സൂര്യനെ പ്രണയിച്ചവൾ- 24

അയാള്‍ തല ചൊറിഞ്ഞു.

“എന്തോ വള്ളിക്കെട്ടാണല്ലോ!”

അവന്‍റെ നേരെ നടന്നുകൊണ്ട് ജോയല്‍ പറഞ്ഞു.

“നീ കാര്യം പറയെടാ നിന്ന് ഡാന്‍സ് കളിക്കാതെ!”

“ഞാന്‍ രാവിലെ പറഞ്ഞാരുന്നല്ലോ കത്തീഡ്രല്‍ പാര്‍ക്കില്‍….! അവിടെ ഒരു ബുക്ക് ഫെയര്‍ നടക്കുന്നു…”

അവന്‍ ഓര്‍മ്മിപ്പിച്ചു.

“ഒഹ്! അത്!”

“നെനക്കാ! റഷ്യന്‍ പെണ്ണിന്‍റെ മണമടിച്ചില്ലേല്‍ വല്ലാത്ത ഏനക്കേട അല്ലെ?”

“അയ്യോ ജോയലെ, അല്ല സാറേ, അതിനല്ല….”

ഗോവിന്ദന്‍ കുട്ടി പിന്നെയും തല ചൊറിഞ്ഞു.
“മോനെ ഗോവിന്ദാ!”

അടുതെത്തി അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു

“നീ കത്തീഡ്രല്‍ പാര്‍ക്കിലേക്കും നിന്‍റെ കുഞ്ഞമ്മേടെ വീട്ടിലേക്കുമൊന്നുമല്ല ഇപ്പം പോകുന്നെന്നു എനിക്ക് കൃത്യമായി അറിയാം…നീ പോകുന്നത് നീപോകുന്നത് ഇപ്പൊ വാലിയ മോറിലോറിലേക്ക് അല്ലേടാ?”

ഗോവിന്ദന്‍ കുട്ടിയുടെ മുഖം കടലാസ് പോലെ വെളുത്തു.

കിസിനാവുവിലെ ഏറ്റവും ആകര്‍ഷണീയമായ പബ്ലിക്ക് പാര്‍ക്കാണ് വാലിയ മോറിലോര്‍. മനം മയക്കുന്ന സൌന്ദര്യമാണ് രണ്ടു കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആ പാര്‍ക്കിന്. മൊള്‍ഡോവിയന്‍ പ്രണയിനികളുടെ പറുദീസ എന്നറിയപ്പെടുന്ന അതിചാരുതയാര്‍ന്ന ഭൂഭാഗം. ഗ്രീഷ തടാകത്തിന്റെ കരയില്‍, ചുവപ്പും മഞ്ഞയും ഇലകള്‍ പൂത്തുലയുന്ന മേപ്പിള്‍ മരങ്ങള്‍ അതിര് കാക്കുന്ന, വര്‍ണ്ണവിസ്മയത്തിനു മറ്റൊരു പര്യായവുമാവശ്യമില്ലയെന്നു സഞ്ചാരികളെ നോക്കി മന്ത്രിക്കുന്നയിടം…

“ബാക്ക് ലോഗ് ഒന്നുമില്ലല്ലോ!”

ജോയല്‍ ഗൌരവത്തില്‍ ചോദിച്ചു.

“ഇല്ല…!”

ഗോവിന്ദന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.

“എല്ലാ ഫയല്സും ചെക്ക് ചെയ്തു. നോട്ട് ചെയ്തു. ഡിസ്പാച്ച് ചെയ്തു….”

“നാളത്തെ പ്രോഗ്രാംസ്?”

“എല്ലാം സെറ്റ് ചെയ്തു….”

“ശരി…”

ജോയല്‍ പറഞ്ഞു.

“എന്നാ നീ മരിയ പെട്രോവയെക്കാണാന്‍ പൊക്കോ! ലേറ്റ് ആകണ്ട!”

ഗോവിന്ദന്‍ കുട്ടി ഞെട്ടലോടെ അവനെ നോക്കി.

“സാര്‍…”

ഗോവിന്ദന്‍ കുട്ടി ജാള്യത മറയ്ക്കാന്‍ പാടുപെട്ടു. താന്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് ജോയല്‍ എങ്ങനെ മനസ്സിലാക്കി എന്നോര്‍ത്ത് അവന്‍ അദ്ഭുതപ്പെട്ടു.

“എന്താടാ ഇത്?”

പുഞ്ചിരിയോടെ ജോയല്‍ ചോദിച്ചു.

