സൂര്യനെ പ്രണയിച്ചവൾ- 4 Like

തോക്കുകൾക്ക് താഴെ നെഞ്ച് വിരിച്ചു നിന്ന സഖാക്കൾ ജോയലിനെ ഭയത്തോടെ നോക്കി. കാറ്റ് അൽപ്പം ശാന്തമായത് അവർ കണ്ടു.

“ആ വാൻ കണ്ടോ?”

റോഡിൻറെ എതിർ വശത്ത് കിടന്ന പോലീസ് വാനിലേക്ക് നോക്കി യൂസുഫ് അദിനാൻ പറഞ്ഞു.

“നിന്നെപ്പോലത്തെ ……. മക്കളെ പിടിക്കാൻ പോകുമ്പം ഞങ്ങക്ക് കിട്ടുന്ന ബോണസ്സാ. നല്ല പെടയ്ക്കണ എകെ ഫോർട്ടി സെവനും ചാക്ക് കണക്കിന് മാഗസിനുകളുമാ അതിൽ…ബോംബെലേം നോർത്ത് ഇൻഡ്യാലേം ഞങ്ങടെ പോലീസ് ബ്രോയ്ക്ക് ഒക്കെ കിട്ടുന്ന തരം മൊതലുകള്! നിന്നെയൊക്കെ പിടിക്കാൻ സ്‌പെഷ്യൽ ആയി കിട്ടീത്! പക്ഷെ ഒരു സൂചി മൊനേടെ പോലും റിസ്ക്ക് ഇല്ലാതെ എത്ര ഈസിയായിട്ടാ നിന്നെയൊക്കെ പൊക്കീത്!”

“സാറിൻറെ ഉണ്ടയോടു പറ കാലിനെടേൽ തന്നെയിരിക്കാൻ!”
ജോയൽ പരുഷമായ സ്വരത്തിൽ പറഞ്ഞു. കൂട്ടുകാരെ നോക്കിക്കൊണ്ട് അവൻ ജീൻസിൻറെ പോക്കറ്റിൽ നിന്ന് ഒരു ക്യാപ്സൂൾ എടുത്തുയർത്തി.

“ഒഴിച്ചിലിനും കരപ്പനും കഴിക്കാൻ വേണ്ടിയല്ല ഞാനിത് എപ്പോഴും കൂട്ടത്തിൽ കൊണ്ടുനടക്കുന്നത്. ഇതുപോലത്തെ സാഹചര്യം വരുമ്പോൾ ഉശിരോടെ സൂയിസൈഡ് ചെയ്യാനാ!”

അത് പറഞ്ഞുതീർന്ന നിമിഷം, പോലീസ് സംഘത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് ജോയൽ ക്യാപ്സൂൾ വായിലേക്കിട്ടു.

അടുത്ത നിമിഷം അവൻറെ ദേഹം പിടഞ്ഞു.

കൂട്ടുകാർ ഭയവിഹ്വലരായി ശബ്ദമിട്ടു.

പോലീസുകാർ സ്തംഭിച്ചു നിന്നു.

യൂസുഫ് അദിനാൻ കോപം കൊണ്ട് അലറി.

ജോയൽ നിലത്തെ കരിയിലകളുടെയും പുല്ലിൻറെയും മേലേക്ക് വീണു.

അപ്പോൾ ഒരു കോൺസ്റ്റബിൾ കുനിഞ്ഞ് അവൻറെ മൂക്കിനടുത്ത് വിരൽ ചേർത്തു.

“പോയി സാർ,”

മുഖമുയർത്തി യൂസുഫ് അദിനാൻറെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.

“ഇവൻ മരിച്ചു!”

യൂസുഫ് അദിനാൻ അയാളെ ഭീഷണമായി നോക്കി.

“നിന്റെ അപ്പനെന്നാ മെഡിക്കൽ കോളേജ് പ്രൊഫസ്സറാണോ? ചത്തൂന്ന് അങ്ങ് ഒറപ്പിക്കാൻ?”

കലി കയറി അയാൾ ചോദിച്ചു.

പിന്നെ ജോയലിൻറെ നെഞ്ചിലേക്ക് കാലുയർത്തി അയാളെ ആഞ്ഞു തൊഴിച്ചു.

പല തവണ.

“എടാ…”

കൂട്ടത്തിലെ ഒരു സംഘാംഗം അലറി.

