സൂര്യനെ പ്രണയിച്ചവൾ- 4

അത് പറഞ്ഞ് അവൾ ഷബ്‌നത്തെ നോക്കി. അവൾ വിഷാദത്തോടെ തിരിച്ചും.

“കഴിഞ്ഞ രണ്ടുപ്രാവശ്യത്തെയും സിനിമ തനി പൈങ്കിളിയായത് കൊണ്ടാണോ ഇപ്പോൾ നീ എന്ത് പറഞ്ഞാലും ഒരു പൈങ്കിളി ടച്ച്?”

ആയുധപ്പെട്ടികളുമായി കാട്ടിനുളിലേക്ക് കയറവെ ജോയൽ ചോദിച്ചു.

നാല് വർഷങ്ങൾക്ക് മുമ്പ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് അച്ഛൻ പൗലോസിനെ തേടി സ്വകാര്യ പണമിടപാടുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഗുണ്ടകൾ വീട്ടിൽ വന്നത്. വീട്ടിൽ അവളുടെ അമ്മയെയും ഇളയ സഹോദരിയേയും കണ്ടപ്പോൾ അവർക്ക് പണം തിരികെയടക്കാൻ സാവകാശം വേണമെങ്കിൽ സ്ത്രീകളെ രണ്ടുപേരെയും അൽപ്പ സമയത്തേക്ക് വിട്ടുതരണമെന്ന് പറഞ്ഞു. കോപാകുലനായ പൗലോസ് അത് പറഞ്ഞയാളെ തല്ലി നിലത്തിട്ടു. പക്ഷേ പിന്നെ നടന്നത് മൂന്ന് കൊലപാതകങ്ങൾ. റിയയുടെ അച്ഛനും അമ്മയും സഹോദരിയും വീട്ടുമുറ്റത്ത് കൊല ചെയ്യപ്പെട്ട് മരിച്ചുവീണു. നിയമത്തിന്റെ വഴിയിലൂടെ നീതിയ്ക്ക് വേണ്ടിയിറങ്ങിയ അനാഥയായ റിയയ്‌ക്ക്‌ പക്ഷെ നാട്ടിലെ നിയമവ്യവസ്ഥ വേട്ടക്കാരോടൊപ്പമാണ് എന്ന് മനസ്സിലാക്കാൻ അധികം നാളുകളെടുത്തില്ല.

“പിന്നെ അവശേഷിക്കുന്നത് ഫിൽമിയായ ഇൻഡിവീജ്വൽ ഹീറോയിസമല്ലേ?”

അവൾ ഒരിക്കൽ ജോയലിനോട് പറഞ്ഞു.

“അത് തന്നെ മാർഗ്ഗം. ഏതായാലും ഇനി ജീവിച്ചിരുന്നിട്ട് അങ്ങനെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. അല്ലെങ്കിൽ ജീവിതത്തിന് ഒരേ ഒരു അർത്ഥമേയുള്ളൂ. റിവഞ്ച്! സേഫ്റ്റി പിന്ന് പോലും ശരിക്കും യൂസ് ചെയ്യാൻ അറിയില്ലാത്ത ഞാൻ തോക്ക് ഉപയോഗിക്കാൻ പഠിച്ചു. ഷൂട്ട് ചെയ്യാൻ പഠിച്ചു. തട്ടി രണ്ടല്ല. മൂന്നെണ്ണത്തിനെ. രണ്ടു ഗുണ്ടകളേം. അവമ്മാരുടെ ബോസ്സിനേം …അപ്പഴാ നിന്റെ സ്റ്റോറി കേള്ക്കുന്നെ…പിന്നെ നേരെ ട്രിവാൻഡ്രം ഘോരഖ്പൂർ വണ്ടി പിടിച്ചു. നിന്നെ അന്വേഷിച്ച് ബസ്തറിലെക്ക് വന്നു….”

പഠിക്കുന്ന കാലത്ത് തന്നെ എഴുത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു റിയ. കഥകൾ, നാടകങ്ങൾ, കവിതകൾ. അവളെഴുതിയ ഒരു നാടകം കണ്ണൂർ സംഘമിത്രയിലെ സംവിധായകൻ സോമശേഖരന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അത് സംഘമിത്രയ്ക്ക് വേണ്ടി സംവിധാനം ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് അച്ഛനും അമ്മയും സഹോദരിയുമൊക്കെ കൊല്ലപ്പെടുന്നത്.
ബസ്തറിൽ സായുധപരിശീലനത്തിൽ മുഴുകുന്ന ദിവസങ്ങളിൽ അവൾ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കിയിരുന്നു. അത് കാണാനിടയായ ജോയൽ കോഴിക്കോട്ടുകാരൻ, കച്ചവട ചേരുവകകളോടൊപ്പം കലാമൂല്യമുള്ള സിനിമകൾ സംവിധാനം ചെയ്യുന്ന പ്രശസ്ത സംവിധായകൻ രെഞ്ചുവിന് അയച്ചുകൊടുത്തു. അടുപ്പവും പരിചയവുമുള്ള രെഞ്ചു ആ തിരക്കഥ പെട്ടെന്ന് സിനിമയാക്കാനുള്ള ചർച്ചകൾക്ക് ഒരുങ്ങാൻ ജോയലിനെ അറിയിച്ചു.

പക്ഷെ തിരക്കഥ രെഞ്ചുവിന്റെ സ്വന്തം പേരിൽ മതിയെന്നുംഅതിന്റെ പ്രതിഫലം മാത്രമേ തങ്ങൾക്കാവശ്യമുള്ളൂ എന്നും ജോയൽ റിയയ്ക്ക് വേണ്ടി അയാളെ അറിയിച്ചു. മാത്രമല്ല ഭാവിയിൽ റിയ എഴുതുന്ന എല്ലാ തിരക്കഥകളും രെഞ്ചുവിന്റെ പേരിൽ മാത്രമേ വരാവൂ എന്നും അവൻ അയാളോട് നിഷ്‌ക്കർഷിച്ചു. അങ്ങനെ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “കീലേരിയിലെ പവിഴം അഥവാ ഒരു മധ്യാഹ്ന കൊലപാതകം” എന്ന സിനിമ രെഞ്ചുവിന്റെ പേരിലുള്ള തിരക്കഥയിൽ ഒരുങ്ങി. അതിന് ശേഷം “ഉസ്താദ് ലോഡ്ജ്” “മംഗലാപുരം ഡേയ്‌സ്” തുടങ്ങിയ തിരക്കഥകൾ മറ്റുള്ളവരുടെ പേരിൽ വൻ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയ സിനിമകളായി….

Leave a Reply

Your email address will not be published. Required fields are marked *