നിറമുള്ള കനവുകൾ 3

നിറമുള്ള കനവുകൾ

Niramulla Kanavukal | Author : Spulber


ഈശ്വരാ… ഇന്നുമുണ്ടല്ലോ ആ കൊരങ്ങൻ,.. മനുഷ്യനെ നാണം കെടുത്താനായിട്ട്…. ! ബുള്ളറ്റിലിരുന്ന് കട്ടത്താടിയും തടവി, തന്നെ കാത്തിരിക്കുന്ന ശിവനെ

ദൂരെ നിന്നേ കണ്ട പ്രിയ ദേഷ്യത്തേടെ പിറുപിറുത്തു . എത്ര പറഞ്ഞാലും നാണമില്ലാത്ത സാധനം. ഇയാളുടെ ശല്യം കാരണം മര്യാദക്ക് ജോലിക്ക് പോകാൻ പോലും പറ്റുന്നില്ല. തന്നോടയാൾക്ക് പ്രണയമാണത്രെ.. അതയാൾ തന്നോട് തുറന്ന് പറയുകയും, താനതിന് പറ്റില്ല എന്ന് മറുപടി പറയുകയും ചെയ്തതാണ്. പക്ഷേ നല്ലൊരു മറുപടി താൻ പറയും വരെ അയാൾ കാത്തിരിക്കുമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുമ്പോഴും, വരുമ്പോഴും തന്നെയും കാത്തയാൾ ഈ വഴിയരികിലിരിക്കുന്നത്. ഇന്നയാളോട് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം.. എന്നത്തേയും പോലെ ഇന്നുമവൾ ആ തീരുമാനമെടുത്ത് മുന്നോട്ട് നടന്നു. പക്ഷേ അടുത്തെത്തിയതും അയാളുടെ മുഖത്തേക്കൊന്ന് നോക്കി ഒന്നും മിണ്ടാതെ പ്രിയ നടന്നു പോയി. അയാൾ താടിയും തടവി പുഞ്ചിരിയോടെ അത് നോക്കി നിന്നു.

തെങ്ങിൽ നിന്ന് വീണ് നട്ടെല്ല് തകർന്ന് കിടപ്പിലായ സുരേന്ദ്രന്റേയും, ലക്ഷ്മിയുടേയും, മൂന്ന് മക്കളിൽ മൂത്ത താണ് ഇരുപത്തി ആറ് വയസുളള പ്രിയ. അവൾക്ക് താഴെ ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി കവിതയും, ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനിയൻ ജിഷ്ണുവും.
സുരേന്ദ്രൻ തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. കുറേകാലം ജോലി ചെയ്ത അയാൾ പിന്നെ സ്വന്തമായി തോട്ടം പാട്ടത്തിനെടുക്കാൻ തുടങ്ങി. ഭാര്യക്കും മക്കൾക്കും വേണ്ടി ജീവിച്ച അയാൾ അവരെ നല്ല സൗകര്യത്തിൽ തന്നെ വളർത്തി. പാട്ടക്കച്ചവടം ലാഭകരമായപ്പോൾ പഴയ വീട് പൊളിച്ച് പുതിയ വീടും, ഒരു കാറും അയാൾ സ്വന്തമാക്കി. യാതൊരു ദുസ്വഭാവവും ഇല്ലാതിരുന്ന സുരേന്ദ്രന് വെച്ചടി കയറ്റമായിരുന്നു. തേങ്ങക്കും, അടക്കക്കും വില കൂടുന്ന സമയത്ത് മാത്രം വിറ്റ് അയാൾ ലാഭം ഇരട്ടിയാക്കി. ഒപ്പം ജോലിയെടുത്തിരുന്ന സുഹൃത്തുക്കളെല്ലാം കിട്ടുന്നതെല്ലാം കുടിച്ച് നശിപ്പിച്ച് ഇപ്പോൾ സുരേന്ദ്രന്റെ പണിക്കാരാണ്. പഠിക്കാൻ മിടുക്കിയായ പ്രിയയെ അവളുടെ ഇഷ്ടത്തിനനുസരിച്ചയാൾ പഠിപ്പിച്ചു. ഒരു ടീച്ചറാവണമെന്ന മോഹത്തോടെ, അവൾ നന്നായി പഠിച്ചു.
എല്ലാ പ്രതാപവും അവസാനിച്ച്, രാവിലെ പോയ സുരേന്ദ്രനെ ഒരാഴ്ച കഴിഞ്ഞ് ശരീരം മുഴുവനായും തളർന്ന് അകത്തെ മുറിയിൽ കൊണ്ട് വന്ന് കിടത്തി. ഒരു പണിക്കാരന്റെ കുറവ് കാരണം അന്ന് തന്നെ പണി തീർക്കാൻ വേണ്ടി സുരേന്ദ്രൻ തന്നെ തെങ്ങിൽ കയറുകയായിരുന്നു.

