ഷാഹിന വെല്ല് വിളിക്കും പോലെ പറഞ്ഞ് വെട്ടിത്തിരിഞ്ഞ് അവളുടെ മുറിയിലേക്ക് കയറിപ്പോയി..
“റജീനാ… അവൾ പറഞ്ഞതിൽ കൂടുതൽ നിനക്കെന്തേലും പറയാനുണ്ടോ… ?”..
ഹാജി പെങ്ങളോട് ചോദിച്ചു..
“ഇല്ല… എനിക്കൊന്നും പറയാനില്ല… “..
റജീന എണീറ്റ് അടുക്കളയിലേക്കും നടന്നു..
“മോനേ നജീബേ… നീ വിളിച്ചപ്പഴേ ഞാൻ നിന്നോട് പറഞ്ഞതാ ഇത് നടക്കില്ലെന്ന്… നിന്റെ ഉമ്മയും പെങ്ങളും സമ്മതിക്കില്ലെടാ… പാവപ്പെട്ട കുട്ടിയെ കെട്ടാൻ അവർ സമ്മതിക്കില്ല… ഷാഹിന ഇവിടെ നിൽക്കുമ്പോൾ വലിയ കുടുംബത്തിലെ കുട്ടിയെ നിന്നെക്കൊണ്ട് കെട്ടിക്കത്തുമില്ല… വല്ലാത്തൊരു എടങ്ങേറായല്ലോ മോനേ നിന്റെ കാര്യം…”..
ഹാജിക്കവനോട് സഹതാപം തോന്നി..
“എന്താ ഇനി ചെയ്യാ കുഞ്ഞാക്കാ….?..
എനിക്കാ കുട്ടിയെ ഫോട്ടോ കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടിരുന്നു…. “..
നജീബിന് സങ്കടം വന്നു..
“ഉം… നീ വിഷമിക്കണ്ട… അവര് പറഞ്ഞത് പോലെ നല്ല സ്വത്തുളള ഒരു കുട്ടിയെ നമുക്ക് വേറെ
നോക്കാം…”..
“അതൊന്നും നടക്കില്ല കുഞ്ഞാക്കാ… അവളിവിടെ നിൽക്കുമ്പോൾ ഒന്നും നടക്കില്ല… “..
“ഉം… അവളാ കാരണം പറഞ്ഞാലും മതിയായിരുന്നു… ഇന്ന കാരണം കൊണ്ടാണ് പെങ്ങൾ വീട്ടിൽ വന്ന് നിൽക്കുന്നത് എന്നെങ്കിലും പറയാം…”..
“ ചോദിച്ചാ അവള് പറയണ്ടേ… ?”..
ഹാജി കുറച്ച് നേരം താടിയും ഉഴിഞ്ഞ് ചിന്തയിലായി..
“നജീബേ… നീയൊരു കാര്യം ചെയ്യ്… നീ ചെന്ന് ജാബിറിനെ ഒന്ന് കാണ്… അവനോടൊന്ന് സംസാരിക്ക്… ചെലപ്പോ കാരണം അറിയാൻ പറ്റിയേക്കും…”..
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ഹാജി പറഞ്ഞു..
“ അവനെ ഞാൻ കണ്ട് സംസാരിച്ചതാ കുഞ്ഞാക്കാ..
അവനും ഷാഹിനാന്റെ പ്രശ്നമറിയില്ല…”..
“നീ കാര്യമായിട്ടൊന്ന് ചോദിക്ക്… ഷാഹിന ഇവിടെ വന്ന് നിൽക്കുന്നത് കൊണ്ട് നിന്റെ കാല്യാണം നടക്കുന്നില്ല എന്നൊക്കെ പറഞ്ഞ് നോക്ക്…”.
നജീബ് സമ്മതഭാവത്തിൽ തലയാട്ടി.. ഹാജി കുറച്ച് നേരം കൂടി അവനോട് സംസാരിച്ചിരുന്ന് യാത്ര പറഞ്ഞിറങ്ങി.. അയാൾ പോകുന്നത് വരെ അകത്തേക്ക് കയറിപ്പോയ ഷാഹിനയും റജീനയും പുറത്തേക്ക് വന്നില്ല..
✍️… നാട്ടിൽ തന്നെ ഒരു സൂപ്പർമാർക്കറ്റ് നടത്തുകയാണ് ജാബിർ.. രാത്രി എട്ട് മണിയോടെ നജീബ് അവിടെയെത്തി..കടയുടെ പുറത്ത് നജീബ് കാറ് നിർത്തുന്നത് കണ്ടെങ്കിലും തിരക്ക് കാരണം ജാബിറിന് ഇറങ്ങി വരാൻ കഴിഞ്ഞില്ല.. പതിനഞ്ച് മിനിറ്റ് നേരം നജീബ് കാറിൽ തന്നെയിരുന്നു.. തിരക്കൊന്നൊഴിഞ്ഞപ്പോൾ ജാബിർ പുറത്തിറങ്ങി നജീബിന്റെ കാറിനടുത്തേക്ക് ചെന്നു..
“എന്താ അളിയാ വണ്ടിയിൽ തന്നെ ഇരിക്കുന്നേ… ഇറങ്ങുന്നില്ലേ…?”..
അടുത്തേക്ക് വന്ന ജാബിർ ചിരിയോടെ ചോദിച്ചു..
” ഞാൻ വന്നപ്പോ അളിയൻ നല്ല തിരക്കിലാ… തിരക്കൊഴിയട്ടേന്ന് വെച്ച് കാത്തിരുന്നതാ…”..
“ എന്നാ ഇറങ്ങ്… നമുക്ക് കടയിലേക്കിരിക്കാം…”.
പെങ്ങൾ പിണങ്ങിപ്പോന്നെങ്കിലും അളിയൻമാർ നല്ല ലോഹ്യത്തിലാണ്.. അവരിടക്ക് കാണാറുമുണ്ട്.. പെങ്ങളെ മൊഴി ചൊല്ലാത്തിടത്തോളം കാലം ജാബിറിനെ അളിയനായിത്തന്നെയാണ് നജീബ് കാണുന്നത്.. ജാബിറിന്റടുത്ത് ഒരു തെറ്റുമില്ലെന്ന് നജീബിനറിയാം.
“അളിയന്റെ തിരക്ക് കഴിഞ്ഞോ… ?”..
നജീബ് ചോദിച്ചു..
“ഉം… എട്ടരയായില്ലേ… ഇനി വലിയ തീരക്കുണ്ടാവില്ല…”..
“ എന്നാ അളിയൻ വണ്ടിയിലോട്ട് കയറ്… നമുക്കൊന്ന് കറങ്ങിയിട്ട് വരാം… എനിക്ക് ചിലത് സംസാരിക്കാനുണ്ട്…”..
ജാബിർ തിരിഞ്ഞ് കടയിലേക്കൊന്ന് നോക്കി.. പിന്നെ ഇപ്പ വരാം എന്ന് പറഞ്ഞ് കടക്കകത്തേക്ക് പോയി.. സുമുഖനും സൽസ്വഭാവിയുമായ നല്ലൊരു ചെറുപ്പക്കാരനാണ് ജാബിർ..എന്നിട്ടും ഇവനെ വേണ്ടാന്ന് പറഞ്ഞ് തന്റെ പെങ്ങൾ പിണങ്ങിപ്പോന്നതെന്തിനാണെന്ന് കഴിഞ്ഞ എട്ട് മാസം ആലോചിച്ചിട്ടും നജീബിന് മനസിലായിട്ടില്ല..
അഞ്ച് മിനിറ്റിനകം ജാബിർ തിരിച്ച് വന്ന് വണ്ടിയിൽ കയറി..നജീബ് വണ്ടിയെടുത്തു.. ചെറിയ ചാറ്റൽ മഴയുള്ളത് കൊണ്ട് ടൗണിൽ റോഡൊക്കെ കാലിയാണ്.. അധികം വണ്ടികളൊന്നുമില്ല..നജീബ് പതിയെ കാറോടിച്ചു..
