ഉമ്മറത്ത് എല്ലാവരും ഇരുന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ സുലോചന അകത്തേക്ക് നോക്കി വിളിച്ചു,
“ജാനകി… ആ ചായ ഇങ് കൊണ്ടുവാ മോളെ……”
കൈയിൽ ചായക്കപ്പുകൾ നിരത്തിയ ട്രേയുമായി, തലകുനിച്ച് പതിയെ നടന്നു വരുന്ന ജാനകിയെ കണ്ടതും നിതിന്റെ കണ്ണുകൾ ആവേശത്താൽ തിളങ്ങി.
ഫോട്ടോയിൽ കണ്ടതിനേക്കാൾ എത്രയോ സുന്ദരിയാണ് അവൾ! എന്നാൽ, അതുവരെ ഒന്നിനും താല്പര്യമില്ലാതെ, അകലേക്ക് നോക്കിയിരുന്ന സിദ്ധുവിന്റെ കണ്ണുകൾ പോലും ഒരു നിമിഷം ആ പെൺകുട്ടിയിൽ ഉടക്കി നിന്നു.
അവളുടെ കണ്ണുകളിലെ ആ നിഷ്കളങ്കതയും, അതിലൊളിപ്പിച്ച നേരിയ സങ്കടവും സിദ്ധുവിന്റെ കാമറക്കണ്ണുകൾ പോലെ തന്നെ അവന്റെ മനസ്സും ഒപ്പിയെടുത്തു!
സിദ്ധുവിന്റെ നിരാശയുടെയും, അതുവരെ അവനറിയാതിരുന്ന ഏതോ ഒരു നഷ്ടബോധത്തിന്റെയും തുടക്കമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് വേണമെങ്കിൽ പറയാം. അതുവരെ ജീവിതത്തിൽ തോന്നാത്ത വല്ലാത്തൊരു വേദനയും ഭാരവും അവന്റെ നെഞ്ചിൽ ഉരുണ്ടുകൂടാൻ തുടങ്ങി.
കൈയിൽ ചായക്കപ്പുകളുമായി അവൾ അരികിലേക്ക് നടന്നു വരുമ്പോൾ, കാടിന്റെ നിശ്ശബ്ദതയെപ്പോലും ഭയക്കാതിരുന്ന സിദ്ധുവിന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു. ‘നിതിൻ പറഞ്ഞത് ശരിയായിരുന്നു… ഒന്ന് നോക്കാമായിരുന്നു.
ആ ഫോട്ടോയിലേക്ക് ഒന്ന് കണ്ണോടിക്കാമായിരുന്നു. വൈകിപ്പോയല്ലോ…’ അവന്റെ മനസ്സ് തന്നോട് തന്നെ മന്ത്രിച്ചു.
പക്ഷേ, ഉള്ളിലെ ആ കൊടുങ്കാറ്റൊന്നും പുറമെ ആ കർക്കശമായ മുഖത്ത്
തെളിഞ്ഞില്ല. തന്റെ സ്ഥിരം ഭാവമായ ആ ഗൗരവം കൊണ്ട് അവൻ ആ ചിന്തകളെയെല്ലാം മൂടിവെച്ചു.
അപ്പോഴേക്കും ജാനകി നിതിന്റെ അരികിലെത്തിയിരുന്നു. ഒന്ന് മെല്ലെ കുനിഞ്ഞ്, നിതിന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അവന് ചായ നീട്ടി.
എന്നിട്ട് ബാക്കിയുള്ളവർക്കും ചായ കൊടുത്ത ശേഷം, മെല്ലെ നടന്ന് അവൾ തന്റെ അമ്മയുടെ അരികിലായി പോയി നിന്നു.
ആ നിമിഷങ്ങളിലെല്ലാം സിദ്ധുവിന്റെ കണ്ണുകൾ അറിയാതെ അവളെ ഉഴിഞ്ഞുകൊണ്ടിരുന്നു. ആമിയുടെ ഒതുങ്ങിയ ശരീരവടിവും, കസവ് സാരിയുടെ മടക്കുകൾക്കിടയിലൂടെ തെളിയുന്ന ആ ലാവണ്യവും, ചുവന്ന ചുണ്ടുകളും, നിഷ്കളങ്കത നിറഞ്ഞ മുഖവും സിദ്ധു ആദ്യമായി ഇത്രയടുത്ത് കാണുകയായിരുന്നു.
