ചു.

“ഏറ്റെടുത്ത ഒരു മിഷന്‍ ഫെയില്‍ഡ്‌ ആകുന്നത് ആദ്യമാ… പക്ഷെ ഇതുപോലെ വിജയിച്ച ഒരു ഫീല്‍ ഇങ്ങനെ ഇതുപോലെ കിട്ടുന്നത് ഈ ഫെയിലറിലാ…നേരാണ് ഞാന്‍ പറയുന്നത്…ഇതിനു മുമ്പ് വിജയിച്ചപ്പം അപ്പോള്‍പ്പോലും ഇങ്ങനെ ഒരു ഫീല്‍ കിട്ടിയിട്ടില്ല…ഒരു പ്രണയം വിജയിക്കുന്നത് കാണാന്‍ പറ്റിയല്ലോ! നിങ്ങളുടെ പ്രണയം വിജയിപ്പിക്കുന്ന നാടകത്തില്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലേ?”

രാകേഷ് ചിരിച്ചു.

“ഒരു പ്രണയം വിജയിക്കുന്നത് പോലെ മഹത്തരമായി മറ്റൊന്നും വിജയിക്കില്ല, ലോകത്ത്!”

ഗായത്രിയും ജോയലും പരസ്പ്പരം നോക്കി.

“ഇനി നിക്കണ്ട! വിട്ടോ. ഇനി ചെയ്യാന്‍ ബാക്കിയൊന്നുമില്ലല്ലോ!”

രാകേഷ് ഇരുവരേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *