സൂര്യനെ പ്രണയിച്ചവൾ- 3

Related Posts


“ക്യാപ്റ്റൻ,”

റെജി ജോസ് വീണ്ടും വിളിച്ചു.

“ങ്ഹേ?”

ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു.

“എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നാൽ?”

രാകേഷ് മാത്രം കേൾക്കേ വിമൽ മന്ത്രിച്ചു.

“ങ്ഹാ…”

പത്മനാഭൻ തമ്പി പെട്ടെന്ന് പറഞ്ഞു.

“ഇത് ഗായത്രി,”

അയാൾ ആ പെൺകുട്ടിയുടെ തോളിൽ കൈവെച്ചു.

“എൻറെ മോൾ…”

“ഹെലോ,”

രാകേഷ് വിസ്മയം വിട്ടുമാറാതെ പറഞ്ഞു.

“ഹായ്…”

രാകേഷിൻറെ നേരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
പനിനീർപ്പൂക്കളും ക്രിസാന്തിമവും ലൈലാക്കുകളും നിറഞ്ഞ ഉദ്യാനത്തിൽ നിന്ന് ഒരു കാറ്റുവന്ന് തൻറെ അകതാരിനെ തൊട്ടതുപോലെ തോന്നി രാകേഷിന്‌ അവളുടെ ശബ്ദം കേട്ടപ്പോൾ.
വസന്തം കത്തുന്ന ഒരു മലഞ്ചെരിവിൽ ഗിത്താർ മീട്ടിപ്പാടുന്ന ഒരു ഗായികയെ അയാൾ ഒരു നിമിഷനേരത്തേക്ക് സങ്കൽപ്പിച്ചു.
പ്രണയത്തിൻറെ സൈക്കഡലിക് വർണ്ണങ്ങൾ സൂര്യവെളിച്ചം പോലെ എനിക്ക് ചുറ്റും നിറയുകയാണ് നിൻറെ ശബ്ദമിപ്പോൾ ഞാൻ ആദ്യമായി കേൾക്കുമ്പോൾ.

“നിങ്ങൾ ഇവിടെ നിൽക്കാതെ അകത്തേക്ക് വരൂ…”

വിമൽ പെട്ടെന്ന് അവരോട് പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ റെജിമെൻറ്റിൻറെ ഫൗണ്ടിങ് ഡേയാണ് സാർ …”

എല്ലാവരും അകത്തേക്ക് നടക്കവേ റെജി പറഞ്ഞു.

“അതുകൊണ്ട് ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്…”

പദ്മനാഭൻ തമ്പി അത് കേട്ട് പുഞ്ചിരിച്ചു.
“രാകേഷ്…”

അകത്തേക്ക് നടക്കുന്നതിനിടയിൽ പദ്മനാഭൻ തമ്പി പെട്ടെന്ന് നിന്ന് രാകേഷിനെ നോക്കി.

“നല്ലമലയിൽ രാകേഷും രാകേഷിൻറെ ബറ്റാലിയനും നടത്തിയ ഓപ്പറേഷനും അതിൽ രാജ്യത്തിൻറെ തീരാത്തതലവേദനയായി മാറിയിരുന്ന നാഗേശ്വർ റെഡ്ഢിയെ വളരെ സമർത്ഥമായി പിടികൂടി നിയമത്തിനേൽപ്പിച്ചതും ഒരു യക്ഷിക്കഥപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്…”

അയാളുടെ വാക്കുകൾ രാകേഷിൽ പുഞ്ചിരിയുണർത്തി. അയാൾ കൂട്ടുകാരെ നോക്കി. അവർ അഭിമാനത്തോടെ തിരിച്ച് അയാളെ നോക്കി. പുഞ്ചിരിയോടെ അയാൾ ഗായത്രിയെ നോക്കിയെങ്കിലും അവളുടെ ശ്രദ്ധ വിദൂരത്തവിടെയോ ആയിരുന്നു.

“കഥകളങ്ങനെ ഒരുപാടുണ്ട്…”

പദ്മനാഭൻ തമ്പി തുടർന്നു.

