“അയ്യോ…”
“എന്നോട് ഓരോ കാര്യവും പറഞ്ഞ് അവൾ വിശ്വസിപ്പിക്കും. അവൾക്ക് വേണ്ടിയല്ലേ, അവൾ സന്തോഷമായിരിക്കട്ടെയെന്ന് കരുതി ഞാൻ കൂടെ നിന്നു. പക്ഷേ ഒരിക്കൽപ്പോലും അവൾ പറയുന്നതിന്റെ മറുവശം എന്താണെന്ന് ഞാൻ ചിന്തിച്ചില്ല.”
ആമിയുടെ ശബ്ദം പതറി.
അവൾ പെട്ടെന്ന് തിരുത്തി. “ഇന്ദ്രേട്ടന് അവളെ അത്രയ്ക്ക് വിശ്വാസമായിരുന്നു, ചേച്ചീ. എല്ലാം നശിപ്പിച്ചത് ഞാനും അവളും കൂടിയാണ്…… ചേച്ചീ… അവൾ എവിടെയൊക്കെ പോകുന്നെന്ന് ചോദിക്കാതെ ഞാൻ എല്ലാം സമ്മതിച്ചുകൊടുക്കുമായിരുന്നു. ഇന്ദ്രേട്ടന്എ ന്നെ വലിയ വിശ്വാസമായിരുന്നു. അവൾ പറയുന്നതൊക്കെ ഞാൻ കേൾക്കും. പക്ഷേ ഒരിക്കൽപ്പോലും ഇന്ദ്രേട്ടനെക്കുറിച്ച് ചിന്തിച്ചില്ല.. എന്റെ കൂടെ വരികയാണ് എന്റെ അടുത്തേക്കാണെന്നൊക്കെ പറഞ്ഞു എത്രയോ തവണ ഞങ്ങള് ഇന്ദ്രേട്ടനെ പറ്റിച്ചിട്ടുണ്ട്…..”
അനിതയ്ക്കു അത്ഭുദം ആയി….
എന്നിട്ട്???? ”
അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.
“പിന്നീട് എല്ലാം പുറത്തുവന്നു. ഇന്ദ്രേട്ടൻ IB-യിൽ അല്ലേ. എല്ലാം അറിഞ്ഞു. വീട്ടുകാരും അറിഞ്ഞു.”
“എന്നിട്ട്
നീനുവിന്റെ മുഖത്തും ഗൗരവം നിറഞ്ഞു.
“അത് അറിയുമ്പോൾ ഇന്ദ്രേട്ടന്റെ അച്ഛന് ഹാർട്ട് പേഷ്യന്റായിരുന്നു. വലിയൊരു ഷോക്കായി. അധികം വൈകാതെ അദ്ദേഹം മരിച്ചു. കാർഡിയാക് അറസ്റ്റ് ആയിരുന്നു.”
അനിതയും റീനയും പരസ്പരം നോക്കി.
“പിന്നെ കഴിഞ്ഞ വർഷം അമ്മയും പോയി. അച്ഛൻ മരിച്ചതിനുശേഷം ആ അമ്മയും ഒരുപാട് വിഷമത്തിലായിരുന്നെന്ന് കേട്ടിട്ടുണ്ട്.”
ആമിയുടെ
കണ്ണുകൾ നിറഞ്ഞു.
“നാട്ടിൽ ഞങ്ങളൊക്കെ അകന്ന ബന്ധുക്കളാണ്. അതുകൊണ്ട് എല്ലാ കാര്യവും അപ്പോൾ അറിയാനും കഴിഞ്ഞിരുന്നില്ല.”
“ഓഹ്… അതാണല്ലേ അന്ന് അയാളെ കണ്ടപ്പോൾ നിന്റെ മുഖം മാറിയത്?”
ആമി പതുക്കെ തലയാട്ടി.
“മ്മ്.”
