ഇരുട്ടിന്റെ സന്തതികൾ
Eruttinte Santhathikal | Author : Alby
രാത്രി കനത്തിരിക്കുന്നു.എങ്ങും നിശാചര ജീവികളുടെ ശബ്ദം.
തിങ്കൾ കാഴ്ച്ചവിട്ട് മറഞ്ഞിരിക്കുന്ന ദിവസം.എങ്ങും രാത്രിയുടെ കറുപ്പ് വ്യാപിച്ചിരിക്കുന്നു.ചീവീടുകളുടെ മൂളൽ ശക്തിയോടെ കാതിൽ പതിയുന്നു.അടുക്കളപ്പുറത്തെന്തോ ശബ്ദം കേട്ടാണ് ജാനകിയുടെ ശ്രദ്ധ അങ്ങോട്ട് പതിഞ്ഞത്.കുഞ്ഞിനെ ഉറക്കുന്ന തിരക്കിൽ ആയിരുന്നു അവൾ,വേഗം തന്നെ അങ്ങോട്ടെത്തി
അടുക്കള ജനലിലൂടെ പുറത്തേക്ക് എത്തിനോക്കി.ഒന്നും കാണാതെ അവൾ വാതിലിന്റെ കുറ്റി തുറന്ന് പുറത്തേക്കിറങ്ങി.ആവോ തനിക്ക് തോന്നിയതാവും,അവൾ ചുറ്റും നോക്കി.ആരെയും കാണാതെ അവൾ അകത്തേക്ക് കയറാൻ തുനിഞ്ഞു.പെട്ടന്ന് അടുക്കളയോട് ചേർന്നുള്ള വിറകുപുരയുടെ വാതിൽ തുറന്നുകിടക്കുന്നത് അവളുടെ
ശ്രദ്ധയിൽപ്പെട്ടു.
അടച്ചിരുന്നതാണല്ലോ….അവളൊരു നെടുവീർപ്പോടെ അടക്കുവാനായി വീണ്ടും തിരികെയിറങ്ങി.
അടക്കുന്നത് മുന്നേ അവൾ അകത്തേക്കൊന്ന് കണ്ണോടിച്ചു.
അടക്കാൻ തുടങ്ങിവെ അവൾ അകത്തൊരു കാൽപ്പെരുമാറ്റം കേട്ട്
അവിടേക്ക് ശ്രദ്ധിച്ചു.വിറകുകൾ ഉരുണ്ട് നിലത്തേക്ക് ഉരുണ്ടുവീഴുന്ന
ശബ്ദം കേട്ട് അവൾ ഒരടി പിറകോട്ട്
നിന്നു.
ആരാത്?ആരാന്നെന്ന്????
മറുപടിയൊന്നും കിട്ടിയില്ല.” കേട്ടില്ലേ ആരാന്ന്.”അവൾ കയ്യിലുള്ള ടോർച്ചു വെട്ടം അകത്തേക്ക് പായിച്ചു.അപ്പൊ അകത്തൊരാൾ തന്റെ കണ്ണിൽ പതിഞ്ഞ വെട്ടം തടുത്തുകൊണ്ട് തന്റെ കൈകളാൽ മുഖം മറച്ചു.
ചെറിയ പേടി ഉള്ളിലൊളിപ്പിച്ച അവൾ
പറഞ്ഞുതുടങ്ങി.”എടൊ താൻ എന്താ വിറക് പുരയില്.മുട്ടി വന്നതാരുന്നെൽ
മുൻവശത്തു അടയാളം കണ്ടില്ലെ താൻ.
അയാൾ പതിയെ അടുക്കളപ്പുറത്തെ
വെളിച്ചത്തിലേക്ക് വന്നു.”വരത്തൻ ആണല്ലേ.മുന്നേ ഇവിടൊന്നും തന്നെ കണ്ടിട്ടെയില്ല”
മറുപടിയൊന്നും ഉണ്ടായില്ല.പക്ഷെ പുറത്ത് ആളുകൾ ഒച്ചയെടുത്ത് ഓടുന്ന ശബ്ദം കനത്തുവന്നു.എടൊ അവൻ അധികം പോയിക്കാണില്ല.