“മുംബയിലെ ഗാണ്ടീവലിയിൽ നിന്ന് ചോട്ടാ റോഷനെ പിടിച്ചത്. ടാജ് ഹോട്ടലിലെ ഓപ്പറേഷൻ…പക്ഷെ…”

അയാളുടെ മുഖത്ത് സംഭ്രമം പടർന്നത് അവർ ശ്രദ്ധിച്ചു.

“പക്ഷെ …ഇവരാരും തന്നെ …എന്താ അയാളുടെ പേര്? ആഹ് …അങ്ങനെ ആർക്കും മറക്കാൻ പറ്റുന്ന പേരല്ലല്ലോ അയാളുടെ …മോനേ…”

അയാൾ ആദ്യമായി തന്നെ അങ്ങനെ സംബോധന ചെയ്തപ്പോൾ രാകേഷ് അൽപ്പം തരളിതനായി.

“ബെന്നറ്റ്….ജോയൽ ബെന്നറ്റ്…ഈ പറഞ്ഞവരാരും ജോയൽ ബെന്നറ്റിൻറെയത്രയും ക്രൂരന്മാരല്ല…അതുകൊണ്ട് മോൻ …”

“അങ്കിൾ പേടിക്കണ്ട,”

അയാളുടെ പരിഭ്രമം തിരിച്ചറിഞ്ഞ് രാകേഷ് പറഞ്ഞു.

“ലോകത്ത് കിട്ടാവുന്ന ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയ ആയുധങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. ഈ ഓപ്പറേഷന് എന്നെ ലീഡറായി തെരഞ്ഞെടുത്തപ്പോൾ ഞാൻ ഹോം മിനിസ്ട്രിയോട് ആദ്യം ആവശ്യപ്പെട്ടത് ഈ രണ്ടുപേരെയും എനിക്ക് വിട്ടുതരണമെന്നായിരുന്നു…”

രാകേഷ് വിമലിന്റെയും റെജിയുടെയും തോളിൽ കൈകൾ വെച്ച് പറഞ്ഞു.

“ഇത് വിമൽ ഗോപിനാഥ്,”
രാകേഷ് വിമലിൻറെ മുഖത്തേക്ക് നോക്കി അഭിമാനം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.

“രാജ്യത്തെ ഏറ്റവും നല്ല മിലിട്ടറി സ്ട്രാറ്റജിസ്റ്റുകളിലൊരാൾ…ഇത് റെജി ജോസ്…”

പിന്നെ അയാൾ റെജിയെ നോക്കി.

“ഏത് ടാസ്‌ക്കും അനായാസമായി കാരി ഔട്ട് ചെയ്യുന്നയാൾ. ദ ബെസ്റ്റ് ഷാർപ്പ് ഷൂട്ടർ എറൗണ്ട്…”

“ആൻഡ് വീ ഹാവ് ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ആസ് ഔർ ലീഡർ,”

റെജി പുഞ്ചിരിയോടെ പദ്മനാഭൻ തമ്പിയോടും കൂടെയുള്ളവരോടും പറഞ്ഞു.

“അതുകൊണ്ട് സാർ ഒന്നും ഭയപ്പെടേണ്ട. ഞങ്ങളുടെ മിഷൻ …ദാറ്റ് വിൽ ബി അകംപ്ലിഷ്ഡ്…”

റെജിയുടെ സ്വരം ദൃഢമായിരുന്നു.

അവരുടെ വാക്കുകൾ പദ്മനാഭൻ തമ്പിയിൽ, അയാളുടെ ഭാര്യയിൽ അൽപ്പം ആശ്വാസം നൽകിയതായി അവർക്ക് തോന്നി.

ഗായത്രിയുടെ ഭാവമെന്താണ്?

അത്‍ രാകേഷിനു വിവേചിക്കാനായില്ല.

അപ്പോൾ ഇരുപത് കിലോമീറ്ററുകൾക്കപ്പുറത്ത് ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ് അധികാരിയുടെ കാര്യാലയത്തിൽ അടിയന്തിരമായ ഒരു സമ്മേനം നടക്കുകയായിരുന്നു.

“കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച പ്രത്യേക ദൗത്യസംഘം നെല്ലിയാമ്പതിയിൽ ഇന്നലെ എത്തിച്ചേർന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ,”

എസ് പി ചന്ദ്രശേഖരൻ നായർ മുമ്പിലിരിക്കുന്ന ഓഫീസർമാരെ നോക്കി.

