“ഭയ്യ താമസത്തിനു വന്നപ്പോൾ ഞാൻ കോളേജിലായിരുന്നു. വൈകുന്നേരം വീട്ടിൽ എത്തി ചായ കുടിച്ചോണ്ടിരിക്കുന്നതിനിടയ്ക് മാ ആണ് പറഞ്ഞത് മുകളിൽ താമസിക്കാൻ ആളെത്തിയെന്നു. ”
“ഒറ്റയ്ക്കേ ഉള്ളു.. കണ്ടിട്ട് മദ്രാസി ആണെന്ന് തോന്നുന്നു.. എങ്ങനെയുള്ള കൂട്ടത്തിലുള്ള ആൾ ആണാവോ.. ”
ചായയ്‌ക്കൊപ്പം വറുത്തെടുത്ത കപ്പലണ്ടി തൊലി പൊളിച്ചു തരുന്നതിനിടയിൽ മാ പറഞ്ഞു.തണുപ്പ് തുടങ്ങിയാൽ അപ്പാ എവിടെ നിന്നെങ്കിലും കുറേ കപ്പലണ്ടി കൊണ്ട് വരും . ചായയ്ക് കൂടെ ചൂടുള്ള കപ്പലണ്ടി കൊറിക്കുന്നത് അപ്പയ്ക് ശീലമായിരുന്നു. മാ പറഞ്ഞു തന്ന കാര്യങ്ങളിൽ കൂടുതൽ ഭയ്യയെ കുറിച്ച് അറിയാൻ പറ്റിയില്ല കുറെ നാളത്തേയ്ക്ക്.. പുറത്തേയ്ക്കു ഇറങ്ങുന്നതും കണ്ടിട്ടില്ല. ഇടയ്ക്ക് മുകളിൽ കസേരയോ മേശയോ വലിച്ചിടുന്ന ഞെരക്കം കേൾക്കുമ്പോൾ ആണ് അങ്ങനൊരാൾ അവിടെ ജീവിച്ചിരിപ്പുണ്ടെന്നു ഓർക്കുന്നത്.
“ഇത് മുകളിലുള്ള കൊച്ചിനും കൂടി കൊടുത്തേയ്ക്. ഒറ്റയ്ക്കല്ലേ ഉള്ളു.. നമ്മളുണ്ടാക്കുന്നതൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.. ”
ഖീർ നിറച്ച ഒരു പാത്രം മാ എന്റെ കയ്യിൽ വച്ചു തന്നു. സ്റ്റെപ് കയറി മുകളിലേക്ക് എത്തിയപ്പോളേക്കും ഖീർ കുറച്ചു പാത്രത്തിൽ നിന്ന് തുളുമ്പിയിരുന്നു. കാളിംഗ് ബെൽ അടിച്ചു കുറച്ചു നേരം കാത്തു നിന്നിട്ടും അകത്തു നിന്ന് ഒരു അനക്കവും ഇല്ല. വീണ്ടും ബെൽ അടിക്കാൻ കൈ ഉയർത്തിയപ്പോൾ വാതിൽ കൊളുത്തു എടുക്കുന്ന ശബ്ദം കേട്ടുകംബിസ്‌റ്റോറീസ്.കോം ഞാൻ കൈ വലിച്ചു. സുന്ദരനായ ഒരാൾ വാതിൽ തുറന്നു വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. വാതിലിൽ കൈയൂന്നി ഭയ്യാ നിന്നു. ഇന്നത്തെ പോലെ താടി വളർത്തിയിട്ടില്ല. കുറ്റി രോമങ്ങൾ നിറഞ്ഞ മുഖം. സൗത്ത് ഇന്ത്യൻ സിനിമകളിൽ കാണുന്ന നായകന്മാരുടെ പോലെ കട്ടിയ്ക് വളർത്തി നിർത്തിയ മീശ. ഏതൊരു പെണ്ണ് ആണ് അങ്ങനൊരാണിനെ കുറച്ചു നേരം നോക്കി നിന്നു പോവാത്തത്.വന്ന കാര്യം മറന്നു ഞാൻ കുറേ നേരം അനങ്ങാതെ നിന്നു.
“മ്മ്? ”
ഭയ്യയുടെ ആ മൂളൽ കേട്ടു എന്റെ പെരുവിരൽ തരിച്ചു. ആരുടെയെങ്കിലും മുൻപിൽ മിണ്ടാട്ടം മുട്ടി നിൽക്കുന്ന എന്നെ ദീദിയ്ക് ഒന്ന് ഊഹിച്ചു നോക്കാമോ.. പറയാൻ വാക്കുകളൊന്നും കിട്ടാതെ വന്നപ്പോൾ കയ്യിലിരുന്ന പാത്രം ഞാൻ നീട്ടി.
