സൂര്യനെ പ്രണയിച്ചവൾ- 3

“വിഷ്ണു പട്ടാളക്കാരൻ, അസ്‌ലം പോലീസുകാരൻ. പൊതുസമൂഹം അവരെ അവമതിച്ചപ്പോൾ വേറെ മാർഗ്ഗമില്ലാതെ അവർ ഈ നിലയിലായി. നീ ആരാണ് ശരിക്കും നെൽസാ?”

നെൽസൺ പരിഭ്രാന്തിയോടെ സന്തോഷിനെ നോക്കി.

പിന്നെ ചുറ്റും നിൽക്കുന്നവരെയും.

“ജോയലിന്റെ കൂടെനീയുണ്ടായിരുന്നു…”

സന്തോഷ് തുടർന്നു.
“ജോയൽ പോലീസ് പിടിയിലായി. ജോയലിന്റെ കൂടെയുള്ളവരെല്ലാം പോലീസ് പോലീസ് പിടിയിലായി. എല്ലാ ഓപ്പറേഷനും ക്ളോക്ക് വർക്ക് പെർഫെക്ഷനോടെ ചെയ്യുന്ന ജോയലും റിയയും വേണുവും ആദവും ഒക്കെ പിടിയിലായിട്ടും കഷ്ടിച്ച് ഒരു മാസം മുമ്പ് മാത്രം ഞങ്ങളുടെ കൂട്ടത്തിൽ കൂടിയ നീ മാത്രം രക്ഷപ്പെട്ടു…”

“സന്തോഷ് ചേട്ടാ ഞാൻ…”

നെൽസന്റെ മുഖത്തുകൂടി വിയർപ്പ് ചാലുകളൊഴുകി.

“എടാ നെൽസാ…”

സന്തോഷ് നെൽസന്റെ നേരെയടുത്തു.

“അസ്‌ലത്തിന് ഒരു കഥയുണ്ട്. ഈ വിഷ്ണുവിന് ഒരു കഥയുണ്ട്. ഈ നിൽക്കുന്ന രാജനും ഭാസ്ക്കരനും രവിക്കും സെബാസ്റ്റ്യനും റഷീദിനും ഒക്കെ ഇതുപോലെ കഥകൾ പറയാനുണ്ട്. കഷ്ടപ്പെട്ട് ഇക്കണ്ട വഴിമൊത്തം അതും ഇതുപോലെ ഒരു കാട്ടിലൂടെയുള്ള വഴിമൊത്തം ഓടിവന്ന് നീ പറഞ്ഞില്ലേ ജോയൽ പോലീസിന്റെ പിടിയിലായി എന്ന്? അവനും ഉണ്ട് ഒരു കഥ. നിനക്ക് അറിയാൻ പാടില്ലാത്ത കഥ. അവന്റെ കൂടെയുള്ള റിയയ്ക്കും ഷബ്‌നത്തിനും മാത്യുവിനും ഒക്കെയുണ്ട് നെൽസാ കഥ. ഈ ഗ്രൂപ്പ് നക്സലിസവും മാവോയിസവും കളിച്ച് സമൂഹത്തെ ഉദ്ധരിക്കാൻ ഒണ്ടാക്കിയ ഗ്രൂപ്പ് അല്ല. ജീവിതവും നിലനിൽപ്പും വഴിമുട്ടി, എന്തിനെയും വിൽക്കുകയും വാങ്ങുകയും മാത്രം ചെയ്യാൻ മാത്രമറിയാവുന്നവരോട് പടപൊരുതി പിടിച്ചു നിൽക്കാനാവാത്തവരുടെ ഗ്രൂപ്പാ ഇത്! അവർക്ക് ഭരണകൂടവും പോലീസും ഇടുന്ന ഒരു പേരുണ്ട്. മാവോയിസ്റ്റ്! നക്സലൈറ്റ്! ഇവമ്മാര് ആരെങ്കിലും കണ്ടിട്ടുണ്ടോ മാവോയിസ്റ്റിനെ? കണ്ടാൽ പിടുക്ക് വിറയ്ക്കും. പാക്കിസ്ഥാന്റെ, ചൈനേടെ കയ്യീന്ന് കാശും മേടിച്ച് ഇവിടെ പാവങ്ങളെ കൊന്ന് കൊലവിളിച്ച് നടക്കുന്നോമ്മാരായ മാവോയിസ്റ്റുകളുടെ പേരാ പോലീസും സർക്കാരും നമ്മക്കും ഇട്ടേക്കുന്നെ! അവമ്മാരുടെ കൂടെയാ നമ്മളേം പെടുത്തിയേക്കുന്നെ!”
സന്തോഷ് ഒന്ന് നിർത്തി.

“എൽ സി പി സി നാനൂറ്റി പത്ത്”

സന്തോഷ് നെൽസന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു. ഒരു പ്രേതത്തെ മുമ്പിൽ കണ്ടത് പോലെ നെൽസൺ വിറച്ചു. അയാൾ പിമ്പോട്ട് വെച്ചുപോയി.

“എൽ സി പി സി നാനൂറ്റിപ്പത്ത് ജയമോഹൻ”

അവന്റെ കോളറിൽ പിടിച്ച് സന്തോഷ് പറഞ്ഞു.

“ഗ്രേഹൗണ്ട്സിലെ സോൾജ്യർ! വീരപ്പനെ പിടിക്കാൻ പണ്ട് എസ് പി ജയകുമാർ ഇങ്ങനെ ഒരു വേഷം കെട്ടിയിട്ടുണ്ട്. വിജയിച്ചിട്ടുണ്ട്. നാണം കെട്ട വിജയം. കൂട്ടത്തിൽ കൂടി പിമ്പിൽ നിന്ന് വെടിവെച്ചിട്ടിട്ട് ആഘോഷിക്കുന്നവന്മാരുടെ കെട്ട വിജയം. നെൽസാ നീ വന്ന ദിവസം മുതൽക്കേ ഞാൻ നിന്നെ തിരിച്ചറിഞ്ഞതാ! നീ എന്തോരം അങ്ങ് പോകും എന്ന് നോക്കുവാരുന്നു…”

“സന്തോഷ് ചേട്ടാ ഞാൻ…”

നെൽസൺ കൈകൾ കൂപ്പാൻ തുടങ്ങി.

“ചതിക്കുന്നതിനുള്ള ശിക്ഷ എന്താ?”

സന്തോഷ് കൂട്ടാളികളോട് ചോദിച്ചു.

“മരണം!”

അവർ കൈകളുയർത്തി പറഞ്ഞു.

വിഷ്ണു തന്റെ കയ്യിലെ തോക്ക് സന്തോഷിന് കൊടുത്തു.

“തോക്കിലെ ഉണ്ട നിന്റെ അച്ചി വീട്ടീന്ന്‌ കൊണ്ടന്നതാണോ വിഷ്ണൂ വെറുതെ വെസ്റ്റ് ചെയ്യാൻ?”

പറഞ്ഞു തീർന്നതും സന്തോഷിന്റെ ദീർഘമായ ബലിഷ്ഠമായ കൈകൾ നെൽസന്റെ കഴുത്തിൽ അമർന്നു.

രണ്ടുമിനിറ്റ്.

രണ്ടു മിനിറ്റ് മാത്രം.

നെൽസന്റെ ജീവനില്ലാത്ത ശരീരം നിലത്തേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *