“അതെ. ബാംഗ്ലൂരിൽ.”
“എന്താണ് ജോലി?” ഹരി ചോദിച്ചു.
“ഗവൺമെന്റ് സർവീസിലാണ് ib യിൽ….
അത്രമാത്രം പറഞ്ഞ് അയാൾ വിഷയം അവസാനിപ്പിച്ചു.
അപരിചിതരോട് അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലെന്ന് അയാളുടെ പെരുമാറ്റത്തിൽനിന്നുതന്നെ വ്യക്തമായിരുന്നു.
“Sir എവിടെയാ താമസം?” അനിത ചോദിച്ചു.
“ഇവിടെ അടുത്ത്. ക്വാർട്ടേഴ്‌സ് ഉണ്ട് ”
കുറച്ചുനേരം കൂടി അവരോട് സംസാരിച്ചശേഷം അയാൾ ആമിയെ നോക്കി.
“നീ ഒന്ന് വന്നേ. കുറച്ച് സംസാരിക്കാനുണ്ട്.”
ആമി പതുക്കെ എഴുന്നേറ്റു.
“പോയിട്ട് വാ …” അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.
കടയിൽനിന്ന് കുറച്ചുമാറി അവർ റോഡരികിലേക്ക് നടന്നു.
“എന്താടീ?”
അയാൾ അവളെ നോക്കി.
“എന്താ ഒരു വല്ലാത്ത മുഖം?”
“ഒന്നൂല്ല.”
“ഉം… എന്തോ ഉണ്ടല്ലോ.”
അവൾ ഒന്നും മിണ്ടിയില്ല.
“ട്രെയിനിങ് എങ്ങനെയുണ്ട്?”
“കുഴപ്പമില്ല.”
“ഹോട്ടലിൽ അല്ലെ താമസം?”
“അതെ.”
“കൂട്ടുകാരൊക്കെ ആയോ?”
“ആയി.”
“നന്നായി. ഇവിടെ വന്നിട്ട് മുറിയിൽത്തന്നെ അടച്ചിരിക്കേണ്ട. ബാംഗ്ലൂർ ഒക്കെ കാണണം. കൂട്ടുകാരോടൊപ്പം കറങ്ങണം. പിന്നെ careful ആയിരിക്ക്…. കുറച്ചു പ്രശ്നം ഉള്ള ഏരിയ ആണ്…. .”
അവൾ തലയാട്ടി.
അയാൾ അവളെ ഒന്ന് സൂക്ഷിച്ചുനോക്കി.
“പിന്നെ….. നിനക്ക് ഇതെന്ത് പറ്റി ?”
“എന്ത്?”
“ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുവാ. നീ എന്തിനാ ഇങ്ങനെ പേടിച്ചിരിക്കുന്നത്? എന്നെ കണ്ടിട്ട് എന്തോ വലിയ അപരാധം ചെയ്തതുപോലെയാണല്ലോ നിൽപ്പ്.”
ആമിയുടെ കണ്ണുകൾ അറിയാതെ താഴ്ന്നു.
“അങ്ങനെയൊന്നുമില്ല ഇന്ദ്രേട്ടാ.”
“പിന്നെ?”
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ വാക്കുകളൊക്കെ എവിടെയോ നഷ്ടപ്പെടുന്നതുപോലെ.
അയാളുടെ സാമീപ്യം അവളിൽ ഉണ്ടാക്കുന്ന ചെറിയൊരു അസ്വസ്ഥത അവൾക്ക്
മറച്ചുവെക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“എനിക്ക്…”
അവൾ വാക്കുകൾക്കായി പരതി.
“എന്താ?…. നീ കാര്യം പറ…..”
“ഇന്ദ്രേട്ടനെ കണ്ടപ്പോൾ…”
അയാൾ അവളെ നോക്കി.
“എന്നെ കണ്ടപ്പോൾ?”
“എനിക്ക് എന്തോ…”
അവളുടെ ശബ്ദം നേർത്തു.
