കസവ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ്, നെറ്റിയിൽ ചെറിയൊരു കറുത്ത പൊട്ടും, കാതിൽ ജിമിക്കിയും ഇട്ട്, നീണ്ട മുടിയിഴകൾ കാറ്റിൽ പറത്തി നിൽക്കുന്ന ജാനകിയുടെ
ചിത്രം പാർവതി വീണ്ടും വീണ്ടും നോക്കി. അവളുടെ കണ്ണുകളിലെ നിഷ്കളങ്കതയും, ചുണ്ടിലെ നേർത്ത പുഞ്ചിരിയും ആ പേരിലെ ഐശ്വര്യം പോലെ തന്നെ മനോഹരമായിരുന്നു. “ജാനകി ദിവാകരൻ… ആ പേരിൽ തന്നെ ഒരു ഐശ്വര്യമുണ്ട്,” പാർവതി മനസ്സിൽ മന്ത്രിച്ചു.
അന്ന് ഉച്ചതിരിഞ്ഞ്, തറവാടിന്റെ തണുത്ത വരാന്തയിലെ തൂണിൽ ചാരിയിരുന്ന് സിദ്ധു തന്റെ പ്രിയപ്പെട്ട കാമറയുടെ ലെൻസ് മൃദുവായി തുടച്ചു വൃത്തിയാക്കുകയായിരുന്നു. കാടിന്റെ നിഗൂഢതകൾ ഒപ്പിയെടുക്കുന്ന ആ ലെൻസിലേക്ക് അവൻ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് പാർവതി അങ്ങോട്ട് കടന്നുവന്നത്. അവന്റെ അരികിലായി വന്നിരുന്നിട്ട് അമ്മ പതുക്കെ തുടങ്ങി:
“സിദ്ധു… ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മോനെ. അടുത്ത മാസം ആവുമ്പോ നിനക്ക് വയസ്സ് മുപ്പതാവും .”
കാമറയിൽ നിന്ന് കണ്ണെടുക്കാതെ, പുരികം ഒന്ന് ചുളിച്ച് അവൻ ചോദിച്ചു, “അതിന്?”
“നിനക്ക് ഒരു കുടുംബം ഒക്കെ വേണ്ടെടാ? ഇങ്ങനെ കാടു കയറി നടന്നാൽ മതിയോ? എനിക്കും നിന്റെ അച്ഛനും പ്രായമായി വരികയല്ലേ… നിനക്കൊരു തുണ വേണ്ടേ?” പാർവതിയുടെ ശബ്ദത്തിൽ ഒരു അമ്മയുടെ എല്ലാ ആകുലതകളും നിറഞ്ഞിരുന്നു.
സിദ്ധു ഒന്നും മിണ്ടാതെ തന്റെ കൈയിലെ തുണികൊണ്ട് ലെൻസ് വീണ്ടും തുടച്ചുകൊണ്ടിരുന്നു.
സിദ്ധുവിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം വരാന്തയിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുഴങ്ങി, “എനിക്ക് കല്യാണം വേണ്ടെന്ന് ഞാൻ അമ്മയോട് എത്ര തവണ പറഞ്ഞു… ദൈവത്തെയോർത്ത്!”
അവന്റെ സ്വരത്തിലെ കടുപ്പം കണ്ട് പാർവതി ഒന്ന് പതറിയെങ്കിലും, കൈയിലിരുന്ന ഫോട്ടോ അവനു നേരെ നീട്ടിക്കൊണ്ട് അവർ വീണ്ടും കെഞ്ചി, “എടാ, നീ ഈ ഫോട്ടോയെങ്കിലും ഒന്ന് കണ്ടു നോക്ക്…”
“എനിക്കൊരുത്തിയെയും കാണണ്ട.”