“മൊള്‍ഡോവാ പ്രണയത്തിന്‍റെ നാടല്ലേ? ഇവിടെ ജീവിക്കുമ്പോള്‍ പ്രേമിച്ചില്ല എന്ന് പറഞ്ഞാല്‍? നീ പേടിക്കേണ്ട! നല്ല കുട്ടിയാ അവള്! റഷ്യന്‍ എന്ന് പേരേയുള്ളൂ! ഒരു കസവ് സാരി ഉടുപ്പിച്ചാല്‍ നല്ല തറവാടി മലയാളി മങ്കയായി അവള്‍!”

ഗോവിന്ദന്‍ കുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ മുഖത്തിന്‍റെ സൌന്ദര്യം ഒന്നുകൂടിയേറി.

“താങ്ക്യൂ സാര്‍!”

ഗോവിന്ദന്‍കുട്ടി ഉത്സാഹത്തോടെ പോകുന്നത് നോക്കുന്നത് പുഞ്ചിരിയോടെ നോക്കി നില്‍ക്കവേ ജോയലിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് മെസേജ് വന്നു.

“സി ഇ ഒ…”
അവന്‍ മന്ത്രിച്ചു. രവി ചന്ദ്രനാണ് മെസേജ് അയച്ചിരിക്കുന്നത്! അവന്‍ വാട്ട്സ് ആപ്പ് തുറന്നു.

“യൂ ഹാവ് എ വിസിറ്റര്‍. കം റ്റു മൈ ഓഫീസ്!”

ഈ സമയത്ത് ആരായിരിക്കും? സ്വയം ചോദിച്ചുകൊണ്ട് ജോയല്‍ നോര്‍ത്ത് ബ്ലോക്കിലേക്ക് നടന്നു. കോറിഡോര്‍ കടന്ന് കോര്‍ണറിലേക്ക് നീങ്ങി. ഡോര്‍ തുറന്ന് കിടന്നിരുന്നു. അവനകത്ത് കടന്നു. രവി ചന്ദ്രനുണ്ട്‌ ചെയറില്‍. അയാള്‍ക്കഭുമുഖമായി ഒരു സ്ത്രീയും പുരുഷനുമിരിക്കുന്നു. നല്ല ഉയരമുള്ള, ട്വീഡ് സ്യൂട്ട് ധരിച്ചയാള്‍. സ്ത്രീയുടെ വേഷം സാരിയാണ്. ഇന്ത്യന്‍ ആണ് അപ്പോള്‍. ഇന്ത്യക്ക് വെളിയില്‍ സ്ത്രീകള്‍ സാരി ധരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സുന്ദരിമാരാകുന്നു. ജോയല്‍ അവരെ സമീപിച്ചു.

“ആഹ്, ജോയല്‍!”

അവനെക്കണ്ട് രവിചന്ദ്രന്‍ പുഞ്ചിരിച്ചു.

“വാ…”

അവന്‍ ആഗതരുടെ സമീപമെത്തി. അവര്‍ അവനെക്കണ്ട് തിരിഞ്ഞു. ഒരു നിമിഷം താന്‍ നില്‍ക്കുന്ന പരിസരമവന്‍ മറന്നു. വിസ്മിത നേത്രങ്ങളോടെ അവന്‍ അവരെ മാറി മാറി നോക്കി. അവര്‍ അപ്പോള്‍ അവനെതിരേ എഴുന്നേറ്റു.

“രാകേഷ്….!”

ജോയല്‍ രാകേഷിനെ ആലിംഗനം ചെയ്തു. പിന്നെ അവന്‍ കൂടെയുള്ള സ്ത്രീയുടെ നേരെ തിരിഞ്ഞു.

“റിയേ! എന്‍റെ….”

സുഖദവും ദീര്‍ഘവുമായ ആലിംഗനത്തിന്റെ മാസ്മരികതയില്‍ അവരമര്‍ന്നു. അതിനു ശേഷം അവര്‍ മൂവരും നിര്‍ന്നിമേഷരായി നോക്കി നിന്നു.

“തടിച്ചു നീ…”

റിയ മുഷ്ടിചുരുട്ടി അവന്‍റെ തോളില്‍ ഇടിച്ചു.

“വൈസ് ചെയര്‍മാന്‍ പണിയൊന്നും ചെയ്യുന്നില്ലേ? ഇല്ലേ രവീ?”

അവള്‍ രവി ചന്ദ്രനെ നോക്കി.

“ഒന്ന് പോടീ…”

അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ജോയല്‍ വികാരഭരിതനായി പറഞ്ഞു.