“എനിയ്ക്കാണോ..? “
“മ്മ്മ്.. ”
“ആരാണെന്നു പോലും പറയാതെ ഞാനെങ്ങനാ ഇത് വാങ്ങുന്നേ.. ”
ആദ്യമായാണ് ഒരാണു ഇത്ര വശ്യമായി ചിരിക്കുന്നത് കാണുന്നത്. ഇവിടെ ഉള്ള ആണുങ്ങളുടെ ഒക്കെ ഒരു വഷളൻ ചിരിയാണ്.
“ഞാൻ താഴെ താമസിക്കുന്നതാ.. മാ ഇതിവിടെ തരാൻ പറഞ്ഞു.. ”
ഞാൻ താഴേക്ക് വിരൽ ചൂണ്ടി. വാക്കുകൾക്കൊക്കെ എന്തൊരു ഗമയാണ്..
“മിശ്രാജിയുടെ മോളാണോ..? ”
“മ്മ്.. ”
അപ്പയുടെ പേര് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ നിന്നു എനിക്ക് വിയർക്കേണ്ടായിരുന്നു.
“ഞാനിതുവരെ കണ്ടില്ലല്ലോ എന്നിട്ട്.. ”
“അതിനു വല്ലപ്പോളും പുറത്തിറങ്ങണം.. ”
നാവു തനി സ്വരൂപം കാണിച്ചു തുടങ്ങയിട്ടുണ്ട്..
“ഹഹ.. അതിനു ഞാൻ പുറത്തിറങ്ങാറില്ലെന്നു ആര് പറഞ്ഞു.. നിങ്ങളുടെ ക്വാർട്ടേഴ്സിന്റെ മുൻപിൽ കൂടിയല്ലേ ഞാൻ ദിവസവും ഓഫീസിൽ പോവുന്നത്.. ”
“പക്ഷെ ഞാൻ കണ്ടിട്ടില്ല ഇതുവരെ പുറത്തോട്ടൊന്നും.. ”
“വടക്കേ ഇന്ത്യൻ പെണ്ണുങ്ങൾ ആണുങ്ങളുടെ മുഖത്ത് നോക്കാറില്ലെന്നു കേട്ടിട്ടുണ്ട്.. അത് കൊണ്ടാവും.. ”
“എന്ന് ആര് പറഞ്ഞു.. നിങ്ങൾ മദ്രാസികൾക് ഇത് പോലെ കുറേ ധാരണകളുണ്ട് ഞങ്ങളെ കുറിച്ച്..ആരാണ് ഇതൊക്കെ അവിടെ പറഞ്ഞു പരത്തുന്നതെന്നു അറിയില്ല.. ”
“ഹഹ.. ഞാൻ മദ്രാസി ആണെന്ന് ആര് പറഞ്ഞു..? ”
“മാ പറഞ്ഞു..പിന്നെ കണ്ടാലും പറയും.. ”
“മദ്രാസ് അല്ലാതെ സൗത്ത് ഇന്ത്യയിലെ വേറെ ഏതെങ്കിലും സ്ഥലം അറിയുമോ..? ”
“ഞാൻ ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്.. കൊച്ചു കുട്ടിയല്ല ഇന്ത്യയെ കുറിച്ച് അറിയാതിരിക്കാൻ.. ”
“എന്നിട്ടാണോ മാ പറഞ്ഞത് കേട്ടു എന്നെ മദ്രാസി എന്ന് വിളിച്ചത്.. ”
“ഞങ്ങൾക്ക് താഴോട്ടുള്ളവരെല്ലാം മദ്രാസികളാണ്.. ”
“വിശ്വൻ.. എന്റെ പേരാണ്.. ഇനിയെങ്കിലും മദ്രാസി ഒഴിവാക്കാമല്ലോ.. ”
കതകിൽ ചാരി നിന്ന് എന്റെ കണ്ണുകളിൽ നോക്കിയാണ് ഭയ്യ അപ്പോൾ ചിരിച്ചത്. പുറകിലൂടെ ഏതോ പക്ഷി ചിറകടിച്ചു പറന്നു.
“ശ്രേയ.. ”
ചിരിച്ചു കൊണ്ട് അന്ന് അവിടെ നിന്ന് പടിയിറങ്ങുമ്പോൾ ഓരോ പടിയും എണ്ണി. ഇനി എത്രയെത്ര തവണ ഈ പടികൾ ചവിട്ടി കയറാനുള്ളതാണ്.