അത്രമാത്രം പറഞ്ഞ് സിദ്ധു സിറ്റൗട്ടിൽ
നിന്നും എഴുന്നേറ്റു. എന്നിട്ട് തന്റെ കരുത്തുറ്റ ശരീരം ഒന്ന് നിവർത്തി, കൈകൾ മുകളിലേക്കുയർത്തി മൂരിനിവർന്നു. ജിമ്മിലെ കഠിനമായ വ്യായാമങ്ങളിലൂടെ അവൻ പാകപ്പെടുത്തിയെടുത്ത ആ ശരീരത്തിന് വന്യമായൊരു വശ്യതയുണ്ടായിരുന്നു. എന്നാൽ, ആ സൗന്ദര്യം ഒന്ന് തൊട്ടറിയാനോ അനുഭവിക്കാനോ ഒരു സ്ത്രീക്കും അവൻ ഇതുവരെ സാവകാശം നൽകിയിട്ടില്ല. പ്രണയത്തിന്റെയോ കാമത്തിന്റെയോ ചൂടറിയാതെ, ഇന്നും ഒരു ബ്രഹ്മചാരിയെപ്പോലെ തന്റെ ഏകാന്തതയെ പ്രണയിച്ചു നടക്കുന്നവനാണ് സിദ്ധാർത്ഥ്.
അകലെ നിന്നും ചേട്ടന്റെ ആ ഗാംഭീര്യമാർന്ന രൂപം നോക്കിക്കൊണ്ട് നിതിൻ നിൽപ്പുണ്ടായിരുന്നു. അവന്റെ മനസ്സിൽ എപ്പോഴും തോന്നുന്നൊരു കുസൃതി കലർന്ന അസൂയ അപ്പോഴും ഉണർന്നു—‘സിദ്ധുവേട്ടനെപ്പോലെ ഉറച്ചൊരു ശരീരവും ഈ ആറ്റിറ്റ്യൂഡും തനിക്കുണ്ടായിരുന്നെങ്കിൽ, എന്നേ എത്ര പെണ്ണുങ്ങളെ വളച്ചെടുക്കാമായിരുന്നു!’
കോളേജ് കാലഘട്ടത്തിൽ സിദ്ധുവിന്റെ ആകാരവടിവിൽ മാത്രം ഭ്രമിച്ചു അവന്റെ പിന്നാലെ നടന്ന പെൺകുട്ടികൾ കുറവല്ല. സിദ്ധു പഠിച്ച അതേ കലാലയത്തിൽ തന്നെയാണ് നിതിനും പഠിച്ചത്. അവിടെ ‘സിദ്ധുവിന്റെ അനിയൻ’ എന്ന ഒരൊറ്റ മേൽവിലാസത്തിലാണ് നിതിൻ അറിയപ്പെട്ടിരുന്നതും, പല പൊല്ലാപ്പുകളിൽ നിന്നും രക്ഷപ്പെട്ടിരുന്നതും.
“എടാ, നീ കാരണം ദേ ഇവന്റെ കല്യാണം കൂടിയാ വൈകുന്നത്…” പാർവതിയുടെ വാക്കുകൾ സിറ്റൗട്ടിൽ മുഴങ്ങി.
അകത്തേക്ക് കയറാനായി തിരിഞ്ഞ സിദ്ധുവിന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി. അമ്മയുടെ ആ അപ്രതീക്ഷിതമായ പ്രയോഗത്തിൽ നിതിൻ ഒന്ന് പകച്ചു. ‘എന്തിനാ അമ്മേ ഇപ്പോൾ എന്നെക്കൂടി ഇതിലേക്ക് വലിച്ചിഴച്ചത്?’ എന്ന ഭാവത്തിൽ അവൻ അമ്മയെ ദയനീയമായി നോക്കി.
സിദ്ധു തിരിഞ്ഞുനിന്ന് അമ്മയെത്തന്നെ തറപ്പിച്ചു നോക്കുകയാണ്. ആ നോട്ടത്തിലെ തീക്ഷ്ണത കണ്ടിട്ടും പാർവതി പിന്മാറിയില്ല.
“നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട സിദ്ധു. നിന്നെ ഒരുത്തിക്ക് കെട്ടിച്ചു കൊടുത്തിട്ട് വേണം