“രാകേഷേ, പറഞ്ഞെ…പറഞ്ഞെ സ്റ്റോറി…”

അവന്‍ അവര്‍ക്കഭിമുഖമായി ഇരുന്നു. സംഘത്തിലെ പലരും മൊള്‍ഡോവയിലെത്തിയ ശേഷം പലവിധ മാനസിക അസുഖങ്ങള്‍ക്കും വശംവദരായിരുന്നു.

“സിനിമകളിലും കഥകളിലും മാത്രമേ കൊലപാതകികള്‍ കൂളായി ഭാവി ജീവിതം ജീവിക്കാറുള്ളൂ…”

മൊള്‍ഡോവയിലെത്തിയ ആദ്യ വര്‍ഷം കിസിനാവു ഹോസ്പിറ്റല്‍ ഓഫ് സൈക്ക്യാട്രിയുടെ മേധാവി നതാലിയ റോസ്ക്കാ കൌണ്‍സിലിംഗിനിടെ തന്നോട് പറഞ്ഞത് ജോയല്‍ ഓര്‍ത്തു.

“സാഹചര്യം കൊണ്ട് കൊലപാതകികളാകേണ്ടി വന്നവര്‍ എപ്പോഴും കൂടെ ഒരു സെല്‍ഫ് മേഡ് ജയിലുമായാണ് നടക്കുന്നത്. കുറ്റബോധവുത്തിന്‍റെ ചിലന്തി വലയ്ക്കകത്ത് ആണവര്‍ കഴിയുന്നത്. സ്വയം വെറുപ്പും ആത്മഹത്യാശ്രമവുമൊക്കെ അവര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്…”
തന്‍റെ അവസ്ഥ വ്യത്യസ്ഥമായിരുന്നു. കുറ്റബോധമുണ്ടായിരുന്നില്ല. തെറ്റായി എന്തെങ്കിലും ചെയ്തു എന്ന തോന്നലുമുണ്ടയില്ല. എന്നാല്‍ അതായിരുനില്ല മറ്റുള്ളവരുടെ അവസ്ഥ. മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നു പലര്‍ക്കും നോര്‍മ്മല്‍ ജീവിതത്തിലേക്ക് തിരികെയെത്താന്‍. ഒരാളൊഴികെ. റിയ. മൊള്‍ഡോവയിലെത്തിക്കഴിഞ്ഞ്, കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവുള്ള കിസിനാവുവിലെത്തിയതിന് ശേഷം പലവിധ മനോവ്യധികള്‍ക്കടിപ്പെട്ടുപോയി അവള്‍. സംഘത്തിലെ പ്രിയ കൂട്ടുകാരായായിരുന്ന ഷബ്നത്തിന്‍റെയും സന്തോഷിന്‍റെയും അസ്ലത്തിന്‍റെയും മരണം അവളെ തരിപ്പണമാക്കി.

സ്പെഷ്യല്‍ ടീമുമായുള്ള അന്നത്തെ ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടിരുന്നു. അവളുടെ കയ്യാല്‍ സ്പെഷ്യല്‍ ടീമിലെ മൂന്നു പേരും മരണപ്പെടുകയും ചെയ്തു. ബൈപ്പോളാര്‍ ഡിസ്ഓര്‍ഡര്‍. ആങ്ങ്സൈറ്റി ഡിസ്ഓര്‍ഡര്‍. സൈക്കോട്ടിക് ഡിസ്ഓര്‍ഡര്‍. പോസ്റ്റ്‌ ട്രോമാറ്റിക് സ്‌ട്രെസ് ഡിസ്ഓര്‍ഡര്‍. അവളിലേ അസുഖങ്ങള്‍ക്ക് നതാലിയ റോസ്ക്ക നല്‍കിയ പേരുകളാണ് ഇവ.

പ്രണയിക്കുകയും ആഹ്ലാദിക്കുകയും ചെയുന്ന മനുഷ്യരുടെ പശ്ചാത്തലത്തില്‍, താടകങ്ങളും പുഴകളും പാര്‍ക്കുകളും സുന്ദരമായ ഭൂവിഭാഗവും കൊണ്ട് സമ്പന്നമായ കിസിനാവുവിന്‍റെ പശ്ചാത്തലത്തില്‍, കൊലപാതകങ്ങളുടെയും ചോരയുടെയും ഭൂതകാലം പേറിനടക്കുന്ന താന്‍ തീര്‍ത്തും അനുയോജ്യയല്ല എന്ന തോന്നല്‍ അവള്‍ക്കിടയില്‍ ശക്തിയായി വളര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *