സുലോചനയുടെ കണ്ണിൽ വിവേക് മാത്രമായിരുന്നു അവരുടെ ഭാവിയും പ്രതീക്ഷയും. മകൾ ജാനകിയോട് അവർക്ക് എന്നും ഒരുതരം അവഗണനയും വേർതിരിവുമായിരുന്നു.
“പെൺകുട്ടികളെ ഒരുപാട് പഠിപ്പിച്ചു കാശ് കളയേണ്ട കാര്യമില്ല, അവൾ മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലേണ്ടവളാണ്” എന്നതായിരുന്നു സുലോചനയുടെ ഉറച്ച വിശ്വാസം. മകന്റെ ആഗ്രഹങ്ങൾക്കും പഠനത്തിനും വേണ്ടി മകളുടെ പഠിപ്പ് പോലും പാതിവഴിയിൽ മുടക്കാൻ അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.
അടുക്കളയിലെ പുകയ്ക്കും പാത്രങ്ങളുടെ കലപിലകൾക്കുമിടയിൽ, സ്വന്തം വീട്ടിൽ തന്നെ ഒരു വേലക്കാരിയെപ്പോലെ ഒതുങ്ങിക്കൂടാനായിരുന്നു ജാനകിയുടെ വിധി. പക്ഷെ എങ്ങിനെയോ കഷ്ടപ്പെട്ട് അവൾ കയ്യും കാലും പിടിച്ചാണ് ഡിഗ്രി പാസ്സ് ആയത്.
മകളുടെ ഈ അവസ്ഥ കണ്ട് ദിവാകരൻ മാഷിന്റെ നെഞ്ച് നീറുമായിരുന്നു. സുലോചനയുടെ ക്രൂരമായ വാക്കുകൾക്കും അവഗണനയ്ക്കും മുന്നിൽ നിസ്സഹായനായി നിൽക്കുമ്പോൾ, അദ്ദേഹം മനസ്സിൽ ഒരൊറ്റ കാര്യം മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളൂ—‘എത്രയും പെട്ടെന്ന് നല്ലൊരു ചെറുക്കന്റെ കൈപിടിച്ച് ഇവളെ ഈ നരകത്തിൽ നിന്നും രക്ഷിക്കണം.
അല്ലെങ്കിൽ ഇവളുടെ അമ്മ ഇവളെ ഈ വീട്ടിലെ ഒരു വേലക്കാരിയാക്കി തീർക്കും.’ അതുകൊണ്ടുതന്നെ, ‘വൈകുണ്ഠം’ തറവാട്ടിൽ നിന്നും വിജയന്റെ ആലോചന വന്നപ്പോൾ ദിവാകരൻ മാഷ് ഇരുകൈയും നീട്ടി അത് സ്വീകരിക്കുകയായിരുന്നു.
സുലോചനയ്ക്കാകട്ടെ, മകളെ എങ്ങനെയെങ്കിലും ഒന്ന് കെട്ടിച്ചയച്ച് വീട്ടിലെ ബാധ്യത ഒഴിവാക്കാനുള്ള ധൃതിയായിരുന്നു.
പെണ്ണുകാണൽ ചടങ്ങിന്റെ അന്ന് രാവിലെ മുതൽ ജാനകിയുടെ മുറിയിൽ
ഒരുതരം മൂകതയായിരുന്നു. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തനിക്ക് ഇപ്പോൾ വിവാഹം കഴിക്കേണ്ട എന്നായിരുന്നു അവളുടെ ഉള്ളിലെ നിലവിളി.
സ്വന്തം കാലിൽ നിൽക്കാനും, ആഗ്രഹിച്ചതുപോലെ പഠിക്കാനും അവൾ ഒരുപാട് കൊതിച്ചിരുന്നതാണ്. PSC എഴുതണം അല്ലെങ്കിൽ IBPS. IBPS പഠിക്കാനൊക്ക ഒരുപാട്പ പൈസ ആവും എന്ന് പറഞ്ഞാണ് അമ്മ അത് തടഞ്ഞത്., ഇന്നുവരെ തന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത അമ്മയുടെ നിർബന്ധത്തിന് മുന്നിൽ അവൾക്ക് തോറ്റുകൊടുക്കേണ്ടി വന്നു..
“എന്താ ജാനകി, നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ? അവർ ഇപ്പോൾ ഇങ്ങെത്തും. നിന്റെ ഒരു മുഖം വീർപ്പിക്കൽ… ആളുകൾ കാണുമ്പോൾ എന്താ വിചാരിക്കുക?”
വാതിൽക്കൽ വന്നുനിന്ന സുലോചനയുടെ പരുക്കൻ ശബ്ദം മുറിയിൽ മുഴങ്ങി.
ജാനകി വേഗം കണ്ണുനീർ തുടച്ചു. പിന്നെ, സാരിയുടെ തുമ്പ് ഒതുക്കിപ്പിടിച്ച്, നെറ്റിയിൽ ചെറിയൊരു കറുത്ത പൊട്ടും, കാതിൽ ജിമിക്കിയും അണിഞ്ഞ് അവൾ കണ്ണാടിയിലേക്ക് നോക്കി.
പുറമെ ശാന്തവും ഐശ്വര്യവുമുള്ള ആ മുഖത്തിന് പിന്നിൽ, ആരും കാണാത്തൊരു സങ്കടക്കടൽ അലയടിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും മുറ്റത്ത് ‘വൈകുണ്ഠം’ തറവാട്ടിൽ നിന്നുള്ള കാറുകൾ വന്നുനിൽക്കുന്ന ശബ്ദം കേട്ടു. വിജയനും പാർവതിയും വിനീതും ശാലിനിയും സിദ്ധുവും നിതിനും മുറ്റത്തേക്ക് ഇറങ്ങി.
ദിവാകരൻ മാഷ് നിറഞ്ഞ പുഞ്ചിരിയോടെ അവരെ ഉമ്മറത്തേക്ക് സ്വീകരിച്ചു. അകത്തളത്തിലെ ജനാലയുടെ മറവിൽ നിന്ന്, മുറ്റത്തേക്ക് ഇറങ്ങുന്ന ആ അതിഥികളെ ജാനകി ഒളിഞ്ഞുനോക്കി.
ആദ്യം അവളുടെ കണ്ണുകൾ ഉടക്കിയത് നീല ഷർട്ടും കസവ് മുണ്ടും അണിഞ്ഞ്, അല്പം നാണത്തോടെ ചുറ്റും നോക്കുന്ന നിതിനിലായിരുന്നു. എന്നാൽ, തൊട്ടടുത്ത നിമിഷം നിതിന്റെ പിന്നിലായി കാറിൽ നിന്നും ഇറങ്ങിയ ആ
രൂപത്തിലേക്ക് അവളുടെ നോട്ടം പാളി—കറുത്ത ഷർട്ടും ജീൻസും അണിഞ്ഞ്, തോളറ്റം കിടക്കുന്ന ചുരുണ്ട
മുടി ഹെയർബാൻഡ് കൊണ്ട് ഒതുക്കിവെച്ച്, ആരെയും കൂസാത്ത ഭാവത്തിൽ നടന്നു വരുന്ന സിദ്ധാർത്ഥ്!
ഒരു നിമിഷം ജാനകിയുടെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി. ആ പച്ചക്കണ്ണുകളിലെ തീക്ഷ്ണതയും, ഗാംഭീര്യമാർന്ന ആ നിൽപ്പും അവളുടെ ഉള്ളിൽ ഏതോ ഒരു അജ്ഞാതമായ വികാരം ഉണർത്തി. ഇതാണോ???