“ശവത്തേൽ ചവിട്ടുന്നോടാ നാറി…!”
“തല്ലിക്കൊല്ലാൻ അത്ര കൈതരിക്കുവാണെങ്കിൽ ഞങ്ങളെ കൊല്ല്! ശവത്തിൽ അല്ല സൂക്കേട് തീർക്കേണ്ടത്!”

യൂസുഫ് അദിനാൻ ഒരു സ്ത്രീശബ്ദം കേട്ടു. കോപം കൊണ്ട് ഭ്രാന്ത് കയറി അയാൾ അത് പറഞ്ഞയാളെ നോക്കി. സ്‌കാർഫ് കൊണ്ട് മുഖം മറച്ച ഒരു സ്ത്രീയാണ് അത് പറഞ്ഞത്.

അയാൾ ആ സ്ത്രീയുടെ നേരെ ചുവടുകൾ വെച്ചു.

അടുത്ത നിമിഷം അയാളുടെ ചടുലമായ വിരലുകൾ അവളുടെ മുഖത്തു നിന്ന് കറുത്ത സ്കാർഫ് വലിച്ചൂരിയടുത്തു.

“പടച്ചോനെ!”

അവളുടെ മുഖത്തേക്ക് നോക്കി അയാൾ കണ്ണുകൾ വിടർത്തി വായ് പൊളിച്ചു.

“എനിക്ക് തെറ്റി! എനിക്ക് ഫുള്ളായി തെറ്റി!”

അയാൾ അവളുടെ കയ്യിൽ നിന്ന് നോട്ടം മാറ്റാതെ തലയിൽ കൈവെച്ചു.

“ആളുകള് മാവോയിസ്റ്റ് ആകുന്നതിനെ ഞാനിനി കുറ്റം പറയില്ല! ഇതുപോലത്തെ നല്ല ആറ്റൻ സുന്ദരിപ്പീസുകൾ ഉണ്ടെങ്കിൽ ആരാ മാവോയിസ്റ്റ് ആകാത്തത്?”

പിന്നെ അയാളുടെ വലത് കൈ അവളുടെ മുഖത്തിന് നേരെ വന്നു. വിരലുകൾ അവളുടെ ചുണ്ടുകളെ തൊട്ടു. അവൾ വെറുപ്പോടെ മുഖം തിരിച്ചു. അപ്പോൾ ഒരു സബ്ബ് ഇൻസ്പെക്റ്റർ മറ്റൊരു സ്ത്രീയുടെ മുഖത്ത് നിന്ന് സ്കാർഫ് മാറ്റി.

“ങ്ഹേ!”

യൂസുഫ് അദിനാൻ വീണ്ടും അദ്‌ഭുതപ്പെട്ടു.

“ഇതിപ്പോൾ ആരെയാ ആദ്യം!”

അയാൾ രണ്ടു പെൺകുട്ടികളെയും മാറി മാറി നോക്കി.

“നിങ്ങള് ചരക്കുകള് ഇവിടെ നിക്ക്”

യൂസുഫ് അദിനാൻ പെൺകുട്ടികളെ നോക്കിപറഞ്ഞു.

“എന്നതാന്നു വെച്ചാ രാത്രിയാകുമ്പം ഞങ്ങക്ക് ഭയങ്കര വിശപ്പ് വരും. കാടല്ലേ? നാട്ടിലാരുന്നേൽ കഞ്ഞീം കപ്പേം വെച്ച് അഡ്ജസ്റ്റ് ചെയ്യാരുന്നു. കാട്ടിലാകുമ്പം പറ്റത്തില്ല. നല്ല എറച്ചി വേണം! നല്ല നെയ് മുറ്റിയ എറച്ചി…”
പോലീസുകാർ ഉച്ചത്തിൽ ചിരിച്ചു.

“ബാക്കിയുള്ളൊരു വേഗം ഒരു കാര്യം ചെയ്യ്!”

അയാള് തുടർന്നു.

“ജീവൻ വേണേൽ ഓട്! തിരിഞ്ഞുനോക്കാതെ ഓട്!”

“നിങ്ങക്ക് വേണമെങ്കിൽ ഞങ്ങൾ ഇങ്ങനെ നിങ്ങടെ മുഖത്തു നോക്കിനിൽക്കുമ്പം വെടിവെച്ചിടാം,”

Leave a Reply

Your email address will not be published. Required fields are marked *