മുകളിലെത്തി ഒരു പട്ടയിൽ പിടിച്ച സുരേന്ദ്രൻ പട്ടയോടെപ്പം നിലം പതിച്ചു. നട്ടെല്ല് പൊട്ടിയ അയാൾ പരസഹായം കൂടാതെ അനങ്ങാൻ പോലും പറ്റാത്ത നിലയിലായി. അയാൾ ഇനി കിടന്നിടത്ത് നിന്ന് എഴുന്നേൽക്കുക പോലുമില്ലെന്ന സത്യം ഞെട്ടലോടെ ആ അമ്മയും മക്കളും മനസിലാക്കി. അതോടെ അവരുടെ ജീവിതമാകെ താളം തെറ്റി. ഒരുപാട് പണം കിട്ടാനുണ്ടെന്നൊക്കെ പലപ്പോഴായി സുരേന്ദ്രൻ, ലക്ഷ്മിയോട് പറഞ്ഞിരുന്നു. പക്ഷേ അതാരാണെന്നോ,

എവിടെയാണെന്നോ അവർക്കറിയില്ലായിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും പതിയെപ്പതിയെ ദാരിദ്ര്യം അവരെ പിടിമുറുക്കാൻ തുടങ്ങി. പ്രിയയുടേയും, കവിതയുടേയും പഠനം മുടങ്ങി. സർക്കാർ സ്കൂളിലായത് കൊണ്ട് ജി ഷ്ണു മാത്രം പഠിക്കാൻ പോയി. ദിവസങ്ങളോളം ഭാവിയിലേക്ക് നോക്കി പകച്ചിരുന്ന പ്രിയ, ഉള്ള ഡിഗ്രിവെച്ച് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു.പക്ഷേ അവളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒന്ന് തുറന്ന് പോലും നോക്കാതെ, അവളുടെ സൗന്ദര്യത്തിന് നൂറ് മാർക്ക് കൊടുത്ത്,

ടൗണിലെ ജ്വല്ലറിയിൽ അവൾക്ക് ജോലി ലഭിച്ചു.അതോടെ അവർക്ക് പട്ടിണി കൂടാതെ കഴിയാമെന്നായി. ജ്വല്ലറിയിൽ അവൾക്ക് വലിയ ജോലിയൊന്നുമില്ല. വരുന്ന കസ്റ്റമേഴ്സിനെ പുഞ്ചിരിച്ച്, തൊഴുകയ്യോടെ സ്വാഗതം ചെയ്യുക. അവർക്ക് വേണ്ട സെക്ഷനിലേക്ക് കൊണ്ട് ചെന്നിരുത്തുക. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ. തരക്കേടില്ലാത്ത ശമ്പളവുമുണ്ട്.അവളുടെ കഴിവോ, വിദ്യഭ്യാസമോ കടമുതലാളി നോക്കിയില്ല.

അവളുടെ സൗന്ദര്യമാണയാൾ വിദഗ്ദമായി മാർക്കറ്റ് ചെയ്തത്. അതവൾക്ക് മനസിലാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും മറ്റ് ശല്യമൊന്നും ഇല്ലാത്തത് കൊണ്ട് ആ ജോലി അവൾക്ക് വലിയൊരാശ്വാസമായി. പത്ത് കിലോമീറ്റർ ദൂരത്തുള്ള കടയിലേക്കവൾ ബസിനാണ് പോയി വരിക. വീട്ടിൽ നിന്നും അരക്കിലോമീറ്റർ നടക്കണം ബസ് സ്റ്റോപ്പിലേക്ക്. ആ ദൂരമത്രയും വിശാലമായ പാടത്തിന് നടുവിലൂടെയുള്ള ചെമ്മൺ പാതയാണ്.

