ഞാൻ സാരിയാണ് ഉടുത്തത്.. ജീവേട്ടൻ മുണ്ടും ഷർട്ടും.
“അമ്മു തന്നെ ഏത് വേഷത്തിൽ കാണുന്നതിനേക്കാളും ഭംഗിയാ ഈ സാരി ഉടുത്ത് കാണാൻ… അത് എന്താണെന്ന് അറിയാമോ?..”
ജീവേട്ടൻ ചോദിച്ചു . എന്നാൽ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എനിക്ക് അറിയില്ലായിരുന്നു എന്ത് മറുപടി പറയണം എന്ന്.. ജീവേട്ടൻ തന്നെ തുടർന്നു പറഞ്ഞു.
“തന്നെ ഞാൻ ആദ്യം കാണുന്നത് സാരി ഉടുത്താണ്… അതുപോലെ നീ സാരിയൊക്കെ ഉടുത്തു കല്ല്യാണ പെണ്ണായി എന്റെ മുന്നിൽ നിന്നപ്പോൾ ഞാൻ അതിശയിച്ചു പോയി.. ഈ സുന്ദരിയെ എന്തേ ഇതിന് മുൻപ് ആരും കട്ട് കൊണ്ട് പോകാതിരുന്നത് എന്ന്.. അത്രയേറെ സുന്ദരി ആയിട്ടാ താൻ കല്ല്യാണ പന്തലിൽ വന്നത് … ഇന്ന് രാത്രിയിൽ ഇതുപോലെ വന്നാൽ മതി.. അതൊരു മോഹമാ..”
ഞങ്ങൾ നടന്നു അമ്പലത്തിൽ എത്തി.
“താനെന്താടോ ഒന്നും മിണ്ടാത്തത്? ഇവിടെ വന്നതിന് ശേഷം താൻ എന്നോട് മിണ്ടിയതേ ഇല്ലല്ലോ.. ഞാൻ തന്നെ തട്ടിക്കൊണ്ടു പോയത് ഒന്നും അല്ല. ഇങ്ങനെ മിണ്ടാതിരിക്കാൻ.. ഈ കഴുത്തിൽ താലി കെട്ടിയവനാ ഞാൻ. ഇതിനു മുൻപ് താൻ ഇങ്ങനെ മിണ്ടാതിരുന്നിട്ടില്ലല്ലോ? എന്ത് പറ്റിയെടോ അമ്മൂസേ?”
“അത് ഒന്നും ഇല്ല ഏട്ടാ… ഞാൻ വർഷയുടെ കാര്യം ആലോചിച്ചിട്ടാ…? ”
“വർഷയ്‌ക്ക് എന്ത് പറ്റി.. എന്റെ അമ്മൂനെ ഞാൻ കൊണ്ട് പോയപ്പോൾ അവൾക്ക് സങ്കടം ആയി കാണും അല്ലേ?”
“ആ അതേ ഏട്ടാ…. അവൾ ഇന്നലെ തല ചുറ്റി വീണെന്ന്. ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയെന്ന്. അമ്മ പറഞ്ഞു.”
എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്. എന്റെ മനസ്സിൽ അപ്പോൾ വർഷ ഒന്നും ആയിരുന്നില്ല. ജീവേട്ടന് ഒന്നും മനസ്സിലാകാരുതേ എന്നായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ജീവേട്ടന്റെ കൂടെ പുറത്ത് എല്ലാം പോകുന്നത്. മിണ്ടാൻ തുടങ്ങുന്നത്. ഇത്രയും നാൾ എനിക്ക് വേണ്ടി എല്ലാം ചെയ്തതും പറഞ്ഞതും വർഷ ആയിരുന്നല്ലോ..
“ആണോ… അത്രയും സ്നേഹം ഉണ്ട് തന്നോട് വർഷയ്ക്ക്. അതാ അങ്ങനെ സംഭവിച്ചത്.. ഇങ്ങനെ ആണെങ്കിൽ അടുത്താഴ്ച നമ്മൾ പോകുമ്പോൾ എങ്ങനെ ആയിരിക്കും.” ജീവേട്ടൻ ചോദിച്ചു.
ഞങ്ങൾ അമ്പലത്തിൽ എത്തി തൊഴുതു ഇറങ്ങി അവിടെയുള്ള തറയിൽ ഇരുന്നു. ജീവേട്ടൻ എന്നോട് എന്തൊക്കെയോ സംസാരിച്ചു. ഞാൻ ആ സംസാരം കേട്ടിരുന്നു. എനിക്ക് ജീവേട്ടനെ കെട്ടിപ്പിടിക്കാൻ തോന്നി.
എന്നെ അറിയുന്ന ഒന്ന് രണ്ടുപേർ വന്നു കുശലം ചോദിച്ചു. പിന്നെ ഞങ്ങൾ തിരിച്ചു നടന്നു. അപ്പോഴാണ് .. ജീവേട്ടൻ ഒരു കാര്യം പറഞ്ഞത്.
“നാളെ എന്റെ ഫ്രണ്ട്സിന്റെ ഒരു പാർട്ടി ഉണ്ട്.. നമുക്ക് പോകുമ്പോൾ അവിടെ കയറിയിട്ട് പോകാം..”
ഈ ഫ്രണ്ട്സിനെ പറ്റിയെല്ലാം വർഷ എന്നോട് പറഞ്ഞു തന്നിരുന്നു. അവരുടെ ഫോട്ടോസും കാണിച്ചു പരിചയപ്പെടുത്തി തന്നിരുന്നു. അന്ന് കല്യാണത്തിന് പോയപ്പോൾ എടുത്ത ഫോട്ടോ കാണിച്ചു തന്നിട്ട്..
ഞങ്ങൾ വീട്ടിൽ എത്തി .. വർഷ അപ്പോഴും റൂമിൽ കിടക്കുകയായിരുന്നു. അമ്മ നിർബന്ധിച്ചു കിടത്തിയതായിരിക്കും.. ഇനിയും ബോധം കെട്ട് വീഴുമോ എന്നു പേടിച്ചു. എന്തിനും ഈ പേടി. അച്ഛനും അമ്മയും ഇങ്ങനെ പേടിപ്പിച്ചു പേടിപ്പിച്ചു ആണ് എനിക്ക് കൂടുതൽ ഇങ്ങനെ ആയത്.. കൂടെ കൂട്ടുകാരുടെയും മറ്റും കളിയാക്കലും. അതിന്റെ ഇരയാണ് ഞാൻ ഇപ്പോൾ അവളും ഞാൻ കാരണം അനുഭവിക്കുന്നു.
ഞങ്ങൾ നേരെ അവളെ കാണാനാണ് പോയത്. ഞങ്ങളെ കണ്ട ഉടനെ അവൾ എഴുന്നേറ്റു.
“എഴുനേൽക്കേണ്ട.. കിടന്നോ.. ഇപ്പോൾ അമ്മു പറഞ്ഞിട്ട കാര്യങ്ങൾ അറിയുന്നത്. ഇങ്ങനെയൊക്കെ തല ചുറ്റി വീഴാമോ… വർഷയ്ക്ക് നല്ല ധൈര്യം ഉണ്ടെന്ന ഞാൻ കരുതിയത്.. സാരമില്ല. വർഷയെ ആരെങ്കിലും കെട്ടികൊണ്ട് പോകുമ്പോൾ ഈ അമ്മു ബോധം കെട്ട് വീഴുമോ എന്ന് നമുക്ക് നോക്കാം..” ജീവേട്ടൻ പറഞ്ഞു.
എനിക്ക് ചിരി വന്നു. ജീവേട്ടനാണ് അവളെ കെട്ടികൊണ്ട് പോയത്. ബോധം കെട്ട് വീണത് ഞാനും. എന്നിട്ട് ഒന്നും അറിയാതെ ജീവേട്ടൻ പറയുന്നത് കേട്ടാൽ ചിരി വരില്ലേ.. പക്ഷെ അപ്പോഴും വർഷയുടെ കണ്ണിൽ നനവ് ഉണ്ടായിരുന്നു.
