അവരുടെ വാക്കുകൾ പദ്മനാഭൻ തമ്പിയിൽ, അയാളുടെ ഭാര്യയിൽ അൽപ്പം ആശ്വാസം നൽകിയതായി അവർക്ക് തോന്നി.
ഗായത്രിയുടെ ഭാവമെന്താണ്?
അത്‍ രാകേഷിനു വിവേചിക്കാനായില്ല.
അപ്പോൾ ഇരുപത് കിലോമീറ്ററുകൾക്കപ്പുറത്ത് ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ് അധികാരിയുടെ കാര്യാലയത്തിൽ അടിയന്തിരമായ ഒരു സമ്മേനം നടക്കുകയായിരുന്നു.
“കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച പ്രത്യേക ദൗത്യസംഘം നെല്ലിയാമ്പതിയിൽ ഇന്നലെ എത്തിച്ചേർന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ,”
എസ് പി ചന്ദ്രശേഖരൻ നായർ മുമ്പിലിരിക്കുന്ന ഓഫീസർമാരെ നോക്കി.
“പക്ഷെ സ്റ്റേറ്റ് ഹോം മിനിസ്ട്രിയുടെ നിർദ്ദേശം കേന്ദ്രമയച്ച കമാൻഡോകളെപ്പോലെ അല്ലെങ്കിൽ അവരെക്കാളും സ്ട്രാറ്റജിക്കായി നമ്മൾ ജോയലിൻറെ പിന്നാലെ പോകണമെന്നാണ്,”
“സാർ…”
എസ് പിയെ തുടരാനനുവദിക്കാതെ ഡി വൈ എസ് പി പോത്തൻ ജോസഫ് എഴുന്നേറ്റു.
സംസ്ഥാനപോലീസിന്റെ ചരിത്രം മുഴുവനുമെഴുതാനുള്ള സ്ഥലം അയാളുടെ ദേഹത്തുണ്ടായിരുന്നു. നല്ല വണ്ണവും അതി ദീർഘവുമായ ശരീരം.
“ജോയൽ ബെന്നറ്റിനെ പിടിക്കാനുള്ള ചുമതല സാർ ആർക്കും കൊടുക്കരുത്. അതെൻറെ പ്രസ്റ്റീജ് ഇഷ്….”
“വേണ്ട!”
എസ് പി ചന്ദ്രശേഖരൻ നായർ കയ്യിയർത്തി അയാളെ വിലക്കി.
“ഇതിന് മുമ്പ് മൂന്ന് തവണ ശ്രമിച്ചതല്ലേ? അന്നൊക്കെ തലമുടിനാരിഴയ്ക്കല്ലേ നിങ്ങൾ അവൻറെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്? ജോയലിനെ പിടിക്കാൻ തണ്ടും തടിയും മാത്രം പോരാ. നിങ്ങൾക്ക് തീരെയില്ലാത്ത ചില ഗുണങ്ങൾ കൂടിവേണം. അതിലൊന്നാണ് അഴിമതിയില്ലായ്മ എന്നൊരു ഗുണം. കേന്ദ്രപ്പൊലീസിൽ ഡെപ്യൂട്ടേഷനിൽ പോയ ആളൊക്കെയാണ് എന്നതൊക്കെ ശരി. പക്ഷെ വിജിലൻസ് അന്വേഷണം നേരിടുന്ന ഒരു ഓഫീസർ എന്ന നിലയ്ക്ക് നിങ്ങൾ ജോയൽ ഓപ്പറേഷൻ ടീമിൽ വേണ്ട!”
മറ്റെന്തോ പറയാൻ പോത്തൻ ജോസഫ് ശ്രമിച്ചെങ്കിലും എസ് പിയുടെ നോട്ടത്തിലെ ചൂടറിഞ്ഞ് അയാൾ ആരും കേൾക്കാതെ പിറുപിറുത്തുകൊണ്ട് തന്റെ ഇരിപ്പിടത്തിലിരുന്നു.