കൂക്കുവിളിയും ബഹളവുമായി കുറെ ആൾക്കാർ ആ വഴിയിലൂടെ കടന്നു പോകുന്നു.എല്ലാ വീടുകളിലും ഒന്ന് നോക്കി പോ രാഘവാ,ആരോ വിളിച്ച്
പറയുന്നുണ്ടായിരുന്നു.അവരിൽ ആരോ രണ്ടുപേർ അവളുടെ വാതിലിലും തട്ടി.”നശൂലം ഏത് മറ്റേ മോൻ ആവോ,മനുഷ്യനെ മക്കാർ ആക്കാൻ.ഈ നാട്ടുകാർക്ക് ഇത് എന്തിന്റെ കേടാ.ഇറങ്ങിക്കോളും മനുഷ്യനല്പം വരവുള്ള സമയത്ത്”
സ്വയം തന്റെ അമർഷം അടക്കാൻ ശ്രമിച്ചു എങ്കിലും അത് വാക്കുകൾ ആയി പുറത്തേക്ക് വന്നു.”എടൊ മെനക്കേട് ആക്കാതെ ഇറങ്ങിക്കോ.
എവിടുന്നേലും കുറ്റീം പറിച്ചുവരും
ഉള്ള സമാധാനം കളയാൻ”തികട്ടി വന്ന അമർഷം തന്റെ വാക്കുകളിൽ പ്രകടിപ്പിച്ചവൾ മുൻവശത്തേക്ക് നടന്നു.പക്ഷെ അയാൾ വിറകിന് പുറകിലെക്ക് പതുങ്ങി.
അവരുടെ തട്ടലിന് മുന്നിൽ വാതിൽ തുറക്കപ്പെട്ടു.ഒരു ഉറക്കച്ചടവോടെ മുടിയും വാരിച്ചുറ്റി വന്നവരുടെ മുന്നിലേക്ക് നിന്നു.”എന്താ കരയിലെ മാന്യവ്യക്തികൾ ഈ സമയം.അതും ഇവിടെ”
ഇവളോട് കൂടുതൽ സംസാരിച്ചു നിക്കാതെ അങ്ങോട്ട് കേറിനോക്ക് മെമ്പറെ.
അഹാ,അത് നല്ല കൂത്ത്.കച്ചോടം നടക്കുന്ന സമായവാ.ഇന്നാണെ ഒട്ടും ഇല്ലതാനും.എന്താ മെമ്പറെ ദാഹിച്ചു വന്നതാ.
നിന്റെ സംസാരം അതിര് വിടുന്നുണ്ട് ജാനകി.ഇവിടെ ആരേലും കേറ്റിയിട്ട് ഉണ്ടോ അത് ഞങ്ങൾക്ക് നോക്കണം
ഓഹ്,അങ്ങനെ.എന്റെ കഞ്ഞീല് മണ്ണ് വാരിയിടാൻ ആണോ മെമ്പറുടെ ഈ വരവ്.എന്നാ കേട്ടൊ,റാന്തലിന്റെ തിരി താന്നിട്ടില്ലല്ലോ.അതിനർത്ഥം ഇന്നാട്ടിലെ കുഞ്ഞു പിള്ളേർക്ക് വരെ അറിയാം.കൊതിച്ചു വന്നതാണെൽ വന്ന കാലിൽ നിൽക്കാതെ അകത്തു കേറിവാ മെമ്പറെ
ഞാൻ നിന്റെ ചൂട് പറ്റാൻ വന്നതല്ല. അതും ഈ പ്രായത്തിൽ.
ഇത് ആരാ പറേണെ.ഈ കൊച്ചൻ നിൽക്കുന്ന കൊണ്ടാണോ.മെമ്പറുടെ പ്രായത്തിൽ ഉള്ളവരാ കൂടുതലും എന്റെ വാതിലിൽ മുട്ടാറ്.കൊച്ചനെ കഴിച്ചിലാക്കാം.വാ മെമ്പറെ.
ഞാൻ പറഞ്ഞു,നിന്റെ ചൂടും തേടി വന്നതല്ല എന്ന്.സൗകര്യം ഉണ്ടെങ്കിൽ ഒരുകാര്യം പറയ്,ഇങ്ങോട്ട് ആരേലും ഓടിക്കേറിയൊ.
