താഴ്വാരത്തിലെ ചെമ്പരത്തി 5

മോളൂ… വൈകീട്ട് റെഡി ആയി നിക്കൂട്ടോ…..

എന്നാ ഇച്ചായാ.. ?

അവളുടെ ശബ്ദത്തിലെ
പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു…

“എടി പൊട്ടി, ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു ചെറിയ കറക്കം……
പിന്നെ KFC യിൽ നിന്നും ഫുഡ്. എന്താപോരെ ?”
ഗൗരവത്തിൽ ചോദിച്ചു…

ഓ..ചുമ്മാതാ…
എന്നെ പറ്റിക്കുവാ ല്ലെ.?
അവൾക്കു തന്നെ ഒട്ടും വിശ്വാസമില്ലെന്ന് മനസ്സിലായി…

അല്ല മോളൂ.. ഞാൻ നേരത്തെ ഇറങ്ങാം
നമുക്ക് ഇന്നൊന്നു കറങ്ങാം. കുട്ടികളെയും
റെഡിയാക്കി നിർത്തിക്കോ….

“ഇച്ചായോ.. !സീരിയസ്സാന്നോ… ?അതോ അന്നത്തെ പോലെ പറ്റിക്കുമോ .. ?”

കഴിഞ്ഞ മാസം ഇതു പോലെയൊന്ന് ഒരുങ്ങിനിൽക്കാൻ പറഞ്ഞു…
പക്ഷെ തോട്ടത്തിൽ ചെറിയ ഒരു യൂണിയൻ പ്രശ്നം… എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ എത്തിയത് ഏറെ വൈകിയാണ്. അന്ന് പോക്ക് നടന്നില്ല. അത് മനസ്സിൽ വച്ചാണ് അവൾ അങ്ങിനെ പറഞ്ഞത്…

“ഹേയ്.. ഒരിക്കലും ഇല്ല.. !
അതിന്റെ കടവും കൂടി തീർക്കാനാണ് ഇത്.. സന്തോഷം ആയില്ലേ
ന്റെ…ചക്കരമുത്തിന്… ?”

” ഒന്ന് പതിയെ പറ മനുഷ്യാ.. ആരെങ്കിലും
കേട്ടാൽ നാണക്കേടാ.. ഇപ്പോഴും പതിനേഴ്
വയസ്സാന്നാ വിചാരം.. “ഫോണിൽ ആണെന്നു
അവൾ മറന്നു. അവളുടെ ആ വാക്കുകളിൽ
നാണത്തിൻ തേൻ പുരണ്ടിരുന്നു…

“നമുക്കെപ്പോഴും മധുര പതിനേഴല്ലേടി ഭാര്യേ.. ?
പിന്നെ, ആ മജന്താ കളറിലുള്ള സാരിയില്ലേ?
അത് ഉടുത്താൽ മതി…കേട്ടോ ”

“എന്താണ് മോന്റെ പ്ലാൻ.. ? അത് നടക്കില്ല
മോനെ “കുസൃതിച്ചിരിയോടെ എന്റെ നല്ല പാതി പറഞ്ഞു….

ശ്ശെടാ.. !അവൾ അത് കണ്ടുപിടിച്ചു കളഞ്ഞു…
മജന്താ കളറിലെ ഷിഫോൺ സാരി, അവൾക്കു നന്നായി ചേരും. കൂടാതെ ആ സാരിയോടെ അവളെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അത് ഒരു സുഖാ… !

ചമ്മൽ മറച്ചുകൊണ്ട്,
“ശ്ശോ… ! നീ ഒന്നും പറയേണ്ട.. ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടോണ്ടാ മാത്രം മതി.. ”

“ഉം.. ഉം… ശരി.സാറേ..”
ഫോൺ വെച്ചു..

എന്നാലും ഇവളുടെ ഒരു കാര്യം മനസ്സിലാക്കികളഞ്ഞു….