“പക്ഷെ സ്റ്റേറ്റ് ഹോം മിനിസ്ട്രിയുടെ നിർദ്ദേശം കേന്ദ്രമയച്ച കമാൻഡോകളെപ്പോലെ അല്ലെങ്കിൽ അവരെക്കാളും സ്ട്രാറ്റജിക്കായി നമ്മൾ ജോയലിൻറെ പിന്നാലെ പോകണമെന്നാണ്,”

“സാർ…”

എസ് പിയെ തുടരാനനുവദിക്കാതെ ഡി വൈ എസ് പി പോത്തൻ ജോസഫ് എഴുന്നേറ്റു.

സംസ്ഥാനപോലീസിന്റെ ചരിത്രം മുഴുവനുമെഴുതാനുള്ള സ്ഥലം അയാളുടെ ദേഹത്തുണ്ടായിരുന്നു. നല്ല വണ്ണവും അതി ദീർഘവുമായ ശരീരം.
“ജോയൽ ബെന്നറ്റിനെ പിടിക്കാനുള്ള ചുമതല സാർ ആർക്കും കൊടുക്കരുത്. അതെൻറെ പ്രസ്റ്റീജ് ഇഷ്….”

“വേണ്ട!”

എസ് പി ചന്ദ്രശേഖരൻ നായർ കയ്യിയർത്തി അയാളെ വിലക്കി.
“ഇതിന് മുമ്പ് മൂന്ന് തവണ ശ്രമിച്ചതല്ലേ? അന്നൊക്കെ തലമുടിനാരിഴയ്ക്കല്ലേ നിങ്ങൾ അവൻറെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്? ജോയലിനെ പിടിക്കാൻ തണ്ടും തടിയും മാത്രം പോരാ. നിങ്ങൾക്ക് തീരെയില്ലാത്ത ചില ഗുണങ്ങൾ കൂടിവേണം. അതിലൊന്നാണ് അഴിമതിയില്ലായ്മ എന്നൊരു ഗുണം. കേന്ദ്രപ്പൊലീസിൽ ഡെപ്യൂട്ടേഷനിൽ പോയ ആളൊക്കെയാണ് എന്നതൊക്കെ ശരി. പക്ഷെ വിജിലൻസ് അന്വേഷണം നേരിടുന്ന ഒരു ഓഫീസർ എന്ന നിലയ്ക്ക് നിങ്ങൾ ജോയൽ ഓപ്പറേഷൻ ടീമിൽ വേണ്ട!”

മറ്റെന്തോ പറയാൻ പോത്തൻ ജോസഫ് ശ്രമിച്ചെങ്കിലും എസ് പിയുടെ നോട്ടത്തിലെ ചൂടറിഞ്ഞ് അയാൾ ആരും കേൾക്കാതെ പിറുപിറുത്തുകൊണ്ട് തന്റെ ഇരിപ്പിടത്തിലിരുന്നു.

“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ,”

എസ് പി ജോസഫ് പോത്തന്റെയടുത്തിരുന്ന ഒരു യുവ ഉദ്യോഗസ്ഥനെ നോക്കി.

അയാൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.

“യൂ വിൽ ലീഡ് ദ ഓപ്പറേഷൻ,”

എസ് പി പറഞ്ഞു. യൂസുഫ് അദിനാൻ പുഞ്ചിരിയോടെ, അഭിമാനത്തോടെ അദ്ദേഹത്തെ നോക്കി.

“എസ് സാർ,”

അയാൾ പ്രതികരിച്ചു.

“ടീമിൽ ആരൊക്കെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എനിക്ക് വേണ്ടത് റിസൾട്ടാണ്. നമുക്ക് പ്രൂവ് ചെയ്യണം. സ്റ്റേറ്റിലെ ഫോഴ്‌സിലെ ഒരു സർക്കിളിന് ചെയ്യാനുള്ള ജോലിയേയുള്ളൂ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കുക എന്നുള്ളത് എന്ന്,”
“യെസ്, സാർ,”
യൂസുഫ് അദിനാൻ വീണ്ടും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *