“അതിനെന്താ?”
റിയ ചോദിച്ചു.
“പുഴയിൽ മുതല ഉണ്ടേൽ എനിക്ക് മുലതയുണ്ട്. മുതലയെ കളഞ്ഞിട്ട് മുലത എടുക്കാൻ ഞാൻ പറയും അവനോട്! അല്ല പിന്നെ!!”
“മിണ്ടാതിരിക്കെടി!”
ഷബ്നം അവളുടെ തോളിലടിച്ചു.
“സ്ക്രിപ്റ്റിൽ ഒക്കെ എന്ത് നീറ്റ് ഭാഷയാ നീ യൂസ് ചെയ്യുന്നേ! പക്ഷെ നാക്കെടുത്താൽ അഡൽറ്റ് ഒൺലി മാത്രമേ വരൂ!”
“അതിന് ഞാൻ സ്ക്രിപ്റ്റ് എഴുതുന്നത് അഡൽറ്റ് ഒൺലി ഫിലിമിനല്ല!”
“ആരും ഇപ്പോൾ പുഴ ക്രോസ്സ് ചെയ്യരുത്!”
ജോയൽ വീണ്ടും വിളിച്ചു പറഞ്ഞു.
“ഞാനാദ്യം കടന്നിട്ട് ..ചെക്ക് ചെയ്തിട്ട് മതി,”
നിവർത്തിപ്പിടിച്ച തോക്കുമായി ജാഗ്രതയോടെ ജോയൽ ആദ്യം പുഴ മുറിച്ച് കടന്നു. പിന്നീട് വീണ്ടും തിരിച്ച് വന്ന് പുഴമധ്യത്തിൽ നിന്നു.
“ഇനി ഓരോരുത്തരായി വാ!”
ഏകദേശം എട്ടോളമുണ്ടായിരുന്നു സംഘാംഗങ്ങൾ.
” ഉണ്ണിയും ലാലപ്പനും റിയേടെയും ഷബ്‌നത്തിന്റെയും പിന്നാലെ വാ,”
“അയ്യോ എനിക്ക് പേടിയാ ജോയലേ..”
ഉണ്ണി വിളിച്ചുപറഞ്ഞു.
“ആരെ പേടിയാണ് എന്ന്?”
ജോയൽ തിരിച്ചു ചോദിച്ചു.
“മുതലയോ? അതോ റിയേനേയും ഷബ്നത്തെയുമോ?’
“ഹൈ! ഈ കുട്ട്യോളെ ഞാനെന്തിനാ പേടിക്കണേ? ദ് മ്മടെ സ്വന്തം കുട്ട്യോളല്ലേ? എനിക്ക് പേടി പിന്നാലെ തന്നെ വരുന്നതാ…”
“എനിക്കിപ്പഴും സംശയമുണ്ട്!”
ചിരിച്ചു കൊണ്ട് ജോയൽ പറഞ്ഞു.
“ഈ ഉണ്ണി നമ്പൂരി ശരിക്കും നാലെണ്ണത്തിനെ തട്ടി എന്ന് പറയുന്നത് ഉള്ളത് തന്നെയാണോ? ഇത്രേം പേടിയുള്ളോരു എങ്ങനെയാണ് നാലെണ്ണത്തിനെ ഒക്കെ കൊല്ലുന്നേ? അതും എന്തൊക്കെ പേടി! അട്ടേനെ പേടി! പാമ്പിനെ പേടി! പഴുതാരയെ പേടി! ഇന്നാളെങ്ങാണ്ട് വലിയ ഒരു ചിത്ര ശലഭത്തെ കണ്ട് പേടിക്കുന്ന കാര്യം പറഞ്ഞു,”
നിലാവിൽ അയാളുടെ കണ്ണുകൾ നനയുന്നത് ജോയൽ കണ്ടു.
“നിയ്ക്ക് എല്ലാത്തിനേം പേടിയാ ജോയലേ…ഇപ്പഴത്തെ എന്റെ ഈ കൂട്ടുകാരൊഴിച്ച് എല്ലാ മനുഷ്യരേം പേടിയാ…ചോരേൽ പൂണ്ട് പെടയ്ക്കണ ന്റെ അഞ്ജനയെയും കുഞ്ഞിന്റെയും ചിത്രം കണ്ണീന്ന് മായാത്ത കാലത്തോളം മാറില്ല ന്റെ പേടി…!”
അയാളുടെ കഥയറിഞ്ഞിരുന്നവർ ഉണ്ണിയെ സഹതാപത്തോടെ നോക്കി.
താവളത്തിന്റെ അടുത്ത് സംഘമെത്തികഴിഞ്ഞിരുന്നു.