വലിയ കുഴപ്പമില്ലാതെ പോകുന്നതിനടയിലാണ് തികച്ചും അവിചാരിതമായി, ഒരു ദിവസം വഴിയരികിൽ വെച്ച് ശിവനെ കാണാൻ ഇടയായത്. കോളേജിൽ തന്റെ സീനിയറും, യൂനിയൻ ചെയർമാനുമായിരുന്നു ശിവൻ. പെൺകുട്ടികളെല്ലാം ആരാധിച്ച സുന്ദരൻ. തനിക്കും അന്നൊക്കെ അവനോട് ആരാധന തോന്നിയിട്ടുണ്ട്. വഴിയിൽ തന്നെ കാത്തെന്നപോലെ നിൽക്കുകയാണയാൾ. അടുത്തെത്തിയപ്പോൾ അവനൊന്ന് ചിരിച്ചു. താനും.

“ പ്രിയയല്ലേ…”

ചിരിയോടെ അവൻ ചോദിച്ചു.

“” അതേ… ശിവൻ ചേട്ടനല്ലേ…”

“” എന്നെ മനസിലായല്ലേ… “

ശിവൻ ചോദിച്ചു.

“ പിന്നെ മനസിലാവാതെ… ? രണ്ട് വർഷമല്ലേ ആയുള്ളൂ ചേട്ടൻ കോളേജിൽ നിന്ന് പോയിട്ട്… പക്ഷേ ഈ താടി കണ്ട് പെട്ടെന്നെനിക്ക് മനസിലായില്ല… അല്ല.. എന്താ ഇവിടെ…?’”

“” ഞാനൊരാളെ കാത്ത് നിൽക്കുകയാ… പ്രിയ എങ്ങോട്ടാ…?””

“ ഞാൻ ടൗണിലേക്കാ ചേട്ടാ… അവിടെയൊരു ജ്വല്ലറിയിലാ എനിക്ക് ജോലി… ചേട്ടൻ ആരെ കാത്ത് നിൽക്കുന്നെന്നാ പറഞ്ഞത്… ? “

“ അത്.. ഇവിടെയൊരു സ്ഥലംനോക്കാനുണ്ട്… ബ്രോക്കർ ഇവിടെ നിൽക്കാനാ പറഞ്ഞത്.. അയാളെ കാത്ത് നിൽക്കുകയാ.. “”

“ എന്റീശ്വരാ… പാട്ടും, കവിതയുമായി നടന്ന ചേട്ടൻ സ്ഥലക്കച്ചവടക്കാരനോ… എന്ത് പറ്റി ചേട്ടാ… കവിതയെല്ലാം വിട്ടോ…?

പ്രിയ ചിരിയോടെ ചോദിച്ചു.

“ സാഹചര്യം അങ്ങിനെയായിപ്പോയെടീ… എന്നാലും കവിതയൊന്നും വിട്ടിട്ടില്ല.. അതൊക്കെ ഇപ്പഴുമുണ്ട്…”

ദൂരെ നിന്ന് ബ്രോക്കർ തങ്കച്ചൻ നടന്ന് വരുന്നത് കണ്ട് ശിവൻ പറഞ്ഞു.

“ ദാ… ആവരുന്നയാളെയാണ് ഞാൻ കാത്തിരിക്കുന്നത്…””

പ്രിയ തിരിഞ്ഞ് നോക്കി.

“ അത് തങ്കച്ചൻ ചേട്ടനല്ലേ..? ഞങ്ങൾ തൊട്ടടുത്ത അയൽവാസികളാ,….
എന്നാ പിന്നെ ഞാൻ പോട്ടെ… ബസിന് സമയമായി….”

“” ശരിയെടീ… നീ വിട്ടോ… നമുക്ക് കാണാം..”

അടുത്തെത്തിയ തങ്കച്ചൻ ചേട്ടനെ നോക്കിയൊന്ന് ചിരിച്ച് പ്രിയ മുന്നോട്ട് നടന്നു.

“ അല്ല ശിവാ… നിങ്ങൾ പരിചയക്കാരാണോ…?”

തങ്കച്ചൻ ചോദിച്ചു.

“ആ ചേട്ടാ… ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ… അവൾ എന്റെ രണ്ട് ക്ലാസ് താഴെയായിരുന്നു… അല്ല ചേട്ടാ… അവളെന്താ ജ്വല്ലറിയിൽ ജോലിക്കൊക്കെ പോകുന്നത്.. അവർ നല്ല സ്ഥിതിയിലായിരുന്നില്ലേ…?”

Leave a Reply

Your email address will not be published. Required fields are marked *