അയാൾക്ക് കാര്യം മനസ്സിലായതുപോലെ തോന്നി.
“എടീ, നീ ഇങ്ങനെയൊന്നും എന്നെ കാണുമ്പോൾ സങ്കടപ്പെടണ്ട. അതൊക്കെ കഴിഞ്ഞില്ലേ?”
ആമിയുടെ കണ്ണുകൾ നിറഞ്ഞു.
“പക്ഷേ ഇന്ദ്രേട്ടാ…”
“ഡി, അതൊന്നും നീ വീണ്ടും ആലോചിക്കണ്ട. അതൊക്കെ മുതിർന്നവർ തമ്മിലുള്ള കാര്യങ്ങളാണ്. അതിൽ പിന്നെന്തിനാ നീ വിഷമിക്കുന്നത്?”
“എന്നാലും…”
“ഒരു എന്നാലുമില്ല.”
അയാൾ ശബ്ദം അല്പം മയപ്പെടുത്തി.
“നീ നിന്റെ കാര്യം നോക്ക്. നന്നായി പഠിക്കണം. ജോലി കിട്ടിയില്ലേ? ഇനി അതിൽ ശ്രദ്ധിക്ക്. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്ക്. അല്ലാതെ ഓരോന്ന് ആലോചിച്ച് മുഖം വീർപ്പിച്ചിരിക്കരുത്. കേട്ടല്ലോ?”
ആമി പതുക്കെ തലയാട്ടി.അയാൾ അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
“ഇനി മുഖമൊന്ന് നേരെയാക്ക്.”
അവൾ ചെറുതായി ചിരിച്ചു.
“ആഹ്… അതാണ്.”
അയാൾ അവളുടെ തലയിൽ വാത്സല്യത്തോടെ ഒന്ന് തട്ടി.
“ശരി, ഞാൻ ഇറങ്ങട്ടെ. ഓഫീസിൽ കുറച്ച് കാര്യങ്ങളുണ്ട്.”
“ഉം.”
“വീട്ടിലേക്ക് വിളിക്കുമ്പോൾ ഞാൻ അന്വേഷിച്ചെന്ന് പറയണം.”
“പറയാം.”
“ശരി. പൊയ്ക്കോ.”
അവൾ തിരിഞ്ഞുനടന്നു.
കൂട്ടുകാരുടെ അടുത്തെത്തിയപ്പോഴേക്കും മുഖത്തെ പരിഭ്രമം കുറെയൊക്കെ മാറിയിരുന്നു.
ഇന്ദ്രൻ അവൾ നടന്നുപോകുന്നത് നോക്കിനിന്നു.
അവൾ ഒരുപാട് മാറിയിരിക്കുന്നു.
താൻ ആദ്യമായി കാണുമ്പോൾ ഒരു കൊച്ചുപെൺകുട്ടിയായിരുന്നു. ഇപ്പോൾ ഇരുപത്തൊന്ന് വയസ്സായിരിക്കുന്നു. മുഖത്തും സംസാരത്തിലും പഴയ കുട്ടിത്തം കുറെയൊക്കെ മാഞ്ഞുപോയിട്ടുണ്ട്.
എങ്കിലും ആ ചിരിക്ക് വലിയ മാറ്റമൊന്നുമില്ല.
അവളെ കണ്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നിയിരുന്നു.
ദേവികയുടെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ തനിക്ക് ആശ്വാസമായിരുന്നത് ആമിയായിരുന്നു.
അധികം
സംസാരിക്കാത്ത തന്റെ അടുത്തുവന്ന് ഓരോ വിശേഷങ്ങളും പറയുന്ന കുട്ടി.
ചിലപ്പോൾ തമാശകൾ പറയും. ചിലപ്പോൾ പരിഭവങ്ങൾ പറയും. മറ്റുചിലപ്പോൾ വെറുതെ അരികിലിരുന്ന് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും.
