ഹാർട്ട് അറ്റാക്ക് – 2 13അടിപൊളി 

അതിന്റെ ത്രില്ലിലായിരുന്നു ലയ…

“” വിശാൽ എത്താറായോ… ?””

ടി.വിയ്ക്കു മുൻപിൽ നിന്ന് പ്രമോദ് എഴുന്നേറ്റു…

“”ജസ്റ്റ് ഫൈവ് മിനിറ്റ്സ്… …. “

ലയ സന്തോഷത്തോടെ വാതിൽക്കലേക്ക് മിഴി നട്ടു…

“” അവനിങ്ങോട്ടല്ലേ വരുന്നത്…… നീ എന്തിനാ വാതിൽക്കൽ പോയി നിൽക്കുന്നത്…… ?”

പ്രഭ തമാശ മട്ടിൽ അവളെ ദേഷ്യം പിടിപ്പിച്ചു…

“തിരിച്ചു വരുമ്പോൾ കയറാമെന്നാ വിശാൽ പറഞ്ഞത്… അവിടെയെത്താൻ വൈകുമെന്ന്… “

ലയ പറഞ്ഞു……

വിശാലിന്റെ ദുബായിലുള്ള ഒരു സുഹൃത്തിന്റെ വിവാഹമാണിന്ന്…

അതിൽ സംബന്ധിക്കാൻ വിശാൽ പുറപ്പെട്ടിരുന്നു…

ഗേയ്റ്റിൽ ഹോൺ കേട്ടതും ലയ സിറ്റൗട്ടിലേക്കിറങ്ങി…

അച്ഛനുമമ്മയേയും നോക്കി കൈ വീശിക്കാണിച്ച് ലയ, ഗേയ്റ്റിലേക്ക് വേഗത്തിൽ നടന്നു……

വിശാൽ ഡസ്റ്റർ തിരിച്ചിട്ടിരുന്നു…

ഡോർ കാറിന്റെ തുറന്ന് ലയ അകത്തേക്ക് കയറി..

“ സാരി ഉടുത്തില്ലേ………….?””

വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ വിശാൽ ചോദിച്ചു…

“” അതിച്ചിരി പാടാ………. “

ലയ ചിരിച്ചു…

“” അല്ലെങ്കിലും എനിക്കറിയാമായിരുന്നു……….””

പൂർണ്ണത്രയീശ സന്നിധിയിലായിരുന്നു വിവാഹം… ….

വിശാലിനങ്ങനെ, വരനൊഴികെ ആരെയും പരിചയമില്ലായിരുന്നു…

വധൂവരൻമാർക്ക് ആശംസകളർപ്പിച്ച് ഇരുവരും ഓഡിറ്റോറിയത്തിൽ നിന്നും പുറത്തിറങ്ങി…

“” ഇനിയെന്താ പ്ളാൻ……….?””

കാറിലേക്കു കയറിയതും വിശാൽ ചോദിച്ചു…

“” വീട്ടിലേക്ക് ചെല്ലാൻ അച്ഛനുമമ്മയും പറഞ്ഞിട്ടുണ്ട്… ….””

“” അത് ഓക്കേ… …. നമുക്ക് കുറച്ചു നേരം എവിടെയെങ്കിലും പോയി സംസാരിച്ചിരിക്കാമെടോ…………..””

വിശാൽ പറഞ്ഞു…

“ അമ്മ വിളിക്കും……….”

“ അതിനു മറുപടി ഞാൻ പറഞ്ഞോളാം… തന്നെയിങ്ങനെ ഒരു മാഷും ടീച്ചറും കെയർ ചെയ്തതിന്റെ എല്ലാ പ്രശ്നങ്ങളും കാണാനുണ്ട്… …. “

കാർ തൃപ്പൂണിത്തുറ ലെവൽ ക്രോസ് പിന്നിട്ട് ഇടത്തേക്ക് തിരിഞ്ഞു…

“” ഞങ്ങൾ കുറച്ചുകാലം ഇവിടെ താമസിച്ചിരുന്നു… …. “

ലയ തങ്ങൾ പണ്ട് താമസിച്ചിരുന്ന ഫ്ളാറ്റ് പിന്നിലേക്ക് ഓടിപ്പോകുന്നതു നോക്കി പറഞ്ഞു……

“” ഇവിടെയോ… …. ?””