അവളുടെ ഓരോ ചലനവും അവന്റെ ഉള്ളിൽ വല്ലാത്തൊരു നോവായി പടർന്നു.
അപ്പുറത്ത് നിതിനാകട്ടെ, അവളെ വെറുതെ കാണുകയല്ല, മറിച്ച് കണ്ണുകൾ കൊണ്ട് ആസ്വദിക്കുകയായിരുന്നു. അവളിൽ നിന്നും കണ്ണെടുക്കാൻ അവനാകുന്നുണ്ടായിരുന്നില്ല.
തൊട്ടടുത്തിരുന്ന ശാലിനി അത് കണ്ട് പതുക്കെ നിതിന്റെ ചെവിയിൽ സ്വകാര്യമായി മന്ത്രിച്ചു, “ഡാ, പയ്യെ നോക്ക്… നിനക്ക് തന്നെ ഉള്ളതാ.”
ശാലിനിയുടെ ആ അടക്കിപ്പിടിച്ച ശബ്ദം കേട്ടപ്പോഴാണ് നിതിന് സ്വബോധം തന്നെ തിരികെ വരുന്നത്. അവൻ ഒന്ന് ചമ്മി, തൊണ്ടയൊന്ന് അനക്കി. എന്നിട്ട് കൈയിലിരുന്ന ചായ വേഗം കുടിച്ചു തീർത്ത്, ഗ്ലാസ്സ് മേശപ്പുറത്തേക്ക് വെച്ച ശേഷം സോഫയിലേക്ക് ചാരിയിരുന്നു.
ഇതെല്ലാം കാണുന്നുമുണ്ട്, കേൾക്കുന്നുമുണ്ട് സിദ്ധു. അനിയന്റെ ആവേശവും, ശാലിനിയുടെ കളിയാക്കലും കാണുംതോറും സിദ്ധുവിന് ഉള്ളിൽ വല്ലാത്തൊരു വീർപ്പുമുട്ടലും ബുദ്ധിമുട്ടും തോന്നി. എന്തിനാണെന്ന് പോലും അവനു മനസ്സിലായില്ല….
അപ്പോഴേക്കും ഉമ്മറത്തെ കാരണവന്മാർ തമ്മിലുള്ള ഗൗരവമായ സംസാരങ്ങൾക്ക് തുടക്കമായിരുന്നു.
“ദിവാകരൻ മാഷേ, നമുക്ക് ഈ ആലോചന
മുന്നോട്ട് കൊണ്ടുപോകാം. കുട്ടിയെ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. പിന്നെ, ഞങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഡിമാൻഡുകളുമില്ല.
പെൺകുട്ടിയെ മാത്രം തന്നാൽ മതി,” വിജയൻ തന്റെ പതിവ് ഗാംഭീര്യത്തോടെ പറഞ്ഞു നിർത്തി.
അത് കേട്ടതും സുലോചനയുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസവും, ഒപ്പം അല്പം അഹങ്കാരവും വിടർന്നു. മകളെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ കാത്തിരുന്ന അവർക്ക് അതൊരു വലിയ ഭാഗ്യമായി തോന്നി.
“അത് പിന്നെ… ഞങ്ങളുടെ ഭാഗത്തുനിന്നും ഒരു കുറവും ഉണ്ടാകില്ല. എത്രയും പെട്ടെന്ന് നല്ലൊരു ദിവസം നോക്കി കാര്യങ്ങൾ ഉറപ്പിക്കാം. മോൻ വിവേകിന്റെ പഠിപ്പിന്റെ കാര്യങ്ങളൊക്കെ നടക്കുന്നതേയുള്ളൂ, അതുകൊണ്ട് ഈ കല്യാണം വേഗം കഴിഞ്ഞാൽ ഞങ്ങൾക്കും അതൊരു സമാധാനമാ,” സുലോചന തന്റെ കൊനിഷ്ടും തിടുക്കവും മറച്ചുവെക്കാതെ പറഞ്ഞു.