തോട്ടത്തിൽ നിന്നും നേരത്തെ ഇറങ്ങി..
ടൗണിലെ നീണ്ട ട്രാഫിക്ക് ബ്ലോക്കിലൂടെ മറ്റു
വാഹനങ്ങൾക്കൊപ്പം മെല്ലെ വരുമ്പോൾ, കല്യാൺ സിൽക്സിന്റെ മുന്നിൽ കിടന്ന ഒരു കറുത്ത ബെൻസ് കാർ കണ്ണിലുടക്കി..
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു.. ആശ്ചര്യം തോന്നി…

തോമാച്ചൻ.. “മനസ്സിൽ പറഞ്ഞു…. വണ്ടി സൈഡ് ഒതുക്കി…

തന്റെ ആത്മാർത്ഥ സ്നേഹിതൻ.. ഒന്നാം തരം തൊട്ടു കൂടെ ഉണ്ടായിരുന്നവൻ ഇപ്പോൾ ദുബായിക്കാരൻ…
ഇവൻ എപ്പോൾ വന്നു.. ?മനസ്സിൽ ചിന്തിച്ചു കൊണ്ട് വിളിച്ചു…

“ഡാ.. തോമാച്ചാ..”അവൻ തിരിഞ്ഞു നോക്കി. തന്നെ കണ്ട് അവനും ആശ്ചര്യം…

വേഗം ഓടി വന്നു കെട്ടിപ്പിടിച്ചു..
“അളിയാ.. നിന്റെ നമ്പർ മിസ്സായി. വീട്ടിലോട്ടു വരാൻ ഒരുങ്ങുവാരുന്നു…

“ഭാഗ്യം,നീ മറന്നില്ലല്ലോ.. അത് മതി.. ”

“മറക്കേ… എന്നാടാ ഉവ്വേ, ഈ പറയുന്നേ.. ?അന്ന് ഗൾഫിൽ പോകാൻ പൈസാക്ക് വേണ്ടി ഓടി നടന്നപ്പോൾ. ഈ നിൽക്കുന്ന മാത്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതൊന്നും മറക്കാനൊക്കുകേല.. മാത്യൂസെ.. ”

അവന്റെ വാക്കുകളിൽ അൽപ്പം കടപ്പാടിന്റെ അംശം ബാക്കിയുണ്ടെന്ന് തോന്നുന്നു..

“അത് പോട്ടെ, മറ്റവൻ ഒന്നും കൊണ്ട് വന്നില്ലായോ.. ?”

അവൻ അത് കേട്ടു ചിരിച്ചു കൊണ്ട്..
“പിന്നല്ലാതെ.. !
അല്ലാതെ ഞാൻ എങ്ങിനെ ഒരു ഗൾഫ് കാരൻ
ആകുമെടാ ഉവ്വേ… ‘

ഞാനും ചിരിച്ചു….

“അളിയാ, ഗൾഫിലെ പോലെയല്ല ഇവിടെ.. ഒടുക്കത്തെ ചൂടാന്നെ. അതുകൊണ്ട് തൽക്കാലം നമുക്ക് ഓരോ തണുത്ത ബിയർ അടിക്കാം…”
ഇവിടെ ചൂടാണെന്നു പറഞ്ഞതിൽ നിന്നും തോമച്ചനും ഒരു ഗൾഫ്കാരന്റെ പത്രാസ് കാട്ടിത്തുടങ്ങി…

“അളിയാ.. ഇന്ന് വേണ്ട..! പെമ്പറന്നോത്തിയുമായി ഇച്ചിരി കറക്കം ഉണ്ട്.. !”

“ഓ . പിന്നെ.. കറക്കം… അത് നാളെ ആയാലും കറങ്ങാന്നേ.. ”

വളരെ നിസ്സാരമായി അവൻ പറഞ്ഞു…… തോമാച്ചന്റെ നിർബന്ധത്തിന് വഴങ്ങി ബാറിലെത്തി. ഓരോ കഥകൾ പറഞ്ഞു തുടങ്ങി…

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഒരുപാട് ബിയർ കുപ്പികൾ ടേബിളിന്‌ മുകളിൽ വന്നു അപ്രത്യക്ഷമായി. അതിനിടയിൽ ഫോൺ പലവട്ടം ചിലച്ചു….

Leave a Reply

Your email address will not be published. Required fields are marked *