“” ഉം… …. “”

ലയ പതിയെ മൂളി…

ഗാന്ധി സ്ക്വയർ പാർക്കിംഗിൽ കാർ നിർത്തി ഇരുവരും പുറത്തിറങ്ങി…

വിശാൽ പാസ്സ് എടുത്തു വന്നതും ലയ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു…

പുൽത്തകിടിയ്ക്ക് ഓരം ചേർന്ന ഇരുമ്പു ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് വിശാൽ അവളെ അടുത്തേക്ക് ക്ഷണിച്ചു…

“” തന്നെ ഒന്നു കണ്ട് തനിച്ചു സംസാരിക്കാനാ ഞാൻ വന്നത്… അല്ലാതെ കല്യാണം കൂടാനൊന്നുമല്ല… “

“” എങ്കിൽ പറ…… “

അവൾ അവനിലേക്ക് ചേർന്നിരുന്നു…

“” അങ്ങനെയൊന്നുമില്ലടോ… എനിക്കും തനിക്കും കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും… ബട്ട്.. ലയയുടെ അച്ഛനുമമ്മയും… “”

“ ടെൻഷനടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ…? “”

ലയ വിശാലിന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു…

“ എനിക്ക് പേരന്റ്സ് ഇല്ലെന്ന് തനിക്കറിയാമല്ലോ… സിസ്റ്ററും അളിയനും ആണ് ആകെ പറയാനുള്ള റിലേഷൻ… “

“” അതാണോ പുതിയ കാര്യം… …. ?””

“” പറയെട്ടെടോ………. ”

വിശാൽ ഒന്നു ഇളകിയിരുന്നു…

“” ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം… നമ്മളൊരുമിച്ചു ജീവിതം തുടങ്ങാൻ പോകുവല്ലേ… “

അവൻ പറഞ്ഞു വരുന്ന കാര്യം ഗൗരവമുള്ളതാണെന്നു മനസ്സിലാക്കി ലയ അനങ്ങാതിരുന്നു…

“” ഞാൻ കാണുന്ന കാലം മുതലേ അച്ഛനുമമ്മയും വഴക്കായിരുന്നു… എന്നും ബഹളം… അച്ഛനെ വെറുക്കാൻ പഠിപ്പിച്ചതു തന്നെ അമ്മയായിരുന്നു… “

വിശാൽ ഒന്നു നിർത്തി…

“” അമ്മയായിരുന്നു വീട്ടിലെ ഭരണമൊക്കെ… അതുകൊണ്ട് അച്ഛനെ വീട്ടിൽ നിന്ന് അടിച്ചിറക്കാൻ വരെ എനിക്കു കൂട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്………. “

ലയ ഒരു നിമിഷം വല്ലാതെയായി……….

വിശാൽ മുഖം പൊത്തി കുനിഞ്ഞിരുന്നു…

“” ഞാൻ പിന്നെ തിരികെ കൂട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല… …. “

ലയയുടെ കാൽപ്പാദത്തിനടിയിൽ ഒരു പെരുപ്പ് കയറിത്തുടങ്ങിയിരുന്നു… ….

“” അമ്മയായിരുന്നു മോശം… …. അത് മറയ്ക്കാൻ അമ്മ കാണിച്ച നാടകങ്ങൾക്കൊക്കെ അറിയാതെ കൂട്ടുനിൽക്കേണ്ടി വന്നു… “

വിശാൽ പതിയെ മുഖമുയർത്തി…

“ ഇതൊന്നും നാട്ടുകാർ പറഞ്ഞ് ലയ അറിയുന്നതിലും ഭേദമല്ലേ ഞാൻ പറഞ്ഞറിയുന്നത്…… ? സൊ, ലയ എന്നെ മനസ്സിലാക്കിയാൽ മതി………”…”

വിശാൽ അവളുടെ കൈ എടുത്ത് ചേർത്തു പിടിച്ചു…

ലയ അവന്റെ മുഖത്തേക്ക് തറച്ചു നോക്കിയിരുന്നു…

“”നമ്മൾക്ക് നമ്മൾ മതി… ലയ എന്നെ മനസ്സിലാക്കുമെന്നറിയാം… പക്ഷേ, എതെങ്കിലും കാരണവശാൽ അച്ഛനും അമ്മയും അറിഞ്ഞാൽ ലയ വേണം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ…… “

ലയ ഒന്നു പുഞ്ചിരിച്ചു…

പക്ഷേ, അവളുടെയുള്ളിൽ ഒരു ട്രെയിൻ ഇളകിത്തുടങ്ങിയിരുന്നു…

“” അല്ലെങ്കിലും ദുബായ്ക്കു പറക്കുന്ന നമുക്കെന്ത് പ്രശ്നം… അല്ലേ… ….?””