“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ,”
എസ് പി ജോസഫ് പോത്തന്റെയടുത്തിരുന്ന ഒരു യുവ ഉദ്യോഗസ്ഥനെ നോക്കി.
അയാൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.
“യൂ വിൽ ലീഡ് ദ ഓപ്പറേഷൻ,”
എസ് പി പറഞ്ഞു. യൂസുഫ് അദിനാൻ പുഞ്ചിരിയോടെ, അഭിമാനത്തോടെ അദ്ദേഹത്തെ നോക്കി.
“എസ് സാർ,”
അയാൾ പ്രതികരിച്ചു.
“ടീമിൽ ആരൊക്കെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എനിക്ക് വേണ്ടത് റിസൾട്ടാണ്. നമുക്ക് പ്രൂവ് ചെയ്യണം. സ്റ്റേറ്റിലെ ഫോഴ്‌സിലെ ഒരു സർക്കിളിന് ചെയ്യാനുള്ള ജോലിയേയുള്ളൂ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കുക എന്നുള്ളത് എന്ന്,”
“യെസ്, സാർ,”
യൂസുഫ് അദിനാൻ വീണ്ടും പറഞ്ഞു.
“ആസാം റൈഫിൾസിനും ഗ്രേഹൗണ്ട്സിനും ജോയൽ ബെന്നറ്റ് വല്യ മറ്റവനായിരിക്കാം. എന്നാൽ കേരളാ പൊലീസിന് അവൻ പുല്ലാണ് വെറും രോമം മാത്രമാണ് എന്ന് നമുക്ക് പ്രൂവ് ചെയ്യണം. ഓക്കേ?”
“യെസ്സാർ!”
യൂസുഫ് അദിനാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഒന്നുകിൽ അവനെ ഞാൻ കെണിവെച്ച് എലിയെപ്പിടിക്കുന്നത് പോലെ ജീവനോടെ പിടിച്ചിരിക്കും. അല്ലെങ്കിൽ പേപ്പട്ടിയെപ്പോലെ വഴിയിലിട്ട് തല്ലിക്കൊല്ലും,”
“എന്ത് വേണേലും ചെയ്യ്,”
ചന്ദ്രശേഖരൻ നായർ പറഞ്ഞു.
“സർക്കാര് ലക്ഷങ്ങൾ വിലയിട്ടിട്ടുണ്ട് അവൻറെ തലയ്ക്ക്,”
പോലീസ് ജില്ലാ മേധാവിയുടെ കാര്യാലയത്തിന് നാൽപ്പത് കിലോമീറ്ററിനകലെ നെല്ലിയാമ്പതിക്കടുത്ത കൊടുംകാടിന്റെ ദുർഗ്ഗമമായ പാതയിലൂടെ കിതച്ചുകൊണ്ട് ഓടി വരികയായിരുന്നു നെൽസൺ.
വീരപ്പൻ സന്തോഷ് എന്നറിയപ്പെടുന്ന തൻ്റെ തൻറെ നേതാവിനെ അറിയിക്കാനുള്ള വാർത്തയുമായി.
വീരപ്പനെപ്പോലെ വലിയ മീശയുള്ളതിനാൽ പോലീസുകാർക്കിടയിൽ അയാൾ അറിയപ്പെട്ടത് വീരപ്പൻ സന്തോഷ് എന്നായിരുന്നു.
ഒരു പക്ഷെ തൻറെ സംഘം ഇത്ര ദുഖകരമായ ഒരു വാർത്തയെ മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാവില്ല.
കഴിയുന്നത്ര വേഗം കാടിൻറെ നടുക്കുള്ള കൂടാരങ്ങളിൽ എത്തിച്ചേരണം.
അയാൾ കിതപ്പ് വകവെക്കാതെ കാട്ടിലൂടെ സഞ്ചാരത്തിന് വിലങ്ങ് തീർക്കുന്ന വള്ളിപ്പടർപ്പുകളും ബ്ലേഡിന്റെ മൂർച്ചയുള്ള പുൽത്തലപ്പുകളും വകഞ്ഞ് മാറ്റി അതിവേഗം ഓടി.