അനിത അവളുടെ തോളിൽ കൈവെച്ചു.
“സാരമില്ല ആമിക്കുട്ടീ. നീ ഇത്രയൊന്നും മനസ്സിൽ വെക്കണ്ട. അന്നത്തെ പ്രായത്തിൽ അവൾ പറയുന്നതൊക്കെ വിശ്വസിച്ചുപോയി. അതിന് നീ നിന്നെത്തന്നെ കുറ്റപ്പെടുത്തേണ്ട.”
“എന്നാലും ചേച്ചീ…”
“ഒരു എന്നാലുമില്ല.”
ആമി കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പതുക്കെ പറഞ്ഞു.
“എനിക്കിപ്പോഴും ആ ഇന്ദ്രേട്ടനെ ഓർക്കുമ്പോൾ സങ്കടം വരും, ചേച്ചീ.”
“എന്തിന്?”
“അറിയില്ല. പാവമാണ്. നല്ലൊരു മനുഷ്യനായിരുന്നു. എല്ലാവരോടും അധികം സംസാരിക്കില്ലെങ്കിലും എന്നോട് എപ്പോഴും നല്ല സ്നേഹമായിരുന്നു. ഞാൻ പറയുന്നതൊക്കെ കേൾക്കും. എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കും.”
അവളുടെ ചുണ്ടിൽ നേർത്തൊരു ചിരി തെളിഞ്ഞു.
“എന്നെ കണ്ടപ്പോഴും പഴയതുപോലെ തന്നെയായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ സംസാരിച്ചു. എന്നോട് വിഷമിക്കണ്ടെന്നും പറഞ്ഞു.”
“അതാണ് നല്ലത് മോളേ. നീയും അതൊക്കെ വിട്ട് സന്തോഷമായിട്ടിരിക്ക്.”
ആമി തലയാട്ടി.
എന്നാൽ അവളുടെ മനസ്സിൽ അപ്പോഴും ഒരേയൊരു ചിന്തയായിരുന്നു.
ഒരിക്കലെങ്കിലും ഇന്ദ്രേട്ടനെ വിളിച്ച് കുറച്ചുനേരം സംസാരിക്കണം.
ഫോണിൽ അയാളുടെ നമ്പർ ഇപ്പോഴും അവിടെയുണ്ട്.
പക്ഷേ ആ ഒരു കോൾ ചെയ്യാനുള്ള ധൈര്യം മാത്രം അവൾക്കുണ്ടായിരുന്നില്ല.
……
ബാംഗ്ലൂർ നഗരം സന്ധ്യയുടെ ചുവപ്പണിഞ്ഞു തുടങ്ങിയിരുന്നു.
പകൽ മുഴുവൻ ചുട്ടുപൊള്ളിയ സിമന്റ് കാടുകൾക്ക് മേലെ തണുത്ത കാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നു. ഹോട്ടലിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ദൂരെ നഗരത്തിലെ തെരുവുവിളക്കുകൾ ഓരോന്നായി മിഴിതുറക്കുന്നത് ആമി കണ്ടു. ഇലപൊഴിഞ്ഞു നിൽക്കുന്ന തണൽമരങ്ങൾക്കിടയിലൂടെ അസ്തമയസൂര്യന്റെ അവസാന കിരണങ്ങൾ ഒരു സ്വർണ്ണനൂലുപോലെ
ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നുണ്ട്.
നഗരത്തിന്റെ ബഹളങ്ങൾക്കിടയിലും ആ ബാൽക്കണിയിൽ വല്ലാത്തൊരു ശാന്തതയായിരുന്നു. ആ തണുത്ത കാറ്റിൽ അവളുടെ മനസ്സിലും ഇന്ദ്രനോടുള്ള വാത്സല്യവും പ്രണയവും ഇഴചേർന്നൊരു വികാരം പതിയെ വേരൂന്നിയിരുന്നു. ഒന്ന് കാണണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചു.