പ്രശ്നം ലഘൂകരിച്ച മനസ്സോടെ വിശാൽ അവളുടെ ചുമലിൽ കൈ ചുറ്റി, തന്നിലേക്ക് ചേർത്തു…

“” അച്ഛൻ……….. ? “”

അവന്റെ നെഞ്ചിലേക്ക് പതിയെ ചേർന്ന് ലയ ചോദിച്ചു…

“” അതെന്റെ നൊമ്പരമാണ് ലയ… ഞാൻ മരിക്കുവോളം എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുമത്… “

അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് വിശാൽ തുടർന്നു…

“”ലയ നേരത്തെ പറഞ്ഞില്ലേ, നിങ്ങൾ പണ്ട് താമസിച്ച ഫ്ളാറ്റിന്റെ കാര്യം…”

ലയ അനങ്ങിയില്ല…

“” ആ ഭാഗത്തെവിടെയോ ലെവൽ ക്രോസ് മുറിച്ചു കടക്കുമ്പോൾ….. …… “

ലയ, കയ്യെടുത്ത് അവനെ ചുറ്റി…

തന്റെ ഹൃദയം ഇപ്പോൾ നിലച്ചേക്കുമെന്ന് ലയയ്ക്കു തോന്നി…

“ ഹാർട്ട് അറ്റാക്ക്……………..””

വിശാലിന്റെ ശബ്ദം അവൾ കേട്ടു…

“ ആരും കണ്ടില്ല………. അറിഞ്ഞില്ല… അല്ല , അറിഞ്ഞിട്ടും കാര്യമില്ല………. “

അവളുടെ മുടിയിഴകളിലേക്ക് മുഖം ചേർത്ത് അവൻ വിമ്മിക്കരഞ്ഞു…

അവനെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ലയ, അവന്റെ മടിയിൽക്കിടന്ന് എരിഞ്ഞു…

“” ഏറ്റുവാങ്ങാൻ പോലും അന്നമ്മ , സമ്മതിച്ചില്ലായിരുന്നു……….”

തന്റെ തലയോട്ടി മിഴിനീരിൽ നനഞ്ഞത് ലയ അറിഞ്ഞു…

ലയയും മിഴികൾ നിറഞ്ഞ് അവന്റെ നെഞ്ചിൽ ഹൃദയം നിലച്ചു കിടന്നു…

“” ഒരു കർമ്മവും ഏറ്റുവാങ്ങാതെയാ, എന്റച്ഛൻ പോയത്… …. “

വീണ്ടും വിശാലിന്റെ അടക്കിപ്പിടിച്ച വിങ്ങൽ കേട്ടു…

കരച്ചിലിന്റെ ചീള് ഉള്ളിൽ നിന്നും ബഹിർഗ്ഗമിച്ചത് ഷാൾ വായിലേക്കു തിരുകി, ലയ അടക്കിക്കളഞ്ഞു…

“” വിശാൽ ചന്ദ്രദാസെന്ന പേരു പോലും കൊണ്ടു നടക്കാൻ യോഗ്യനല്ല ഞാൻ… …. “

നടുക്കം പൂർണ്ണമായതും അവൾ ഒരേങ്ങലോടെ അവനെ വരിഞ്ഞു ചുറ്റി…

“ ഈ പാപം ഞാനെവിടെ തീർക്കും ലയാ… “

അവളുടെ മൂർദ്ധാവിൽ മുകർന്ന് വിശാൽ പൊട്ടിയടർന്നു… ….

അതേ…….!

“” ഈ പാപം ഞാൻ എവിടെ , എങ്ങനെ തീർക്കും………..?””

അവന്റെ നെഞ്ചിൽ കിടന്ന് ലയ അതിനുത്തരം തേടുകയായിരുന്നു………

 

( അവസാനിച്ചു… ….)

Leave a Reply

Your email address will not be published. Required fields are marked *