ലോകം മുഴുവൻ മറന്ന്, ആമിയുടെ മുഖത്ത് വിരലോടിച്ചുകൊണ്ടിരിക്കുന്ന തന്റെ ഇളയ മകനെ! ഒരു നിമിഷം പാർവതിയുടെ കണ്ണുകൾ വിടർന്നു. അമ്മമനസ്സിൽ പെട്ടെന്നൊരു മിന്നൽപ്പിണർ പാഞ്ഞു—‘സിദ്ധാർത്ഥിന് വേണ്ടെങ്കിൽ വേണ്ട. ഇത്രയും നല്ലൊരു കുട്ടിയെ എന്തിനാ വെറുതെ വിട്ടുകളയുന്നത്? നിതിനു വേണ്ടി ആലോചിച്ചാലോ?’
പാർവതി തൊണ്ടയൊന്ന് അനക്കി, എന്നിട്ട് കൃത്രിമമായ ഗൗരവത്തോടെ പറഞ്ഞു,
“അതേ… ആ ഫോട്ടോ തിരിച്ചു കൊടുക്കേണ്ടതാ. മോനത് താഴെ വെക്ക്.”
ആ ശബ്ദം കേട്ടപ്പോഴാണ് നിതിൻ ഞെട്ടിത്തിരിഞ്ഞു നോക്കുന്നത്. ‘ശേ! അമ്മ എല്ലാം കണ്ടു. മാനം പോയി!’ അവന്റെ മുഖം ചമ്മൽ കൊണ്ട് ചുവന്നു തുടുത്തു. ആ ചളിഞ്ഞ മുഖവുമായി, ഒന്നും മിണ്ടാതെ അവൻ മുകളിലത്തെ നിലയിലേക്കുള്ള പടികൾ വേഗത്തിൽ കയറാൻ തുടങ്ങി.
“ഡാ നിതീ അവിടെ നിൽക്ക്.”
അമ്മയുടെ വിളി കേട്ട് അവൻ പകുതി വഴിയിൽ നിന്നു. വല്ലാത്തൊരു ജാള്യതയോടെ തലയിൽ കൈവെച്ച് ചൊറിഞ്ഞുകൊണ്ട് അവൻ താഴേക്ക് നോക്കി.
പാർവതിയുടെ മുഖത്ത് അപ്പോഴേക്കും നേരിയൊരു കുസൃതിച്ചിരി വിടർന്നിരുന്നു.
“അല്ല, ഞാൻ എന്നാ അച്ഛനോട് സംസാരിക്കട്ടെ? അവനു വേണ്ടെങ്കിൽ പിന്നെ നിർബന്ധിച്ചിട്ടെന്താ കാര്യം. നിനക്ക് ഇഷ്ടമായോ പെണ്ണിനെ?”
അമ്മയുടെ ആ നേരിട്ടുള്ള ചോദ്യത്തിൽ നിതിൻ ആകെ ചമ്മിപ്പോയി. മുഖം കുനിച്ച്, ചളിപ്പോടെ നിൽക്കുമ്പോഴും അവന് ഉള്ളിൽ നിന്നും പൊട്ടിവന്ന പുഞ്ചിരി അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. അവന്റെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾ തന്നെ പാർവതിക്ക് ഉത്തരം കിട്ടിക്കഴിഞ്ഞിരുന്നു. അമ്മയുടെ മുഖത്തും സംതൃപ്തിയുടെ ഒരു പുഞ്ചിരി വിരിഞ്ഞു.
ഒന്നും മിണ്ടാതെ, ആ നാണവും ചിരിയും ഒളിപ്പിക്കാനെന്നവണ്ണം നിതിൻ തന്റെ മുണ്ട് മടക്കിക്കുത്തി, ഒറ്റയോട്ടത്തിന് മുകളിലെ തന്റെ മുറിയിലേക്ക് കയറിപ്പോയി.
താഴെ ഡൈനിംഗ് ഹാളിൽ, ജാനിയുടെ ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ച് പാർവതി വിജയന്റെ വരവിനായി കാത്തിരുന്നു. വൈകുന്നേരം അദ്ദേഹം രാഷ്ട്രീയ തിരക്കുകളൊക്കെ കഴിഞ്ഞ് വന്നാലുടൻ ഈ കാര്യം അവതരിപ്പിക്കണം. മൂത്തവന്റെ പിടിവാശി കാരണം ഇളയവന്റെ ജീവിതം കൂടി വൈകിക്കൂടാ. എത്രയും പെട്ടെന്ന് നിതിന്റെ കല്യാണമെങ്കിലും ഗംഭീരമായി നടത്തണമെന്ന് ആ അമ്മമനസ്സ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
